പരുഷ ശബ്ദങ്ങളെ മൗനം
കൊണ്ടുനേരിട്ടവർ
എതിരുകൾക്കെങ്ങിനെ ചിറകു
നൽകുമെന്നിന്നും അറിയാത്തവർ

തലയാട്ടലുകൾ ശീലമാക്കിയ
ജീവിതങ്ങളെ കണ്ടിട്ടില്ലേ
തുറന്ന മിഴികളുണ്ടായിട്ടും
മറ്റാരുടെയോ പാദങ്ങളിലേക്ക്
കാഴ്ചകളൊതുക്കാൻ വിധിക്കെപ്പെട്ടവർ.
എതിർപ്പുകളടക്കി ശ്വാസമുടക്കി
എരിതീയിലമരുന്നവർ
വഴിയറിയാത്ത ഉറക്കരാവുകളിൽ
സ്വപ്നങ്ങൾ പോലും വഴികാട്ടിയായി
എത്താത്തവർ.
പകൽവെളിച്ചങ്ങളെ വിറയോടെ
ഓർമിക്കുന്നവർ
പരുഷ ശബ്ദങ്ങളെ മൗനം
കൊണ്ടുനേരിട്ടവർ
എതിരുകൾക്കെങ്ങിനെ ചിറകു
നൽകുമെന്നിന്നും അറിയാത്തവർ.
പരൽമീനുകൾ തിളങ്ങേണ്ട
കറുത്ത കണ്ണുകളിൽ ഉറവ വറ്റാത്ത
കണ്ണീർപ്പുഴകൾ ഒളിപ്പിച്ചവർ
കദന കഥകൾക്ക് കൂട്ടിരുന്ന്
വേദനകൾക്കൊരു ഹൃദയ മുറി തുറന്നു
കൊടുത്തവർ.
ഒരിക്കലെങ്കിലുമൊന്നു പുഞ്ചിരി
തൂകിയെങ്കിലെന്നു വഴിപോക്കർ
കരുതിക്കാണുന്ന
അത്രമേൽ നീറ്റലാവാഹിച്ചു
സകലതിനോടും സമരസപ്പെട്ടവർ.
ഭീഷിണികൾക്കും കൈക്കരുത്തിനും
മുൻപിൽ വെറുമൊരു ശിലയായ്
മാറപ്പെട്ടവർ
എന്തിനീ ഭൂമിയിൽ മനുഷ്യനായ്
പിറന്നെന്നോരോ ദിനവും
മുടങ്ങാതെ സ്വയം ശപിക്കുന്നവർ.
മാറ്റമെന്തെന്നോ എവിടെയൊരു
തറക്കല്ലിടണമെന്നോ ഇന്നുമറിയാതെ
തലയാട്ടി തലയാട്ടി
ആരുടെയോ പാദങ്ങളിൽ
മരിച്ചു വീഴുന്നവർ.