ആരിഫ് ഖാന്റെ പ്രണയത്തിന്റെ നിഴലുകളാണ് പട്ന ബ്ലൂസ് നിറഞ്ഞു നിൽക്കുന്നത്. പട്നയിലെ നൊമ്പരങ്ങൾ. അതിന് നിറച്ചാർത്താണ് ഗുൽസാറിന്റെയും ഫൈസ് അഹ്മദ് ഫൈസിന്റെയും ഗാലിബിന്റെയും കവിതകൾ.

പ്രണയമല്ലാതൊരുപാട് വ്യഥയുണ്ട് ഭൂമിയിൽ
പ്രണയസംഗമമല്ലാതാനന്ദങ്ങളുമേറെയുണ്ട്

ഫൈസ് അഹ്മദ് ഫൈസ്1

കൗമാരത്തിൽ ഒരു വിവാഹിതയായ സ്ത്രീയോട് തോന്നുന്ന ആകർഷണീയത സർവ്വ തീക്ഷ്ണതയോടും അബ്ദുല്ല ഖാൻ തന്റെ നോവലിലൂടെ അവതരിപ്പിക്കുന്നുണ്ട്. ആ പ്രണയത്തിനു കീഴടങ്ങാതിരിക്കാനുള്ള സർവ്വ ശ്രമങ്ങളും നടത്തി നോക്കിയിട്ടും അന്ത്യത്തിൽ അറിയാതെ അതിലേക്ക് വഴുതി വീഴുന്ന സുമിത്രയെയും നോവൽ വരച്ചിടുന്നു. അതിനിടയിൽ ഇരുവരും കടന്നു പോകുന്ന ആന്തരിക സംഘട്ടനങ്ങളുണ്ട്. ആബിദ ബീഗത്തിന്റെ അവിഹിത ബന്ധം വിചാരണ ചെയ്യുന്ന സദസ്സിലിരുന്ന് തന്റെ അവസ്ഥ വിശകലനം ചെയ്യുന്ന ആരിഫും മായയെന്ന തന്റെ സുഹൃത്തിന്റെ അവിഹിത ബന്ധത്തിൽ പരിതപിച്ചിരുന്ന താൻ തന്നെ ഇപ്പോൾ ഒരു കൗമാരക്കാരനെ പ്രണയിക്കുന്നതോർത്ത് വ്യാകുലപ്പെടുന്ന സുമിത്രയും ഒരേ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. പിന്നീട് നാട്ടിൽ കിംവദന്തികൾ പരക്കുന്നതും തുടർന്നുണ്ടാകുന്ന ആത്മ സംഘർഷങ്ങളും ഉദ്വേഗജനകമാണ്.

എന്നാൽ, കേവലമൊരു പ്രണയകഥയല്ല പട്ന ബ്ലൂസ്. ആരിഫ് ഖാൻ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ കൗമാരം മുതൽ യൗവനം വരെയുള്ള ജീവിതകാലത്തെ വിവിധ സാംസ്കാരിക രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ വരച്ചിടുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. ആ അർത്ഥത്തിൽ ഇതൊരു ബിൽഡംഗ്സ്റൊമാൻ ആണെന്ന് പറയാം. അതിൽ പ്രണയവും, വിദ്യാഭ്യാസവും, സ്വപ്നങ്ങളും, അവ സഫലമാക്കാനുള്ള ശ്രമങ്ങളും, അതിനിടയിൽ കടന്നു പോകുന്ന യാതനകളും, കണ്ടു മുട്ടുന്ന ആളുകളും, വ്യക്തി ബന്ധങ്ങളും, തിരിച്ചറിവുകളുമെല്ലാം കടന്നു വരുന്നു.

മുസ്ലിം സ്വത്വത്തിന്റെ പേരിൽ സ്വാഭാവികമായി വന്നു ചേരാനിടയുള്ള വിവേചനവും നോവലിൽ കടന്നു വരുന്നു.

കഥാനായകന്റെ സിവിൽ സർവ്വീസ് സ്വപ്നം നോവലിലെ സുപ്രധാനമായ ഘടകമാണ്. ബിഹാറിൽ സ്വതവേ കണ്ടു വരുന്നൊരു പ്രവണതയാണിത്. പ്രത്യേകിച്ചും സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ മക്കളിൽ. അത് കൃത്യമായി നോവലിസ്റ്റ് വരച്ചിടുന്നുണ്ട്. അതിലെ ഓരോ ഘട്ടങ്ങളും അതിനു വേണ്ടി നടത്തുന്ന ശ്രമങ്ങളും, മുസ്ലിം സ്വത്വത്തിന്റെ പേരിൽ സ്വാഭാവികമായി വന്നു ചേരാനിടയുള്ള വിവേചനവും നോവലിൽ കടന്നു വരുന്നു. സംവരണത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളും നോവലിൽ പരാമർശിക്കപ്പെടുന്നുണ്ട്.

ഡൽഹിയിൽ അരങ്ങേറിയ ബോംബ് സ്ഫോടനത്തെ തുടർന്ന് പോലീസ് വാറണ്ടില്ലാതെ സാക്കിറിനെ ഡൽഹിയിലെ താമസസ്ഥലത്തു നിന്ന് പിടിച്ചു കൊണ്ടു പോകുന്നു.

നോവലിലെ ഏറ്റവും ഭീതി ജനകമെന്നു പറയുന്ന രണ്ട് സംഭവങ്ങളിൽ ഒന്ന് ബാബരി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ടു നടക്കുന്ന കലാപമാണ്. തന്റെ ബന്ധുവിനെ സന്ദർശിക്കാനായി ജമൽപുര ഗ്രാമത്തിലെത്തിയ ആരിഫിന് തന്റെ മുറപ്പെണ്ണ് ഫർസാനയുമായി പ്രാണ രക്ഷാർത്ഥം വീടു വിട്ടോടിപ്പോകേണ്ടി വരുന്നൊരു സന്ദർഭമുണ്ട്. വഴിയിൽ, കൌമാരക്കാരിയായ മുസ്ലിം പെൺകുട്ടിയുടെ മാംസത്തിൽ കാം ശമിപ്പിക്കാൻ കാത്തു നിൽക്കുന്ന ആൾക്കൂട്ടം. ശ്വാസമടക്കിപ്പിടിച്ചല്ലാതെ ഈ ഭാഗം വായിച്ചു തീർക്കാനൊക്കില്ല. രണ്ടാമത്തെ നടുക്കുന്ന സംഭവം ആരിഫിന്റെ സഹോദരൻ സാക്കിറിന്റെ തിരോധാനമാണ്. ഡൽഹിയിൽ അരങ്ങേറിയ ബോംബ് സ്ഫോടനത്തെ തുടർന്ന് പോലീസ് വാറണ്ടില്ലാതെ സാക്കിറിനെ ഡൽഹിയിലെ താമസസ്ഥലത്തു നിന്ന് പിടിച്ചു കൊണ്ടു പോകുന്നു. വാർത്തയറിഞ്ഞു ഡൽഹിയിലേക്കു പോയ ആരിഫും പിതാവും ദിവസങ്ങളോളം നീണ്ടു നിന്ന തിരച്ചിലുകൾക്കൊടുവിലും സാക്കിറിനെ കണ്ടു കിട്ടാനാകാതെ നിരാശരാകുന്നു. അതിനിടയിൽ ഒരു കൂട്ടം ആളുകൾ ആരിഫിനെയും തട്ടിക്കൊണ്ടു പോകുന്നു. തന്റെ രണ്ടാമത്തെ മകനെയും നഷ്ടപ്പെട്ടുവെന്ന് തിരിച്ചറിയുന്ന ആ പിതാവിന്റെ വേദന വായനക്കാരിൽ ഭീതി ജനിപ്പിക്കുമെന്നതു തീർച്ചയാണ്. എന്നാൽ സമകാലിക ഇന്ത്യയിൽ ഇതൊരു പുതിയ സംഗതിയല്ലെന്നതു കൂടി ഓർക്കണം. സാക്കിറിന്റെ ഡൽഹിയിലെ മുറിയിൽ കാണുന്ന ഖുർആനിക സൂക്തം നോവലിൽ പ്രതീക്ഷയുടെ നാമ്പുകൾ നടുന്നു. നസ്റും മിനല്ലാഹി വ ഫത്ഹുൻ ഖരീബ്. അല്ലാഹുവിന്റെ സഹായവും അവന്റെ സമക്ഷത്തിൽ നിന്നുള്ള വിജയവും അതിവിദൂരമല്ല.

അബ്ദുള്ള ഖാൻ

ആരിഫ് ഖാന്റെ പിതാവിന് ഔദ്യോഗിക ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന വിവേചനങ്ങളും മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശത്തേക്ക് സ്ഥലം മാറ്റം ലഭിക്കുന്നതും, ആക്രമണത്തിൽ പറ്റിയ പരിക്കിൽ നിന്ന് മോചനം ലഭിക്കുന്ന മുറയ്ക്കു തന്നെ മറ്റൊരു സമാന പ്രദേശത്തേക്ക് സ്ഥലം മാറ്റപ്പെടുന്നതും അതിനെ തുടർന്ന് സ്വമേധയാ വിരമിക്കുന്നതുമെല്ലാം നോവലിന്റെ ഗതി തന്നെ മാറ്റി വിടുന്നുണ്ട്. തുടർന്നുള്ള ദാരിദ്ര്യത്തിന്റെ നാളുകൾ നോവലിസ്റ്റ് സുന്ദരമായി ആവിഷ്കരിക്കുകയും ചെയ്യുന്നു. സ്ത്രീധനമെന്ന ഭാരം ആ കുടുംബത്തെ തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് തള്ളിയിടുന്നതും രണ്ടാമത്തെ മകൾക്ക് അവളേക്കാൾ ഒരുപാട് മൂപ്പുള്ള ഭർത്താവിനെ കണ്ടെത്താൻ ആ പിതാവ് നിർബന്ധിതനാകുന്നതും മധ്യ വർഗത്തിൻറെ നേർച്ചിത്രമാണ് വായനക്കാർക്കു മുമ്പിൽ വരച്ചിടുന്നത്.

ആരിഫ് ഖാൻ യാഥാസ്ഥിതിക കുടുംബത്തിൽ വളർന്ന ഓരോ മുസ്ലിം കൗമാരക്കാരന്റെയും പ്രതിനിധിയാണ്.

മുസ്ലിം സംസ്കാരത്തിന്റെ ദൃശ്യാവിഷ്കാരം നോവലിൽ പലയിടത്തും കാണാനാകും. അത് വാക്കുകളിലും ജീവിതശൈലിയിലും സംഭാഷണങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. ഉത്തരേന്ത്യൻ മുസ്ലിം ജീവിതത്തെ അടുത്തറിഞ്ഞിട്ടില്ലാത്തവർക്ക് നോവലിലെ പല രീതികളും പുതുമകൾ സമ്മാനിക്കുമെന്നത് തീർച്ചയാണ്. അതിനപ്പുറം ആത്യന്തികമായി എല്ലാ സംസ്കാരങ്ങളും പകരുന്ന സന്ദേശം ഒന്നു തന്നെയാണെന്നും നോവൽ വ്യക്തമാക്കുന്നു. കൂട്ടുകാർക്കൊപ്പം ആദ്യമായി അശ്ലീല ചിത്രം കണ്ട് കുറ്റ ബോധത്തോടെ “തൌബ, അസ്തിഗ്ഫാർ” എന്ന് ജപിച്ച് പുറത്തിറങ്ങി വരുന്ന ആരിഫ് ഖാൻ യാഥാസ്ഥിതിക കുടുംബത്തിൽ വളർന്ന ഓരോ മുസ്ലിം കൗമാരക്കാരന്റെയും പ്രതിനിധിയാണ്. ഇത്തരത്തിൽ മധ്യവർഗ്ഗ മുസ്ലിം ജീവിതം വരച്ചിടുന്ന ആധുനിക നോവലുകൾ തീർത്തും വിരളമാണെന്നു തന്നെ പറയാം.

Abdullah Khan: Patna Blues Abdullah Khan in conversation with Mustansir Dalvi at GALF 2019

വളരെ സരളമായി തുടങ്ങി ഗൌരവപരമായ വിതാനത്തിലേക്ക് കയറിപ്പോകുന്ന അനുഭവമാണ് പട്ന ബ്ലൂസ് നൽകുന്നത്. കൌമാരത്തിന്റെ ചാപല്യങ്ങളും അലസതയും യൗവനത്തിന്റെ ഗൗരവത്തിലേക്കും കർമ്മ നൈരന്തര്യത്തിലേക്കും വഴി മാറുന്നു. വ്യർത്ഥമായി തോന്നിയ ഒരു ആകർഷണം, തീവ്രമായ പ്രണയത്തിലേക്കും ആത്മസംഘർഷങ്ങളിലേക്കും തെന്നി നീങ്ങുന്നു. ചെറിയ ആൾക്കൂട്ടം കയ്യേറ്റം ചെയ്യുന്നതിൽ നിന്ന് വലിയൊരു സമൂഹം ഒന്നടങ്കം പീഡിപ്പിക്കുന്നതിലേക്ക് കാര്യങ്ങൾ ചെന്നെത്തുന്നു. വർണ്ണശബളമായ സ്വപ്നങ്ങളിൽ നിന്ന് ഇരുട്ട് നിറഞ്ഞ ഇച്ഛാഭംഗങ്ങളിലേക്കു കൂപ്പു കുത്തുന്നു. പ്രസന്നമായ ദിനങ്ങൾക്ക് വിരാമമിട്ട് ആകാശമാകെ കാർമേഘങ്ങൾ കൂടു കൂട്ടുന്നു. അതിനിടയിലും ഹൃദയത്തിലെ പ്രണയത്തിന്റെ ദർഗയിൽ സാമ്പ്രാണിത്തിരി കത്തിച്ചു വെച്ച് ഗുൽസാർ പാടുന്നു:

ഇതൊരനുഭൂതിയാണാത്മാവ് കൊണ്ടതിനെ തൊട്ടറിയൂ
പ്രണയത്തെ പ്രണയമായ് വിടൂ, പേരേതും വിളിക്കാതെ.

പുസ്തകം ഇവിടെ വാങ്ങാം


*1 & 2 കവിതകള്‍ക്ക് ലേഖകന്റെ സ്വതന്ത്ര പരിഭാഷ

4.3 3 votes
Rating

About the Author

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Marjolaine Jakubowski