ബാലിദ്വീപിലെ ക്ഷേത്രങ്ങള്‍
വലിയ തല, വലിയ ചെവി, വലിയ വയറ് ഇങ്ങനെ ശരീരത്തിൻ്റെ അനുപാതം തെറ്റിച്ചിട്ടാണ് അധികവും. പിശാചുക്കളാണെങ്കിലും ചിരിയാണ് അവകളുടെ സ്ഥായീഭാവം.
ബാലി എന്ന അത്ഭുതദ്വീപ് ജീവനുള്ള ഒരു മ്യൂസിയമാണ്. ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രദർശന വസ്തുക്കൾ ക്ഷേത്രങ്ങളാണ്. ഇരുപതിനായിരത്തിലേറെ ഹിന്ദു അമ്പലങ്ങളാണ് കേരളത്തിലെ രണ്ടു ജില്ലകൾ കൂടിച്ചേരുന്ന വലിപ്പം മാത്രമുള്ള ഇവിടുള്ളത്. ചെറിയ ചെറിയ പുരകളായാണ് ഓരോ ക്ഷേത്രവും. ഓരോ പുരയും പല തട്ടുകളായിട്ടാവും. ദൂരെ നിന്നു നോക്കിയാൽ ഇവ നിലവിളക്കുകൾ പോലെ തോന്നും എന്നാണ് ബാലിദ്വീപ് എന്ന യാത്രാവിവരണത്തിൽ എസ്.കെ പൊറ്റക്കാട് പറയുന്നത്. ഇടയ്ക്ക് പറയട്ടെ, പുര എന്നു തന്നെയാണ് അമ്പലങ്ങൾക്കിവിടെ പേര്. തെങ്ങോലയോ പനയോലയോ പുല്ലോ മേഞ്ഞതാണ് ഇന്നും ഇവിടുത്തെ മഹാക്ഷേത്രങ്ങൾ വരെ. ബാലിയിൽ ധാരാളം കാണപ്പെടുന്ന ഒരു പ്രത്യേകയിനം പുല്ല് മേഞ്ഞതാണ് അധികവും. പുല്ല് കനത്തിൽ അടുക്കി വെയ്ക്കലാണ് മേയൽ രീതി. തെങ്ങോലയോ പനയോലയോ ആയാലും അവയും കീറി അടുക്കി വയ്ക്കലാണ് പതിവ്. ഈ മേൽക്കൂരകൾക്ക് ഒന്നൊന്നര അടി കനം വരും. ക്ഷേത്രങ്ങൾ ഒറ്റ നിർമ്മിതികളല്ല സമുച്ചയങ്ങളാണ്. നിരവധി ചെറിയ ചെറിയ പുരകളുടെ സമുച്ചയം. അമ്പലത്തിൻ്റെ ശ്രീകോവിലിൽ ഒരു പീഠം മാത്രമേ കാണൂ. പ്രതിഷ്ഠകൾ മാറ്റിയെടുത്ത് വെച്ചിരിക്കുകയാണ്. ക്ഷേത്ര ഭിത്തികളിലും മതിലുകളിലും പലയിടത്തും ശില്പങ്ങൾ കാണാം. രൂപം കണ്ടിട്ട് പലതും രാക്ഷസന്മാരുടേതും പിശാചുക്കളുടേതുമാണെന്ന് തോന്നുന്നു. വലിയ തല, വലിയ ചെവി, വലിയ വയറ് ഇങ്ങനെ ശരീരത്തിൻ്റെ അനുപാതം തെറ്റിച്ചിട്ടാണ് അധികവും. പിശാചുക്കളാണെങ്കിലും ചിരിയാണ് അവകളുടെ സ്ഥായീഭാവം. കമ്പോഡിയയിലെ അംഗോർവാട്ട് ക്ഷേത്ര ശില്പങ്ങൾ പലതും അതേപടി ഇവിടെ ആവർത്തിച്ചിട്ടുള്ളതായി തോന്നി.
അമ്പലങ്ങൾക്ക് ഇവിടെ ഉദ്യാനവും പുൽത്തകിടിയും നിർബന്ധം. ലാവാശിലകളിൽ ശില്പ വേലകൾ ചെയ്ത് തീർത്ത അത്ര പൊക്കമില്ലാത്ത മനോഹരമായ മതിലുകളും അമ്പലങ്ങൾക്കുണ്ട്. ചണ്ഡീബന്ധർ എന്നറിയപ്പെടുന്ന ഗേറ്റ് ബാലിയിൽ എല്ലായിടത്തും ഒരു പോലാണ്. കൂപ്പുകൈ ഓരോന്നും അല്പം അകറ്റിവെച്ചതു പോലെയാണ് ഇവയുടെ ആകൃതി. അമ്പലങ്ങൾക്കുള്ളിലോ പുറത്തോ നേർച്ചപ്പെട്ടികളോ സംഭാവന പിരിവോ കണ്ടില്ല എന്നതും പറയേണ്ടതാണ്. മൂന്നാല് അമ്പലങ്ങളെ മാത്രം വിശദമായി പരിചയപ്പെടുത്താം.
ബാലിയിലും ദൈവങ്ങൾക്ക് മനുഷ്യൻ്റെ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ കൈത്താങ്ങ് കൂടിയേ കഴിയു.
തനഹ്‌ലോട്ട് അമ്പലം അമേരിയ്ക്കയ്ക്ക് സ്വാതന്ത്ര്യ പ്രതിമ പോലെ, ചൈനയ്ക്ക് വൻമതിലുപോലെ, ഫ്രാൻസിന് ഈഫൽ ടവറുപോലെയാണ് ബാലിക്ക് തനഹ് ലോട്ട് എന്ന ഈ കടൽ അമ്പലം. തലസ്ഥാനമായ ഡെൻപെസാറിൽ നിന്ന് ഇരുപത് കിലോമീറ്റർ തെക്കു മാറിയാണിത്. പതിനഞ്ചാം നൂറ്റാണ്ടിൽ ബാലിയിലെത്തിയ ഹിന്ദു സന്യാസി ദാങ് ഹയാങ് നിരർത്ഥ കടലിലേക്കിറങ്ങി നിൽക്കുന്ന വലിയൊരു പാറപ്പുറത്തിരുന്ന് ധ്യാനിച്ചുവെന്നും അവിടെ സ്വയംഭൂ ആയി അമ്പലമുണ്ടായെന്നും ചിലർ കരുതുന്നു. അമ്പലമിരിക്കുന്ന പാറ ഇപ്പോൾ ഇരുന്നൂറു മീറ്ററോളം കടലിലേക്കിറങ്ങിയാണിരിക്കുന്നത്. പാറ കടലിലേക്ക് തനിയെ നീങ്ങുന്നുവെന്നാണ് തദ്ദേശവാസികളിൽ ചിലരുടെ വിശ്വാസം. കട്ടി കുറഞ്ഞ ലാവാശിലയാണ് ബാലിയിൽ പലയിടത്തുമെന്ന പോലെ ഇവിടെയും. അമ്പലമിരിക്കുന്ന പാറയെ കടൽത്തിരമാലകൾ അല്പാല്പമായി അടർത്തിക്കളയുന്നു എന്നതാണ് വാസ്തവം. ബാലിയുടെ തെക്കൻ തീരത്തിന് പൊതുവെ ഇപ്രകാരം തീരമിടിച്ചിലിൻ്റെ ഭീഷണിയുണ്ട്. 1980-ൽ പാറയുടെ വലിയൊരു ഭാഗം അടർന്ന് കടലിൽ പതിച്ചത് അമ്പലത്തിൻ്റെ നിലനിൽപ്പിനെത്തന്നെ അപകടത്തിലാക്കി. ജാപ്പനീസ് ഗവൺമെൻ്റിൻ്റെ സഹായത്താൽ അമ്പലത്തെ നിലനിറുത്താനുള്ള പരിപാടികൾ നടന്നുവരികയാണ്. ഇന്ന് അമ്പലത്തിന് ചുറ്റും കാണുന്ന പല പാറക്കെട്ടുകളും കോൺക്രീറ്റാണെന്നാണ് പറയുന്നത്. നിർമ്മാണ വൈദഗ്ദ്ധ്യം കൊണ്ടും പായൽ പിടിച്ചതിനാലും തിരിച്ചറിയാൻ പറ്റാത്തതാണത്രേ. ബാലിയിലും ദൈവങ്ങൾക്ക് മനുഷ്യൻ്റെ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ കൈത്താങ്ങ് കൂടിയേ കഴിയു.
അസ്തമയത്തോടടുത്താണ് ഞാൻ തനഹ് ലോട്ടിൽ എത്തിയത്. വേലിയേറ്റ സമയമായതിനാലാവും കരയ്ക്കും അമ്പലത്തിനുമിടയിൽ കടൽ നന്നായി കയറിയിരിക്കുകയാണ്. അല്ലാത്ത സമയങ്ങളിൽ കടലിലൂടെ നടന്ന് അമ്പലത്തിലെത്താനാവും. ദേവ ബരുണയേയും (നമ്മുടെ വരുണ ദേവൻ തന്നെ) ദത്താര സാഗര എന്ന കടൽ ദേവിയേയുമാണ് ഇവിടെ പൂജിക്കുന്നത്. അതോടൊപ്പം നിരർത്ഥയുടെ പ്രതിഷ്ഠയും ഉണ്ടിവിടെ. അമ്പല പരിസരങ്ങളിൽ എപ്പോഴും കടൽപ്പാമ്പുകളും ഉണ്ടാവുമത്രേ. ക്ഷേത്രത്തിനോടടുത്ത് കടലിലേക്കിറങ്ങി കിടക്കുന്ന പാറപ്പുറത്ത് കയറി നിന്ന് അമ്പലത്തിൻ്റെയും സൂര്യാസ്തമയത്തിൻ്റെയും ചിത്രങ്ങളെടുത്തും മണൽത്തരികൾ പോലും പറത്തിക്കളയുന്ന കാറ്റിൻ്റെ രൂക്ഷതയറിഞ്ഞും ക്രിസ്മസ് ആഘോഷിക്കാനായി ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ സഞ്ചാരികളിലൊരുവനായി ഞാൻ. അസ്തമയം കഴിയുന്നതോടെ കരയിലെ നൃത്തശാലയിൽ കളിവിളക്കുകൾ തെളിയും. ബാലിയുടെ തനതായ നൃത്ത വിശേഷങ്ങൾ കളിത്തട്ടിൽ അരങ്ങേറും. നൃത്തത്തേക്കാൾ നൃത്തം കാണാൻ അവിടിരിക്കുന്ന ജനസഞ്ചയമാണ് എന്നെ ആകർഷിച്ചത്. കേരളത്തിലെ അമ്പലപ്പറമ്പുകളിൽ നിന്നും പള്ളിപ്പറമ്പുകളിൽ നിന്നും കാതങ്ങൾ അകലെയാണിവിടം. പല നാടുകളിൽ നിന്ന് വന്ന, പല നിറങ്ങളിലുള്ള പല ജാതി മനുഷ്യർ സൗമ്യരായി ശാന്തരായി നിരന്നിരിക്കുന്നു. കടലിൻ്റെ നൃത്തത്തിൻ്റെയും മാത്രം താളം. നൃത്തവും പ്രകൃതിയും മനുഷ്യനും ഒന്നാവുകയാണിവിടെ.
താമൻ അയൂൻ അമ്പലം – യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുൾപ്പെട്ട മനോഹര ക്ഷേത്രമാണ് താമൻ അയൂൻ. വലിയൊരു കുളത്തിന് നടുവിൽ നിരവധി നിരവധി നടുമുറ്റങ്ങളും പൂന്തോപ്പുകളും നിറഞ്ഞതാണ് അമ്പലം. കോഴിയങ്കപ്പുരകൾ, ശില്ല വേലകൾ ചെയ്ത മതിലുകൾ, മത്സ്യങ്ങൾ വിഹരിക്കുന്ന കനാലുകൾ, വെട്ടിയൊതുക്കിയ പുൽത്തകിടികൾ, നിരനിരയായി ഉയർന്നു നിൽക്കുന്ന പല നിലകളുള്ള മേരുക്കൾ- ഒരിക്കലും ഇതൊരു അമ്പലമാണെന്ന തോന്നൽ ഇന്ത്യയിൽ നിന്നു ചെന്ന നമുക്ക് ഉണ്ടാകില്ല. മറിച്ച് ഏതോ മനോഹര പാർക്കിലൂടെ നടക്കുന്ന ഫീലാണ്. വെള്ളം, പച്ചപ്പ്, ഭംഗി, നിറങ്ങൾ – മന്ത്രോച്ചാരണങ്ങളില്ല, ആചാരാനുഷ്ഠാന കാർക്കശ്യങ്ങളില്ല, വിലക്കുകളില്ല, കാവൽക്കാരില്ല – ഇതൊരു നിത്യപൂജകൾ നടക്കുന്ന അമ്പലമാണെന്ന് എത്ര പറഞ്ഞിട്ടും മനസിന് ബോധ്യമാവുന്നില്ല.
കുറസോവയുടെ ഡ്രീംസ് സിനിമ കാണുന്ന പ്രതീതിയാണ് ബാലിയിൽ പലപ്പോഴുമുണ്ടാവുക.
അമ്പലത്തിലേക്ക് വരുന്ന വഴിയിൽ, വൈകുന്നേരത്തെ പൂജയ്ക്കായി പുഷ്പങ്ങളും പഴങ്ങളും ആഹാരസാധനങ്ങളും നിറച്ച് അലങ്കരിച്ച വട്ടികളുമായി പരമ്പരാഗത വേഷം ധരിച്ച നൂറു കണക്കിന് സുന്ദരികളായ സ്ത്രീകളുടെ ഒരു ഘോഷയാത്ര കണ്ടിരുന്നു. പിറകിൽ തൂക്കിയിട്ട ഗ്യാമലിൻ മുഴക്കിക്കൊണ്ട് ഗായക സംഘം. ഒരു ലൈവ് ഡാൻസ് പ്രോഗ്രാമാണെന്നേ നമുക്ക് തോന്നൂ. കുറസോവയുടെ ഡ്രീംസ് സിനിമ കാണുന്ന പ്രതീതിയാണ് ബാലിയിൽ പലപ്പോഴുമുണ്ടാവുക.
ഉലുവാട്ടു അമ്പലം കാൽക്കിലോമീറ്റർ ഉയരത്തിൽ കിഴുക്കാം തൂക്കായി കടലിലേക്ക് തള്ളി നിൽക്കുന്ന ചുണ്ണാമ്പുപാറയിലുള്ള അമ്പലമാണിത്. ബാലിയിലെ നിരവധി ‘കുരങ്ങൻ അമ്പല’ങ്ങളിൽ പ്രധാനപ്പെട്ടതാണിത്. നമ്മുടെ കൈവശമുള്ള ബാഗ്, തൊപ്പി, കണ്ണട ഇതൊക്കെ ഇവിടുത്തെ കുരങ്ങന്മാർക്ക് അവകാശപ്പെട്ടതാണ്. എങ്ങിനെയും അവർ അടിച്ചെടുക്കും. ഇക്കാര്യത്തിൽ കുരങ്ങന്മാർക്ക് വല്ല കോച്ചിംഗും കിട്ടിയിട്ടുണ്ടോ എന്ന് സംശയം തോന്നാം. കാടും കടലും ക്ലിഫും ചേർന്ന സവിശേഷമായ പ്രകൃതിയാണ് ഇവിടെ നമ്മെ കൂടുതൽ ആകർഷിക്കുക. പാറമുനമ്പിൽ എവിടെ നിന്നാലും പവിഴപ്പുറ്റുകളാൽ പച്ച നിറമുള്ള കടൽ താഴെ കാണാം. അമ്പലം പേരിനേ ഉള്ളൂ. പ്രതിഷ്ഠകൾക്കും കാര്യമായി പ്രാധാന്യമില്ല. വാസ്തുശില്പവും അത്ര മികച്ചതല്ല. കാടിൻ്റെ നടുവിലോ മലയുടെ മുകളിലോ ഒക്കെ കിട്ടുന്ന ഫീലു തന്നെ ഈ പ്രകൃത്യമ്പലത്തിലും. എല്ലാ ദിവസവും അമ്പലമുറ്റത്ത് കിയാക് എന്ന രാമായണ നൃത്തവുമുണ്ട്.
മനോഹാരിതയെയാണോ ബാലിക്കാർ ദൈവമെന്ന് വിളിക്കുന്നതെന്ന് സംശയം തോന്നാം.
പുര ഉലൻ ഡാനു ബാലിയുടെ വടക്കുഭാഗത്ത് നാലായിരം അടിയിലേറെ ഉയരത്തിൽ ബരട്ടാൻ മലനിരകളിൽ ബരട്ടാൻ എന്ന പേരിൽ തന്നെയുള്ള തടാകക്കരയിലെ ക്ഷേത്രസമുച്ചയമാണിത്. തടാകത്തിലേക്കിറങ്ങി നിരവധി മേരുക്കൾ. ശിവൻ്റെയും പാർവ്വതിയുടെയും ഒക്കെ പ്രതിഷ്ഠകളാണ് ഓരോന്നും. ഒരു മേരുവിൽ ബുദ്ധനെയും പ്രതിഷ്ഠിച്ചിരിക്കന്നു. ( ഹിന്ദു ക്ഷേത്രത്തിൽ ബുദ്ധ പ്രതിഷ്ഠ!) മനോഹരമായ ഒരു ഉദ്യാനത്തിലേക്ക് തടാകം കയറിക്കിടക്കുന്നു. പകുതി ഉദ്യാനത്തിലും പകുതി തടാകത്തിലുമായിട്ടാണ് ചില മേരുക്കളുടെ നില്പ്. ഉലൻ ഡാനുവിനെ വിശദീകരിക്കാൻ മനോഹരം എന്ന വാക്ക് മതിയാകാതെ വരും. മനോഹാരിതയെയാണോ ബാലിക്കാർ ദൈവമെന്ന് വിളിക്കുന്നതെന്ന് സംശയം തോന്നാം. ഒരു വശത്ത് മഞ്ഞിൻ്റെ പുതപ്പ് വാരിപ്പുതയ്ക്കകയും അഴിക്കുകയും ചെയ്യുന്ന മലനിരകൾ, മലയുടെ താഴ്വാരം മുഴുവൻ പുഷ്പകടൽ, താഴ്വര ചെന്നവസാനിക്കുന്നത് സ്ഫടിക നിർമ്മലമായ ബരട്ടാൻ തടാകത്തിൽ, ആകാശത്തിലേക്ക് കൂർത്തു നിൽക്കുന്ന മേരുക്കളുടെ തടാകത്തിലെ പ്രതിബിംബങ്ങൾ – മത വിശ്വാസിയെന്നോ നിരീശ്വരവാദിയെന്നോ വ്യത്യാസമില്ലാതെ സഞ്ചാരിയെ ഉലൻ ഡാനു വശീകരിച്ചു കളയും.
ബാലിയിലെ കൃഷി വെറും കൃഷി മാത്രമല്ല
നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം എന്ന് പറഞ്ഞ പോലെ ബാലിക്കാർക്ക് കൃഷി കൊണ്ട് രണ്ടുണ്ട് കാര്യം. കൃഷിയിൽ നിന്നുള്ള വരുമാനവും കൃഷി കാണാൻ വരുന്ന ടൂറിസ്റ്റുകളിൽ നിന്നുള്ള വരുമാനവും. അതുകൊണ്ട് അവരുടെ കൃഷി വെറും കൃഷി മാത്രമല്ല, അതൊരു ഷോ കൂടിയാണ്. നെല്ലാണ് ഇവിടുത്തുകാർ പരമ്പരാഗതമായി ചെയ്തുവരുന്ന കൃഷി. നെൽവയലുകൾ മിക്കവാറും മലമ്പള്ളകളിലാണ്. മലഞ്ചെരിവുകൾ പല തട്ടുകളായി തിരിച്ച് വെള്ളം കെട്ടി നിറുത്തി ചെയ്യുന്ന ടെറസ്ഫാംമിംഗ് ആണ് ഇവരുടേത്. കുന്നിൻ ചെരിവുകൾ മുഴുവൻ ചെറിയ ചെറിയ തട്ടുകളായി തിരിക്കുന്നു. ഈ തട്ടുകൾ ഓരോ കാലത്തും ഓരോ നിറങ്ങളണിഞ്ഞ് നിൽക്കുന്ന കാഴ്ച അതി മനോഹരമാണ്. ‘നെല്ലിൻ്റെ ഗാലറികൾ’ എന്നാണ് പൊറ്റക്കാട് ഈ പാടങ്ങളെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഭൂട്ടാനിലും മറ്റും ഇത്തരം ടെറസ്ഫാമുകൾ കണ്ടിട്ടുണ്ടെങ്കിലും ഇവിടുത്തേതുപോലെ വ്യാപകമായ, മനോഹരഫാമുകൾ വേറൊരിടത്തും കണ്ടിട്ടില്ല. വി.കെ.എൻ പറഞ്ഞതുപോലെയുള്ള ‘മലർന്നുകിടക്കുന്ന പാടശേഖരൻമാരെ’ തീരെ കാണാനില്ല ബാലിയിൽ. നൂറ്റാണ്ടുകളായി ചെയ്തുവരുന്ന കൃഷി രീതികൾ തന്നെയാണ് ഇവിടെയിന്നും. അതിൽ മാറ്റം വരുത്താനോ യന്ത്രവത്കരണം കൊണ്ടു വരാനോ അവർ മുതിർന്നിട്ടില്ല. പാടങ്ങളിൽ നെൽകൃഷിയുടെ ഇടവേളകളിൽ നിലക്കടലയും സോയാബീനുമൊക്കെ കൃഷി ചെയ്യും. ഒരു സമയത്തും പാടം കൃഷി ചെയ്യാതിടില്ല ഇവിടുത്തുകാർ.
സീസൺ മുഴുവൻ കൃഷിയിടങ്ങളിൽ താമസിച്ച് കൃഷി ചെയ്യാൻ കൂടുന്ന സഞ്ചാരികളുമുണ്ട്.
ബാലിയെ ലോകത്തിന് പരിചയപ്പെടുത്തിയ പ്രമുഖ പ്രകൃതിശാസ്ത്രജ്ഞൻ ആൽഫ്രഡ് റസ്സൽ വാലസ് പറയുന്നത് ഇത്രയും നന്നായി കൃഷി ചെയ്തിട്ടുള്ള മറ്റൊരു സ്ഥലം ലോകത്തില്ല എന്നാണ്. ഇവിടേക്ക് എക്കാലത്തും വന്ന ടൂറിസ്റ്റുകളെ ഇവിടുത്തെ കൃഷി ആകർഷിച്ചു. ഫാം ടൂറിസത്തിന് ബാലിയിൽ വലിയ സ്ഥാനമാണുള്ളത്. ടൂറിസവും കൃഷിയും പരസ്പരം സഹായിച്ചു വളരുന്നു എന്നാണ് പൊതുവെ പറയുന്നത്. ഹോട്ടലുകൾ പലതും കൃഷിയിടങ്ങളെടുത്ത് ഹോട്ടലിൻ്റെ അനക്സ് തുടങ്ങിയിരിക്കയാണ്. കൃഷിയിടങ്ങളിലെ ഓല കെട്ടിയ കാവൽപ്പുരകളിൽ താമസിക്കാനാണ് സഞ്ചാരികൾക്ക് ഏറെയിഷ്ടം. ഹോട്ടലുകാർക്കും ‘ഈകൃഷി’ ഇരട്ടി ലാഭമാണ്. മൾട്ടിനാഷണൽ ഹോട്ടൽ കമ്പനികൾ വരെ ഇപ്പോൾ ഇങ്ങനെ ചെയ്യുന്നുണ്ടെന്നാണ് കേൾവി. സീസൺ മുഴുവൻ കൃഷിയിടങ്ങളിൽ താമസിച്ച് കൃഷി ചെയ്യാൻ കൂടുന്ന സഞ്ചാരികളുമുണ്ട്. നെൽപാടങ്ങളുടെ അതിരുകളിലൂടെ ഒഴുകുന്ന തോടുകളിൽ മീൻപിടുത്തവും സഞ്ചാരികൾക്ക് ഹരമാണ്. വരമ്പുകളിലെ തെങ്ങു ചെത്തും കള്ളുകുടിയുമൊക്കെ ഇവിടുണ്ട്.
നെല്ലും തെങ്ങും കഴിഞ്ഞാൽ കാപ്പിയാണ് ഇവിടുത്തെ കൃഷി. കാപ്പിത്തോട്ടങ്ങൾ കാടുകൾക്ക് സമാനമാണ്. ലോകത്തിലെ ഏറ്റവും വില കൂടിയ കാപ്പി ‘കോപ്പി ലുവാക്’ ബാലിയിലാണ് ഉണ്ടാക്കുന്നത്. കാപ്പിത്തോട്ടങ്ങളിൽ വളർത്തുന്ന പനവെരുകുകൾക്ക് (Asian Palm Civet) പഴുത്ത കാപ്പിക്കരുതിന്നാൻ കൊടുത്തിട്ട് അതിൻ്റെ കാട്ടത്തിൽ നിന്ന് ദഹിക്കാത്ത കാപ്പിപ്പരിപ്പെടുത്ത് ഉണക്കി വറുത്ത് പൊടിച്ചുണ്ടാക്കുന്നതാണിത്. ഏകദേശം ആയിരം ഇന്ത്യൻ രൂപയ്ക്ക് തുല്യമായ തുകയാണ് ഒരു കപ്പ് കാപ്പിയുടെ വിലയായി കോഫിഷോപ്പുകളിൽ എഴുതി വെച്ചിരിക്കുന്നത്. ലോകത്തിലെ വലിയ നഗരങ്ങളിലെ കോഫിഷോപ്പുകളിലും ബാലിനീസ് കോഫിക്ക് വൻ പ്രിയമാണത്രേ. കാപ്പിത്തോട്ടങ്ങളിലും സഞ്ചാരികൾക്കായി ഫാംഹൗസുകൾ നിരവധി ഒരുക്കിയിരിക്കുന്നു.
സമതലങ്ങളിൽ കരിമ്പ് കൃഷിയാണ് ഉള്ളത്. ശർക്കരയും പഞ്ചസാരയുമുണ്ടാക്കുന്ന ചെറിയ കുടിലുകൾ കൃഷിയിടങ്ങളിൽ തന്നെ കാണാം. അവിടെയുണ്ടാക്കുന്ന ഉല്പന്നങ്ങൾ വില്പനയ്ക്ക് വെച്ചിരിക്കുന്ന കടകളും കൃഷിയിടങ്ങളോട് അനുബന്ധമായുണ്ട്. അഗ്നിപർവ്വതലാവാമണ്ണും മിതോഷ്ണ കാലാവസ്ഥയും ഉള്ളതിനാൽ കിന്താമണി പ്രദേശം പച്ചക്കറി, പഴവർഗ്ഗകൃഷിക്ക് അനുയോജ്യമാണ്. മിക്കവാറും കൃഷിയിടങ്ങളോടനുബന്ധിച്ച് വില്പനയും നടക്കുന്നുണ്ട്. വേണമെങ്കിൽ കൃഷിയിടത്തിൽ നിന്ന് നമുക്ക് തന്നെ പറിച്ച് വില കൊടുത്തു വാങ്ങാം. എവിടെ നിന്ന് എങ്ങനെ വാങ്ങിയാലും മായമോ വിലപേശലോ ഇല്ലാതെ അത്ര അമിതമല്ലാത്ത വിലയ്ക്ക് നമുക്ക് സാധനങ്ങൾ കിട്ടും. സഞ്ചാരികളെ പിടിച്ചുപറിക്കുന്ന രീതി ബാലിയിലൊരിടത്തും ഞാൻ കണ്ടില്ല.
നർത്തകരുടെ ദ്വീപ്
അവിടെയിരുന്ന മുഴുവൻ നേരവും കേരളത്തിൽ നിന്ന് ആറായിരത്തിലേറെ കിലോമീറ്റർ ദൂരെയുള്ള ഒരു ദ്വീപിലാണിരിക്കുന്നത് എന്ന് ഓർത്തുപോലുമില്ല.
ബാലിദ്വീപ് എന്ന സഞ്ചാരവിവരണത്തിൽ പൊറ്റക്കാട് ഏറ്റവും വാചാലനാകുന്നത് നൃത്തത്തെ കുറിച്ച് പറയുമ്പോഴാണ്. പാട്ടും നൃത്തവും അറിയാത്ത ഒരൊറ്റയാൾ പോലും ബാലിയിലുണ്ടെന്ന് തോന്നുന്നില്ല. ഇവരുടെ വെറും നടപ്പു പോലും നൃത്തം പോലെ താളാത്മകമാണല്ലോ എന്ന് തോന്നിപ്പോവും. വൈകുന്നേരമായാൽ നാട്ടിൻപുറങ്ങളിലെ നൃത്തത്തറകളിലും അമ്പല പരിസരങ്ങളിലും റെസ്‌റ്റോറൻ്റുകളിലും അനേകം തീയേറ്ററുകളിലും പാട്ടും നൃത്തവും ആരംഭിക്കും. ബാലിക്കാർക്ക് പ്രിയപ്പെട്ട ഗ്യാമലിൻ എന്ന വാദ്യത്തിൻ്റെ മുഴക്കമാണ് വൈകുന്നേരങ്ങൾക്കിവിടെ. നൃത്തവേദികളും പരിസരങ്ങളും കുരുത്തോലകൾ കൊണ്ട് വിശേഷമായി അലങ്കരിച്ചിരിക്കും. സമയവും വേദിയുമനുസരിച്ച് ലെഗോങ്, ജോഗേ, ബറേങ് തുടങ്ങിയ നിരവധി പരമ്പരാഗത നൃത്തങ്ങളിൽ ചിലത് അവതരിപ്പിക്കും. കരുത്തോലകൾ കൊണ്ടും ദീപങ്ങൾകൊണ്ടും മനോഹരമായി അലങ്കരിക്കപ്പെട്ട ഒരു നാട്ടുതീയേറ്ററിൽ ഞാൻ വിശദമായി കണ്ടത് കിയാക് നൃത്തമാണ്. ഇതൊരു നൃത്തനാടകമായാണ് എനിക്ക് അനുഭവപ്പെട്ടത്. നാല്പതിലേറെ പുരുഷന്മാരും അഞ്ചാറ് സ്ത്രീകളുമാണ് ഈ നാടകത്തിലുള്ളത്. ആൺ നർത്തകരിൽ കുട്ടികളും പ്രായം ചെന്നവരും ഉൾപ്പെടുന്നു. ഞാൻ കണ്ട നൃത്തത്തിൽ എഴുപത് വയസിന് മുകളിൽ പ്രായം തോന്നിപ്പിക്കുന്നവർ പോലും ഉണ്ടായിരുന്നു. സ്ത്രീകൾ പൊതുവെ പ്രായം കുറഞ്ഞവരാണ്. രാമായണമാണ് കഥാവസ്തു. സീതയുടെ വനവാസകാലവും തുടർന്നുള്ള സംഭവങ്ങളുമാണ് ഞാൻ കണ്ട നൃത്തത്തിലുള്ളത്. ഹനുമാൻ, രാവണൻ തുടങ്ങിയ കഥാപാത്രങ്ങൾക്ക് അപാര കാഴ്ചഭംഗിയാണ്. തെയ്യത്തിൻ്റെയും പടയണിയുടെയും കഥകളിയുടെയും പല സങ്കേതങ്ങളും ഈ നൃത്തത്തിനുണ്ട്. തെയ്യത്തോടാണ് കൂടുതൽ അടുപ്പമെന്ന് തോന്നുന്നു. അവിടെയിരുന്ന മുഴുവൻ നേരവും കേരളത്തിൽ നിന്ന് ആറായിരത്തിലേറെ കിലോമീറ്റർ ദൂരെയുള്ള ഒരു ദ്വീപിലാണിരിക്കുന്നത് എന്ന് ഓർത്തുപോലുമില്ല.
തലസ്ഥാന നഗരമായ ഡെൻപെസാറിനടുത്തുള്ള ചെറിയ നഗരമായ ‘കുട്ട’യിൽ ഞാൻ താമസിച്ച റിസോർട്ടിൻ്റെ ഡൈനിംഗ് ഹാളിനു സമീപം ഡിന്നർ സമയം മുഴുവൻ ലെഗോങ് നൃത്തം അവതരിപ്പിച്ചു കൊണ്ടിരിക്കും. എൻ്റെ താമസസ്ഥലത്തിന് ഉദ്ദേശം നൂറ്റമ്പതു മീറ്റർ മാറിയുള്ള ഓപ്പൺ എയർ തീയേറ്ററിലും രാത്രി വൈകുന്നതു വരെ നൃത്താവതരണങ്ങൾ നടക്കും. നൃത്തം കാണാൻ കൂടിയിരിക്കുന്നവരിൽ ടൂറിസ്റ്റുകൾ മാത്രമല്ല നാട്ടുകാരുമുണ്ടെന്നതാണ് വസ്തുത. എന്നു മാത്രമല്ല അവർ പല നർത്തകരേയും നന്നായി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ചുരുക്കം പറഞ്ഞാൽ ഇത് ടൂറിസ്റ്റുകൾക്കു വേണ്ടിയുള്ള ഒരു തട്ടിക്കൂട്ട് പരിപാടി അല്ലെന്നർത്ഥം. ബാലിയിലുണ്ടായിരുന്ന ദിവസങ്ങളത്രയും ഗ്യാമലിൻ്റെ മുഴക്കം കേട്ടുകൊണ്ടാണ് ഉറക്കത്തിലേക്ക് വഴുതിയത്.