ഒരേ വഴിയിലാണ് സഞ്ചരിക്കുന്നതെന്ന തോന്നലില്‍ മനുഷ്യര്‍ക്കന്യോന്യം സ്‌നേഹം തോന്നുന്ന അപൂര്‍വ്വം പ്രക്രിയകളിലൊന്നാണ് വായന.
അടുത്തുനിന്നു കണ്ടിട്ടുണ്ടായിരുന്നില്ലെങ്കിലും ടൈപ്‌റൈറ്ററും, ടൈപ്പ്‌റൈറ്റർ ഫോണ്ടിലുള്ള വിന്റേജ് പുസ്തകങ്ങളും എപ്പോഴുമിഷ്ടങ്ങളുടെ പട്ടികയിലുണ്ടായിരുന്നു. പുസ്തകം മേടിക്കാനുള്ള കോട്ടയം യാത്രകളിൽ പഴയ പോലീസ് സ്റ്റേഷനടുത്തൊരു കെട്ടിടത്തിന്റെ വരാന്തയിലൊരമ്മ മേശയും, ടൈപ്പ്‌റൈറ്ററുമായിരിക്കുന്നതെന്നും കാണാമായിരുന്നു, പിന്നെപ്പോഴോ അവരുമപ്രത്യക്ഷമായി.
ഇവിടെയെത്തി അതിശൈത്യത്തിന്റെ മഞ്ഞുറകളിൽ കാലിട്ടുനടന്നിരുന്നപ്പോൾ ഗൃഹാതുരതയൊരു ദാവിദായി തുടരെയെന്റെ നെറ്റിക്കടിക്കുമായിരുന്നു. ഇടവഴികളിൽ തനിയെ നിന്നു കരഞ്ഞിട്ടുണ്ട്, ഉറങ്ങാൻ മരുന്നുകൾ തപ്പിയിറങ്ങിയിട്ടുണ്ട്. ആ ദിവസങ്ങളിലെ അലസമായ ദീർഘനടത്തങ്ങളിലാണ് ‘Typewronger Books’ എന്നു കയ്യക്ഷരത്തിലെഴുതിയ ബോർഡും, ഒരു കുഞ്ഞുപുസ്തകക്കടയും കാണുന്നത്.
രണ്ടു കുടുസുമുറികളുടെ ചുവരിലെ ഷെൽഫുകളിൽ നന്നായി ഒതുക്കിവെച്ചിരിക്കുന്ന കുറച്ചുപുസ്തകങ്ങൾ. മുറിയുടെ ഒത്തനടുക്ക് മേശമേലൊരു ടൈപ്പ്‌റൈറ്റർ, വരുന്നവർക്കതിൽ ഇഷ്ടമുള്ളതെന്തും ടൈപ്പ് ചെയ്യാം. Soul needs peace – എന്നായിരുന്നു തൊട്ടുമുന്നത്തെയാൾ കുറിച്ചിട്ട വരികൾ, അതിനും മീതെ എനിക്കൊന്നുമെഴുതാനില്ലായിരുന്നു.
നീളൻമുടിയും, ഹിന്ദിവില്ലന്റെ ശരീരവും, ഘനമുള്ള ശബ്ദവുമുള്ളൊരു സരസനായ യുവാവ് ചിരപരിചിതനെ പോലെ വന്നു സംസാരിച്ചു. ടോം – സ്കോട്ട്ലാന്റിലെ ഏക ടൈപ്പ്‌റൈറ്റർ മെക്കാനിക്കാണ് താനെന്നയാൾ ഇടയ്‌ക്കൊക്കെ പറയുമായിരുന്നു. ഇഷ്ടമുള്ള ജോലി സന്തോഷത്തോടെ ചെയ്യുന്നവരേക്കാൾ ഭാഗ്യം ചെയ്തവരുണ്ടാവില്ലെന്ന് അയാളെ കാണുമ്പോഴൊക്കെ തോന്നുമായിരുന്നു. കരയിലെ മീനെന്നപോലെ പിടഞ്ഞിരുന്നയെനിക്ക് ടൈപ്പ്റോങ്ങറൊരു നനവായിരുന്നു. ആഴ്ചയിലൊരിക്കലവിടെ ഒത്തുകൂടുന്ന കുറച്ചുമനുഷ്യർ. അവിടുത്തെ സാഹിത്യചർച്ചകളും, ഹ്രസ്വയാത്രകളുമൊക്കെയാണ് ജലമില്ലാതെയുമിവിടെ നിലനിൽക്കാനെന്നെ പഠിപ്പിച്ചത്. Oxford Bar, Conan Doyle, Sandbells അങ്ങനെ പേരെടുത്ത പബ്ബുകളിൽ കൂടിക്കാഴ്ചകൾ പെരുകിക്കൊണ്ടിരുന്നു. കഞ്ചാവിന്റെയും മദ്യത്തിന്റെയും ഹൂലാഹൂപ്പുകളിലെങ്ങനെയാണ് മനുഷ്യർ സാഹിത്യത്തെപ്പറ്റി സ്നേഹത്തോടെ പങ്കുവെപ്പുകൾ നടത്തുന്നതെന്നു വീക്ഷിച്ചു. വേണ്ടവിധത്തിൽ ഏറ്റെടുത്താൽ ലഹരിയെന്തൊരു അച്ചടക്കമാണ്.
ഒരേ വഴിയിലാണ് സഞ്ചരിക്കുന്നതെന്ന തോന്നലില്‍ മനുഷ്യര്‍ക്കന്യോന്യം സ്‌നേഹം തോന്നുന്ന അപൂര്‍വ്വം പ്രക്രിയകളിലൊന്നാണ് വായന. വിരലിലെണ്ണാവുന്ന ദീര്‍ഘകാല സുഹൃത്തുക്കളിലധികവും വായന തന്നവരാണ്. പ്രണയങ്ങളും, നൈരാശ്യങ്ങളും, ശീതസമരങ്ങളും, ധര്‍ണ്ണകളുമൊക്കെയായി ആ വഴികളിന്നും നിലനിന്നുപോവുന്നു, ജീവിതത്തിലെന്നപോല്‍ വിയോഗങ്ങളുമായി.
എലിസയെന്ന ജൂതസ്ത്രീയോടും, ഭര്‍ത്താവിനോടുമൊപ്പം കഷ്ടി നാലുമണിക്കൂറേ ചിലവഴിച്ചിട്ടുണ്ടാവുകയുള്ളൂ. കുമരകത്തെ പറ്റി സംസാരിക്കുന്ന എല്ലാ ഗൈഡുകളെയും പോലെ അരുന്ധതി റോയിയുടെ നാടാണെന്ന സംഭാഷണത്തില്‍ നിന്ന് പുസ്തകങ്ങളെപറ്റിയും, എഴുത്തിനെപറ്റിയും തൊട്ടുതൊട്ടുപോയ ആ നേരങ്ങള്‍ ജീവിതത്തിലേറ്റവും വിലമതിക്കുന്നൊരു ആത്മബന്ധത്തിന്റെ മട്ടുപാവിനാണന്ന് തൂണിട്ടത്. ഇടയ്ക്കു ഉപാധികളേതുമില്ലാത്ത സ്‌നേഹത്തില്‍ പൊതിഞ്ഞയവരുടെ മെയിലുകള്‍ കിട്ടുമ്പോഴുണ്ടാകുന്ന സന്തോഷം. ഒരു ക്രിസ്മസിന് നിറയെയിനിയും വായിക്കണമെന്നെഴുതി അവര്‍ അയച്ച കിന്‍ഡില്‍, അതിശൈത്യത്തിന് ഇന്ത്യന്‍തുണികളൊന്നും ചേരില്ലെന്നൊരു തമാശക്കുറിപ്പുമായി തേടിയെത്തിയ കമ്പിളി വസ്ത്രങ്ങള്‍. ഇനിയൊരിക്കല്‍ കാണാനാവുമോയെന്ന് ഉറപ്പില്ലാത്ത ഇങ്ങനെയുള്ള ചിലരുടെ സ്‌നേഹമാണ് ജീവിതത്തിന്റെ നരച്ച കോട്ടണ്‍തറികളില്‍ ആകെ കണ്ടെടുക്കാവുന്ന ഭംഗിയുള്ള എംമ്പ്രോയ്ഡറിവര്‍ക്കുകള്‍.
പുസ്തകങ്ങള്‍ക്കോ, വായനയ്‌ക്കോ അത്രയൊന്നും സ്വാധീനമില്ലാത്തൊരു ഗ്രാമത്തില്‍ നിന്നാണ് കഥ തുടങ്ങുന്നത്. വായിക്കുന്ന നേരത്ത് എന്തെങ്കിലും മെച്ചമുള്ള പണികള്‍ ചെയ്തുകൂടെയെന്നൊരു ഭാവമായിരുന്നു വെറുതേക്കാര്‍ വീതിച്ചുതന്നിരുന്നത്. കൊച്ചുസ്കൂളിനപ്പുറം വിദ്യാഭ്യാസമില്ലാത്ത, ജീവിക്കുന്ന കൊച്ചുഭൂപ്രദേശത്തിനപ്പുറം കാര്യമായ യാത്രകളൊന്നും നടത്തിയിട്ടില്ലാത്ത എന്റെ വീട്ടുകാര്‍ വായനയേ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. പുസ്തകം മേടിക്കാന്‍ കോട്ടേത്തിന് പൊക്കോട്ടേന്ന് ചോദിച്ചപ്പോഴൊക്കെ അനുവാദം കിട്ടിയിട്ടുണ്ട്. തനിയെയൊരു ബസ് യാത്രയ്ക്കു തന്നെ വീട്ടുകാരനുവദിക്കുന്നതൊരു വലിയ കാര്യമായ പ്രായത്തില്‍ ഒന്നോ രണ്ടോ പുസ്തകങ്ങള്‍ കഷ്ടി മേടിക്കാനുള്ള കാശ് ചോദിക്കാതെ തന്നെയെപ്പോഴും കിട്ടുമായിരുന്നു. ആ നോട്ടുകളുമായി ലേണേഴ്സിലും, മാതൃഭൂമി-യിലും, ഡീസിയിലുമൊക്കെ വന്യമായി അലഞ്ഞുതിരിയുമായിരുന്നു. എന്‍റെ വായനയും പുസ്തകശേഖരവും പുറമേയൊരു ഇടപെടലും നടത്താതെ വീട്ടുകാര്‍ മാറിനിന്ന് ആസ്വദിക്കുന്നത് അനുഭവിച്ചിട്ടുണ്ട്. കൊറോണയ്ക്കും മുന്നേ മനുഷ്യരോട് സാമൂഹിക അകലം പാലിച്ചിരുന്ന എന്റെ സ്വഭാവദൂഷ്യത്തെപ്പറ്റി ആളുകള്‍ പരാതി പറയുമ്പോള്‍ ‘അവനൊരുപാട് വായിക്കുന്ന ആളല്ലേ അതോണ്ടൊക്കെയാവും’ ന്നവര്‍ മറുപടി പറയുമ്പോള്‍ ഞാനുള്ളുകൊണ്ട് ആഹ്ളാദിച്ചിട്ടുണ്ട്. ന്യൂനപക്ഷത്തിന്‍റെ കലയായ വായനയെ അവരന്ന് മടുപ്പിക്കാത്തതുകൊണ്ടാണ് ഈ നിമിഷത്തിലെനിക്കീ പേനയുടെ കഴുത്തില്‍ മുറുക്കിപിടിക്കാനാവുന്നത്.
അഞ്ചിലോ മറ്റോ പഠിക്കുമ്പോള്‍ ആഴ്ചയിലൊരു പിരീഡ് വായിക്കാനുള്ളതാണ്. രണ്ട് കാര്‍ഡ്ബോക്സുകള്‍ നിറയേ പുസ്തകങ്ങള്‍ ക്ലാസില്‍ കൊണ്ടുവരും – ബെല്ലടിക്കുന്നത് വരെ വായിച്ച് തിരിച്ച് വെക്കണം. ഒരിക്കല്‍ ബഷീറിന്റെ ‘ഒരു ഭഗവദ്ഗീതയും കുറേ മുലകളും’ പെട്ടിയിലുണ്ടായിരുന്നു. കുട്ടികളെടുക്കും മുന്നേ സാറതെടുത്ത് മാറ്റിവെച്ചു. ആ പുസ്തകത്തിലിതിനും മാത്രമെന്താണെന്നറിയാനുള്ള കൗതുകക്കൂടുതലിലാണ് ആദ്യമായൊരു പുസ്തകം തിരക്കിപോണത്. ബസേലിയസ് കോളേജിനടുത്തെ ഡീ. സീ ബുക്സിനുള്ളിലന്നൊരു തടി നിലയുമുണ്ടായിരുന്നു. അവിടെ നിന്നാണ് ബഷീറിനെ ആദ്യമായി ഒളിച്ചുകടത്തുന്നത്. കാര്യമായി പിന്തുടര്‍ന്ന ആദ്യത്തെ എഴുത്തുകാരന്‍ ബഷീറാണ്. ആ രാശിയിലായിരിക്കണം ഞാനൊരു എട്ടുകാലി മമ്മൂഞ്ഞായി പന്തലിച്ചത്. പിന്നെ ആലപ്പാട്ട് ജൂവലറിക്കടുത്ത് താഴത്തെ വഴിയില്‍ പഴയപുസ്തകങ്ങള്‍ വില്‍ക്കുന്നൊരിടത്തുനിന്ന് ബഷീറിന്‍റെ നേരും നുണയും, എംടിയുടെ ഷേര്‍ലക്ക്, ടാഗോറിന്റെ ചാരുലത.
നാടുവിടാന്‍ തയ്യാറെടുത്തിരുന്ന കാലത്തെ മാനസികാവസ്ഥയില്‍ ഷെല്‍ഫിലുണ്ടായിരുന്ന പുസ്തകങ്ങളെല്ലാം അടുക്കി അന്നത്തെ കുഞ്ഞുസ്കൂളില്‍ കൊണ്ടുകൊടുത്തിരുന്നു. മാധവിക്കുട്ടിയുടെയോ, പത്മരാജന്‍റെയോ, പമ്മന്‍റെയോ പേരുകള്‍ തിരക്കിപ്പോയി ആരെങ്കിലുമവരുടെ ലോകങ്ങളുണ്ടാക്കിയാലോ….
വളര്‍ച്ചയുടെ ഒരു ഘട്ടത്തിനപ്പുറം ദൈനംദിനങ്ങളുടെ അച്ചിലേക്ക് അറിഞ്ഞോ അറിയാതെയോ വീണുപോവുന്നവരാണധികവും. ‘എന്നും’ – എന്ന ആവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് ഇടയ്ക്കെങ്കിലും രണ്ടിടികൂടിയ ചങ്കിടുപ്പുമായി പേനയുടെ നിഴലിനെ മുന്നില്‍ കണ്ട് ഉള്ളില്‍ തോന്നുന്നയെന്തെങ്കിലും കുറിച്ചിടാനുള്ള സാധ്യത, തുടര്‍ച്ചയുടെ തിരക്കുകളെ വകഞ്ഞുകൂട്ടി പുതിയൊരു പുസ്തകത്തിലേക്കൂളിയിടാനുള്ള കുറച്ചുസമയങ്ങള്‍, വായിച്ച പുസ്തകങ്ങളിലെ തണുപ്പിനെപറ്റി, വിഷാദത്തിനു ഒപ്പിട്ടുകൊടുത്ത രാത്രികളെപറ്റി എന്നെങ്കിലുമൊരു നാള്‍ അത്രയേറേ നിറവില്‍ മറ്റൊരാളോട് വിവരിക്കാനാവുന്ന നേരങ്ങള്‍. നിത്യജീവിതത്തിനപ്പുറം എല്ലാ മനുഷ്യര്‍ക്കും കേറി ചെല്ലാനൊരു രണ്ടാംവീട് വേണം. ആഴത്തില്‍ നിന്നെന്ന പോലെ പൊങ്ങിവന്ന് ആഞ്ഞൊരു ശ്വാസമെടുത്ത് സ്വയം ജീവിപ്പിക്കാനൊരു അനിവാര്യതയുമാണ്.
വളര്‍ച്ചയുടെ പടവുകളില്‍ സ്വയം നഷ്ടപ്പെടുത്തിയവരാണധികവും. മറ്റുള്ളവര്‍ക്ക് വേണ്ടി, നിലനില്‍പ്പിനു വേണ്ടി ജലമെന്ന പോല്‍ സ്ഥലകാലസമ്മര്‍ദ്ദങ്ങളുടെ രൂപത്തിലേക്ക് സ്വയം വ്യാപ്തപ്പെട്ടവര്‍. എന്നെങ്കിലും ശൂന്യമായ സ്ഥലിയില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ കാലങ്ങള്‍ക്കിപ്പുറം കൈവിട്ടുകളഞ്ഞ പുതുമണമുള്ള കടലാസ്സുകാലത്തേയും പുസ്തകങ്ങളേയുമവര്‍ക്ക് കാണാനാവും. ഒരു പക്ഷെ ആ കാലത്തിന്റെ കമ്പനങ്ങള്‍ ഓര്‍മ്മയിലുണരുക കടന്നുപോയ പുസ്തകങ്ങളുടെ നനഞ്ഞമെതിയടിയടയാളങ്ങളായിട്ടായിരിക്കും.
‘പോയകാലമാണ് രവിയേട്ടാ
ഓരോ കുപ്പിക്കുള്ളിലും
ഒഴിഞ്ഞ കല്‍പ്പകത്തുണ്ടുകള്‍പ്പോലെ’
രഞ്ജിത്തങ്ങനെ കുറിക്കുന്നതില്‍ കൈവിട്ടുപോയ കാലങ്ങളിലെ കുപ്പികളിലിപ്പോഴും അന്നു ചുരുട്ടിവെച്ച ആവേശത്തിന്റെ കൈപ്പടകളുണ്ടാകും. ഒരിക്കല്‍ നല്ലൊരു വായനക്കാരനായിരുന്നാല്‍ അന്ത്യം വരെയാ അനുഭൂതിയുടെ പട്ടയം എഴുതികൊടുക്കുന്നൊരു ഭൂപ്രദേശമാണ് വായന. അവിടെ നമ്മള്‍ മറിച്ച കടലാസ്സുകളുടെ വേഗതയായിരുന്നു നമ്മള്‍ പിന്നിട്ട ദൂരത്തിന്‍റെ മൈല്‍ക്കുറ്റികള്‍. വഴി തെറ്റിപോയവരും, സ്വയം തിരിഞ്ഞുനടന്നവരുമേറേയാണ്.
പടയാളികളവരുടെ വീറിന്റെ കുരുക്കഴിക്കുന്നതുപോലെ എന്നും തിന്നാന്‍ ഒരു പുസ്തകം വേണമായിരുന്നുവെന്ന ഗതകാല ഗാംഭീര്യത്തെ പലരും പറഞ്ഞുനിര്‍ത്തുമ്പോള്‍ പിന്നെയുമവരോട് സ്നേഹം തോന്നുമായിരുന്നു. വെറുതെയെങ്കിലും നിലച്ചുപോയ യാത്രകള്‍ക്കൊരു ഡബിള്‍ബെല്‍ കൊടുക്കാന്‍ പറയുമായിരുന്നു.
വായനയില്‍ ജീവിക്കുകയെന്നാല്‍ അന്യര്‍ക്കധികം സ്വാധീനമില്ലാത്തൊരു മാനസികസാമ്രാജ്യത്തിന്‍റെ ശില്പിയാവുകയെന്നാണ്. അങ്ങനെ സൃഷ്ടിക്കപ്പെടുന്ന മനസ്ഥലികള്‍ വിരലടയാളങ്ങളേക്കാള്‍ ആയിരംമടങ്ങ് വിഭിന്നവും അദ്വിതീയവുമായിരിക്കും. ഒരോ വരികള്‍ക്കിടയിലും മുങ്ങിപൊങ്ങിപോവുന്ന നമുക്ക് മാത്രം മനസ്സിലാവുന്ന ഇഷ്ടങ്ങള്‍, അവയില്‍ നിന്ന് പൊടിക്കുന്ന ഓര്‍മ്മകള്‍, ആകുലതകള്‍, പെരുപ്പുകള്‍ അതു നമ്മുടേതു മാത്രമായിരിക്കും. വായന മനസ്സിന്റെ ആവരണങ്ങളെ ദുര്‍ബലമാക്കുകയും, ചിന്തകളുടെയെഞ്ചിന് ഊര്‍ജ്ജം കൊടുക്കുകയും ചെയ്യുമ്പോള്‍ വായിച്ചു നിര്‍ത്തിയ കഥയിലെ നായകന്‍റെ മുഖമായിരിക്കാം ചിലപ്പോള്‍ നമുക്ക്. പ്രിയപ്പെട്ടൊരാളുടെ ദുഃഖത്തിലെന്നപോലെ കടലാസ്സിലെ ദൈന്യതയ്ക്കു കൂട്ടിരിക്കേണ്ടിവരും. ഏറിയും താഴ്ന്നുമുലഞ്ഞും കലാപത്തിലേര്‍പ്പെടുന്ന സാന്‍റെിയാഗോയുടെ തോണി പോലാവും മനസ്സ്, ആശ്വാസത്തിന്റെ ഇത്തിരിതുണ്ടങ്ങള്‍ എത്ര വീണുകിട്ടിയാലും കിതപ്പില്ലാതെയത് മാര്‍ലിന്‍ മത്സ്യത്തെ പിന്‍തുടര്‍ന്നുകൊണ്ടേയിരിക്കും. സമയത്തിന്റെ നറുക്കെടുപ്പുകളില്‍ തുടരെ മാറുന്ന വൈകാരികനില ജീവിതത്തിന്റെ അരപ്രൈസുകളില്‍ നിങ്ങളെ പലപ്പോഴും തനിച്ചിരുത്തും. ലോകം തനിക്കെതിരെയാണ് പായ് നിവര്‍ത്തിയിരിക്കുന്നതെന്നും, ചുറ്റുമുള്ളതെല്ലാം വിഷാദത്തിന്റെ കനികളാണെന്നും, എല്ലാ യുദ്ധങ്ങളും തനിക്ക് മാത്രം മുറിവേല്ക്കാന്‍ നിയോഗിക്കപ്പെട്ടതാെണെന്നും – അങ്ങനെയങ്ങനെ വിഷാദത്തിന്റെ നേര്‍ത്ത ഞരമ്പുകള്‍ ഓരോ നിമിഷവും പൊട്ടാന്‍ പാകത്തില്‍ വായനക്കാരിലങ്ങനെ ഒളിച്ചുപാര്‍ക്കുന്നു.
ജീവിതത്തിന്റെ ആവര്‍ത്തനസരസമായ സൈക്കിള്‍ യാത്രയില്‍ ഇടയ്ക്കൊക്കെയൊന്നു ചെയിന്‍ തെറ്റി കുന്തിച്ചിരിക്കുമ്പോള്‍ എത്തി നോക്കാന്‍ വഴിവക്കില്‍ പടര്‍ന്നുനില്‍ക്കുന്നൊരു ശീമക്കൊന്നയായെങ്കിലും വായനയെ കണ്ണകലത്തില്‍ നട്ടുവളര്‍ത്തണം. വീട് വിട്ടാലും ചെന്നുകയറാൻ രണ്ടാമതൊരിടമുണ്ടെന്ന ബോധ്യത്തില്‍ വിഹ്വലതകള്‍ക്കപ്പുറമൊരു കടത്തുതോണി കിടപ്പുണ്ട് – പുഴ ഇനിയും വറ്റിയിട്ടില്ല.
മനുഷ്യ നിങ്ങൾ പിന്നെയും വായിപ്പിക്കുന്നു .സ്നേഹം