വിയർപ്പിൽ കുതിർന്ന് നനഞ്ഞൊട്ടിയ കുറുനിരകൾക്കിടയിൽ തുടിച്ചിരുന്ന നീല ഞരമ്പ് മാഞ്ഞു.
മണ്ണെണ്ണയെരിഞ്ഞുതീരാറായ റാന്തലിൻ്റെ അരണ്ട വെളിച്ചത്തിൽ, ചുരുട്ടിപ്പിടിച്ച കുഞ്ഞു വിരലുകളും മിഴിയാത്ത രണ്ട് കൺപോളകളും മാത്രം കണ്ടു.
നനഞ്ഞ ചെമ്പരത്തിയിതൾ പോലെ അത് തള്ളയുടെ കൈത്തണ്ടയിൽ പറ്റിക്കിടന്നു.

ചാണകം മെഴ്കിത്തേച്ച മിനുത്ത തണുത്ത തറയിൽനിന്ന് ചെറുചൂടേറ്റാണ് കൊച്ച് ഞരങ്ങിയത്. മൂക്ക് ചുളിച്ച്, തലമുടി ചുറ്റിക്കെട്ടി, നടു നീർത്തിയെണീറ്റു.
പതിവില്ലാത്ത തലക്കനം.
കലിയടങ്ങാതെയൊരു കാറ്റ് ചീറിവന്നതേ ഓർമ്മയുള്ളൂ.
കറുത്ത രണ്ട് മേഘക്കെട്ടുകൾ കൂട്ടിയിടിച്ച് കൂരയിടിഞ്ഞ് വീഴുമാറ് ഭൂമി കുലുങ്ങിയതും, ഒറ്റമുറിയാകെ തീ കോരിയെറിഞ്ഞ് ഒരു മിന്നലാളിയതും, അടിവയറ്റീന്ന് രണ്ട് ഇടുപ്പറ്റങ്ങൾ വരെ പൊടുന്നനെ വീശിയൊരു കൊളുത്ത് വീണതും, തറേലോട്ട് അലച്ച് വീണ് നെലോളിച്ചതും, കാറ്റത്ത് നിലകിട്ടാതെ ഉലഞ്ഞിരുന്നൊരു കുറ്റിക്കാട് വേരറ്റ് പറന്ന് പോയതും ഒന്നിച്ചായിരുന്നു.


ചത്തു വീഴുന്നതിന് തൊട്ടുമുൻപ് ഉലയുന്നൊരു നക്ഷത്രക്കഷ്ണം പോലത് കാറ്റിൽ ഒളിമിന്നിക്കൊണ്ടിരുന്നു.

ഓടയും തോടും നിറഞ്ഞ് കവിഞ്ഞു.
മലവെള്ളോം, മഴ വെള്ളോം, ചാല് വെള്ളോം, ചളിവെള്ളോം കുത്തിയൊഴുകി.
മേഘക്കൂട്ടങ്ങൾ ഒന്നൊന്നായി പൊട്ടിപ്പെയ്തോണ്ടിരുന്നു.
പശ പോലെ പുതഞ്ഞ ചളിയിലൂടെയാണ് കാലുകൾ വലിച്ചെടുത്ത് വേച്ച് വേച്ച് തള്ള നടക്കുന്നത്. വിരലുകൾക്കിടയിലൂടെ കറുത്ത ചേറ് പൊന്തിവന്ന് വന്ന് കുമിളകളായി പതഞ്ഞു.
തലയ്ക്കു മീതെ പിടിച്ചിരുന്ന കീറിത്തുടങ്ങിയ ചേമ്പില ഒലിച്ച് പോകുന്ന ഉറുമ്പിൻകൂട്ടങ്ങൾക്ക് ഇട്ട് കൊടുത്ത് നോക്കിനിൽക്കവേ ചിറയ്ക്കപ്പുറത്ത് ഇത്തിരി വെട്ടം കാണായി.
ചത്തു വീഴുന്നതിന് തൊട്ടുമുൻപ് ഉലയുന്നൊരു നക്ഷത്രക്കഷ്ണം പോലത് കാറ്റിൽ ഒളിമിന്നിക്കൊണ്ടിരുന്നു.


പൊക്കിൾച്ചുഴിക്ക് തൊട്ട് താഴെ, നാലാം മടക്കിന് മീതെ, ഉള്ളംകൈയിൽ നഖപ്പാട് വീഴുംവരെ ആഞ്ഞിടിച്ചു.

കാല് മടക്കി കൈപ്പത്തി കുത്തി കൊച്ചെങ്ങനെയോ എണീറ്റ് രണ്ട് കാലിൽ നിന്നു.
തൊണ്ടവരെ ഇരച്ചു വന്ന തീഗോളം കണ്ണിറുക്കിയടച്ച് വിഴുങ്ങി.
വയറ്റിലാകെ ഉള്ളത് വൈകിട്ട് കഴിച്ച രണ്ട് കഷണം നീലിച്ച വാട്ടക്കപ്പയാണ്.
നിവർന്ന് നിന്നാൽ വാരിയെല്ല് നുറുങ്ങുമെന്ന് തോന്നി.
സർവശക്തിയുമെടുത്ത് ഓക്കാനിച്ച് നോക്കി.
കൈ അടിവയറ്റിലാഴ്ത്തി മുന്നോട്ട് ആഞ്ഞതും വാതിൽ ചവിട്ടിത്തുറന്ന് കാറ്റാഞ്ഞ് വീശി.
പൊക്കിൾച്ചുഴിക്ക് തൊട്ട് താഴെ, നാലാം മടക്കിന് മീതെ, ഉള്ളംകൈയിൽ നഖപ്പാട് വീഴുംവരെ ആഞ്ഞിടിച്ചു.
പാറയിടുക്കുകളിൽ കെട്ടി നിന്നിരുന്ന കറുപ്പ് അണപൊട്ടിയൊഴുകി ചുറ്റിലും നിറഞ്ഞു.


വിയർത്ത കൈപ്പത്തിയിൽ നഖമമർന്ന് അങ്ങിങ്ങ് ചുവന്ന ചാലുകൾ വെട്ടിത്തുടങ്ങിയിരിക്കുന്നു.

ചെക്കൻ പറഞ്ഞു തന്ന വഴി തെറ്റിയോ അതോ താനെത്താൻ വൈകിപ്പോയോ എന്ന് തള്ള സംശയിച്ചു.
ഒരു ഞരക്കം പോലും കേൾക്കാനില്ല.
അകത്തേക്ക് എത്തി നോക്കിയപ്പൊഴാണ് കണ്ടത്.
പല്ലിറുമ്മി വിയർപ്പ് പൊടിച്ച് ശ്വാസമെടുത്ത് ആഞ്ഞ് മുക്കിക്കൊണ്ടിരിക്കുന്നു പെണ്ണ്.
കിതപ്പിന് വേഗം കൂടിക്കൂടി വരുന്നുണ്ട്.
കണ്ണുകളിൽ ആത്മാവ് വിങ്ങുന്നു.
നെഞ്ചിൻകൂടിനകത്ത് ശ്വാസമുറഞ്ഞ് വേദനയുടെ പരകോടിയെത്തിനിൽക്കുന്നു.
വിയർത്ത കൈപ്പത്തിയിൽ നഖമമർന്ന് അങ്ങിങ്ങ് ചുവന്ന ചാലുകൾ വെട്ടിത്തുടങ്ങിയിരിക്കുന്നു.


കാൽമുട്ടുകൾക്കിടയിൽ തലയാഴ്ത്തി വച്ച് നോക്കവേയാണ് കണ്ടത്.
ഒരു കുഞ്ഞ് കൈപ്പത്തിവലുപ്പത്തിൽ കട്ടച്ചോര തളംകെട്ടി കിടക്കുന്നു.

വാതില് പൊളിഞ്ഞ കൂരയ്ക്ക് അകവും പുറവും കൊടുങ്കാറ്റടിച്ചു.
കൈ രണ്ടും വയറ്റത്ത് വച്ച് കുന്തിച്ചിരുന്നപ്പോൾ ഇടുപ്പിലെ കടിഞ്ഞാൺ കൊളുത്ത് ഒന്നയഞ്ഞു. കണ്ണിൻ മിണ്ടകൾ തുറന്ന് നോക്കിയപ്പോ കാതും വയറും ഇരമ്പി.
കാൽമുട്ടുകൾക്കിടയിൽ തലയാഴ്ത്തി വച്ച് നോക്കവേയാണ് കണ്ടത്.
ഒരു കുഞ്ഞ് കൈപ്പത്തിവലുപ്പത്തിൽ കട്ടച്ചോര തളംകെട്ടി കിടക്കുന്നു.
മേഘങ്ങളിൽ നിന്നും നിലതെറ്റി വീണ കൊള്ളിയാൻ വെട്ടങ്ങൾ ആ ചുവന്ന തടാകത്തിൽ കുഞ്ഞു മിന്നാമിനുങ്ങുകളെപ്പോലെ പാറിക്കളിച്ചു.
കാലുകൾ പൊക്കിവച്ച് മുന്നോട്ടാഞ്ഞ്, തൂവെള്ള കമ്മീസിൽ ചോപ്പ് പടരുന്നതും നോക്കി കൊച്ച് ഇരുന്നു.


by Jarek Kubicki

റാന്തൽ നിരക്കി അടുത്തേക്ക് വച്ചു.
വെള്ളം തിളപ്പിച്ചു.
നാല് കഷണം തുണിയെടുത്ത് നീർത്തി വിരിച്ചു.
നനഞ്ഞ് ചുളിഞ്ഞ കൈ ചൂട് വെള്ളത്തിൽ മുക്കി വലിഞ്ഞ് മുറുകിയ അടിവയറ്റിലൊന്നമർത്തി.
തള്ള കൈ വച്ചതും ഒരേങ്ങലടിയോടൊപ്പം പിടിച്ച് വച്ചിരുന്ന നെടുവീർപ്പുകളോരോന്നായി പുറത്ത് ചാടി.
നെഞ്ച് താഴ്ന്നു.
മുറുക്കിച്ചുരുട്ടിപ്പിടിച്ചിരുന്ന പുൽപ്പായയുടെ അറ്റങ്ങൾ അയഞ്ഞു.
വിയർപ്പിൽ കുതിർന്ന് നനഞ്ഞൊട്ടിയ കുറുനിരകൾക്കിടയിൽ തുടിച്ചിരുന്ന നീല ഞരമ്പ് മാഞ്ഞു.
മണ്ണെണ്ണയെരിഞ്ഞുതീരാറായ റാന്തലിൻ്റെ അരണ്ട വെളിച്ചത്തിൽ, ചുരുട്ടിപ്പിടിച്ച കുഞ്ഞു വിരലുകളും മിഴിയാത്ത രണ്ട് കൺപോളകളും മാത്രം കണ്ടു.
നനഞ്ഞ ചെമ്പരത്തിയിതൾ പോലെ അത് തള്ളയുടെ കൈത്തണ്ടയിൽ പറ്റിക്കിടന്നു.


പേമാരിയടങ്ങിയ ഭൂമിക്ക് കുറുകെ, രണ്ട് ചോരച്ചാലുകൾ ഒലിച്ച് നീങ്ങി.
പുൽനാമ്പിൻ തുമ്പത്തെ മഞ്ഞുതുള്ളികളും, മഴമണം വിട്ടുമാറാത്ത മണ്ണും, മേഘക്കൂട്ടങ്ങളും, മുക്കൂറ്റിപ്പൂവകളും, കനത്ത ചുവപ്പിൽ കുതിർന്നു.
വേലിയേറ്റം ശമിച്ച തിരമാലകളുടെ വെളുത്ത നുരയിലേക്ക് അവ അലിഞ്ഞുചേർന്നു.
മേഘങ്ങൾക്കിടയിൽ നിന്ന് അടർന്നു വീണ മിന്നലുകൾ കടലാഴങ്ങളിൽ
പ്രകാശത്തിൻ്റെ നേർത്ത പാടകളായി ഒഴുകിനടന്നു.

Cover Illustration by Jarek Kubicki

3.3 3 votes
Rating

About the Author

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments