ഹവ്വ ദൈവത്തിന്റെ മുഖത്ത് ഇടത്തെ മൂലയിൽ കണ്ണിന് അല്പം മുകളിലായി തന്റെ ചുണ്ട് ചേർത്ത് ചുംബിച്ചു. ചുളിവ് മാഞ്ഞു.
ദൈവത്തിന് പ്രണയമുണ്ടായി.
വർഷങ്ങളും മാസങ്ങളും ദിവസങ്ങളും മണിക്കൂറുകളും നിമിഷങ്ങളും എണ്ണിതിട്ടപ്പെടുത്താൻ കഴിയുന്നതിന് മുൻപ്, എന്നുവെച്ചാൽ അവയെല്ലാം കൈ വെള്ളയിലെ നീലപ്രകാശത്തിൽ നിന്നും പുറത്തുവരുന്നതിന് മുൻപ് ദൈവം തിന്നും കുടിച്ചും അലസനായി ജീവിച്ചു. പിന്നീടെപ്പോഴാണ് സമയം ഉണ്ടായത്?
രാത്രിയും പകലുമുണ്ടായത്?
മനുഷ്യൻ ഉണ്ടായത്?
അവർ സ്ത്രീയും പുരുഷനുമായത്?
അന്നാദ്യമായി താൻ ആയിരിക്കുന്ന ശൂന്യതയെ ഓർത്ത് ദൈവം മനം നൊന്ത് കരഞ്ഞു.
ദൈവം ഒരിക്കൽ കണ്ണാടിയിൽ നോക്കിയിരിക്കുകയായിരുന്നു. മുഖത്തിന്റെ ഇടത്തേമൂലയിൽ കണ്ണിന് അൽപ്പം മുകളിലായി ഒരു ചുളിവ്. ദൈവം അസ്വസ്ഥനായി. ആ ചുളുവിന്റെ കാരണമെന്താണ്?
നീട്ടിവളർത്തിയ താടിരോമങ്ങൾക്കിടയിലൂടെ ഒരു തുള്ളി വിയർപ്പ് ഉരുണ്ടു വീണു. കൈ വെള്ളയിൽനിന്നും പുറത്തു വരുന്ന നീലപ്രകാശം കൊണ്ട് നിർമിച്ച അതി മനോഹരമായ, ഏഴ് സ്വർഗങ്ങളിലെ ആയിരത്തിമുപ്പതോളം വരുന്ന പൂക്കളുടെ കൊത്തുപണികൾ ചന്തം ചാർത്തുന്ന സിംഹാസനത്തിൽ കിടന്ന് ദൈവം മുകളിലേക്ക് നോക്കി. അന്നാദ്യമായി താൻ ആയിരിക്കുന്ന ശൂന്യതയെ ഓർത്ത് ദൈവം മനം നൊന്ത് കരഞ്ഞു.
by Jarek Kubicki
ദൈവത്തിന്റെ കണ്ണുനീർ കൈ വെള്ളയിലെ നീല പ്രകാശത്തിന്റെ കുഴിയിൽ വീണു. ആ കുഴിയിൽ നിന്നും കരഞ്ഞുകൊണ്ട് ഒരു ജീവി പുറത്തു വന്നു. നീല നിറമുള്ള കണ്ണുകളും നീണ്ട തലമുടിയും ഉണ്ടായിരുന്ന അതിന്റെ മാറിടം മുന്നോട്ട് തള്ളി നിന്നു. ദൈവം അതിനെ ഹവ്വ എന്നു വിളിച്ചു. ഹവ്വ ദൈവത്തിന്റെ മുഖത്ത് ഇടത്തെ മൂലയിൽ കണ്ണിന് അല്പം മുകളിലായി തന്റെ ചുണ്ട് ചേർത്ത് ചുംബിച്ചു. ചുളിവ് മാഞ്ഞു.
ദൈവത്തിന് പ്രണയമുണ്ടായി.
അപ്പോഴും കരഞ്ഞുകൊണ്ടിരുന്ന ഹവ്വയുടെ കണ്ണുനീർ ദൈവം സ്നേഹത്തോടെ തുടച്ചു. കൈ വെള്ളയിലെ നീല പ്രകാശത്തിന്റെ കുഴിയിൽ വീണ്ടും ഹവ്വയുടെ കണ്ണുനീർ വീണു. ആ കുഴിയിൽ നിന്നും മറ്റൊരു ജീവി ഉണ്ടായി. തലമുടി ചുരുണ്ട, മാറിടം മുന്നോട്ട് തള്ളാത്ത ഹവ്വയെപോലെയൊന്ന്.
ദൈവം അതിനെ ആദം എന്ന് വിളിച്ചു.
ആദം തന്റെ ജനനം മുതൽ ഹവ്വയെ പ്രണയത്തോടെ നോക്കി നിന്നു.
അന്തർമുഖനായ ദൈവം തന്റെ പ്രണയം ഹവ്വയിൽ നിന്നും മറച്ചു വെച്ചു.
കണ്ണുനീർ വറ്റിയ ഹവ്വയുടെ നീല കണ്ണുകളിൽ നോക്കുവാൻ കഴിയാതെ ദൈവം അവരോട് പുറത്തുപോകാൻ ആവശ്യപ്പെട്ടു.
പക്ഷെ ആദം ഹവ്വയോട് പ്രണയം പറഞ്ഞു. ഹവ്വ നിരസിച്ചു. ദൈവത്തിന്റെ ഭയം വർധിച്ചു. കണ്ണുനീർ വറ്റിയ ഹവ്വയുടെ നീല കണ്ണുകളിൽ നോക്കുവാൻ കഴിയാതെ ദൈവം അവരോട് പുറത്തുപോകാൻ ആവശ്യപ്പെട്ടു.
പകരം,
ആദം ദൈവത്തോട് സമയം ആവശ്യപ്പെട്ടു. രാത്രിയും പകലും ഏദൻതോട്ടവും ആവശ്യപ്പെട്ടു.
കൈ വെള്ളയിലെ പ്രകാശം കെട്ടു.
ആദവും ഹവ്വയും ഏദൻ തോട്ടത്തിലേക്ക് പോയി. നീല പ്രകാശത്തിന്റെ കുഴിയിൽ ദൈവത്തിന്റെ കണ്ണുനീർ വീണുണ്ടായ ഹവ്വ ഏദൻ തോട്ടം ഭരിച്ചു.
ആദം തോട്ടത്തിന് നടുവിലെ ഒരു വലിയ മരച്ചുവട്ടിൽ രാത്രിയും പകലും ഹവ്വയെ ഓർത്തിരുന്നു. അവളുടെ നീല കണ്ണുകളിൽ കണ്ണുനീർ വറ്റിയതോർത്ത് ദുഃഖിച്ചു. കണ്ണുനീരില്ലാത്ത ഹവ്വയിൽ പ്രണയമില്ല. പൂമ്പാറ്റകളോടും, പൂക്കളോടും, ആകാശത്തിന്റെ ചുവന്ന നിറത്തോടും ചേർത്തുവെച്ച് ഹവ്വയെ വർണ്ണിച്ചുണ്ടാക്കിയ തന്റെ പ്രണയകാവ്യം അവൾ ക്രൂരമായി അവഗണിക്കുന്നു.
ഏദൻ തോട്ടത്തിലെ മരങ്ങളുടെ വേരു പോകുന്ന കൈ വഴി പ്രശ്നങ്ങളും, അരുവിയിലെ ഉരുളങ്കല്ലുകളുടെ സ്ഥാനചലന തർക്കങ്ങളും പരിഹരിച്ചുകൊണ്ട് തോട്ടത്തിന് നടുവിലെ ചുവന്ന പഴങ്ങൾ കായ്ക്കുന്ന മരത്തിന്റെ നിഴലിൽ ചാരിയിരുന്ന് ഹവ്വ തോട്ടം ഭരിച്ചു.
തോട്ടത്തിലെ പാമ്പുകൾക്ക് ചിറകുകളുണ്ടായിരുന്നു. അവർ ആകാശം അതിരിട്ടു പറന്നു. സ്വർണ്ണ നിറത്തിൽ വിരിഞ്ഞ ചിറകുകളുള്ള പാമ്പ് ഹവ്വയോട് കഥകൾ പറഞ്ഞു. കഥകളിലെ കാഴ്‍ചകളിലുടക്കി ഹവ്വയിൽ വിപ്ലവം നിറഞ്ഞു. വിപ്ലവം സ്വപ്നങ്ങളെ പെറ്റു.
സ്വപ്നങ്ങളിൽ ആകാശം തൊട്ട ഹവ്വയ്ക്ക് പാമ്പ് തന്റെ ചിറക് നൽകി. അത് വീശി പറന്ന് ആകാശം തൊട്ട് തിരിച്ചു വന്ന ഹവ്വയ്ക്ക് പാമ്പിനോട് പ്രണയമുണ്ടായി.
തോട്ടത്തിന് നടുവിലെ ചുവന്ന പഴങ്ങൾ കായ്ക്കുന്ന മരത്തിന്റെ ഉച്ചിയിൽ പതിനാലാമത്തെ ശിഖരത്തിന്റെ തുഞ്ചത്ത് കായ്ച്ച ഏറ്റവും മനോഹരമായ പഴം ഹവ്വ പാമ്പിന് വേണ്ടി പറിച്ചു.
ഹവ്വയുടെ പ്രണയം സ്വീകരിക്കാൻ പാമ്പ് കൈ നീട്ടി.
ചുവന്ന മുഖത്ത് കത്തി നിന്ന വിരഹവേദനയിൽ ആദം ദൈവത്തെ അലറി വിളിച്ചു.
ദൈവം കോപം കൊണ്ട് വിറച്ചു, പ്രണയം മറന്നു. പാമ്പ് നൽകിയ സ്വർണ ചിറകുകൾ ഹവ്വയിൽ നിന്നും ഉരുകി ഇറങ്ങി. പാമ്പ് കുഴഞ്ഞു വീണു. ഇഴഞ്ഞ് നടന്നു
പാമ്പിനെയോർത്ത് ഹവ്വയുടെ കണ്ണു ചുവന്നു, കണ്ണു നീരൊഴുകി. തോട്ടം കരിഞ്ഞു.
ആദത്തിന്റെ കഥയിൽ ഹവ്വ വിശ്വസിക്കുന്നു. അവൾ ആദത്തിനെ പ്രണയിക്കുന്നു.
ദൈവം പുരുഷനായി..! ആദവും.
ഹവ്വ സ്ത്രീ ആയി.
അവരെ ദൈവം ഭൂമിലേക്കയച്ചു.
കണ്ണുനീരുള്ള ഹവ്വയിൽ പ്രണയമുണ്ട്..! കരഞ്ഞുകൊണ്ടിരുന്ന ഹവ്വയ്ക്ക് ആദം തന്റെ പ്രണയകാവ്യം നൽകി. ഹവ്വ ആദത്തിൽ അനുരക്തയായി.
ആദം ഭൂമി ഭരിച്ചു. അവൻ ഉത്പത്തിയുടെ പുസ്തകം അൻപത് അധ്യായങ്ങളാക്കി രചിച്ചു. ഹവ്വയുടെ കണ്ണ്, എപ്പോഴും നിറഞ്ഞിരുന്നതിനാൽ ആദം വീണ്ടും പ്രണയകാവ്യങ്ങളെഴുതി, ഹവ്വ പ്രണയപരവശയായി.
വിപ്ലവം പെറ്റ സ്വപ്നം മരിച്ചു.
ഭൂമിയിൽ ഇപ്പോഴും സമയം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. രാത്രിയും പകലുമുണ്ടാവുന്നു. ആദത്തിന്റെ കഥയിൽ ഹവ്വ വിശ്വസിക്കുന്നു. അവൾ ആദത്തിനെ പ്രണയിക്കുന്നു.
തന്റെ കണ്ണുനീരിൽ ആദ്യം പിറന്ന ഹവ്വയെ നോക്കി നെടുവീർപ്പിട്ടുകൊണ്ട്
ദൈവം തന്റെ ശൂന്യതയിലേക്ക് തിരിച്ചു പോയി. ദൈവത്തിന്റെ കൈ വെള്ളയിൽ നീല പ്രകാശം കെട്ടുപോയ കുഴിയടഞ്ഞു. ചുളിവ് തെളിഞ്ഞു. ദൈവം കരയുകയാണ്.