വിയർപ്പ് മാത്രം മണക്കുന്ന ആ മുറിയുടെ തേക്കാത്ത ചുവരുകളിൽ, റോസ ഓരോ തവണയും വാങ്ങുന്ന മെഴുകുതിരിക്കൂടിന്റെ പുറത്തുള്ള കന്യാ മറിയത്തിന്റെ ചിത്രങ്ങൾ വെട്ടിയെടുത്തു ഒട്ടിച്ചു വച്ചുകൊണ്ടിരുന്നു. ഓരോ തവണ ഇളകി പോകുന്നതിനെയൊക്കെയും മൊട്ടുസൂചി കൊണ്ടു കുത്തിത്തറച്ചു ഉറപ്പിച്ചുകൊണ്ടിരുന്നു.

ണിയണിയായി കെട്ടിനിർത്തിയ ചെമ്പരത്തി വേലിക്കപ്പുറം നിന്ന് തെറമ്മ വിളിച്ചു ചോദിച്ചു. “നീയെന്താ ഇതുവരെ വീട്ടിൽ പോകാത്തെ കൊച്ചേ?”
“ഞാൻ പോകാൻ നിക്കുവാണെ, രണ്ടു ദിവസത്തെ പൈസ ഒരുമിച്ച് ചോദിച്ചിരുന്നു. അപ്പച്ചന്‍ ഇപ്പം മാടം വരെ പോയിട്ട് വരാം എന്ന് പറഞ്ഞു, അതിന് കാത്തുനിക്കുവാണ്.”
ലൈല ശബ്ദം താഴ്ത്തി പറഞ്ഞു. തെറമ്മ ഐസ് കമ്പനിയിൽ നിന്ന് പതിവിലും താമസിച്ച് വന്നിട്ടും അവളെ അവിടെ കണ്ടതുകൊണ്ടാണ് ചോദ്യങ്ങളൊക്കെ. കടത്തിന് അക്കരെ കാത്തുനിൽക്കുന്ന തെറമ്മയ്ക്ക്,‌ കയ്യിൽ കരുതുന്ന പാക്കും പുകയിലയും ലൈല എന്നും കൊടുക്കാറുണ്ട്. തെറമ്മ മുറുക്ക് നിർത്തിയതാണ്. എന്നാലും കടത്തുവള്ളത്തിൽ ഇരിക്കുമ്പോൾ, ആളുകൾ അവരുടെ ഭർത്താവിന്റെ രണ്ടാം കെട്ടിനെ കുറിച്ചും, ചെറുക്കൻ ഓടിപ്പോയതിനെപ്പറ്റിയുമൊക്കെ കാലമെത്രകഴിഞ്ഞാലും ചോദ്യം പലതരത്തിൽ ആവർത്തിക്കുമ്പോൾ, വായില് മുറുക്കാൻ ഉണ്ടെങ്കിൽ കടുപ്പിച്ച് ഒന്നും പറയേണ്ടി വരില്ലല്ലോ. തെറമ്മയ്ക്ക് വൈകിട്ട് മുറുക്കാതിരുന്നാൽ അതുകൊണ്ടുതന്നെ, കടത്തിറങ്ങിയാല്‍ വീട് വരെ ഒരു ദൂരക്കൂടുതൽ തോന്നും. തലയ്ക്കുള്ളിൽ കനം നിറയുമ്പോൾ കാല് കോച്ചി പിടിക്കും. അത് ഈ നാട്ടുകാർക്ക് അറിയണ്ടല്ലോ. തെറമ്മയ്ക്ക്‌ നിൽക്കാൻ സമയമില്ല. പതിവിലും വൈകിയിട്ടുണ്ട്. അവരു ചെന്നിട്ട് വേണം പെറ്റു കിടക്കുന്ന പെണ്ണിനും അവരെ നോക്കാൻ നിൽക്കുന്ന ശാരദ ചേച്ചിക്കും ചേർത്ത് അത്താഴം വയ്ക്കാൻ. തെറമ്മ, കൈ കൊണ്ട് പോകുന്നു എന്ന് ആംഗ്യം കാട്ടി. “മീൻ വെട്ടണമെടി”, അവർ പോകുന്ന വഴിക്ക് വിളിച്ചുപറഞ്ഞു.

by Ave Maria

അപ്പച്ചൻ വരാൻ ഇനിയും സമയമെടുക്കുമോ. കിണറ്റിൻകരയിൽ ഇറക്കിവച്ച വീപ്പയിലേക്ക്‌ ലൈല വെള്ളം കോരി നിറച്ചു. കിണറ്റിൽ വെള്ളം നന്നേ കുറവാണ്. ഒരു വേനലും കൂടി ആ കിണർ താങ്ങില്ല. കിണറ്റിലേക്ക് ഉള്ള ഞരമ്പുകൾ ഒക്കെ ചെളിനിറഞ്ഞ് പൊന്തിയിട്ടുണ്ടാവും. “ഓരു വെള്ളം കോരി കഞ്ഞി വയ്‌ക്കേണ്ടി വരൊ ലൈലേ” എന്ന് അപ്പച്ചൻ എന്നും ചോദിക്കും. പടിഞ്ഞാറ് കളരിക്ക് മുമ്പിൽ പഞ്ചായത്ത് പൈപ്പുണ്ട്. കുടിവെള്ളത്തിന് ഇപ്പോഴും പുറത്തുനിന്ന് വെള്ളമെടുക്കാൻ അപ്പച്ചൻ സമ്മതിക്കില്ല. ശീലങ്ങൾ!
ഏത്, 70 കഴിഞ്ഞ കിളവന്റെ ദുശ്ശീലങ്ങൾ എന്നുവേണം പറയാൻ. ലൈല ഗേറ്റിലേക്ക് ഉള്ള വഴിയിലെ വിളക്ക് തെളിച്ചു.
ലൈലയുടെ വീട് തുരുത്തിന് അക്കരെയാണ്. അക്കരക്കരയിലെ ആത്മാഭിമാനമുള്ള പെണ്ണുങ്ങൾ തുരുത്തിൽ ആരുടെയും അടുക്കളപ്പണിക്ക് പോവില്ല എന്ന് നാട്ടുകാർ പറയും. കടത്തിൽ ഉള്ളവർക്ക് അങ്ങനെ ലൈലയുടെ മങ്ങിയ മജന്ത സാരിയും, മുതുകിലെ വലിയ മുറിവും ഒക്കെ എന്നും കഥകളാണ്. ഈ കടത്തുവള്ളം ശരിക്കും ഓരോ ദിവസവും, ലൈല ഉൾപ്പെടെയുള്ള ഒരു നൂറ് പെണ്ണുങ്ങളുടെ കഥകളെ അക്കരയ്ക്കും ഇക്കരയ്ക്കും ചുമക്കുന്നുണ്ട്. ഇനിയും വൈകിയാൽ കടത്ത് കിട്ടില്ല. ഇരുട്ട് പടർന്നാൽ കടത്തിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ നാട്ടിലെ ഗതി കിട്ടാതെ അലയുന്ന ആണുങ്ങൾ ആത്മാക്കളായും അല്ലാതെയും പിന്നാലെ വരും. ചിന്തിച്ച് നിൽക്കേ, ലൈലയ്ക്ക്‌ ദൂരെ നിന്ന് ജീപ്പിന്റെ ശബ്ദം കേൾക്കാനായി. തേയ്മാനം സംഭവിച്ച ടയർ മെറ്റൽ പാകിയ വഴിയിലൂടെ കയറിയിറങ്ങി വരുന്നതിന്റെ ഞെരുക്കം അപ്പച്ചന് ഒഴികെ എല്ലാവർക്കും അരോചകമാണ്. സൈക്കിൾ എടുത്തു പോകേണ്ട ദൂരത്തേക്ക് പോലും, ആ ജീപ്പിലേ അയാൾ പോകാറുള്ളൂ. അപ്പച്ചനും കുടുംബവുമൊക്കെ കണ്ണൂരിൽ നിന്നും വന്നു താമസമാക്കി പ്രമാണികൾ ആയവരാണ്. പക്ഷെ സൈക്കിളിലായാലും ജീപ്പിലായാലും തുരുത്തുകാർക്കും അടുപ്പക്കാർക്കും, അയാൾ ഇപ്പഴും ഔത പെലയനാണ്. ഔതയുടെ ഭാര്യ തങ്കി ചങ്ങനാശ്ശേരിയിലെ വലിയൊരു തടി മില്ലുകാരുടെ കുടുംബത്തിലെ ഒരേ ഒരു പെണ്ണായിരുന്നു. ക്യാൻസർ വന്നു മരിക്കുമ്പോഴും അവരുടെ ചന്തമൊക്കെ ഔതയെ പോലെ നാട്ടുകാർക്കും അത്ഭുതമായിരുന്നു. ഔതയും അയാളുടെ അപ്പനുമൊക്കെ നാട് വിട്ട് ഓടി വന്ന്‌ എല്ലുമുറിയെ പണിയെടുത്തു ഉണ്ടാക്കിയതാണിതൊക്കെ. കെട്ട് മേടിച്ചു ചെമ്മീൻ വളർത്തുന്നതിന് മുൻപ്, കഴുത്തൊപ്പം ഓര് വെള്ളത്തിൽ അടിവസ്ത്രം മാത്രമിട്ടു തലയിൽ ഒരു കെട്ടും കെട്ടി, പകലന്തിയോളം വെയിലും മഴയും കൊണ്ട് കക്കാ വാരിയ ചരിത്രമുണ്ട് അയാൾക്ക്.

ലൈലക്കായി അവൾ ഒന്നും വാങ്ങിയിട്ടില്ല. വിശപ്പിനു പോലും ലൈലയെ തുളച്ചു കടന്നു പോകാനായിട്ടില്ല. ദൂരമെത്ര നടന്നാലും ഉപ്പിട്ട് ഒരു സോഡാ കുടിക്കുന്നതിനെ കുറിച്ചു അവൾ ചിന്തിക്കുക പോലുമുണ്ടായിരുന്നില്ല.

ജീപ്പ് മുറ്റത്തേക്ക് വന്നു നിന്നു. ലൈല മഞ്ഞ സാരിയുടെ തലപ്പ് വലിച്ചു ചുമലിലേക്ക് ഇട്ടു. “അപ്പച്ചാ, നേരം വൈകുവാണ്. വെള്ളം കോരി വച്ചിട്ടുണ്ട്. ഞാൻ രാവിലെ ചോദിച്ച കാശ് – അതും കൂടെ കിട്ടുവാരുന്നേൽ കടത്തു പൂട്ടുന്ന മുന്നേ എനിക്ക് പോകാനാരുന്നു”. ഔത തന്റെ ഷർട്ടിന്റെ മടക്കി വച്ച കൈ നിവർത്തി അതിൽ നിന്നും ഒരു നൂറിന്റെ നോട്ട് എടുത്തു കൊടുത്തുകൊണ്ട് പറഞ്ഞു, “വരുന്ന വഴിക്ക് ഒരാൾക്ക് ഇച്ചിര പൈസ കൊടുക്കേണ്ടി വന്നു. മിച്ചം ഇതേ ഒള്ളു. ഇത് പോരെ ലൈലാമ്മയ്ക്ക്?”
പോരാ, പോരാ എന്ന് തലയിൽ നൂറാവർത്തി അവൾ നിലവിളിക്കുന്നുണ്ട്. പക്ഷെ ലൈലയുടെ ചുണ്ടുകൾ ചലിച്ചില്ല. ഔതയെന്നല്ല, ഒരു ആണുങ്ങൾക്ക് മുൻപിലും ലൈലയുടെ ചുണ്ടുകൾ ചലിച്ചിട്ടില്ല. ചെവികൾക്ക് പിന്നിൽ ഓടുന്ന ഞരമ്പുകൾക്ക് കനം വച്ചത് പോലെ തോന്നി ലൈലയ്ക്ക്. ഇന്നത്തേയ്ക്ക് ആ കാശ് കിട്ടിയിട്ട് ചെയ്യാൻ കരുതിയ കാര്യങ്ങളുണ്ട്. തനിക്കായി ഒന്നും വാങ്ങാനാല്ല. ലൈലക്കായി അവൾ ഒന്നും വാങ്ങിയിട്ടില്ല. വിശപ്പിനു പോലും ലൈലയെ തുളച്ചു കടന്നു പോകാനായിട്ടില്ല. ദൂരമെത്ര നടന്നാലും ഉപ്പിട്ട് ഒരു സോഡാ കുടിക്കുന്നതിനെ കുറിച്ചു അവൾ ചിന്തിക്കുക പോലുമുണ്ടായിരുന്നില്ല. ലൈല രാവ് വെളുപ്പിച്ചു തയ്യൽ മെഷീൻ ചവിട്ടുന്നതും, അതി രാവിലെ തൊണ്ട് തല്ലാൻ പോകുന്നതും, തിരിവ് കക്കാ പേറ്റി നാഴിക്ക് ഇരുപത് രൂപയ്ക്ക് വിൽക്കുന്നതുമൊക്കെ അവളും മകളും ഉറങ്ങുന്ന കൂര കയ്യിൽ നിന്ന് പോകാതെയിരിക്കാനാണ്. ജീവിതത്തിൽ സ്വന്തമായിട്ടുള്ളതും എന്നാൽ ഇന്നോളം സ്വന്തമാണെന്നു തോന്നാത്തതുമായ ആ വീടിന് അകവും പുറവും ആകെയുള്ളത് കടവും പലിശയുമായുള്ള മൽപ്പിടുത്തമാണ്. അതിനിടയിൽ ലൈലക്ക് ചേർത്ത് നിർത്താൻ ആകെ ഉള്ളത് റോസ മാത്രമാണ്. റോസ എന്നും കാലത്ത് എണീറ്റു കട്ടനിടും. മുറ്റമടിക്കും. തൊണ്ട് തല്ലി വരുന്ന ലൈലയ്ക്കായി കഞ്ഞിവെള്ളം പകർന്നു വയ്ക്കും. ഇട്ടു മുഷിഞ്ഞ ഉടുപ്പുകളുടെ കീറലുകൾക്ക് മുകളിൽ പൂക്കൾ തുന്നി ചേർക്കും. റോസ ഒരിക്കലും ലൈലയോട് എന്തെങ്കിലും അവശ്യപ്പെട്ടിട്ടു പോലുമില്ല. കടവും പ്രാരാബ്ധങ്ങളുമൊഴിഞ്ഞ, പണി എടുക്കാതെ വിശ്രമിക്കുന്ന അമ്മച്ചിയെ കണ്ടാൽ മതിയെന്ന് അവൾ എന്നും രാത്രി ലൈലയോട് പറയും. വിയർപ്പ് മാത്രം മണക്കുന്ന ആ മുറിയുടെ തേക്കാത്ത ചുവരുകളിൽ, റോസ ഓരോ തവണയും വാങ്ങുന്ന മെഴുകുതിരിക്കൂടിന്റെ പുറത്തുള്ള കന്യാ മറിയത്തിന്റെ ചിത്രങ്ങൾ വെട്ടിയെടുത്തു ഒട്ടിച്ചു വച്ചുകൊണ്ടിരുന്നു. ഓരോ തവണ ഇളകി പോകുന്നതിനെയൊക്കെയും മൊട്ടുസൂചി കൊണ്ടു കുത്തിത്തറച്ചു ഉറപ്പിച്ചുകൊണ്ടിരുന്നു. മെഴുകുതിരി കൂടിലെ കന്യാ മറിയത്തിനും, ലൈലക്കും ഒരേ ഛായ ആണെന്ന് റോസ വാദിക്കും.
“അമ്മച്ചിക്കേ മാതാവിന്റെ ഭംഗിയാണ്. കണ്ണിൽ എപ്പഴും ഉറക്കം ആണെന്നെയുള്ളു. നീല സാരി ഉടുത്താൽ അമ്മച്ചി മാതാവിനെ പോലെ തന്നെയാ.” ലൈല അപ്പോൾ അവളുടെ പിന്നിയിട്ട മുടിയിൽ പിടിച്ചു വലിക്കും. “റോസമ്മയ്ക്ക് മാതാവും അൽഫോൻസാമ്മയുമൊക്കെ ഈ ലൈലാമ്മയല്ലോ – ആമേൻ!”

താൻ കർത്താവിന്റെ പ്രിയപ്പെട്ടവളല്ല – കർത്താവിന്റെ ആരുമല്ല. ഒരുപക്ഷെ കർത്താവിനു താനുണ്ടെന്നു പോലും അറിയില്ലായിരിക്കാം. അല്ലങ്കിൽ ഈ സമയം വരെ കാത്തു നിന്നിട്ട് ഒരു നൂറു രൂപ കൂടി കൂടുതൽ കിട്ടാത്തത് എന്താവും.

ഔത വച്ചു നീട്ടിയ നൂറ് രൂപ കണ്ടിട്ട് ലൈലയുടെ ഉള്ളു കാളി. “നാളെ ഞായറാഴ്ച്ചയാണ് അപ്പച്ചാ, ഞാൻ നാളെ വരുകേലാ, കൊച്ചിന്റെ പെറന്നാളാണ്. അതിനൂടെ ചേർത്താണ് ഞാൻ ആ പൈസ ചോദിച്ചത്”, കാശ് മേടിച്ചുകൊണ്ട് ലൈല പറഞ്ഞു. ഔത കാര്യമായി എന്തൊക്കെയോ ജീപ്പിൽ നിന്ന് താഴെയിറക്കുകയാണ്. രണ്ട് മൂന്ന് ചൂരൽകൊട്ടകളും, തൂമ്പായും പിന്നെ ഒരു സഞ്ചിയും. “ലൈലാമ്മോ ഞാൻ പറഞ്ഞത് നീ കേട്ടില്ലേ, ഇന്നെന്റെ കയ്യിൽ ഇതേ വന്നൊള്ളു, നാളെയാണേൽ പള്ളീൽ ഇച്ചിരി പൈസ കൊടുക്കാനുണ്ട്. കർത്താവിനുള്ളത് നിനക്ക് തരാമെന്നു വച്ചാ നീ കർത്താവിന്റെ ആരെലുമാണോ?” ലൈലയുടെ ഉള്ളിലാകെ കത്തിച്ചു വച്ച മെഴുകുതിരികളും, കന്യാമറിയത്തിന്റെ ചിത്രങ്ങളും തെളിഞ്ഞു. താൻ കർത്താവിന്റെ പ്രിയപ്പെട്ടവളല്ല – കർത്താവിന്റെ ആരുമല്ല. ഒരുപക്ഷെ കർത്താവിനു താനുണ്ടെന്നു പോലും അറിയില്ലായിരിക്കാം. അല്ലങ്കിൽ ഈ സമയം വരെ കാത്തു നിന്നിട്ട് ഒരു നൂറു രൂപ കൂടി കൂടുതൽ കിട്ടാത്തത് എന്താവും. അത് തറപ്പിച്ചു ചോദിക്കാൻ തനിക്ക് ധൈര്യമില്ലാത്തത് എന്തായിരിക്കും. ലൈലയ്ക്ക് കർത്താവിനെ അറിയില്ല. കർത്താവിന് ലൈലയെയും. അല്ലെങ്കിൽ ജീവനുള്ളത് കർത്താവിനും, ജീവനില്ലാത്തത് ലൈലയ്ക്കുമാവും. നൂറ് ചിന്തകൾക്ക് ഇടയിൽ നിൽക്കുന്ന അവളുടെ കയ്യിലേക്ക് ഔത ആ സഞ്ചി വച്ചു നീട്ടി. “നീയൊരു കാര്യം ചെയ്യ്, ഇന്നിപ്പോ ഇത്രേം താമസിച്ചില്ലേ, കൊണ്ടു വിടാൻ ഞാൻ സൈമണോട് പറയാം. നീയിത് പെട്ടെന്ന് കറിയാക്ക്. നാളെ നീയില്ലങ്കിൽ പിന്നെ ഇത് കളയാനെ ഒക്കൂ. കാശ് കൊടുത്തു മേടിച്ചിട്ടു കളയുന്നതൊക്കെ ദൈവത്തിനു നെരക്കത്തില്ല. നീയിത് വേഗം കഴുകി കറിയാക്ക്.” അവൾ എന്തെങ്കിലും പറയും മുൻപേ സഞ്ചിയും ഏൽപ്പിച്ചു ഔത അടുക്കളപ്പുറത്തേക്ക് നടന്നു. നാളത്തെ ദിവസത്തിലേക്ക് ഇന്നേ കണക്കുകൂട്ടുന്നത് അവൾ മാത്രമല്ലല്ലോ ലോകത്ത്.

by Jakub Exner Zoombies

റോസ ജനിച്ചിട്ട് ആകെ രണ്ട് തവണയാണ് അവൾക്ക് ഒരു കേക്ക് മുറിക്കാൻ എങ്കിലും പറ്റിയ ജന്മദിനം ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ പിറന്നാളിന് നല്ലൊരു ഉടുപ്പ് ഇല്ലാത്തത് കൊണ്ട് സ്‌കൂൾ യൂണിഫോമിട്ടാണ് ലൈലയ്ക്ക് ഒപ്പം അവൾ തുരുത്തിലേക്ക് വന്നത്. വരുന്ന വഴിക്ക് എല്ലാം ആളുകൾ അവളോട് “സ്‌കൂൾ ഇല്ലേ കൊച്ചേ” എന്ന് ചോദിച്ചപ്പോഴൊക്കെ, “ഞാൻ എന്നുമൊന്നും സ്‌കൂളിൽ പോകത്തില്ല, ഞാൻ ഇല്ലേലും അവിടെ ക്ലാസ് ഒക്കെ നടക്കും” എന്ന് റോസ മറുപടി കൊടുത്തു. കടത്തു കയറി അക്കരെ എത്തിയപ്പോ തെറമ്മ അഞ്ചു രൂപ എടുത്തു അവളുടെ തലയ്ക്ക് ഉഴിഞ്ഞു കയ്യിൽ കൊടുത്തു. “ഇത് പള്ളീൽ ഇടണം.” വേറെയൊരു അഞ്ചു രൂപ കൂടി കൊടുത്തിട്ട് “ഇതിന് നീ ഇച്ചിരി കരി വാങ്ങി കണ്ണ് എഴുത്” എന്നും പറഞ്ഞു. റോസ ആ പത്തു രൂപയും ചേർത്തു വച്ചു പുതിയ നിറത്തിൽ ഉള്ള കമ്പിളി നൂല് മേടിക്കാനായുള്ളതായി എന്നു പറഞ്ഞു ചിരിച്ചു. റോസ അന്നും ഒന്നും ചോദിച്ചിരുന്നില്ല. പിറന്നാളുകൾ ആഘോഷിക്കാൻ പോയിട്ട്, ഓർമിച്ചു വയ്ക്കുന്നത് പോലും അവർക്കിടയിൽ ബാധ്യതയാകും എന്ന് റോസയ്ക്ക് അറിയാമായിരുന്നു. അനേകം കുഞ്ഞു നക്ഷത്രങ്ങളിൽ ഒന്നു പോലും താഴേക്ക് പൊട്ടി വീണ് അവളിൽ അനുഗ്രഹം നിറയ്ക്കുമെന്നു റോസ സ്വപ്നം കണ്ടിട്ടില്ല. പഠിക്കുന്ന പുസ്തകങ്ങൾക്ക് പോലും പുറംചട്ടകൾ ഇല്ലായിരുന്നു. പാതി ജീവിതവും തനിക്ക് വേണ്ടി ജീവിക്കുന്ന ലൈലാമ്മക്ക് കൈസഹായമാവുകയെന്നല്ലാതെ മറ്റൊരു പ്രത്യേകതകളും ജന്മദിനങ്ങൾക്ക് പോലും ഇല്ലായിരുന്നു.

by Muhammed Sajid

കഴിഞ്ഞ കൊല്ലം റോസയുടെ പിറന്നാളിന് തങ്കി ചേടത്തിയുണ്ടായിരുന്നു. റോസയെ കണ്ടയുടനെ മുറ്റത്ത് ഉണക്കാനിട്ട കൊപ്രയുടെ ഒരറ്റം പൊട്ടിച്ചു ചേടത്തി അവൾക്ക് കൊടുത്തു. അവൾക്ക് തങ്കി ചേടത്തിയേയും അവരുടെ ഉജാല മുക്കിയ ചട്ടയും മുണ്ടുമൊക്കെ വലിയ കാര്യമായിരുന്നു. ചേടത്തിയുടെ ചട്ടയിൽ ചെറിയ കുഞ്ഞു പൂക്കൾ അവൾ തുന്നി കൊടുത്തു. അവരുടെ കൂടെ പ്രാവിനെ പറത്താനും, പടവലത്തിന് പടങ്ങു കെട്ടാനുമൊക്കെ റോസ കൂടി. അന്ന് ഉച്ചയ്ക്ക് തേങ്ങാ വറുത്തരച്ച ആട്ടിറച്ചിക്കറി ആയിരുന്നു ഊണിന്. ആ കറിയുടെ രുചിക്കൂട്ട് ചേടത്തി ലൈലക്ക് മാത്രമാണ് പറഞ്ഞു കൊടുത്തിരുന്നത്. തേങ്ങായും, തക്കോലവും, പെരുംജീരകവും, പട്ടയും, രണ്ട് കുഞ്ഞുള്ളിയും ചേർത്തു വറത്തെടുത്തു പാകമാവുമ്പോൾ, വറുത്തു വച്ച മല്ലിയും, പിരിയൻ മുളകും, കറിവേപ്പിലയും ചേർത്തു അമ്മിയിൽ അരയ്ക്കണം. ആ കൂട്ടിലെ രഹസ്യ ചേരുവ, കടുകാണ്. പച്ചക്കടുക് അരച്ചത് കൂടി ചേർത്ത്, ഇറച്ചിക്കുള്ള അരപ്പ് തിളപ്പിക്കുമ്പോ വാസന രണ്ടു കണ്ടം അപ്പുറത്തടിക്കും. ചേടത്തിയുടെ മേൽനോട്ടത്തിൽ നിരവധി തവണ അട്ടിറച്ചിയും എല്ലുമൊക്കെ ഇങ്ങനെ വരുത്തരച്ചു ലൈല അവർക്കും ഔതയ്ക്കുമായി വിളമ്പിക്കൊണ്ടിരുന്നതല്ലാതെ, അതിൽ നിന്ന് ഒരു കഷണം പോലും അവൾ രുചിച്ചു നോക്കിയിട്ടില്ല. ഉപ്പ് നോക്കാൻ കൈവെള്ളയിൽ പകരുന്ന ചാറിന്റെ രുചിയിൽ ലൈലയ്ക്ക് കണ്ണ് നിറയും. ആട്ടിറച്ചി കഴിക്കാത്ത മുപ്പത് കഴിഞ്ഞ പെണ്ണാണ് താനെന്ന് അവൾ ഓർക്കും. കഴിഞ്ഞ കൊല്ലം അങ്ങനെ, ഉച്ചക്ക് ചോറു വിളമ്പിയപ്പോഴാണ് റോസ അവളുടെ പിറന്നാൾ ആണെന്ന് ചേടത്തിയോട് പറഞ്ഞന്ന് ലൈല അറിയുന്നത്. ചേടത്തി ഒരു ചെറിയ സ്റ്റീൽ പ്ളേറ്റിൽ അല്പം ചോറും, ഇറച്ചിക്കറിയുടെ കൊഴുത്ത ചാറും, ഇത്തിരി തോരനും കൂടി വിളമ്പി റോസയ്ക്ക് കൊടുത്തു. അത്ഭുതമൊന്നും തോന്നാത്ത കണ്ണുകളുമായി റോസ പ്ളേറ്റും എടുത്തു കിണറ്റിൻ കരയിലേക്ക് പോയി. ചോറും കറിയും വാരി തിന്നുന്ന നേരത്തു അടുത്തേക്ക് വന്ന പൂച്ചയെ അവൾ കൈ വീശി ഓടിച്ചു. “ഇതെന്റെ പിറന്നാളിന്റെ പങ്കാണ്. കൊല്ലം കൂടി കിട്ടുന്നതാണ്. അപ്പോഴാ, എന്നും എറച്ചി തിന്നുന്ന നീ എന്നോട് ഇതിന്ന് ഒരു ഭാഗം ചോദിക്കുന്നെ.” അടുക്കളയുടെ ചെറിയ ജനലിലൂടെ ലൈല റോസയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. അട്ടിറച്ചിയുടെ രുചി എന്താണെന്ന് അറിയാത്ത പന്ത്രണ്ടു വയസുകാരി.

കയ്യിലെ മുറിവിലൂടെ മുളക് കയറുന്നതിനും മുന്‍പേ ലൈലയുടെ കണ്ണ് നിറഞ്ഞിരുന്നു.

സഞ്ചിയുമായി ലൈലയും ഔതയുടെ പിന്നാലെ നടന്നു. കിണറ്റിന്‍കരയില്‍ വച്ച് സഞ്ചി തുറന്നു നോക്കി. എല്ലോടു കൂടിയ ആട്ടിറച്ചിയാണ്. ഇപ്പൊ വെട്ടിയത്. മാംസത്തില്‍ നിന്നുള്ള ചൂട് ലൈലയുടെ മുഖത്തടിച്ചു. അവള്‍ സാവധാനം ഇറച്ചി ഒരു മണ്‍ചട്ടിയിലേക്ക് മാറ്റി. അടുക്കളിയില്‍ നിന്ന് മഞ്ഞളും കല്ലുപ്പും ഒരു പാത്രത്തിലിട്ടു കൊണ്ട് വന്ന് ഇറച്ചിയിലാകെ തേച്ചു പിടിപ്പിച്ചു. വെള്ളം കോരിയൊഴിച്ചു നാലഞ്ച് തവണയായി അവള്‍ ഇറച്ചി കഴുകി. ഓരോ തവണ ഇറച്ചി കഴുകുമ്പോഴും ആടിന്‍റെ മുഷ്ക് മണം അവളുടെ കയ്യിലും ദേഹത്തും പടര്‍ന്നു. അവള്‍ റോസയെ കുറിച്ച് ഓര്‍ത്തു. ഇന്നലെയാണ് റോസ ആദ്യമായി ഒരു കാര്യം ആവശ്യപ്പെടുന്നത്. “കഴിഞ്ഞ പിറന്നാളിന് അമ്മച്ചിയുണ്ടാക്കിയ ആട്ടിറച്ചിക്കറിയില്ലേ – അത് നമുക്ക് വീട്ടില്‍ ഉണ്ടാക്കണം. അതിന്റെ ചാറിന്‍റെ എരിവും നെയ്യും ഇപ്പഴും എന്‍റെ നാവിലുണ്ട്. ഒരു തവണ എങ്കിലും നമ്മക്ക് അത് വീട്ടില്‍ ഉണ്ടാക്കണം അമ്മാ. പള്ളിയില്‍ പോയിട്ട് വന്നു ചൂട് ചോറും കറിയും കൂടി പിറന്നാല്‍ ഉണ്ണണം.”
“ഒരിക്കല്‍ നാവില്‍ പിടിച്ചാല്‍ പോകാത്ത രുചിയാണ് അത്. നമ്മക്ക് അത് എപ്പോഴും തിന്നാന്‍ ഒക്കുകേല പോന്ന്വോ.” ലൈല പറഞ്ഞു.
“അതിനു അമ്മച്ചി ആട്ടിറച്ചി തിന്നിട്ടുണ്ടാ?”
“ഇല്ല.” ആട്ടിറച്ചി തിന്നാത്ത മുപ്പതിരണ്ടു വയസുകാരി, ആട്ടിറച്ചി തിന്നാത്ത പതിമൂന്നു വയസുകാരി.

by RENDALF FERLAENDR

അന്‍പത് രൂപയെങ്കിലും അധികം കിട്ടിയിരുന്നെങ്കില്‍ നാളെ ലൈലയ്ക്ക് അരക്കിലോ ഇറച്ചി മേടിക്കനെങ്കിലും തികഞ്ഞെനെ. ഇറച്ചി മാത്രം പോരല്ലോ – എണ്ണയും, തേങ്ങയും, കൂട്ടും അങ്ങനെ എല്ലാം വേണമല്ലോ. നാളത്തെ ദിവസം എങ്ങനെ തുടങ്ങുമെന്നും, തീരുമെന്നും ആലോചിച്ചപ്പോള്‍ ലൈലയ്ക്ക് കണ്ണില്‍ ഇരുട്ട് കയറി. തേങ്ങ ചിരവുന്നതിന് ഇടയില്‍ അവളുടെ കൈ മുറിഞ്ഞു. ചോര ഈമ്പി കുടിച്ചു അവള്‍ തേങ്ങാ വറുത്തു. പിന്നെ അമ്മിയിലിട്ടു അരച്ച് തുടങ്ങി. കയ്യിലെ മുറിവിലൂടെ മുളക് കയറുന്നതിനും മുന്‍പേ ലൈലയുടെ കണ്ണ് നിറഞ്ഞിരുന്നു. ഒന്നും ചെയ്യാനാവാത്ത തന്‍റെ വിധിയോര്‍ത്തു അവള്‍ സ്വയം പ്രാകി. അമ്മി കഴുകിയ വെള്ളം ഓവിലൂടെ ഒഴുകി താഴെയിരുന്ന പൂച്ചയുടെ മേല്‍ വീണു. അസ്വസ്തയോടെ അത് മുരണ്ടു. എതിര്‍പ്പും അമര്‍ഷവും കാണിക്കാന്‍ പൂച്ചകള്‍ക്ക് പോലും സാധിക്കുന്ന ഈ ലോകത്ത് ഏതേലും വീടിന്‍റെ ഇറയത്തിരുന്നു കണ്ണീരു തുടയ്ക്കുന്ന തന്നോട് ലൈല കലഹിച്ചു. ആദ്യമായി അവള്‍ അവളോട് തന്നെ തര്‍ക്കിച്ചു. അടുക്കളയിലെ ചൂടില്‍ ലൈല വിയര്‍ത്തു കുളിച്ചു. ദേഹത്താകെ മാംസത്തിന്റെ മണം. അടുപ്പില്‍ കറി തിളച്ചു കൊണ്ടിരിക്കുന്നു. വേവില്ലാത്ത നല്ല മയമുള്ള ഇറച്ചി. മസാലയുടെയും വെളിച്ചെണ്ണയുടെയും അരപ്പിന്‍റെയും മണമങ്ങനെ പൊങ്ങി വന്നു. ലൈല കറിയുടെ രുചി നോക്കിയില്ല. ഇറച്ചി വെന്തെന്ന് ഉറപ്പു വരുത്തി, ഒരു പിടി വേപ്പിലയും പച്ചക്കടുക് അരച്ചതും കൂടി ചേര്‍ത്ത് കറി ഒന്നുകൂടി ഇളക്കി. കറി കുറുകി വന്നെന്നു കണ്ടപ്പോള്‍ സാവധാനം അത് പാതകത്തിലേക്ക് മാറ്റി വച്ചു.

by Muhammed Sajid

കഴുത്തിലും പുറത്തുമൊക്കെ ഒലിച്ചിറങ്ങുന്ന വിയര്‍പ്പ് പോലും തുടയ്ക്കാതെ അവള്‍ വെളിയിലേക്ക് ഇറങ്ങി. സൈമണ്‍ ഉമ്മറത്തിരുന്നു റേഡിയോയില്‍ എന്തോ കേള്‍ക്കുകയാണ്. “ സൈമാ.. പോകാം… അപ്പച്ചാ, കറി ഇറക്കി വച്ചിട്ടുണ്ട്. ഞാന്‍ നാളെ വരുകേല.” – ലൈല വിളിച്ചു പറഞ്ഞു. ടോര്‍ച്ചു തെളിയിച്ചു സൈമണ്‍ ലൈലയുടെ മുന്നിൽ നടന്നു. സൈമണ് ഒപ്പം നടക്കാതെ രണ്ടാള്‍ ദൂരം വിട്ട് ലൈല വേച്ചു നടന്നു. ലൈലയുടെ കരച്ചില്‍ അവള്‍ മാത്രം അറിയേണ്ട കാര്യമാണ്. രാത്രി വഴി നടക്കുന്നവര്‍ക്ക് ഒന്നും അതൊരു വര്‍ത്തമാനം പോലും ആയിക്കൂടാ. ഇരുട്ട് കീറി സൈമണ്‍ന്‍റെ വള്ളം അക്കരെയെത്തി.
“നീ തന്നെ പോകുവോ?” അവന്‍ ചോദിച്ചു.
“ആ, പോയ്ക്കോളാം.” ലൈല പറഞ്ഞു.
“ഞാന്‍ വന്നേനെ, പക്ഷെ നിനക്ക് ഈ ചോരയുടെയും ഇറച്ചിയുടെയും ഒരു വാട, അത് അടിച്ചിട്ട് എനിക്ക് ഓക്കാനം വരുന്നു. ങാ, വേഗം ഓടി പൊയ്ക്കോണം.” ലൈല ഒന്നും പറഞ്ഞില്ല. വള്ളത്തില്‍ നിന്നും കടവിലേക്ക് ഇറങ്ങി, ഒരു കൈ വെള്ളം ആറ്റില്‍ നിന്ന് കോരി അവള്‍ മുഖം കഴുകി, ചെരുപ്പ് ഊരി കയ്യില്‍ പിടിച്ചു വീട്ടിലേക്ക് ഓടി.

അണ്ടാവിലെ വെള്ളം മുഴുവനായി അവള്‍ തലയിലേക്ക് വാരി. കുളിമുറിക്ക് മുന്‍പില്‍ അപ്പോള്‍ വെള്ളം തെറിച്ചു വീണ ഒരു പൂച്ചയുടെ ആത്മാവ് അവള്‍ക്ക് നേരെ മുറുമുറുത്തു കൊണ്ട് ചാടി.

റോസ അമ്മച്ചിയെ കാണാതെ വാതില്‍പ്പടിയില്‍ തന്നെ ഇരിപ്പുണ്ട്. കറണ്ടില്ല. അകത്തു കത്തിച്ച മെഴുകുതിരിയുടെ വെളിച്ചം റോസയുടെ തലക്ക് ചുറ്റും പ്രഭാ വലയം പോലെ തെളിഞ്ഞു നിന്നു. “അമ്മച്ചി എന്നാ പണിയാ ഈ കാണിക്കുന്നെ. വൈകുമ്പോ എനിക്ക് ഇവിടെ ആധി കയറുമെന്നു അറിയാന്‍ മേലെ.” റോസ കയര്‍ത്തു. അറിയാവുന്ന ഭാഷയില്‍ ഒന്നും അവള്‍ക്കിപ്പോ മറുപടി കൊടുക്കാന്‍ തന്നെ കൊണ്ടാവില്ലല്ലോ. അവള്‍ കിതച്ചു കൊണ്ട് കയ്യിലിരുന സഞ്ചി റോസയുടെ കയ്യില്‍ കൊടുത്തു. “എന്തായിത്?” അവള്‍ പയ്യെ സഞ്ചി തുറന്നു. “ഓ അമ്മച്ചി ആട്ടിറച്ചി മേടിക്കാന്‍ പോയതാണോ ഇത്ര താമസിച്ചത്!? ഇത് നാളെ രാവിലെ മേടിച്ചാല്‍ പോരായിരുന്നോ?” ലൈല ഒന്നും പറയാതെ കുളിമുറിയിലേക്ക് പോയി. തേച്ചു ഉരച്ചു കഴുകിയിട്ട് കയ്യില്‍ നിന്ന് ചൂട് ചോരയുടെയും മാംസത്തിന്‍റെയും മണം മാറുന്നില്ലെന്ന് അവള്‍ക്ക് തോന്നി. റോസ അടുക്കളയില്‍ നിന്ന് ഉച്ചത്തില്‍ വിളിച്ചു ചോദിക്കുകയാണ്, “അമ്മച്ചി ഇത് മഞ്ഞള്‍ ഇട്ട് കഴുകിയ ഇറച്ചി ആണല്ലോ, ഞാന്‍ ഇനി ഇത് വീണ്ടും കഴുകണോ?” ചോദ്യം കേട്ട് ലൈലയുടെ കാലിന്റെ വിരലുകള്‍ വരെ മരവിച്ചു. അണ്ടാവിലെ വെള്ളം മുഴുവനായി അവള്‍ തലയിലേക്ക് വാരി. കുളിമുറിക്ക് മുന്‍പില്‍ അപ്പോള്‍ വെള്ളം തെറിച്ചു വീണ ഒരു പൂച്ചയുടെ ആത്മാവ് അവള്‍ക്ക് നേരെ മുറുമുറുത്തു കൊണ്ട് ചാടി.

പിറ്റേന്നു, പള്ളിയില്‍ നിന്ന് വന്ന റോസയും ലൈലയും ചൂട് ചോറും വറുത്തരച്ച ആട്ടിറച്ചി കറിയും കഴിക്കാന്‍ പായ വിരിച്ചു നിലത്തിരുന്നു.
തുരുത്തിലെ ബംഗ്ലാവില്‍ ഔതയുടെ തൊണ്ടക്കുഴിയിലപ്പോള്‍ ഒരു പൂച്ചയുടെ രോമം വളർന്നിറങ്ങി.
അന്നന്ന് വേണ്ട ആഹാരം എന്നും ഞങ്ങള്‍ക്ക് തരണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിക്കുന്നത് പോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോട് ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനങ്ങളിൽ ഉൾപ്പെടുത്താതെ കാക്കണേ, തിന്മയിൽ നിന്നു കാത്തു രക്ഷിക്കണേ, ആമേൻ!

സ്വാതി കാര്‍ത്തിക്ക് എഴുതിയ അവശേഷിപ്പുകള്‍ എന്നകഥ ഇവിടെ വായിക്കാം
4.4 10 votes
Rating

About the Author

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
സരോജ് എസ്സ്. വി

👌👌