കന്യാസ്ത്രീകൾ മരിക്കുന്നത് കാക്കകൾ മരിക്കുമ്പോലെയാണ്. ആരും ആ മരണം കാണുന്നില്ല, ഒടുവിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെടുകയാണ്!!

സിസ്റ്റർ അഭയ കൊലപാതക കേസ് വിധിയുടെ പശ്ചാത്തലത്തില്‍ എഴുത്തുകാരന്‍ ലിജീഷ് കുമാര്‍ എഴുതിയ കുറിപ്പ്.

കൊല്ലം 1987, എനിക്കന്ന് ഒരു വയസ്സാണ്. പടത്തിൽ പോലും കണ്ടിട്ടില്ല ലിൻഡ സിസ്റ്ററെ. മരിച്ച് കിടന്നത് മഠത്തിലെ വാട്ടര്‍ ടാങ്കിലാണെന്ന് മാത്രമറിയാം. പയസ് ടെൻത് കോൺവെന്റിലെ കിണറിൽ അഭയ സിസ്റ്ററുടെ ശവം കാണുന്നത് പിന്നെയും 5 കൊല്ലം കഴിഞ്ഞാണ്. ഓർമ്മയിലെ ആദ്യത്തെ സിസ്റ്റർ അഭയ സിസ്റ്ററാണ്. ലിൻഡ സിസ്റ്ററിനും അഭയ സിസ്റ്ററിനുമിടയിലായി സിസ്റ്റർ മഗ്ദേലയുണ്ട്. 1990ൽ മഗ്ദേല സിസ്റ്റർ മരിക്കുമ്പോഴും ഞാൻ മരണമെന്തെന്നറിഞ്ഞു കൂടാത്ത കുഞ്ഞാണ്. കൊല്ലപ്പെട്ടയാളെക്കുറിച്ചുള്ള എൻ്റെ കുഞ്ഞോർമ്മകൾ തുടങ്ങുന്നത് അഭയ സിസ്റ്ററിലാണ്.

സിസ്റ്റർ അഭയയുടെ മരണം വലിയ കോളിളക്കങ്ങളുണ്ടാക്കി, പക്ഷേ അതൊന്നും മേഴ്സി സിസ്റ്ററെ രക്ഷിച്ചില്ല. അഭയ കൊല്ലപ്പെട്ട് ഒരു കൊല്ലം തികയും മുമ്പാണ് സിസ്റ്റര്‍ മേഴ്‌സിയുടെ മരണം. കന്യാസ്ത്രീകൾ മരിക്കുന്നത് കാക്കകൾ മരിക്കുമ്പോലെയാണ്. ആരും ആ മരണം കാണുന്നില്ല, ഒടുവിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെടുകയാണ്!!

കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയ

1993 ലാണ് സിസ്റ്റർ മേഴ്‌സി, കൃത്യം ഒരു കൊല്ലം കഴിഞ്ഞ് 1994ൽ പുല്‍പള്ളിയിലെ മരകാവ് കോണ്‍വെന്‍റിലെ കിണറ്റില്‍ സിസ്റ്റര്‍ ആനീസിൻ്റെ ശവം പൊന്തി. അടുത്ത മൂന്നു വർഷങ്ങളിൽ ആരും മരിച്ചില്ല!! അക്കണക്ക് തീരുന്നത് 1998 ലാണ്. രണ്ടു മരണങ്ങൾ, ഒന്ന് കോഴിക്കോട്ടെ കല്ലുരുട്ടി കോണ്‍വെന്‍റിലെ കിണറിൽ സിസ്റ്റര്‍ ജ്യോതിസ്, രണ്ട് പാലായിലെ കോണ്‍വെന്റിൽ സിസ്റ്റര്‍ ബിന്‍സി.

ഒന്നും സംഭവിച്ചില്ല, ബിൻസി സിസ്റ്റർ മരിച്ച് രണ്ട് കൊല്ലം കഴിഞ്ഞപ്പഴേക്കും പാലാ അടുത്ത മരണം കണ്ടു. സിസ്റ്റര്‍ പോള്‍സിയുടെ ശവം കണ്ട പാലായിലെ മഠത്തിന് പേര് സ്നേഹഗിരി എന്നായിരുന്നു. എന്ത് മധുരമുള്ള പേരാണല്ലേ!! മരണം സ്നേഹഗിരികളെ വിടാതെ പിന്തുടർന്നു കൊണ്ടിരുന്നു. 2006ല്‍ വീണ്ടും രണ്ടു പേർ. റാന്നിയിലെ മഠത്തിൽ വെച്ച് സിസ്റ്റര്‍ ആന്‍സി വര്‍ഗീസ്, കോട്ടയം വാകത്താനത്ത് വെച്ച് സിസ്റ്റര്‍ ലിസ. രണ്ടു മരണത്തിൻ്റെ കാലയളവ് തീർന്ന് 2008 വന്നു. പതിവു പോലെ മരിച്ച നിലയിൽ കാണപ്പെടുന്നു മറ്റൊരു മണവാട്ടി, അവളുടെ പേര് സിസ്റ്റര്‍ അനുപ മരിയ.

ആദ്യമവർ കൊന്നത് കർത്താവിനെ കാത്തിരുന്നവളുടെ വിശ്വാസത്തെയും കാത്തിരിപ്പിനെത്തന്നെയുമാണ്, പിന്നെ അവളെയപ്പാടെയും.

കൊല്ലത്തായിരുന്നു അനുപ മരിയ, അല്പം മാറി തിരുവനന്തപുരത്തായിരുന്നു അടുത്ത മരണം. സിസ്റ്റര്‍ മേരി ആന്‍സി, കൊല്ലം 2011. സിസ്റ്റര്‍ മേരി ആന്‍സിയുടെ ശവശരീരം മരിച്ചു വീർത്ത് കിടന്നതും കോണ്‍വെന്റിലെ ജലസംഭരണിയിലായിരുന്നു. 2015 ലുമുണ്ട് രണ്ടു മരണം. പാലായിലെ ലിസ്യൂ കോണ്‍വെന്റില്‍ വെച്ച് സിസ്റ്റർ അമലയെ കൊല്ലുന്നത് തലയ്ക്കടിച്ചാണ്. രണ്ട് മാസം കഴിഞ്ഞ് ഡിസംബറിൽ കിണർ തിരികെ വന്നു. വാഗമണ്ണിലെ ഉളുപ്പുണി കോണ്‍വെന്റിലെ കിണറിലാണ് സിസ്റ്റര്‍ ലിസ മരിയ മരിച്ച് കിടന്നത്.

ചെയ്ത പാപങ്ങൾ മുക്കിത്താഴ്ത്താൻ പുണ്യാളന്മാർ പണികഴിപ്പിച്ച വലിയ കിണറുകളുടെ ആഴങ്ങളിൽ ജഡങ്ങളുടെ മുടിയൂർന്ന് കിടന്ന് കന്യാവനങ്ങളുണ്ടാവുന്നത് പിന്നെയും പിന്നെയും ഞാൻ കണ്ടു. പത്തനാപുരത്തെ മൗണ്ട് താബുര്‍ കോണ്‍വെന്റെിലെ കിണറ്റിൽ സിസ്റ്റര്‍ സൂസൻ മാത്യു, പാലിയേക്കര ബസേലിയന്‍ സിസ്റ്റേഴ്‌സ് മഠത്തിലെ കിണറ്റില്‍ ദിവ്യ!! ഈ മരണങ്ങളൊന്നും ഒറ്റ മരണങ്ങളായിരുന്നില്ല. ആത്മീയമെന്നും ഫിസിക്കലെന്നും രണ്ടായി തിരിക്കാവുന്ന ഇരട്ടക്കൊലപാതകങ്ങളായിരുന്നു. ആദ്യമവർ കൊന്നത് കർത്താവിനെ കാത്തിരുന്നവളുടെ വിശ്വാസത്തെയും കാത്തിരിപ്പിനെത്തന്നെയുമാണ്, പിന്നെ അവളെയപ്പാടെയും.

അഭയ കൊലപാതക കേസ് പ്രതികളായ തോമസ് എം. കോട്ടൂരും, സെഫിയും

അങ്ങനെ രണ്ടു വട്ടം കൊല്ലപ്പെട്ടവരുടെ മഹായാത്രയുണ്ട് പുറകിൽ. അവരെ മാത്രമേ എനിക്കറിയൂ കേട്ടോ. കൊന്നവരെ അറിയില്ല. കൊന്നത് പക്ഷേ, ഒരിക്കലും വിധിക്കപ്പെടില്ലെന്ന് അവർക്കുറപ്പുള്ളത് കൊണ്ട് മാത്രമായിരുന്നുവെന്ന് എനിക്കറിയാം. 28 കൊല്ലങ്ങൾക്കിപ്പുറം ആ ഉറപ്പ് ഇന്ന് തെറ്റുകയാണ്. ഒരുപാട് പേരുടെ അന്ത്യവിധിക്ക് ശേഷം, ആദ്യത്തെയാളുടെ വിധി വരികയാണ്. അവളെ കൊന്നവരെ കോടതി ചൂണ്ടിക്കാണിക്കുന്നു. അതിലൊരാൾ അച്ചനാണ്, തോമസ് കൊട്ടൂർ. രണ്ടാമത്തെയാൾ അയാളുടെ കൂട്ടുകാരിയാണ്, സിസ്റ്റർ സെഫി. ഇവരെ കാക്കാൻ അരയും തലയും മുറുക്കിയിറങ്ങിയവർ ഇനിയെന്ത് ചെയ്യും? തല കുനിക്കുമോ കേരളത്തിലെ സഭ, അതോ സി.ബി.ഐയെ ഓടിക്കാനുള്ള ആനകളെയും തെളിച്ച് ഇനിയും ഇതു വഴി വരുമോ?

കന്യാസ്ത്രീ മഠങ്ങളിലെ ലൈംഗിക ചൂഷണങ്ങൾക്കെതിരെ തെരുവിലിറങ്ങിയ സിസ്റ്റർമാരെ തെറിയഭിഷേകം നടത്തിയ പുണ്യാത്മാക്കളൊക്കെ ഇപ്പോൾ എവിടെയാണ്. സഭയെ കളങ്കപ്പെടുത്തിയവരെ തെരുവിൽ കത്തിക്കാറുള്ളവരൊക്കെ ഉണർന്നോ ആവോ. പ്രിയപ്പെട്ട ഫ്രാൻസിസ് പാപ്പ, ഇതൊരഭയയുടെ മാത്രം വിധിയല്ല. ഒരഭയവുമില്ലാത്തവർക്ക് കർത്താവഭയമെന്ന് തെറ്റിദ്ധരിച്ച ഒരുപാട് പെൺകുട്ടികളുടെ ഒരിക്കലും തെളിയാത്ത മരണങ്ങളെക്കൂടെ അങ്ങ് ചേർത്ത് വായിക്കേണ്ട വിധിയാണ്. ഒന്നും മിണ്ടാതെ വാ പൊത്തി നിൽക്കരുത്, ഇനിയെങ്കിലും കോൺവെൻ്റിലെ കിണറുകളറിയണം വിധിയുടെ ചൂട്.

5 1 vote
Rating

About the Author

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments