ഈ നഗരത്തിന്‍റെ സിരകളില്‍ തലങ്ങും വിലങ്ങും നിര്‍ത്താതെ ഭ്രാന്തുപിടിച്ചോടുന്ന തേരട്ട വണ്ടികള്‍. അതിലെ ഓരോ കമ്പാര്‍ട്ട്മെന്റിലും മദ്രാസിന്‍റെ മണങ്ങള്‍ കെട്ടുപിണഞ്ഞു കിടപ്പുണ്ട്.

“മദ്രാസിന് മണമുണ്ടോ?”
“അതെന്തു ചോദ്യമാണ്?
ലോകത്ത് എല്ലയിടങ്ങള്‍ക്കും മണമുണ്ട്. എല്ലാ ആളുകള്‍ക്കും മണമുണ്ട്. മദ്രാസിനും മണമുണ്ട്”.
അവള്‍ നഖം കിള്ളി പൊളിച്ചുകൊണ്ട്‌ പറഞ്ഞു തുടങ്ങി. “നിന്‍റെ മണം എന്താനെന്നറിയോ? ഉണങ്ങിയ വെപ്പിലയുടെതാണ്. ശാരി ചിറ്റയുടെ മണമാണ് നമ്മുടെ വീട്ടില്‍ ഏറ്റവും വ്യതസ്തമായത്. ആയമ്മയ്ക്ക് കൂറഗുളികകളുടെ മണമാണ്. ചില ഹോട്ടലുകളിലെ കക്കൂസിന്റെ മണം”. ശിവന്‍ അവളുടെ വായ പൊത്തി. “നീയെന്താണീ പറയുന്നത്? ഉണങ്ങിയ വേപ്പില, കൂറഗുളിക – മറ്റാര്‍ക്കും മനസിലാകാത്തതൊക്കെ തിരഞ്ഞു പിടിച്ചു മണത്തു കണ്ടുപിടിക്കുന്നതാണോ? ഇതൊരു കഴിവ് ആണെന്നാണോ നീ പറയുന്നത്?” ശിവന്‍റെ വിരലുകള്‍ക്കിടയില്‍ കടിച്ചു കൊണ്ട് അവള്‍ ചെറിയൊരു അരിശം തീര്‍ത്തുവന്നു ഭാവിച്ചു. “ഈ കണ്ട പാറയ്ക്കും പറവയ്ക്കും പൂവിനും നീ പുകച്ച് കൂട്ടുന്ന ഈ പുല്ലിനും മണമുണ്ട്. തിരിച്ചറിയാന്‍ പറ്റുന്നവയാണ് എല്ലാം. ഞാന്‍ അത് ശ്രദ്ധിക്കുന്നു. നീ അതില്‍ തത്പരനല്ല അത്രമാത്രം”. ശിവന്‍ അവളുടെ മടിയില്‍ നിന്ന് എണീറ്റ്‌ മിന്നി മിന്നി കളിച്ച ട്യൂബ് ലൈറ്റ് ശരിയാക്കി. കണ്ണടയൂരി വച്ച് വീണ്ടും അവളുടെ മടിയിലേക്ക് ചാരി കിടന്നു. “പറയൂ, മദ്രാസിന്‍റെ മണം എന്താണ്?” “ഉം, പറയില്ല”. – അവള്‍ ചിരിച്ചു. എന്നാല്‍ ഞാന്‍ ഒന്ന് പറയട്ടെ, നിന്‍റെ മുലകള്‍ക്ക് ചന്ദനത്തിന്‍റെ മണമാണ്.” “ചന്ദനം മണക്കുന്ന മുലകള്‍, ആഹാ”, അവള്‍ ചിരിച്ചു. അവളുടെ നിറഞ്ഞ മാറിടമപ്പോള്‍ ശിവന്‍റെ മൂക്കിന്‍ തുമ്പില്‍ ഉരസി. “അതെ ചന്ദനം മണക്കുന്നുണ്ട്”, ശിവനും ചിരിച്ചു. “പറയൂ മദ്രാസിന്‍റെ മണത്തെ പറ്റി പറയൂ”.

art by Emba dibujos

“മദ്രാസിനു ഒരു മണം അല്ല എന്നതാണ് യാഥാര്‍ഥ്യം. പല മണങ്ങള്‍ ആണ്. അതില്‍ എല്ലാവര്‍ക്കും പരിചിതമായത്, കൃത്യമായി പറഞ്ഞാല്‍ വിയര്‍പ്പും മല്ലിപ്പൂവും ചൂടുകാറ്റില്‍ ചാലിച്ച ഒരു മണമാണ്. മദ്രാസിന്‍റെ എല്ലാ മണങ്ങളും ഒരുമിക്കുന്ന ഒരു സ്ഥലമുണ്ട്. ഈ നഗരത്തിന്‍റെ സിരകളില്‍ തലങ്ങും വിലങ്ങും നിര്‍ത്താതെ ഭ്രാന്തുപിടിച്ചോടുന്ന തേരട്ട വണ്ടികള്‍. അതിലെ ഓരോ കമ്പാര്‍ട്ട്മെന്റിലും മദ്രാസിന്‍റെ മണങ്ങള്‍ കെട്ടുപിണഞ്ഞു കിടപ്പുണ്ട്. നാരങ്ങ ചോറിന്‍റെ മണം, മഞ്ഞളിന്‍റെ മണം, വെണ്ടയ്ക്ക സാമ്പാറിന്‍റെ മണം, വാടി തുടങ്ങിയ മല്ലിയിലയുടെ മണം, ടാല്‍ക്കം പൌഡര്‍ന്‍റെ മണം, വെള്ളം കണ്ടിട്ടില്ലാത്ത റബ്ബര്‍ ചെരുപ്പുകളുടെ മണം, ചൂട് കാപ്പിയുടെ മണം – മദ്രാസിന് അങ്ങനെ പല മണങ്ങള്‍ ആണ്”. ശിവന്‍ മൂളുകയാണ്. താണ് ഇതുവരെ ശ്രദ്ധിക്കാത്ത, ശ്രദ്ധിച്ചിട്ടും വകവയ്ക്കാത്ത മണങ്ങളുടെ നീണ്ട ലിസ്റ്റ്. പല മണങ്ങള്‍ക്ക് ഇടയിലൂടെ നടന്നും ഓടിയും കിടന്നും കുടിച്ചും രമിച്ചുമല്ലെ അവന്‍ ഇവിടെ ഉണ്ടായതത്രയും. നാല് മാസങ്ങള്‍ കൊണ്ടവള്‍ അപ്പോള്‍ നാലായിരം മണങ്ങള്‍ അളന്നു തിട്ടപ്പെടുത്തിയിരിക്കുന്നു. ശിവന്‍ അവളെ നോക്കി. ഭിത്തിയില്‍ നിന്ന് പൊടിഞ്ഞു വീഴാറായിരിക്കുന്ന കുമ്മായത്തിന്‍റെ പാളികള്‍ കൈകൊണ്ട് ഇളക്കി താഴെയിടുകയാണവള്‍. ശിവന്‍ പതിയെ മൂക്ക്കൂര്‍പ്പിച്ചു നോക്കി. ആ ഒറ്റ മുറി വീടിനുള്ളില്‍ അവന്‍ തന്‍റെ മണത്തിനായി പരതി. കണ്ണടച്ച് വീണ്ടും അവന്‍ ശ്വാസം ഉള്ളിലേക്ക് വലിച്ചു.

അരക്കോണത്തു നിന്നെടുക്കുന്ന സബ് അര്‍ബന്‍ ട്രെയിനിന്‍റെ വെന്‍ഡര്‍ കമ്പാര്‍ട്ട്മെന്റില്‍ നിന്നും താന്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ലേഡീസ് കമ്പാര്‍ട്ട്മെന്റിലൂടെ, റിസര്‍വ്ഡ് കമ്പാര്‍ട്ട്മെന്റിലൂടെ ട്രെയിന്‍ ഓടുന്നതിന് എതിര്‍ ദിശയില്‍ താന്‍ ഓടുകയാണ്. കാലുകള്‍ സൈക്കിള്‍ ചവിട്ടുന്ന വേഗതയില്‍ മുന്‍പോട്ടും പിന്നോട്ടും വട്ടം കറങ്ങുകയാണ്. ഒന്ന് നിന്ന് നോക്കി – അതെ ട്രെയിന്‍ ഓടുന്നുണ്ട്. കാലുകള്‍ സീറ്റിനു അടിയിയിലുള്ള ഇരുമ്പ് കമ്പിയില്‍ എവിടെയോ തട്ടിയിട്ടുണ്ട്, വേദനയുണ്ട് – അതോ വേദന അറിയുന്നുണ്ടോ – ട്രെയിന്‍ ഓടുന്ന വേഗതയില്‍ താനും ഓടുന്നത് അവന്‍ അറിയുന്നുണ്ട്. കണ്ണുകള്‍ അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതിനനുസരിച്ച് തനിക്കു ചുറ്റുമുള്ള ട്രാക്കിലൊക്കെയും നിര്‍ത്താതെ ഓടുന്ന തീവണ്ടികള്‍ ആണ് അവന്‍ കാണുന്നത്. നിരവധിയനവധി ട്രാക്കുകള്‍ – പുഴു വണ്ടികള്‍, ചൂളം വിളികള്‍, മുല്ലപ്പൂവിന്‍റെ മണം, ടാല്‍ക്കം പൌഡര്‍ന്‍റെ മണം, മഞ്ഞളിന്‍റെ മണം, നാരങ്ങ ചോറിന്‍റെ മണം, ചന്ദനത്തിന്‍റെ മണം…!

പക്ഷെ ഒരുകൂട്ടം തിരിച്ചറിയാന്‍ പറ്റുന്നതും ആവാത്തതുമായ മണങ്ങള്‍ക്കിടയില്‍ തന്‍റെ മണത്തിന് സ്ഥാനമുണ്ടാവില്ലെന്ന് അവന്‍ വിശ്വസിച്ചു.

ശിവന്‍റെ കണ്ണുകളുടെ ചലനം അവള്‍ ശ്രദ്ധിച്ചു. അവന്‍റെ നെറുകയില്‍ പതിയെ ചുംബിച്ചുകൊണ്ട് അവള്‍ അവനെ ഉണര്‍ത്തി. ട്രെയിനിന്‍റെ ഏതോ വാതിലിലൂടെ വലിച്ചെറിയപ്പെട്ട ഭാണ്ഡക്കെട്ടുകളിലൊന്നില്‍ നിന്നും ശിവന്‍ പിടഞ്ഞെണീറ്റു. അവളുടെ ഇടുപ്പില്‍ വലതു കൈ കൊണ്ട് വട്ടം ചുറ്റിപ്പിടിച്ചു നാഭിയിലെക്ക് മുഖം പൂഴ്ത്തി അവന്‍ വീണ്ടും കണ്ണുകള്‍ അടച്ചു. രാത്രിയിലേക്ക് കഴിക്കാന്‍ എന്തുണ്ടാക്കണമെന്നു അവള്‍ ആവര്‍ത്തിച്ചു ചോദിക്കുന്നത് കേട്ടിട്ടും മറുപടി പറയാനോ ഒന്ന് മുഖം ഉയര്‍ത്താനോകൂട്ടാക്കാതെ അവന്‍ കിടന്നു. അവള്‍ പെറ്റിട്ട കുഞ്ഞിനെ പോലെ ചുരുണ്ട്കൂടി ചൂട്പറ്റി വീണ്ടും ഏതോ ചൂളം വിളികള്‍ക്ക് ഇടയിലേക്ക് അവന്‍ പോയി.

“ഇങ്ങനെ കിടന്നാല്‍ എങ്ങിനെയാ? എണീക്കൂ, എനിക്ക് വിശക്കുന്നു. ആഴ്ചയില്‍ ഒരിക്കല്‍ നിങ്ങളുടെ അടുത്ത് വരുമ്പോഴാണ് വായ്ക്ക് രുചിയോടെ ഞാന്‍ എന്തെങ്കിലും തിന്നുന്നത്. ഇന്ന് കഞ്ഞിയും ഉണക്കമീന്‍ ചതച്ചതും മതി. കഞ്ഞി ഞാന്‍ ഉണ്ടാക്കാം. ശിവന്‍ ഉണക്കമീന്‍ ഉണ്ടാക്കൂ”. അവള്‍ അവനെ നേരെ പിടിച്ചിരുത്തി. ശിവന്‍ അവളുടെ കണ്പുരികങ്ങളിലേക്ക് നോക്കി. ഒരിക്കല്‍ പോലും പരുവപ്പെടുത്താത്ത രൂപത്തില്‍ കാട് പിടിച്ചു കിടക്കുന്ന കൂട്ടുപുരികങ്ങള്‍. ശിവന്‍ അവളുടെ ചുമലില്‍ പിടിച്ചു എണീറ്റു. പതുക്കെ നിവര്‍ന്നു നിന്ന് ജഗിലെ വെള്ളം ചുണ്ടോടടുപ്പിച്ചു ഒറ്റവലിയ്ക്ക് കുടിച്ചു. “ഞാന്‍ പോയി കരുവാട് വാങ്ങി വരാം, നീ കഞ്ഞി റെഡിയാക്കൂ”. ശിവന്‍ പതിയെ വാതില്‍ തുറന്നു പടിക്കെട്ടിറങ്ങി, ഫ്ലാറ്റിനു മുന്നിലുള്ള ചെറിയ പാര്‍ക്ക് കടന്ന് നടന്ന് തുടങ്ങി. ഇരുട്ട് വീണ് തുടങ്ങുമ്പോള്‍ അവിടെ ആളുകള്‍ അധികം വന്നു തുടങ്ങും. മരങ്ങള്‍ കുറവായിരുന്നിട്ട്കൂടി നിയോണ്‍ ലൈറ്റുകള്‍ക്കിടയില്‍ പകലിന്‍റെ ചൂടും ക്ഷീണവും മറക്കാന്‍ ആളുകള്‍ അവിടെ ഇടം കണ്ടെത്തിയിരുന്നു. പാര്‍ക്കിനപ്പുറത്താണ് കടകള്‍ മുഴുവന്‍. സ്ഥിരമായി സാധനങ്ങള്‍ വാങ്ങുന്ന കട അടച്ചിരുന്നു. ശിവന്‍ കുറെ കൂടി മുന്നിലേക്ക് നടന്ന്. തൊട്ടടുത്ത വീട്ടില്‍ നിന്ന് ആണെന്ന് തോന്നുന്നു, നെയ്‌ ദോശയുടെ മണം അവന്‍റെ മൂക്കിലേക്കടിച്ചു. അവള്‍ പറഞ്ഞത് ഓര്‍ത്തുകൊണ്ട് ആ ഇടവഴിയിലെ മണങ്ങളെ തിരിച്ചറിയാന്‍ ശ്രമിച്ചുകൊണ്ട് ശിവന്‍ നടന്നു. സുഗന്ധ മുറുക്കാന്‍റെ മണം, സാംബ്രാണിത്തിരിയുടെ മണം, ലോഷന്‍റെ മണം, ചീഞ്ഞ മാംസത്തിന്‍റെ മണം…

art by Nikki Shookai

ശിവന്‍ തന്‍റെ മണത്തെ കുറിച്ചാണ് പിന്നീട് ഓര്‍ത്തത് – വാടിയ വേപ്പിലയുടെ – അതെ തനിക്ക് ഒരു അവിഞ്ഞ മണമുണ്ടെന്നു അവനപ്പോള്‍ തോന്നി. പക്ഷെ ഒരുകൂട്ടം തിരിച്ചറിയാന്‍ പറ്റുന്നതും ആവാത്തതുമായ മണങ്ങള്‍ക്കിടയില്‍ തന്‍റെ മണത്തിന് സ്ഥാനമുണ്ടാവില്ലെന്ന് അവന്‍ വിശ്വസിച്ചു. വഴിയുടെ അവസാന തിരിവില്‍ ഒരു കട തുറന്നിട്ടുണ്ട്. പോക്കറ്റില്‍ തപ്പി നോക്കി മുഷിഞ്ഞതല്ലാത്ത നോട്ടുകള്‍ കടക്കാരന് കൊടുത്തു ഒരു പായ്ക്കറ്റ് കരുവാടും മൂന്നു സിഗരറ്റും വാങ്ങി ശിവന്‍ തിരിച്ച് നടന്നു. മദ്രാസില്‍ എത്തിയിട്ട് ഒന്‍പതു വര്‍ഷങ്ങള്‍ തികയുന്നു. ജീവിതത്തില്‍ കാര്യമായി ഒന്നും നേടിയിട്ടില്ല. തിരിച്ച് പോകാനോ, ചേര്‍ത്ത് വയ്ക്കാനോ പറയത്തക്ക ആരുമില്ല. അധ്വാനിയല്ല. സമ്പാദ്യമില്ല. പക്ഷെ ആ നഗരം തനിക്ക് നല്‍കിക്കൊണ്ടിരിക്കുന്ന തിരിച്ചറിവുകള്‍, അവസരങ്ങള്‍, അത് മറ്റെങ്ങു നിന്നും അവന് കിട്ടുമെന്ന് തോന്നാത്തത് കൊണ്ടാവാം മറ്റെവിടെയെക്കെങ്കിലും ട്രെയിന്‍ കയറാത്തത്. അവശേഷിപ്പുകളുടെ പങ്കു പറ്റാനോ, ഒരുപിടി അരിയിട്ട് കൂടെയിരുന്നു ഭക്ഷണം കഴിയ്ക്കാനോ ചിലപ്പോ മറ്റെവിടെയെങ്കിലുമായാല്‍ അവള്‍ കൂടി ഉണ്ടാവില്ല.

മറ്റു ചിന്തകള്‍ക്ക് കീഴ്പ്പെടതെയിരിക്കാന്‍ അവന്‍ ഒരു സിഗരറ്റിനു തീ കൊളുത്തി. പുക വലിച്ചു പുറത്തേക്കു തള്ളി. ഇടയ്ക്ക് മുഖത്തെക്ക് വീണ ചെമ്പന്‍ മുടി കൈ കൊണ്ട് വാരിയോതുക്കി. പെട്ടെന്ന്‍ മുഖത്തേക്ക് വീണ മുടിനാരുകള്‍ പിടിച്ചവന്‍ മണപ്പിച്ചു നോക്കി, പണ്ടെപ്പോഴോ അമ്മ തേച്ചു വിട്ട കാറിയ കാച്ചെണ്ണയുടെ മണം – അതെ, വേപ്പിലയിട്ട് കാച്ചിയ കാറിയ വെളിച്ചെണ്ണയുടെ മണം. അങ്ങനെയെങ്കില്‍ മദ്രാസിന്‍റെ മണങ്ങള്‍ അവിടെ എത്തിച്ചേര്‍ന്ന പലരില്‍ നിന്നും പലപ്പോഴായി വന്നു ചേര്‍ന്നതാവും.

ശിവന്‍ നടത്തത്തിന്‍റെ വേഗത കൂട്ടി. തനിയ്ക്കൊപ്പം അത്താഴത്തിനായി കാത്തിരിക്കുന്നവളോട് വെപ്പിലയുടെ മണമെങ്ങനെ വന്നുവെന്ന കഥ പറയാനായി, കരയാനായി.

Cover Photo: Christopher Dev Jose

4.5 2 votes
Rating

About the Author

Subscribe
Notify of
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Junia

നൂറുനൂറായിരം മണങ്ങൾ ❤️

[…] അവശേഷിപ്പുകള്‍ സ്വാതി കാര്‍ത്തിക്ക് എഴുതിയ അവശേഷിപ്പുകള്‍ എന്നകഥ ഇവിടെ വായിക്കാം 0 0 vote Rating […]