“അയാളുടെയത്രയും കനമുള്ള ജീവിതം ജീവിച്ചിരിക്കുന്നവർക്കില്ല
ജിനേഷ് മടപ്പള്ളി
താങ്ങിത്താങ്ങി തളരുമ്പോൾ മാറ്റിപ്പിടിക്കാനാളില്ലാതെ
കുഴഞ്ഞുപോവുന്നതല്ലേ
സത്യമായും അയഞ്ഞുപോവുന്നതല്ലേ”
മറ്റൊരു വഴിയും കാണാതെ വരുമ്പോൾ മാത്രമേ ഒരാൾ തൻറെ ജീവിതം അവസാനിപ്പിക്കൂ. തിരസ്കരണത്തിന്റെയും നിരാശയുടെയും ഒറ്റപ്പെടലിൻറെയും കനം താങ്ങാനാവാതെ, ഇറക്കി വെക്കാൻ മറ്റൊരു കൈതാങ്ങില്ലെന്ന തോന്നൽ തന്നെയായിരിക്കാം വർത്തമാന കാലഘട്ടത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന റംസിയെയും ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചത്.
“ആത്മഹത്യയെ തടയാൻ ഒരുമിച്ചു പ്രവർത്തിക്കാം” എന്നാതാണ് ലോക ആത്മഹത്യാപ്രതിരോധ ദിനത്തിന്റെ ഈ വർഷത്തെ പ്രമേയം. അതിജീവനത്തിൻറെ സഹായഹസ്തം നൽകാൻ കഴിഞ്ഞില്ലെങ്കിലും സംഭവത്തിൻറെ സാന്ദർഭിക വശങ്ങളെ പോസ്റ്റുമോർട്ടം ചെയ്യാൻ ‘സാമൂഹിക പ്രതിബദ്ധതയുള്ള’ ചിലർ ഇന്നുമുണ്ട്. ആത്മഹത്യ ഒരു പാതകമായും മൂല്യശോഷണത്തിൻറെ കർമഫലമായും ചിത്രീകരിക്കുന്ന ഒരു സമൂഹം ഇന്നും നിലനിൽക്കുന്നു എന്നത് ലജ്ജാവഹമാണ്. ജീവിതത്തിൻറെ സർവ്വോന്മുഖ മേഖലകളിലെയും പ്രേശ്നങ്ങൾ ആത്മഹത്യക്ക് വഴിയൊരുക്കുന്നതായി മാനസികാരോഗ്യ സംഘടനകളും പഠനങ്ങളും പറയുന്നു. ഒരു വ്യക്തിയുടെ ആത്മഹത്യയെ സ്വേഷ്ടം വ്യാഖ്യാനിക്കുന്നത് നിരുത്തരവാദിത്വമാണ്, നീചമാണ്.
തങ്ങൾ വരച്ചിരുന്ന ലക്ഷ്മണ രേഖക്ക് പുറത്തു പോകുന്ന പെണ്ണുങ്ങളെ, ‘നിലക്കുനിർത്താൻ’ കാലങ്ങളായി നിലനിന്നു പോരുന്ന പുരുഷാധിപത്യത്തിന്റെ ഭീഷണിസ്വരങ്ങളുടെ പ്രതിധ്വനി മാത്രമാണ് ഇത്തരം ഉപദേശ നിർദേശങ്ങൾ.
പതിയെ എങ്കിലും പെൺകുട്ടികൾ തിരിച്ചു പിടിച്ചു കൊണ്ടിരിക്കുന്ന സ്വത്വബോധം, സ്വതന്ത്ര ബോധം, അവർ സ്വയം നടത്തുന്ന തിരഞ്ഞെടുപ്പുകൾ, വിദ്യാഭ്യാസവും സാമ്പത്തിക സുരക്ഷിതത്വവും നൽകുന്ന സ്വാതന്ത്ര്യം ഒന്നും അംഗീകരിക്കാനോ ഉൾക്കൊള്ളാനോ കഴിയാത്ത മതക്കാർക്കും സദാചാരക്കാർക്കും ഇത്തരം സംഭവങ്ങൾ, തങ്ങളുടെ പഴകി ദ്രവിച്ച മൊറാലിറ്റി വീണ്ടും പൊക്കികൊണ്ടുവരാനുള്ള സുവർണാവസരമാണ്. ഞങ്ങളന്നേ പറഞ്ഞില്ലേ എന്ന് നിലവിളിച്ചും പെങ്ങന്മാർക്കു വേണ്ടി കരഞ്ഞും അവരത് പരമാവധി ആഘോഷിക്കുന്നു. റംസിമാർ ഉണ്ടാകുന്നത് ഇസ്ലാം മതത്തിന്റെ നിയന്ത്രണങ്ങൾ തെറ്റിച്ചതു കൊണ്ടാണെന്നും “നിക്കാഹ് കഴിയാതെ അന്യപുരുഷനൊപ്പം ഒരു നിമിഷം പോലും കൂടിച്ചേരൽ ഇസ്ലാം അനുവദിക്കുന്നില്ല” എന്നതും മതപക്ഷം. “എന്ത് വിശ്വസിച്ചാണ് കൂടെ പോകുന്നത്, എത്ര കിട്ടിയാലും ഇവളുമാരൊന്നും പഠിക്കില്ല” എന്നത് സദാചാരപക്ഷം. തങ്ങൾ വരച്ചിരുന്ന ലക്ഷ്മണ രേഖക്ക് പുറത്തു പോകുന്ന പെണ്ണുങ്ങളെ, ‘നിലക്കുനിർത്താൻ’ കാലങ്ങളായി നിലനിന്നു പോരുന്ന പുരുഷാധിപത്യത്തിന്റെ ഭീഷണിസ്വരങ്ങളുടെ പ്രതിധ്വനി മാത്രമാണ് ഇത്തരം ഉപദേശ നിർദേശങ്ങൾ.
ശാരീരികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലാത്ത ദിവ്യപ്രണയമായിരുന്നെങ്കിൽ ആ കുട്ടി ആത്മഹത്യ ചെയ്യില്ലായെന്നു മത-സദാചാരക്കാർ ഉറപ്പുതരുമോ?
ഇന്ത്യൻ സ്ത്രീകളിലെ ആത്മഹത്യയുടെ പ്രധാന കാരണങ്ങളിൽ മുൻപന്തിയിൽ വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങളാണെന്നു പഠനങ്ങൾ ചൂടിക്കാണിക്കുമ്പോൾ വിവാഹപൂർവ്വ കൂടിച്ചേരലുകൾ ആണ് ആത്മഹത്യകൾക്ക് വഴിയൊരുക്കുന്നതന്ന് ലളിതയുക്തമാണ്. റംസി എന്ന പെൺകുട്ടി ആത്മഹത്യ ചെയ്തത് ഗർഭിണിയായതിന്റെയൊ അബോർഷൻ നടന്നതിന്റെയൊ അപമാനം താങ്ങാൻ കഴിയാതെയാണോ? ശാരീരികബന്ധത്തിൽ ഏർപ്പെട്ടിട്ടില്ലാത്ത ദിവ്യപ്രണയമായിരുന്നെങ്കിൽ ആ കുട്ടി ആത്മഹത്യ ചെയ്യില്ലായെന്നു മത-സദാചാരക്കാർ ഉറപ്പുതരുമോ? ഇഷ്ട്പെടുന്നവരുടെ അംഗീകാരം എന്നത് മനുഷ്യനിലനിൽപ്പിനു അത്യന്താപേക്ഷിതമാണ് എന്നിരിക്കെ പത്തു വർഷം സ്നേഹിച്ച വ്യക്തിയാൽ തിരസ്കരിക്കപ്പെടുക എന്നത് ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം എത്രമാത്രം വേദനാജനകമായിരിക്കണം. രക്ഷിതാക്കളുടെ അറിവോടെ ഉള്ള 10 വർഷത്തെ ബന്ധം (രണ്ടു കുടുംബങ്ങൾ തമ്മിലുള്ള ബന്ധം) വെറും കൗമാരചാപല്യത്തിനപ്പുറമാണ്. ഭർത്താവ് ദൈവതുല്യമെന്നു പഠിപ്പിക്കുന്ന ആർഷഭാരതസംസ്കാരത്തിൻറെ ഇരകളായി വളർത്തപ്പെടുന്ന പെൺകുട്ടി പ്രണയിച്ച പുരുഷനെ അത്തരത്തിൽ കാണുന്നതിൽ എന്ത് വൈരുധ്യം? പുരുഷൻ വിളിക്കുമ്പോൾ കൂടെ പോയാലും പോയില്ലേലും കുറ്റം പെൺകുട്ടിയുടെ മേലിൽ തന്നെ. നിക്കാഹ് കഴിയാതെ കൂടെപോകുന്നത് അനിസ്ലാമികം. കൂടെ പോയില്ലെങ്കിൽ തന്നെ വിശ്വാസമില്ലാത്തവളെ തനിക്ക് വേണ്ട. മത നിയമങ്ങളെന്തേ സ്ത്രീകൾക്കു മാത്രമോ? നിക്കാഹ് കഴിക്കാതെ പെൺകുട്ടിയെ കൂടെ കൊണ്ട് നടക്കരുതെന്ന പുരുഷന്മാർ അറിയാതെ പോകുന്നതെന്ത്?
അവലോകനമല്ല നിവാരണമാണ് ഇന്നിന്റെ ആവശ്യമെന്നാണ് റംസിയെപ്പോലുള്ളവരുടെ ജീവിതങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. മതത്തിൻറെ മറക്കുടക്കുള്ളിൽ ഒളിപ്പിച്ചല്ല, മനുഷ്യത്വത്തിൻറെ, മാനവികതയുടെ കൈത്താങ്ങിലായിരിക്കണം ഒരു ജീവൻ രക്ഷിക്കേണ്ടത്.
“നീ അവനെ അവൻ്റെ പാട്ടിനു വിട്ട് നല്ല പയ്യനെ കല്യാണം കഴിക്കാൻ നോക്ക്” എന്നു ഒരമ്മ പറയുമ്പോൾ പ്രണയിച്ചവനെ/ പ്രണയിച്ചവളെ അത്ര പെട്ടെന്ന് മറക്കാൻ എല്ലാവർക്കും ഒരുപോലെ സാധിക്കുമെന്ന് ധരിക്കരുത്. ആ അമ്മയെ ന്യായീകരിക്കാൻ എന്തുണ്ട് സദാചാര സമൂഹമേ നിന്റെ കയ്യിൽ?. ഇരയാക്കപ്പെടുന്ന സ്ത്രീയാണ് എപ്പോഴും തെറ്റുകാരി. പുരുഷന്റെ ഇച്ഛകൾക്കും വാശിക്കും പിന്നിൽ പലപ്പോഴും അടിയറവു പറയേണ്ടി വരുന്ന സ്ത്രീ ചിത്രങ്ങൾ പാട്രിയാർക്കിയുടെ അടിസ്ഥാന സ്വഭാവമായി ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും തുടരുന്നു. പ്രണയ-വിവാഹ ബന്ധങ്ങളിൽ ഈ കുറ്റകൃത്യവും ചതിയുമെല്ലാം ആണിന്റെ ഭാഗത്തു നിന്നുള്ള സ്വാഭാവികതയായി മാത്രമേ സ്‌ത്രീ ഉൾപ്പെടെ സമൂഹത്തിൽ ഭൂരിഭാഗം പേർക്കും ചിന്തിക്കാൻ കഴിയൂ. അപ്പോൾ പിന്നെ സൂക്ഷിക്കേണ്ടത് പെണ്ണ് തന്നെ…! ഈ തത്വസംഹിത ഇങ്ങനെ തന്നെ നിലനിർത്തേണ്ടത് പുരുഷാധിപത്യ സമൂഹത്തിനും മതങ്ങൾക്കും ഒരുപോലെ ആവശ്യമായത് കൊണ്ടുതന്നെ നൂറ്റാണ്ടുകളായി ഈ രണ്ട് ഏജൻസികളും പരസ്പരം ഉപദേശ നിര്ദേശങ്ങൾ വഴി പോഷിപ്പിച്ചു കൊണ്ടിരിക്കുന്നു. സദാചാരത്തിന്റെയും മതത്തിന്റെയും മറപിടിച്ചു ഒരു മരണത്തെ സാധൂകരിക്കുമ്പോൾ സ്വന്തം ഭർത്താവിന്റെ കൈകളാൽ കൊല്ലപ്പെട്ട ഉത്രയെയും മെറിൻ ജോയിയേയും നാം മറക്കുന്നു. കാരണങ്ങൾ പലതെങ്കിലും കൊലപാതകമായാലും ആത്മഹത്യയായാലും പൊലിയുന്നത് ജീവനുകളാണ്. അവലോകനമല്ല നിവാരണമാണ് ഇന്നിന്റെ ആവശ്യമെന്നാണ് റംസിയെപ്പോലുള്ളവരുടെ ജീവിതങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. മതത്തിൻറെ മറക്കുടക്കുള്ളിൽ ഒളിപ്പിച്ചല്ല, മനുഷ്യത്വത്തിൻറെ, മാനവികതയുടെ കൈത്താങ്ങിലായിരിക്കണം ഒരു ജീവൻ രക്ഷിക്കേണ്ടത്.