സ്വന്തം കുട്ടികൾ മറ്റുജാതിയിലുള്ള ഒരാളുമായി പ്രണയത്തിലാകുമ്പോൾ പിന്നെ വീട്ടിന്ന് മാറ്റി താമസിക്കലായി, ഇമോഷണൽ ബ്ലാക്ക്മെയിലിങ്ങായി, ഉടനെ സ്വന്തം ജാതിയിലുള്ള ആരേലും കൊണ്ട് കെട്ടിക്കലായി, ഇതൊക്കെ പരാജയപ്പെടുമ്പോൾ കൊലപാതകമാകും.

പാലക്കാട്‌ തേങ്കുറിശ്ശിയില്‍ നടന്ന ജാത്യാഹങ്കാര കൊലയുടെ പശ്ചാത്തലത്തില്‍ തൊമ്മിക്കുഞ്ഞ് രമ്യ എഴുതിയ കുറിപ്പ്.

ജാതിയെ കൊയ്യുകയും വിതയ്ക്കുകയും ചെയ്യുന്ന വയലുകളാണ് ഓരോ കുടുബവും. അതുകൊണ്ടാണ് പ്രണയത്തിന് എതിര് നിൽക്കേണ്ടി വരുന്നത്. കാരണം ജാതി നിലനിൽക്കുന്നത് പ്രത്യുല്പാതനവുമായ് ബന്ധപ്പെട്ടാണ് അല്ലാതെ തൊഴിലുമായോ ഉൽപാതനവുമായോ ബന്ധപ്പെട്ടല്ല. ഇവിടെ ജാതിയുണ്ട് എന്ന് പറയുന്ന മനുഷ്യർ ആദ്യം നിങ്ങളോട് കേരളത്തിലെ വിവാഹങ്ങളുടെ സ്വഭാവം പരിശോധിക്കാൻ പറയുന്നതിന്റെ കാരണവും ഇത് തന്നെ. കേരളത്തിൽ നടന്നിട്ടുള്ള ബഹുഭൂരിപക്ഷം വിവാഹങ്ങളും സ്വജാതിയിൽ നിന്നാണ്.

സ്വന്തം കുട്ടികൾ മറ്റുജാതിയിലുള്ള ഒരാളുമായി പ്രണയത്തിലാകുമ്പോൾ പിന്നെ വീട്ടിന്ന് മാറ്റി താമസിക്കലായി, ഇമോഷണൽ ബ്ലാക്ക്മെയിലിങ്ങായി, ഉടനെ സ്വന്തം ജാതിയിലുള്ള ആരേലും കൊണ്ട് കെട്ടിക്കലായി, ഇതൊക്കെ പരാജയപ്പെടുമ്പോൾ കൊലപാതകമാകും. അതായത് തങ്ങളുടെ ‘സഫലമാകാത്ത പ്രണയത്തി’ന്റെ കാരണം കുടുബമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിനെ തിരുത്തി ജാതിയാണെന്ന് പറയുക. അല്ലെങ്കിൽ ജാതികൊലയെ ദുരഭിമാനകൊല എന്ന പേര് വിളിക്കും പോലെയാകും. (ദുരഭിമാനത്തിന്റെ കാരണം പലതുമാകാം പക്ഷേ ഈ വിഷയത്തിൽ എപ്പോഴും ജാതിമാത്രമാണ് കാരണം). സ്വഭാവികമായി ഒരു ഇന്റര്‍ കാസ്റ്റ് മാര്യോജ് നടക്കാനുള്ള സാധ്യതയെ, സാധ്യത എന്ന് പോലും പറയാൻ കഴിയുന്നതിലും താഴെയാകുന്നതിന്റെ കാരണവും ഇത് തന്നെ. സ്വന്തം ജാതിയേക്കാൾ താഴെ ഉള്ള ഒരു ജാതിയുമായി കലർന്നാൽ സമൂഹത്തിൽ തങ്ങൾക്ക് ഇടിവ് ഉണ്ടാകും/പ്യൂരിറ്റി നഷ്ടപ്പെടും എന്ന് ഭയപ്പെടുന്നു.

അതായത് എന്റെ അച്ഛൻ/കൊച്ചുമകൾ/ഭാര്യ/ആങ്ങള/മകൻ എന്നതിലുപരി രണ്ട് മനുഷ്യരെ ‘നമ്മൾ ‘ ആക്കുന്നതിന്റെ അടിസ്ഥാനം ജാതിയാണ്.

അതു കൊണ്ടാണ് ആതിരയുടെ അമ്മയ്ക്കും ആങ്ങളയ്ക്കും കൂറുമാറാൻ കഴിയുന്നത്. പ്രവീണ താലി പറയും പോലെ “അവർ കൂറുമാറിയതല്ല മറിച്ച് ജാതിയോടു കൂറു കാട്ടിയതാണ്”. സ്നേഹമാണ് കുടുംബത്തിന്റെ കാതൽ എങ്കിൽ അവർക്ക് കൂറു മാറാൻ ഒരിക്കലും കഴിയില്ല. മകൾ ഒരു താഴ്ന്ന ജാതിക്കാരനെ കൊണ്ട് (ഉദ്യോഗസ്ഥൻ ആയാൽ പോലും) വിവാഹം കഴിപ്പിക്കുന്നതിനേക്കാൾ ഭേദമാണ് സ്വന്തം മകളുടെ കൊലയാളിയാകുന്നതെന്ന ഒരു അച്ഛന്റെ ധാർമികബോധമാണ് ജാതി. സ്വന്തം കുടുബത്തെ ജാതി കലർപ്പിൽ നിന്ന് രക്ഷിച്ച മഹാനായാണ് അയാൾ സ്വയം കാണുന്നത്. ആ സംഭവത്തിന്റെ ന്യൂസ് ലിങ്കുകൾക്ക് താഴെ വന്നിട്ടുള്ള കമന്റുകൾ പരിശോധിച്ചാൽ നമ്മൾക്ക് കേരളത്തിലെ ജാതിയതയുടെ തീവ്രത മനസ്സിലാക്കാൻ കഴിയും. അതിൽ വന്ന പല കമന്റുകളും ആ കൊലയെ ന്യായികരിക്കുന്നവ മാത്രമായിരുന്നു. കേവിനും ഇന്നലെ കൊലചെയ്യപ്പെട്ട അനിഷും അതിന്റെ തെളിവുകളാണ്/ഇരകളാണ്. കുടുംബത്തിന്റെ മഹിമ എന്നത് ജാതിക്ക് കളങ്കമേൽപ്പിക്കാതിരിക്കൽ മാത്രമാകുന്നതും അതിന് വേണ്ടി സ്വന്തം മക്കളെയോ അവരുടെ ജീവിത പങ്കാളിയേയോ കൊല്ലാനും, ജയിലിൽ കിടക്കാനും, അതിൽ ഉണ്ടാവുന്ന ചീത്തപ്പേര് അഭിമാനത്തോടെ ഏറ്റെടുക്കാനും തയ്യാറാക്കുന്നത് കുടുബ ബന്ധങ്ങളേക്കാൾ ഒരുപാട് പടി ഉയരത്തിലാണ് ജാതി എന്നതിനാൽ മാത്രമാണ്.

അതായത് ഇമ്പമോടെ കൂടുന്നതൊന്നുമല്ല കുടുബം. ഒരേ ജാതിയിലെ കണ്ണികളെ കൂട്ടിക്കെട്ടുന്ന ചരടാണ് കുടുബം. അത് പൊട്ടിക്കാൻ ശ്രമിക്കുന്ന ആരേയും ഇല്ലായ്മ ചെയ്യുക എന്നത് ജാതിയുടെ നിതിബോധമാണ്. കുടുബത്തിന്റെ ഉത്തരവാദിത്വമാണ്.

5 2 votes
Rating

About the Author

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments