“താഴത്തെ നിലയില്‍ നിങ്ങള്‍ക്ക് ഒരു ഡാര്‍ക്ക് റൂം ഉണ്ടല്ലേ?
അവിടെ ഫിലിം കഴുകാന്‍ പറ്റുമോ?

എന്റെ കൈയില്‍ കുറച്ചു നെഗറ്റീവ് ഉണ്ടായിരുന്നു.”

മുറിയില്‍ ഇരുന്നു മടുത്തു; ഇടനാഴിയുടെ അറ്റത്ത് പോയി ആകാശത്തിന്റെ രണ്ട് ഫോട്ടം പിടിച്ചിട്ട് വരാം എന്ന് പറഞ്ഞാണ് അപ്പന്‍ 119 നമ്പര്‍ മുറിയില്‍ നിന്നിറങ്ങി പോയത്. പത്തിരുപത് മിനുറ്റ് ആയിട്ടും അപ്പനെ കാണഞ്ഞപ്പോള്‍ ഫിലിപ്പ് തല മാത്രം മുറിക്ക് പുറത്തിട്ട് ഇടത്തോട്ടും വലത്തോട്ടും നോക്കി. ഇടനാഴിയുടെ ഒരറ്റത്ത് ഒഴിഞ്ഞ ഒരു സ്ട്രെച്ചര്‍ മാത്രമുണ്ട്. വരാന്തയിലും കോണിപ്പടിയിലും അപ്പനെ നോക്കി നോക്കി ഫിലിപ്പ് താഴത്തെ നിലയിലേക്ക് ഇറങ്ങി വന്നു. അതാ അപ്പന്‍. ലാബിന്റെ മുമ്പിലെ കതകില്‍ അള്ളി പിടിച്ചു പതുങ്ങി നിന്ന് ഉള്ളിലേക്ക് നോക്കുന്നു. വെള്ള വേഷം ധരിച്ച കമ്പൌണ്ടര്‍മാര്‍ പിടി വിടുവിക്കാന്‍ ശ്രമിച്ചു. അവരുടെ ഇടയിലൂടെ ഫിലിപ്പ് തലയിട്ടു.

“എന്തേ?”ഫിലിപ്പ് സ്വരം കടുപിച്ചു ചോദിച്ചു.
“ഇവരുടെ ഡാര്‍ക്ക്‌ റൂം കൊള്ളാമെന്നു തോന്നുന്നു!” അപ്പന്‍ ഉറക്കെ പറഞ്ഞു.
കസേരയിലും ബെഞ്ചിലുമായി സാമാന്യം ആളുകള്‍ അവിടെ ഇരിപ്പുണ്ടയിരുന്നു. പലരും ആ രംഗം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അക്കൂട്ടത്തില്‍ സുന്ദരിയായ ഒരു യുവതി വാ പൊത്തി ചിരിക്കുന്നത് ഫിലിപ്പ് കണ്ടു. അയാള്‍ ഇളിഭ്യിച്ച ഒരു ചിരി ചിരിച്ചു ഒന്നും മിണ്ടാതെ അപ്പനെ അവിടെ നിന്ന് ഇളക്കി മുറിയില്‍ കൊണ്ട് പോയി കിടത്തി.

“പക്ഷെ എന്റെ ഡാര്‍ക്ക് റൂമിന്റെ അത്രയും വരില്ല”. അത് പറഞ്ഞപ്പോള്‍ തിമിരം പാട കെട്ടിയ അപ്പന്റെ കണ്ണുകളില്‍ ഫ്ലാഷ് മിന്നി.
ഫിലിപ്പിന് ഈര്‍ഷ്യ തോന്നി. അപ്പന്‍ പറഞ്ഞത് എന്താണെന്ന് ഫിലിപ്പിന് മനസ്സിലായില്ല. അയാള്‍ വാതില്‍ അടച്ചു മുറിക്ക് പുറത്തേക്ക് പോയി. അപ്പന്റെ ഇത്തരം ഭ്രമാത്മകമായ സംസാരങ്ങള്‍ എപ്പോള്‍ തുടങ്ങിയെന്നു ഫിലിപ്പിന് കൃത്യമായി അറിയില്ല. അപ്പന്റെ മുടി നരച്ചത് എപ്പോഴാണെന്നോ, അപ്പന്റെ വായില്‍ എത്ര പല്ല് ബാക്കിയുണ്ടെന്നോ, എന്തിന്? ആയ കാലത്ത് അപ്പന്‍ തന്റെ ക്യാനന്‍ എ വണ്‍ ഫിലിം ക്യാമറ തൂക്കി നടത്തിയ അസംഖ്യം യാത്രകള്‍ എന്തിനാണെന്നോ എങ്ങോട്ടാണെന്നോ അയാള്‍ക്ക് അറിയില്ല. അതില്‍ അയാള്‍ക്ക് യാതൊരു വിധ പരാതിയും ഉണ്ടായിരുന്നില്ല. അപ്പന് വേറെ ഭാര്യയും കുടുംബവും ഉണ്ടെന്നും അവരെ കാണാനാണ് അപ്പന്‍ പോവുന്നതെന്നും; അല്ല പെണ്ണുങ്ങളുടെ തുണി ഇല്ലാത്ത ഫോട്ടോ പിടിക്കാന്‍ പോവുന്നതാണെന്നും കരകമ്പി ഉയര്‍ന്നിട്ടും അതൊന്നും ഫിലിപ്പിനെ ബാധിച്ചില്ല. അയാള്‍ അതിന്റെ നിജസ്ഥിതി അന്വേഷിച്ചു പോയിട്ടുമില്ല.

അയാള്‍ കൃത്യ സമയത്ത് ഭക്ഷണം കഴിച്ചു; കൃത്യ സമയത്ത് ഉറങ്ങി. കൃത്യ സമയത്ത് കുത്തിവെപ്പുകള്‍ എടുത്തു. കൃത്യ സമയത്ത് പരീക്ഷകള്‍ തോറ്റു.

കൂട്ടുകാര്‍ പറയാറുണ്ടായിരുന്ന അപ്പന്മാര്‍ മദ്യപാനികളും അക്രമകാരികളുമായിരുന്നു. അവര്‍ മദ്യപിച്ചു വന്നു ഭാര്യേം കുട്ടികളെയും തല്ലി. പാത്രങ്ങള്‍ തച്ചുടച്ചു. വീട്ടിലെ പയ്യ് രാത്രി കരഞ്ഞാല്‍ ആ രാത്രി തന്നെ പുല്ലു പറിക്കാന്‍ മക്കളെ ഇറക്കി വിട്ടു. സ്കൂളില്‍ വിടാതെ മക്കളെ ഇറച്ചി വെട്ടാന്‍ കൊണ്ടുപോയി. അപ്പന്‍ ഇല്ലാത്തത് നിന്റെ ഭാഗ്യമാണ് എന്ന് പല തവണ സുഹൃത്തുക്കള്‍ അയാളോട് പറഞ്ഞിട്ടുണ്ട്. അപ്പന്‍ അഭാവം അയാള്‍ ആഘോഷിച്ചു. സ്കൂള്‍ വിട്ട് വന്ന് അയാള്‍ മരംകേറി, കരിക്കട്ട കൊണ്ട് ചുവരില്‍ ചിത്രങ്ങള്‍ കോറി, അടുക്കള വാതില്‍ക്കല്‍ നിന്ന് പുല്ലരിഞ്ഞു വരുന്ന അമ്മച്ചിയെ വെറുതെ നോക്കി നിന്നു. പല തവണയായി പെറുക്കിയ പറങ്ങാണ്ടി വിറ്റ കാശുകൊണ്ട് അയാള്‍ പേപ്പറും ബ്രഷും ചായങ്ങളും വാങ്ങി അതില്‍ വരച്ചു തുടങ്ങി. അമ്മച്ചിയുടെ ആക്രോശങ്ങള്‍ ഒരു ചെവിയില്‍ കൂടെ എടുത്ത് മറു ചെവിയില്‍ കൂടെ വിട്ടു. പേപ്പറും ബ്രഷും ചായങ്ങളും അടുപ്പത്ത് കിടന്ന് വെന്തു. അമ്മച്ചിയോട് തീരെ മിണ്ടാതായി. അയാള്‍ കൃത്യ സമയത്ത് ഭക്ഷണം കഴിച്ചു; കൃത്യ സമയത്ത് ഉറങ്ങി. കൃത്യ സമയത്ത് കുത്തിവെപ്പുകള്‍ എടുത്തു. കൃത്യ സമയത്ത് പരീക്ഷകള്‍ തോറ്റു. അമ്മച്ചിയുടെ കാലില്‍ വീര്‍ത്തു ചീര്‍ത്ത നീര്‍ക്കെട്ടുകള്‍ കണ്ടിട്ടും അയാള്‍ ഒഴിവ് സമയങ്ങളില്‍ തിണ്ണയില്‍ മലര്‍ന്നു കിടന്നു ചുവരില്‍ തൂക്കിയ മാതാപിതാക്കളുടെ കല്യാണ ഫോട്ടോ അലക്ഷ്യമായി നോക്കി. അപ്പനെന്ന് ഓര്‍ക്കുമ്പോള്‍ ഫിലിപ്പിന് ഇപ്പോഴും ആ ഫോട്ടോയിലെ പൊടിമീശ മാത്രമാണ്.

രാവിലെ നടന്ന സംഭവം അപ്പന്‍ വിട്ടില്ല. വൈകുന്നേരം റൌണ്ട്സിന് വന്ന ലേഡി ഡോക്ടറോട് അപ്പന്‍ ചോദിച്ചു:
“താഴത്തെ നിലയില്‍ നിങ്ങള്‍ക്ക് ഒരു ഡാര്‍ക്ക് റൂം ഉണ്ടല്ലേ? അവിടെ ഫിലിം കഴുകാന്‍ പറ്റുമോ?എന്റെ കൈയില്‍ കുറച്ചു നെഗറ്റീവ് ഉണ്ടായിരുന്നു.
അവര്‍ അപ്പന്റെ പനി നോക്കുകയായിരുന്നു. ഒരാഴ്ചയായി അപ്പനില്‍ നിന്നും ഇത്തരം സംസാരങ്ങള്‍ സ്ഥിരമായി കേട്ടിരുന്നെങ്കിലും ഡോക്ടര്‍ക്ക് ചിരി പൊട്ടി. അവര്‍ ചെറുപ്പമായിരുന്നു. വേഗം ചിരിക്കും.
“ആഹ! നല്ല ഫിഫ്റ്റി മിലീമീറ്റര്‍ ചിരി!”. അപ്പന്‍ ഇരുകൈകളിലെ ചൂണ്ടുവിരലും നടുവിരലും ചേര്‍ത്ത് വെച്ച് ഒരു ഫോട്ടം പിടിച്ചു.
ഡോക്ടറോട് പൊക്കോ എന്ന് അപ്പന്‍ കാണാതെ ഫിലിപ്പ് ആഗ്യം കാട്ടി. ഒരു പാത്രത്തില്‍ കഞ്ഞി വിളമ്പി അപ്പന് നല്‍കി. അയാളും കഴിച്ചു. അവര്‍ പരസ്പരം ഒന്നും മിണ്ടിയില്ല. ഡോക്ടര്‍ വെച്ചിട്ട് പോയ മരുന്നും ഒരു ഗ്ലാസ്‌ വെള്ളവും അയാള്‍ അപ്പന് നേരെ നീട്ടി. ലൈറ്റണച്ച് അയാള്‍ കിടക്കാനൊരുങ്ങി.

Illustration by Mahmoud Soliman

“ആ സേഫ് ലൈറ്റ്1 ഒന്ന് ഇടുമോ?” അപ്പന്‍ ചോദിച്ചു
ഫിലിപ്പ് സേഫ് ലൈറ്റ് പ്ലഗ്ഗില്‍ കുത്തി സ്വിച്ച് ഓണാക്കി. മുറിയിലാകെ ചുവന്ന വെളിച്ചം പടര്‍ന്നു. അപ്പന്‍ ആശ്വാസത്തിന്റെ ഒരു ദീര്‍ഘനിശ്വാസം വിട്ടു. ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയി മൂന്നാം ദിവസമാണ് അപ്പന്‍ ഫിലിപ്പിനോട് തന്റെ സേഫ് ലൈറ്റ് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടത്. അതിന്റെ വെളിച്ചത്തിലാണ് അപ്പന്‍ ഉറങ്ങിയിരുന്നത് എന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു. രാജന്‍ കൊച്ചെട്ടന്റെ ചായക്കടയുടെ മുകളില്‍ അപ്പന്‍ താമസിച്ചിരുന്ന ഒറ്റമുറിയില്‍ നിന്നും ഫിലിപ്പ് സേഫ് ലൈറ്റ് കൊണ്ടുവന്ന് ആശുപത്രി മുറിയില്‍ വെച്ചു. പക്ഷെ രാത്രിയില്‍ അത് ഓണ്‍ ആക്കാന്‍ അപ്പന് എന്നും ഓര്‍മ്മിപ്പിക്കേണ്ടി വന്നു. അപ്പന്‍ തന്റെ ഡാര്‍ക്ക് റൂമില്‍ ഉപയോഗിച്ചു കൊണ്ടിരുന്ന വെളിച്ചമായിരുന്നു അത്. കവലയില്‍ തന്നെയായിരുന്നു അപ്പന്റെ സ്റ്റുഡിയോ. വല്ലപ്പോഴും മാത്രമേ അപ്പനത് തുറന്നിരുന്നുള്ളൂ. അപ്പന്‍ അധികവും യാത്രയിലായിരുന്നു. അങ്ങനെ ഇരിക്കുമ്പോള്‍ തന്റെ ക്യാനന്‍ എ വണ്‍ തൂക്കി അപ്പന്‍ അപ്രത്യക്ഷനാവും. പല നാടുകള്‍. പല ആളുകള്‍. ഒരു പോക്ക് പോയാല്‍ ക്യാമറയിലെ ഫിലിം തീരണം, എങ്കിലേ അപ്പന്‍ മടങ്ങി വരൂ. ആഴ്ചകള്‍, ചിലപ്പോള്‍ മാസങ്ങള്‍ നീളുന്ന യാത്രകളായിരുന്നു അവ. ഇത്തരം യാത്രകളില്‍ നിന്ന് പകര്‍ത്തിയ കുറച്ചു ഫോട്ടോകള്‍ അപ്പന്‍ സ്റ്റുഡിയോ ചുവരില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മുട്ടായി ഭരണി നോക്കി നില്‍കുന്ന ഒരു മണിപൂരി വൃദ്ധ, കുഴല്‍കിണറില്‍ നിന്ന് കുപ്പിയില്‍ വെള്ളം നിറക്കുന്ന രണ്ട് കുഞ്ഞുങ്ങള്‍ അങ്ങനെ പോവുന്നു അപ്പന്റെ ശേഖരം.
യാത്ര കഴിഞ്ഞു അപ്പന്‍ നേരെ വരുന്നത് വീട്ടിലേക്കാണ്. അമ്മച്ചിയുടെ പ്രാക്ക് കേട്ട് അടുക്കള വാതില്‍ക്കല്‍ ഇരിക്കും. തിരിച്ചു ഒന്നും പറയില്ല. കുഞ്ഞ് ഫിലിപ്പ് അയാളുടെ മടിയിലുണ്ടാവും. അമ്മച്ചി ദേഷ്യം തീരുവോളം പറഞ്ഞു കൊള്ളട്ടെ എന്ന മട്ടില്‍ അപ്പനൊരു വിഡ്ഢി ചിരി ചിരിക്കും. ആ കുത്തുവാക്കുകള്‍ക്ക് ഇടയിലും അപ്പന്‍ സന്തുഷ്ടനാണ്. വൈകുന്നേരമാവുമ്പോള്‍ ഫിലിപ്പിനെ എടുത്ത് അപ്പന്‍ സ്റ്റുഡിയോയിലേക്ക് നടക്കും.

“ഫീലിപ്പോച്ചോ, ഞാനൊരു സാധനത്തിനെ പിടിച്ചു കൂട്ടില്‍ അടച്ചിട്ടുണ്ട്. ഒടുക്കത്തെ വേഗമാ അതിന്. ഒരു വിധത്തിലാ പിടിച്ച് കെട്ടിയത്. ഫീലിപ്പോച്ചന് കാണണോ?”
“ചെങ്കീരിയെക്കാള്‍ വേഗമുണ്ടോ?”
“ചെങ്കീരിയൊന്നും ഇതിന്റെ മുന്നില്‍ ഒന്നുമല്ല. ഇത് പ്രപഞ്ചത്തിലേക്കും വെച്ചു ഏറ്റവും വേഗമേറിയ സാധനമാ!”
അപ്പന്‍ പൊട്ടിച്ചിരിച്ചു. അപ്പന്‍ മടക്കുപലക ഉയര്‍ത്തി സ്റ്റുഡിയോ തുറന്നു. പൊടിയും മാറാലയും അടിച്ചു വാരി. തന്റെ ചുവര്‍ ശേഖരത്തിലെ ഫോട്ടോകള്‍ നനഞ്ഞ തുണി കൊണ്ട് തുടച്ചു മിനുക്കി. ഡാര്‍ക്ക്‌ റൂമില്‍ കയറുന്നതിനു മുമ്പ് ചെരിപ്പ് ഊരിയിടാന്‍ അപ്പന്‍ ഫിലിപ്പിനോട് പറഞ്ഞു. സേഫ് ലൈറ്റ് തെളിച്ചു.
“ഈ വെളിച്ചത്തില്‍ അവന് ഓടാന്‍ പറ്റില്ല. ഇത് ഇട്ടാലെ അവനെ പുറത്ത് എടുക്കാന്‍ കഴിയൂ. അല്ലെങ്കില്‍ അവന്‍ പാഞ്ഞുകളയും”

അപ്പൊ അവന്റെ കൂടിന്റെ ആഴികള്‍ ഇങ്ങനെ മെല്ലെ പൊങ്ങും. കൂട് തുറക്കുനത് അവന്‍ അറിയരുത്. ഓടിക്കളയും. മെല്ലെ… മെല്ലെ ഇങ്ങനെ തിരിച്ചു തിരിച്ചു…

ഒരു കസേര വലിച്ചിട്ട് അപ്പന്‍ ഫിലിപ്പിനെ അതില്‍ ഇരുത്തി. എന്നിട്ട് ബാഗ് തുറന്ന് അതീവ ജാഗ്രതയോടെ ക്യാമറ പുറത്തെടുത്തു. “ദേ ഇതാണ് പ്രപഞ്ചത്തില്‍ ഏറ്റവും വേഗമുള്ള സാധനത്തിനെ പിടിച്ചു നിര്‍ത്തുന്ന സൂത്രം. ഇതില്‍ അവനുണ്ട്. ഇതിങ്ങനെ കമഴ്ത്തി പിടിച്ചു അടിയിലുള്ള ഈ കുഞ്ഞു ബട്ടണില്‍ ഒരു വിരലുകൊണ്ട് അമര്‍ത്തണം. എന്നിട്ട് മറ്റേ കൈകൊണ്ട് ദേ ഈ റിവൈന്റിംഗ് ലിവര്‍ ഇങ്ങനെ ഉയര്‍ത്തി പിന്നിലേക്ക് തിരിക്കണം. അപ്പൊ അവന്റെ കൂടിന്റെ ആഴികള്‍ ഇങ്ങനെ മെല്ലെ പൊങ്ങും. കൂട് തുറക്കുനത് അവന്‍ അറിയരുത്. ഓടിക്കളയും. മെല്ലെ… മെല്ലെ ഇങ്ങനെ തിരിച്ചു തിരിച്ചു ..” അപ്പന്‍ ക്യാമറ ഫിലിപ്പിന്റെ ചെവിയോട് ചേര്‍ത്തു.
ക്യാമറ ക്ലിക്ക് എന്നൊരു ശബ്ദം ഉണ്ടാക്കി.

“ദാ.. ആ ക്ലിക്ക് ശബ്ദം കേള്‍ക്കുന്നത് അഴികള്‍ മുകളില്‍ മുട്ടുംമ്പോഴാ. ദേ ഇപ്പോള്‍ കൂട് തുറന്നു”.
അപ്പന്‍റിവൈന്റിംഗ് ലിവര്‍2 പുറത്തേക്ക് വലിച്ച് ക്യാമറയുടെ പിന്നിലെ മൂടി തുറന്നു.ക്യാമറക്കുള്ളില്‍ നിന്നും ഫിലിം ക്യാനിസ്റ്റര്‍3 ഇളക്കിയെടുത്ത് മേശമേല്‍വെച്ചു.
“ദേ അവന്‍ ഈ ക്യാനിസ്റ്ററില്‍ ഉണ്ട്”
ഫിലിപ്പ് തന്റെ കുഞ്ഞു കണ്ണുകള്‍ വിടര്‍ത്തി ക്യാനിസ്റ്ററില്‍ നോക്കി.
“പക്ഷെ അവന്‍ അങ്ങ് ഉള്ളിലാ. പുറത്തേക്ക് വരണം എങ്കില്‍ നമ്മള്‍ ഇര വെക്കണം.”
അലമാരയില്‍ നിന്നും പഴയ ഒരു ഫിലിം കഷ്ണംമെടുത്ത് അപ്പന്‍ ഫിലിപ്പിന് നേരെ നീട്ടി
“ഇതാണ് ഇര. ഇതിങ്ങനെ ഉള്ളിലേക്ക് ഉള്ളിലേക്ക് കൊടുക്കണം. അവന് എത്തുന്നത് വരെ.”

തുപ്പല്‍ പുരട്ടി അപ്പന്‍ പഴയ ക്യനിസ്ടരിന്റെ ഉള്ളിലേക്ക് ആ ഫിലിം കഷ്ണം മെല്ലെ തള്ളി നീക്കി. നീക്കി നീക്കി ഇനി നീക്കാന്‍ പറ്റില്ല എന്ന് വന്നു. “ഇനി നീക്കാന്‍ നമ്മുടെ കൈ എത്തില്ല. അപ്പോള്‍ ഈ ക്യാനിസ്ടറിലെ റോള്‍ എങ്ങനെ മെല്ലെ അകത്തേക്ക് കറക്കണം. കറക്കി കറക്കി പിടുത്തം വീണു എന്ന് തോന്നിയാല്‍ അവിടെ നിര്‍ത്തണം. അതിന്റെ അര്‍ത്ഥം അവന്‍ ചൂണ്ടയില്‍ കൊളുത്തി എന്നാ. എന്നിട്ട് നമ്മള്‍ ഈ ഇരയുടെ അറ്റം ഇങ്ങനെ പിടിച്ച്… അപ്പന്‍ ഫിലിപ്പിന്റെ കൈ പഴയ ഫിലിം കഷ്ണത്തില്‍ പിടിപിച്ചു.
“… പുറത്തേക്ക് ഒരൊറ്റ വലി”. ക്യാനിസ്ടറില്‍ നിന്നും ഫിലിം ലീഡ് പുറത്ത്.
“ദേ ഇതിനെയാണ് ഞാന്‍ പിടിച്ചത്.”
അപ്പന്‍ മേശവലിപ്പില്‍ നിന്നും ഒരു ജോഡി കൈയ്യുറയെടുത്ത് ധരിച്ചു. കത്രിക കൊണ്ട് ഫിലിം ലീഡ് മുറിച്ചു ഫിലിപ്പിന് നല്‍കി.
“പുസ്തകത്തില്‍ സൂക്ഷിച്ചു വെച്ചോ; വെളിച്ചം കാണരുത്; എങ്കിലേ വളരു.”
കൃത്യം കൃത്യം ചീളുകളാക്കി ഫിലിം മുറിച്ചുകൊണ്ട് ഇരുന്നപ്പോള്‍ അപ്പന്‍ പറഞ്ഞു:
ഇത് ഇപ്പോള്‍ ആകെ ക്ഷീണിച്ചു ഇരിക്കുവാ. ഇത്തിരി കച്ചിയും പുല്ലും വെള്ളവും കൊടുത്താലെ അത് ഉണരൂ.
എന്ലാര്‍ജരില്‍4 നിന്നും നെഗറ്റീവ് കാരിയര്‍ പുറത്തെടുത് ഒരു ചീള് അതില്‍ സ്ഥാപിച്ചു തിരികെവെച്ചു. ഫോക്കസ് നോബ് മെല്ലെ തിരിച്ചു ഈസലില്‍ കിടന്ന ഫോട്ടോ പേപ്പറിലേക്ക് വെളിച്ചം ചെത്തി കൂര്‍പ്പിച്ചു. അതാത് കുപ്പികള്‍ തുറന്ന് മൂന്ന് ട്രേകളിലായി ഡവലപ്പരും, സ്ടോപ്പ് ബാത്തും ഫിക്സരും5 പകര്‍ന്നു. കുഞ്ഞു ഫിലിപ്പിനെ അപ്പന്‍ ഒക്കത്ത് എടുത്തു.
“ദേ ആദ്യം അവനു കച്ചി കൊടുക്കണം” അപ്പന്‍ ആദ്യം ഡെവലപ്പറില്‍ ഫോട്ടോ പേപ്പര്‍ മുക്കി.
“പിന്നെ കാടി.” സ്ടോപ്പ് ബാത്തില്‍ പേപ്പര്‍ മുക്കിയപ്പോള്‍ അപ്പന്റെ കൈയുടെ മുകളില്‍ ഫിലിപ്പ് കൈ വെച്ചു.
“പിന്നെ പുല്ല്.”
“പിന്നെ വെള്ളം.” കുഞ്ഞു ഫിലിപ്പ് സ്വന്തമായി ഫിക്സറില്‍ പേപ്പര്‍മുക്കി.
സേഫ് ലൈറ്റ് ഓഫാക്കി അപ്പന്‍ ഫിലിപ്പിനെ എടുത്ത് വെളിച്ചത്തു വന്നു. ഫോട്ടോ പേപ്പറില്‍ ഒരു കുഞ്ഞ് ചെമ്മരിയാടിനെ പുറത്ത് വെച്ചു ഒരു പറ്റത്തിനെ മേയ്ച്ചു കൊണ്ട് പോവുന്ന ഇടയന്‍ ചെറുക്കന്‍ തെളിഞ്ഞു.
“ഇനി ഇവന്‍ എങ്ങോട്ടും പോവില്ല. ഇവനെ നമ്മള്‍ മൂക്ക് കയറിട്ടു പൂട്ടി. പ്രപഞ്ചത്തില്‍ ഏറ്റവും വേഗതയില്‍ ഓടുന്നവനെ പിടിച്ചു നിര്‍ത്തി ഏഴായി അടര്‍ത്തി ഒരു കഷ്ണം പേപ്പറില്‍ പകര്‍ത്തുമ്പോള്‍ സമയം പോലും ഉറയും. അതാണ്‌ ഫോട്ടോഗ്രാഫ്! ഉറഞ്ഞ സമയം; പടര്‍ന്ന വെളിച്ചം.”

നെഗടീവ് പ്രോസസ് ചെയ്യാന്‍ ഉപയോഗിക്കുന്ന കെമിക്കലുകള്‍. ഡെവലപ്പര്‍ നെഗറ്റിവില്‍ നിന്നും വെളിച്ചം പകര്‍ന്നു എടുക്കും. സ്റ്റോപ്പ്‌ ബാത്ത് ഡെവലപ്പര്‍ പകര്‍ത്തുന്ന വെളിച്ചം അമിതം ആവാതെ തടയും. ഫിക്സര്‍ പടര്‍ത്തിയ വെളിച്ചം സ്ഥിരമാക്കും.

ഇങ്ങനെ ചെറുപ്പത്തില്‍ വിരളമായി അപ്പന്റെയോപ്പം ഫിലിപ്പ് സ്റ്റുഡിയോയിലും ഡാര്‍ക്ക് റൂമിലും പോയിട്ടുണ്ട്. പക്ഷെ അപ്പന്റെ ഡാര്‍ക്ക് റൂം ഇന്നില്ല. ഒരു ദീര്‍ഘമായ യാത്ര കഴിഞ്ഞു വന്നു അപ്പന്‍ അടുക്കള വാതില്‍ക്കല്‍ ഇരുന്നു. അമ്മച്ചി പ്രാകിയില്ല. ഫിലിപ്പിന് കല്യാണ പ്രായം ആകുന്നെന്നും അവന്റെ പേരില്‍ സ്റ്റുഡിയോ എഴുതി കൊടുക്കണം എന്നും അമ്മച്ചി ആവശ്യപ്പെട്ടു. അപ്പന്‍ ചിരിച്ചില്ല. വേണ്ട സ്ഥലത്ത് എല്ലാം അപ്പന്‍ ഒപ്പ് ഇട്ട് കൊടുത്തു. അമ്മച്ചി ചിട്ടി കൂടിയതും കുടുക്കയില്‍ ഇട്ടതും എല്ലാം കൂടെ പെറുക്കി കൂട്ടി ഫിലിപ്പിന് ഒരു ഡിജിറ്റല്‍ ക്യാമറ വാങ്ങി കൊടുത്തു. ഡാര്‍ക്ക്‌ റൂമില്‍ നിന്ന് അപ്പന്റെ സകല ഉപകരണങ്ങളും – എന്ലാര്‍ജരും ഈസലും കെമിക്കലുകളും അടക്കം എല്ലാം – ഒരു ട്രങ്ക് പെട്ടിയില്‍ അടച്ചുപൂട്ടി സ്റ്റുഡിയോയില്‍ ഒരു മൂലക്ക് വെച്ചപ്പോള്‍ ഫിലിപ്പിന് നേരിയ വിഷമം തോന്നി. അമ്മച്ചി മുന്‍കൈയെടുത്ത് ആ മുറിയില്‍ സെറോക്സ് മെഷീനും കമ്പ്യൂട്ടറും ഇന്ടര്നെട്റ്റ് കഫെയുമെല്ലാം സ്ഥാപിച്ചു. ചുവരിലെ അപ്പന്റെ ഫോട്ടോ ശേഖരം മാറ്റുവാന്‍ മാത്രം ഫിലിപ്പ് സമ്മതിച്ചില്ല. ഈ മോഡികള്‍ കാണാന്‍ നില്‍ക്കാതെ അപ്പന്‍ പോയി. അപ്പനെ കാക്കാതെ അമ്മച്ചി ഫിലിപ്പിന്റെ കല്യാണം ഉറപ്പിച്ചു. തന്റെ കല്യാണ കാര്യം അപ്പനെ അറിയിക്കണമായിരുന്നു എന്ന് ഫിലിപ്പിന് തോന്നി. ഒന്ന് രണ്ട് സ്ഥലങ്ങളില്‍ അയാള്‍ അപ്പനെ തേടി. എവിടെയും കണ്ടില്ല.

Photo by Marek Piorko

താലി കെട്ടുന്നത് പകര്‍ത്താന്‍ പെണ്ണ് വീട്ടുകാരും ചെറുക്കന്‍ വീട്ടുകാരും ഏര്‍പ്പാടക്കിയ ഫോട്ടോഗ്രാഫരും മത്സരിച്ചു. അവരുടെ ഇടയില്‍ നിന്ന് മറ്റൊരു ഫ്ലാഷും കൂടെ മിന്നി. അവരുടെയൊപ്പം അവസാന പന്തിയിലിരുന്ന് അപ്പന്‍ ഭക്ഷണം കഴിച്ചു. തിരക്ക് ഒഴിഞ്ഞപ്പോള്‍ വധു-വരന്മാരുടെ അടുത്ത് അപ്പന്‍ വന്നു. ഇരുവര്‍ക്കും ഹസ്തദാനം നല്‍കി ആശംസ പറഞ്ഞു. ഫിലിപ്പ് അപ്പനെ പുണര്‍ന്നു.

കല്യാണ തിരക്കുകള്‍ ഒഴിഞ്ഞപ്പോള്‍ ഒരു ദിവസം അപ്പന്‍ ഫിലിപ്പിന്റെ സ്റ്റുഡിയോയില്‍ വന്നു. ബ്രൌണ്‍ എന്‍വലപ്പില്‍ നിന്നും കല്യാണത്തിന് താന്‍ പകര്‍ത്തിയ ഫോട്ടോകള്‍ പുറത്ത് എടുത്തു. മറ്റെവിടെയോ കൊണ്ടുപോയി കഴുകിയതാണ്. അതില്‍ നിന്നും കൂട്ടും സ്യൂട്ടും ഇട്ട് വളരെ മനോഹരമായി ചിരിക്കുന്ന ഫിലിപ്പിന്റെ ഫോട്ടോ അപ്പന്‍ ചുവരില്‍ തന്റെ ഫോട്ടോ ശേഖരത്തില്‍ തൂക്കി. ബാക്കി ഫോട്ടോകളും തന്റെ ക്യാനന്‍ എ വണ്‍ ക്യാമറയും ഫിലിപ്പിനെ ഏല്പിച്ചു അപ്പന്‍ പോയി. അതിന് ശേഷം അപ്പന്‍ യാത്രകള്‍ പോയിട്ടില്ല. പകലന്തിയോളം തന്റെ തരക്കാരുടെയൊപ്പം രാജന്‍ കൊച്ചേട്ടന്റെ ചായക്കടയില്‍ കഥ പറഞ്ഞിരിക്കും. ഇടയ്ക്ക് ചിലപ്പോള്‍ എന്തെങ്കിലും പണിക്ക് പോവും. രാജന്‍ കൊച്ചേട്ടന്റെ ചായകടയില്‍ നിന്ന് ഭക്ഷണം, അതിന് മുകളിലെ ഒറ്റ മുറിയില്‍ താമസം. ചായക്കടയുടെ മുമ്പിലൂടെ പോവുമ്പോള്‍ ഫിലിപ്പ് ഉള്ളിലേക്ക് നോക്കും. അപ്പന്‍ അയാളെ കണ്ടാല്‍ കൈ ഉയര്‍ത്തി കാണിക്കും. അത്രമാത്രം.
കഴിഞ്ഞ വളരെ കാലങ്ങളായി ഫിലിപ്പ് അപ്പനെ അധികം കാണാറില്ലായിരുന്നു. ഒന്ന് രണ്ട് കൊല്ലം മുമ്പ് അപ്പന്‍ സ്റ്റുഡിയോയില്‍ വന്നു. തന്റെ സേഫ് ലൈറ്റ് ഇപ്പോഴും അവിടെ ഉണ്ടോ എന്ന് ചോദിച്ചു. ട്രങ്ക് പെട്ടി തുറന്നു ഫിലിപ്പ് അത് അപ്പനെടുത്തു കൊടുത്തു. പെട്ടിക്കുള്ളില്‍ തന്റെ പഴയ ക്യാമറ അപ്പന്‍ കണ്ടു. അപ്പന്‍ ചെറുതായി ചിരിച്ചു. ചുവരില്‍ തന്റെ ഫോട്ടോ ശേഖരം കുറച്ചു നേരം നോക്കി നിന്ന ശേഷം അപ്പന്‍ മടങ്ങി.

ലെന്‍സിന്റെ അട്ജസ്ടരില്‍ കൈവെച്ചു ഫോക്കസ് വരുത്തുവാന്‍ നോക്കുമ്പോള്‍ അപ്പന്‍ പറയാന്‍ തുടങ്ങി.

രാവിലെ സുഹൃത്ത് ഷാജിയുടെ ഫോണ്‍ വന്നപ്പോഴാണ് ഫിലിപ്പ് ഉണര്‍ന്നത്.
“എടാ… അമ്മച്ചി മരിച്ചു. ഇന്ന് തന്നെ അടക്കും. ഫോട്ടോ എടുക്കാന്‍ നീ വരാമോ?”
ഫോണ്‍വെച്ച് ഫിലിപ്പ് മുറിയില്‍ നോക്കിയപ്പോള്‍ അപ്പനെ കാണാനില്ല. ഇടനാഴിയിലും പടികളിലും നോക്കി അയാള്‍ താഴത്തെ നിലയില്‍ എത്തി. ദാ അപ്പന്‍. ലാബിന്റെ പിന്നിലെ ചുവരില്‍ പതുങ്ങി നിന്ന് ഉള്ളിലേക്ക് നോക്കുന്നു. ഫിലിപ്പിനെ കണ്ടപ്പോള്‍ മോണകാട്ടി ചിരിച്ച് അപ്പന്‍ ചോദിച്ചു.
“നീ പോയിട്ട് വരുമ്പോ എന്റെ ക്യാമറ എടുത്തോണ്ട് വരുമോ?”
ഫിലിപ്പ് അപ്പനെ കൂട്ടി മുറിയിലേക്ക് നടന്നു. ഷര്‍ട്ട് മാറി ഹെല്‍മറ്റും വണ്ടിയുടെ താക്കോലുമെടുത്ത് അയാള്‍പുറത്തേക്ക് നടന്നു. ഷാജിയുടെ വീട്ടില്‍ വലിയ ജനാവലിയൊന്നും ഉണ്ടായിരുന്നില്ല. മൃതുദേഹത്തിന്റെ കാല്‍ക്കല്‍ ആളുകള്‍ വന്ന് മുഖവും കൈയും താഴ്ത്തി നിന്ന മുറക്ക് ക്യാമറ ഓട്ടോ മോഡില്‍ ഇട്ട് ഫിലിപ്പ് ഫോട്ടോ എടുത്തു. മക്കളെല്ലാം നാട്ടില്‍തന്നെ ഉണ്ടായിരുന്നു. പ്രാര്‍ത്ഥനയും മറ്റു ചടങ്ങുകളും വേഗം കഴിഞ്ഞു . തിരക്ക് കുറഞ്ഞപ്പോള്‍ ഷാജി ഫിലിപ്പിനെ തേടി വന്നു.
“ഇങ്ങനെ കഷ്ടപ്പെടുത്താതെ വേഗം അങ്ങ് എടുത്താ മതി എന്ന് കുറേ ആശിച്ചിട്ടുണ്ട്. നാലഞ്ചു കൊല്ലം ആയിട്ട് ഒരേ കിടപ്പല്ലേ. ഇപ്പൊ ആ കട്ടില്‍ ഒഴിഞ്ഞെന്നു ഇപ്പൊ തലേല്‍ അങ്ങോട്ട്‌ കേറുന്നില്ലടാ”.

Frank Auerbach, Self Portrait IV, 2018.

തന്റെ സ്റ്റുഡിയോയുടെ ചുവരില്‍ തൂക്കിയ ഫോട്ടോകളില്‍ നിന്നും കുറെ വെളിച്ചം പെട്ടന്ന് ഒഴിഞ്ഞു പോവുന്നത് എന്തുകൊണ്ടോ ഫിലിപ്പ് അപ്പോള്‍ ഓര്‍ത്തു. അയാള്‍ക്ക് വിചിത്രമായ ഒരു ഭയം അനുഭവപ്പെട്ടു. സ്റ്റുഡിയോയിലെ തന്റെ കമ്പ്യൂട്ടറിന് മുന്നില്‍ ഇരുന്ന് അന്നത്തെ ഫോട്ടോകള്‍ മിനുക്കുമ്പോഴും ഫിലിപ്പിന് എന്തോ വല്ലായ്മ തോന്നി. മേരി വര്‍ഗീസ്‌(78) എന്ന് അച്ചടിച്ച ചുവര്‍ പോസ്റ്ററുകള്‍ അധികം വന്നത് മേശപ്പുറത്ത് കിടന്നു. അവ ഫാനിന്റെ കാറ്റില്‍ ഇളകി താഴെ വീണു. അത് കണ്ട് മുറിയില്‍ ഒരു മൂലക്ക് ഇരുന്ന ട്രങ്ക് പെട്ടി മോണകാട്ടി ചിരിച്ചു.
വൈകുന്നേരം ആശുപത്രി മുറിയില്‍ എത്തിയപ്പോള്‍ അപ്പന്‍ ഉറങ്ങുകയായിരുന്നു. ഫിലിപ്പ് അപ്പനെ മെല്ലെ ഉണര്‍ത്തി കൈയിലേക്ക് പഴയ ക്യാനന്‍ എ വണ്‍ അടങ്ങിയ ബാഗ് വെച്ചു കൊടുത്തു. അപ്പന്റെ കണ്ണുകള്‍ വിടര്‍ന്നു. ഒരു കുഞ്ഞിനെ തൊട്ടിലില്‍നിന്ന് എടുക്കുന്ന പോലെ അപ്പന്‍ ബാഗ് തുറന്നു ക്യാമറ പുറത്തെടുത്തു. വ്യൂ ഫിണ്ടറിലൂടെ കണ്ണ് പായിച്ചു ഫിലിപ്പിനെ നോക്കി അപ്പോഴൊക്കെ അപ്പന്‍ ഒരു കൊച്ചു കുട്ടിയെ പോലെ ചിരിക്കുന്നുണ്ടായിരുന്നു. ലെന്‍സിന്റെ അട്ജസ്ടരില്‍ കൈവെച്ചു ഫോക്കസ് വരുത്തുവാന്‍ നോക്കുമ്പോള്‍ അപ്പന്‍ പറയാന്‍ തുടങ്ങി.

കുപ്പി നിറഞ്ഞു. ബട്ടണില്‍ വിരലമര്‍ന്നു. വെളിച്ചം പടര്‍ന്നു. സമയം ഉറഞ്ഞു.

ഒരിക്കല്‍ ഞാന്‍ ഒരു ചായ കുടിച്ചു നില്‍ക്കുകയായിരുന്നു. ഒരു ബസാറോ മറ്റോ ആണ്. എവിടെയാണ് എന്ന് കൃത്യമായി ഓര്‍ക്കുന്നില്ല. കുറെ ആളുകളുണ്ട്. അവര്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. അതിന്റെ ഇടക്ക് ഒരു പയ്യന്‍; കുഞ്ഞാണ് ഒരു പത്ത് വയസ്സ് കാണും. അവന്റെ കൈയില്‍ ഒരു പച്ച പ്ലാസ്റ്റിക്ക് കുപ്പിയുണ്ടാരുന്നു. മറ്റേ കൈയ്യില്‍ അനിയന്‍ ചെക്കന്റെ കൈയും ഉണ്ട്. അവന്മാര്‍ ആളുകളുടെ ഇടയില്‍കൂടെ ഞൊളച്ച് നീങ്ങി. ഞാന്‍ അവരുടെ പുറകെ നടന്നു. ആള്‍കൂട്ടം വിട്ടു അവര്‍ ഒരു മണ്‍പാതയില്‍ കേറി. ചുറ്റും കുഞ്ഞു കുഞ്ഞു കുടിലുണ്ട്. കതക് ഒക്കെ മിക്കതും തകര ആയിരുന്നു. വീടിനു മുകളില്‍ ഓല മേഞ്ഞിരുന്നു. അതിനും മുകളില്‍ ടയറും ഇട്ടിരുന്നു. പിള്ളേരു രണ്ടും കൂടെ ഓടെടാ ഓട്ടം. ഞാന്‍ ദേ ഇതുപോലെ ക്യാമറ ഫോക്കസില്‍ വരുത്തി കൊണ്ട് അവരടെ പുറകെ പോയി. ഒരുത്തന്‍ കുഴല്‍കിണറിന്റെ ചുവട്ടില്‍ കുപ്പി വെച്ചു, മറ്റവന്‍ പിടിയില്‍ പിടിച്ചു ആട്ടി. ഒരു ഫിഫ്ടി മില്ലിമീറ്റര്‍ ചിരി വരുന്നുണ്ടെന്നു മനസ്സ് പറഞ്ഞു. ഞാന്‍ ഒരു ഉന്തുവണ്ടിയുടെ പിന്നില്‍ മറഞ്ഞു ഇരുന്നു. കുപ്പിയില്‍വെള്ളം വീണു തുടങ്ങി. വേഗം അപ്പര്‍ച്ചറും ഷട്ടര്‍സ്പീഡും ഒക്കെ സെറ്റ് ആക്കി വ്യൂ ഫൈണ്ടറില്‍ ഞാന്‍ കണ്ണ് ചേര്‍ത്തു. ഒരു കുപ്പിയില്‍വെള്ളം നിറയുന്ന ശബ്ദത്തിനു ഞാന്‍ കാതോര്‍ത്തു. അതിന്റെ താളം ശ്രദ്ധിച്ച് കുപ്പി എപ്പോള്‍ നിറയും എന്ന് മനസ്സ് പറയുവാന്‍കാത്ത് ക്യാമറ ബട്ടണില്‍ ദാ ഇതുപോലെ വിരല്‍ ചേര്‍ത്തു. ആ കുഞ്ഞിന്റെ ഹൃദയത്തില്‍ നിന്നും കണ്ണിലേക്ക് എന്തോ പാഞ്ഞു… കവിളുകള്‍. മെല്ലെ ഇളകി. ചുണ്ടുകള്‍ വേര്‍പെടുമ്പോള്‍ അവനു മാത്രം കേള്‍ക്കുവാന്‍ സാധിക്കുന്ന നേര്‍ത്തൊരു ശബ്ദം ഞാനും കേട്ടു. കുപ്പി നിറഞ്ഞു. ബട്ടണില്‍ വിരലമര്‍ന്നു. വെളിച്ചം പടര്‍ന്നു. സമയം ഉറഞ്ഞു.

Gespenst eines Genies (Ghost of a Genius), 1922, by Paul Klee

“ക്ലിക്ക്” അപ്പന്‍ ബട്ടണില്‍ വിരലമര്‍ത്തി. ഫിലിപ്പിന്റെ ചുണ്ട് രണ്ട് അറ്റത്തേക്ക് ഇളകി നില്‍പ്പുണ്ടായിരുന്നു.
ഫിലിപ്പ് അപ്പന് ഭക്ഷണവും മരുന്നും നല്‍കി. ട്യൂബ് ഓഫാക്കി, സേഫ് ലൈറ്റ് ഓണ്‍ ആക്കി ഉറങ്ങാന്‍ കിടന്നു. രാത്രി എപ്പോഴോ കണ്ണ് തുറന്നപോള്‍ മുറിയില്‍ ഇരുട്ട് മാത്രം. ചുവന്ന വെളിച്ചം ഒഴിഞ്ഞു പോയിരുന്നു. ഫിലിപ്പ് ഞെട്ടി എണീറ്റു. കട്ടിലില്‍ അപ്പന്‍ ഇല്ല. കതക് തുറന്നു കിടക്കുന്നു. ഫിലിപ്പ് താഴത്തെ നിലയിലേക്ക് ഓടി. ലാബിനുള്ളില്‍ നിന്നും ചുവന്ന വെളിച്ചം ഇടനാഴിയിലേക്ക് തെറിച്ചു കിടപ്പുണ്ടായിരുന്നു. ഫിലിപ്പ് ചാരി കിടന്ന കതക് തുറന്നു നോക്കി. അപ്പന്‍ ക്യാമറയില്‍ നിന്ന് ഊരി എടുത്ത ഫിലിം മൈക്രോസ്കോപ്പില്‍ കിടത്തി എന്ലാര്‍ജ്ജ് ചെയ്തുകൊണ്ട് ഇരിക്കുകയായിരുന്നു. മൈക്രോസ്കോപ്പിന്റെ അടിയില്‍ ഒരു എക്സ്-റേ ഫിലിം വെച്ചു വെളിച്ചം അതിലേക്ക് ഫോകസ് ചെയ്തു. ചുവരലമാരയില്‍ ഇരുന്ന ഏതൊക്കെയോ കെമിക്കലുകള്‍ ഡവലപ്പരും, സ്ടോപ്പ് ബാത്തും ഫിക്സരുമായി ഉപയോഗിച്ച് അപ്പന്‍ ഫിലിം കഴുകി. ഫിലിപ്പ് അതെല്ലാം കണ്ടു നിന്നു. അപ്പന്‍ ഫിലിപ്പിനെ നോക്കി. ചുവന്ന വെളിച്ചത്തില്‍ ഒരു ഫിഫ്റ്റി മില്ലിമീറ്റര്‍ ചിരി തെളിഞ്ഞു.


  1. ഫിലിം പ്രോസസ് ചെയ്യുമ്പോള്‍ സ്റ്റുഡിയോയില്‍ തെളിക്കുന്ന ചുവന്ന നിറത്തിലുള്ള വെളിച്ചം.
  2. ക്യാമറക്കുള്ളിലൂടെ ഫിലിം നീക്കാന്‍ ഉള്ള ലിവര്‍.
  3. ഫിലിം റീല്‍ അടങ്ങിയ ചെറിയ പ്ലാസ്ടിക്ക് കൂട്.
  4. ഫിലിമിന്റെ തുടക്കത്തില്‍ ഉള്ള ഭാഗം.
  5. നെഗടീവ് വലുതായി കാണാന്‍ ഉപയോഗിക്കുന്ന ഉപകരണം
  6. എന്ലാര്‍ജരില്‍ നിന്ന് വരുന്ന വെളിച്ചം ശേഖരിക്കുന്ന സ്ഥലം. ഇതിന്മേലാണ് ഫോട്ടോ പേപ്പര്‍ വെക്കുന്നത്.
Cover Illustration by Christopher Dev Jose
4.6 7 votes
Rating

About the Author

Subscribe
Notify of
guest
4 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Devanarayanan Prasad

ഗംഭീര കഥ❤

Shyam Prasad

എന്ത് രസാണ് 💙

Shaun Babu

Kidilan

Jeevan S Sekhar

❤️