ആദിൽ മഠത്തിൽ രചിച്ച ആദ്യ കവിതാസമാഹാരം ‘വലിയ പള്ളി റോഡി’ന്റെ ഒരു വൈയക്തിക വായന.

ക്ഷരങ്ങളുടെ ബാഹുല്യത്തിൽ നിന്ന് മനപ്പൂർവം ഒഴിഞ്ഞു മാറിയിരിക്കവെ ഒരു പുസ്തകം വായിക്കാമെന്നു തോന്നി. ആദിൽക്കവിതയിൽ പണ്ടേ ഒരു കൗതുകമുണ്ട്. ഭാഷയിലടങ്ങിയ കുട്ടിത്തവും അതിനു നിരക്കാത്ത ജീവിതനിരീക്ഷണവുമാണ് കാരണം.

ഭാഷയുടെ വ്യതിരിക്തത തന്നെയാണ് ഒരുവേള സാഹിത്യത്തെ അഥവാ സൗന്ദര്യത്തെ നിർണ്ണയിക്കുന്നത്. ദർശനങ്ങളെക്കുറിച്ചൊന്നും അറിവില്ലാത്ത പാമരന്റെ ആദ്യത്തെയും അവസാനത്തെയും പരിഗണന അതാണല്ലോ.

കവിത ഏതു പാമരനെയും രസിപ്പിക്കണം. ഏതു ഭാവവും അതിന് അന്യമായിരിക്കരുത്. രതിയും സാത്വികതയും അതിന് ഒരുപോലെ വഴങ്ങണം. ആദിൽ ചെറിയ മനസ്സുകൊണ്ട് വലിയ കാഴ്ചകൾ കാണുന്നു. ലോകത്തിന്റെ അതിരുകൾ കാണുന്നുമില്ല.

വലിയപള്ളി റോഡ് ഒരു റോഡല്ല, കോഡാണ്. ബാല്യം വിട്ടുപോകാത്ത ഒരുവന്റെ നിഷ്കളങ്കമായ മനസ്സിന്റെ കോഡ്. അവന്റെ വല്യുമ്മയും വല്യുപ്പയും ഉമ്മയും ഉപ്പയും മറ്റു ചരാചരങ്ങളും ചേർന്നു പുലരുന്ന ഒരു ദേശത്തിന്റെ കോഡ്.

പണ്ടാണ്. കല്ലിനുമുണ്ടൊരു കഥ പറയാൻ എന്നൊരു പാഠമുണ്ടായിരുന്നു. ഇനി ഈ തിരുമ്പുകല്ലിനെ നോക്കൂ. പഴയ കല്ലിന്റെ അപ്ഡേഷനാണ് പുഴക്കടവിൽ നനഞ്ഞുണരുന്ന ഈ കല്ല്. അക്കാദമിക് പാഠങ്ങൾക്കു വഴങ്ങാത്ത ലളിതബിംബങ്ങൾ. അത് നിങ്ങളെ ചിന്തിപ്പിക്കുന്നു. ചിന്ത ആനന്ദമാകുന്നു.

മരണഗന്ധം പുരണ്ട കവിതകളാണ് പലതും. കാലത്തിന്റെയാവാം. ചിലപ്പോൾ പ്രായത്തിന്റെയാവാം.

വാക്കുകളെ വ്യതിരിക്തമായി അടുക്കുമ്പോൾ ഭാഷയിൽ ഉണരുന്ന അർത്ഥമാണ് കവിത. അതിന് ഒരു പൂർവമാതൃകയുടെയും ഭാരമില്ല എന്നത് അയാളെ പുതുമയുടെ പുരോഹിതനാക്കുന്നു.
‘നിലാവു പൂക്കും മരത്തിൽ
കിളിയിരുന്നു തണുക്കും.’

ചിരപരിചിതമായ ഭാഷയിലൂടെ അപരിചിതമായ ഭാവം ഉൽപ്പാദിപ്പിക്കുന്നു അയാൾ.
‘പൊട്ടിയ നൂലുമായ് നിൽക്കും കുട്ടിയിൽ
കടലൊച്ച പെരുക്കുന്നു.’

മരണഗന്ധം പുരണ്ട കവിതകളാണ് പലതും. കാലത്തിന്റെയാവാം. ചിലപ്പോൾ പ്രായത്തിന്റെയാവാം.
‘കുട്ടുകാരൻ മുങ്ങിയാണ്ട
പുഴയിലിറങ്ങാനാവാതെ
കരയ്ക്കു നിന്നു വിറയ്ക്കുമ്പോൾ’ അയാളെപ്പോലെ നിങ്ങൾക്കും അത് തിരിച്ചറിയാൻ പറ്റും.

ഒരു സാധാരണ നിമിഷത്തിൽ നിന്ന് അസാധാരണതയെ പിടിച്ചെടുക്കുന്ന ഭാഷാകൗശലം.

പൂട്ടിക്കിടക്കുന്ന ഒരു വീടിനെ വാക്കുകളിൽ വരയ്ക്കുന്നുണ്ട് കവി. ഒറ്റനോട്ടത്തിൽ വെറുമൊരു നിസ്സംഗവിവരണമെന്നു തോന്നാം. പക്ഷേ, അതിനുള്ളിൽ നിന്നു മുഴങ്ങുന്ന ജീവന്റെ തുടിപ്പോർത്ത് നിങ്ങൾ അൽപ്പനേരം അവിടെ നിൽക്കും. ‘നിത്യരോഗിയാമൊരു യോഗി’യെ ഓർക്കും.

തേരോട്ടം കാറോട്ടം എന്ന കവിത ഭാവനയുടെ, സ്വപ്നത്തിന്റെ ആകാശത്തിലേക്ക് അനായാസം കയറിപ്പോകുന്നു. ഭൂമിയിലൂടെ ഓടുന്ന ഒരു കാറും ‘ഭൂമിയിൽ നിന്നുമാകാശം വലിച്ചുയർത്തും സൂര്യരഥവും’ തമ്മിലുള്ള രസകരമായ പാരസ്പര്യം. ഒരു സാധാരണ നിമിഷത്തിൽ നിന്ന് അസാധാരണതയെ പിടിച്ചെടുക്കുന്ന ഭാഷാകൗശലം.

ചുരുക്കത്തിൽ, സത്യം വളരെ ലളിതമാണ്. ഈ കവിതകൾ വായിക്കുമ്പോൾ സ്വപ്നവും സത്യവും തമ്മിലുള്ള അതിരുകൾ മാഞ്ഞുപോകുന്നു. നിങ്ങൾ സ്വതന്ത്രരാകുന്നു!


ആദില്‍ മഠത്തില്‍
ഏറനാട്ടില്‍ എടവണ്ണയില്‍ രണ്ടായിരം ആഗസ്റ്റ്‌ ഒന്നിന് ജനനം. ഉമ്മ: ഫാത്തിമ അസ്റ അയനിക്കോടന്‍. ഉപ്പ: സാദിഖ്‌ അലി മഠത്തില്‍. കേരള വര്‍മ്മ കോളേജില്‍ ഇംഗ്ലീഷ് സാഹിത്യ ബിരുദ വിദ്യാര്‍ത്ഥി.


പുസ്തകം ഇവിടെ വാങ്ങാം: https://www.flipkart.com/valiyapalliroad/p/itm294ada1e3f7bf?pid=RBKFWVTGCVGMNVSD&marketplace=FLIPKART

4.8 5 votes
Rating

About the Author

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments