ചുരുട്ട് പുകച്ചു, പച്ച കുത്തി, ഫിദൽ തൊപ്പി ധരിച്ചു ഒരു പക്ഷെ ഫുട്ബാളിനെക്കാളേറെ ജീവിതത്തെ സ്നേഹിച്ച മനുഷ്യരിൽ മനുഷ്യനായ ഒരുവൻ.
മാറഡോണ കളിക്കളത്തിൽ എന്റെ ഹീറോയേയല്ല.
ലോകം കണ്ട ഏറ്റവും മികച്ച ആൾറൗണ്ടർമാരിൽ ഒരാളായിരുന്നിട്ടും ഇമ്രാൻ ഖാൻ എന്റെ ഹീറോയില്ലാത്തതുപോലെയാണതും.
ക്രിക്കറ്റിലെ ഇന്ത്യ-പാകിസ്ഥാൻ വൈരം പോലെത്തന്നെയാണ് ഫുട്ബാളിൽ ബ്രസീൽ അർജന്റീനയും. എത്ര മികച്ച കളിക്കാർ കളത്തിലിറങ്ങിയാലും ഒരു ബ്രസീൽ ആരാധകന്
അർജന്റീനയെ സ്നേഹിക്കാൻ വയ്യ.
ആയിരത്തി തൊള്ളായിരത്തി എൺപത്തിയാറിലെ ലോകകപ്പ് വല്യപ്പന്റെ വീട്ടിലെ ടീവിയിൽ ഉറക്കമിളച്ചു കാണുമ്പോൾ ആക്കുറി കപ്പുയർത്തിയ ഡിയാഗോ മറഡോണയായിരുന്നില്ല എന്റെ ഹീറോ. ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനെതിരെ കിട്ടിയ പെനാൽട്ടി നഷ്ടപ്പെടുത്തിയ സീക്കോയായിരുന്നു അന്നത്തെയും എന്നത്തേയും ആരാധനാ പാത്രം, മറ്റെല്ലാ കളികളിലും തിളങ്ങി ഏറ്റവും ആവശ്യമുള്ള ഘട്ടത്തിൽ പെനാൽറ്റി പാഴാക്കിയ താടിക്കാരൻ സോക്രട്ടീസും.
കരഞ്ഞും ചിരിച്ചും തിന്നും കുടിച്ചും ജീവിതത്തെ ആഘോഷമാക്കിയ പച്ച മനുഷ്യൻ.
ബ്രസീൽ തോറ്റു പുറത്തായപ്പോൾ പിന്നെ ജയ് വിളിച്ചത് ജർമനിക്കാണ്. ബ്രസീലിനെ പുറത്താക്കിയ പ്ലാറ്റിനിയുടെ ഫ്രാൻസിന് പുറത്തേക്ക് വഴികാണിച്ച റുമനിഗെയുടെ ജർമനിയെ. അത് കൊണ്ട് തന്നെയാണ് ഫൈനലിൽ ജർമനി പിന്നിലായപ്പോൾ കരഞ്ഞതും പിന്നീട് അപ്രതീക്ഷിത തിരിച്ചുവരവ് നടത്തിയപ്പോൾ സന്തോഷിച്ചതും. പക്ഷെ ആ സന്തോഷത്തിനു മുകളിൽ മൂന്നാമതൊരു ഗോൾ കൂടി നേടി അർജന്റീന ജയിക്കുകയും മറഡോണ കപ്പുയർത്തുകയും ചെയ്ത കാഴ്ച മുഴുവൻ കാണാതെ കിടന്നുറങ്ങിയതും.
കളിക്കളത്തിൽ ഹീറോ അല്ലെങ്കിലും കളിക്കളത്തിനു പുറത്ത് മറഡോണ എന്റെ ഹീറോയാണ്. ദൈവത്തിന്റെ കൈ തൊട്ട ആ മനുഷ്യൻ ഒരു മനുഷ്യനായി തന്നെ ജീവിച്ചു മരിച്ചവനാണ്. കളിക്കളത്തിൽ നിന്ന് വിരമിച്ചു സ്വന്തന്ത്രനായ ആ മനുഷ്യൻ ഫുട്ബാളിന്റെ ലഹരി മാത്രമല്ല ജീവിതത്തിന്റെ ലഹരിയും ആവോളം ആസ്വദിച്ചവനാണ്. കരഞ്ഞും ചിരിച്ചും തിന്നും കുടിച്ചും ജീവിതത്തെ ആഘോഷമാക്കിയ പച്ച മനുഷ്യൻ. ഒരു കായികതാരത്തിന്റെ ശരീരഘടനയിൽ തന്നെ ജീവിതകാലം മുഴുവൻ തളച്ചിടാൻ മെനക്കെടാതിരുന്ന ഒരു മനുഷ്യൻ. ചുരുട്ട് പുകച്ചു, പച്ച കുത്തി, ഫിദൽ തൊപ്പി ധരിച്ചു ഒരു പക്ഷെ ഫുട്ബാളിനെക്കാളേറെ ജീവിതത്തെ സ്നേഹിച്ച മനുഷ്യരിൽ മനുഷ്യനായ ഒരുവൻ.
വിട ഡിയാഗോ
സല്യൂട്ട്