ഹോം വർക്ക്
അച്ഛനിലവൾ പാട്രിയാർകി പഠിച്ചു.
അമ്മയിലവൾ ഒപ്രെഷൻ പഠിച്ചു.
ചേച്ചിയിലവൾ ഡിപ്രഷൻ പഠിച്ചു.
ഫോർസേക്ക്
ഫോർഗിവ്
ട്.. ട്രാൻ…
തലകുത്തി നിന്ന് നോക്കീട്ടും
എമ്പത്തിമൂന്നാമത്തെ വാക്ക് വായിക്കാനമ്മൂന്
പറ്റുന്നില്ല.
പഠിച്ചേ പറ്റു നാളത്തേക്ക്,
നൂറു വേഡ്സ്.
പാസ്റ്റും പ്രസന്റും ഫ്യൂചറും മിക്സാക്കി
അവളൊരു പേസ്റ്റുണ്ടാക്കി.
പുട്ട് കുത്തുമ്പോളവള് പാടി –
പി യൂ ടീ,
പുട്ട് പുട്ട് പുട്ട്.
മുളക് മുറിച്ചപ്പോളവള് പാടി –
സീ യൂ ടീ,
കട്ട് കട്ട് കട്ട്.
അച്ഛനിലവൾ പാട്രിയാർകി പഠിച്ചു.
അമ്മയിലവൾ ഒപ്രെഷൻ പഠിച്ചു.
ചേച്ചിയിലവൾ ഡിപ്രഷൻ പഠിച്ചു.
റൈസിനോടൊപ്പം,
ടെറിബിളും ഹൊറിബിളും ഉരുട്ടിയിറക്കി അവൾ.
പോട്ട് വീണ് പൊട്ടി,
ലക്ക് ഇല്ലാത്ത പൊട്ടി.
രാത്രി –
ശർദിച്ച് തളർന്നച്ഛനുറങ്ങിയപ്പോള –
രികിലുരുന്നമ്മക്കൊപ്പം അവള് വായിച്ചു.
എയ്റ്റി ത്രീ,
ട്രാൻസെൻഡ്…
എയ്റ്റി ഫോർ,
ഫേറ്റ്…
എയ്റ്റി ഫൈവ്,
എൻഡ്വൂർ…
കംഫർട് സോൺസ്
തണുത്ത കൈപ്പത്തി
നനുത്ത കാലുകൾ
ചൂടുള്ള മാറിടം. (ഓഫൺ)
മഴ
മല
കാട്. (റെയർലി)
ഇരുട്ട്
നക്ഷത്രം
നിലാവ്. (സെൽഡം)
തണുത്ത കൈപ്പത്തി
നനുത്ത കാലുകൾ
ചൂടുള്ള മാറിടം. (ഓഫൺ)
ഞാനിടങ്ങൾ.
മരവിക്കുമ്പോൾ തൊട്ടറിയാനും,
നിശബ്ദതയിൽ കാതോർക്കാനും.
ഒരിക്കലും നിൽകാത്ത ചോരച്ചാലുകളിലുപ്പ് പിരട്ടാനും.
കുടുസു മുറിയിലിരുന്ന് പുക തുപ്പുമ്പോളോർത്ത് കരയാനും.
ഇവിടം മതിയെന്നുറപ്പിക്കാതെ വയ്യ.
ചിറകരിയപ്പെടും,
കുരുക്കണിയിക്കപ്പെടും,
കൂട്ടിലകപ്പെടും,
സാരമില്ലെന്നോർത്ത് സങ്കടപ്പെടാതെ നിവർത്തിയില്ല.