അനിൽ ദുഃഖിതനായിരുന്നു. ഒടുവിലുള്ള ആ പോസ്റ്റുകൾ കണ്ടപ്പോൾ അന്നു പറഞ്ഞതും പറയാതിരുന്നതും തെളിഞ്ഞുവന്നു. എന്നാൽ ഏതോ വന്യസ്ഥലങ്ങളിൽ സന്തുഷ്ടനുമായിരുന്നു. ആഘോഷപ്രിയനായിരുന്നു.

സംവിധായകന്‍ മനു. പി. എസ്സ്. നടന്‍ അനില്‍ പി. നെടുമങ്ങാടിനെ ഓര്‍ക്കുന്നു.

(വൈകിട്ട്)

നിൽ ഈ വഴി പോകുന്നു. വാര്‍ത്ത കേട്ടു. കുറച്ചുനാള്‍ മുമ്പ് എങ്ങോ പോകുന്നവഴി വന്നിരുന്നു. ഞാനില്ലാത്ത നേരത്ത്. പിന്നെ കുറേ ദിവസം കഴിഞ്ഞ് lambada എന്ന വാക്കിനു വേണ്ടി ഒരു വിളി വന്നു. അപ്പോഴാണ് ഇവിടെ വന്നുപോയ കാര്യം പറഞ്ഞത്. അതായിരുന്നു അവസാനത്തെ വർത്തമാനം. (അതാരും പറഞ്ഞുമില്ല.)
ഇന്നും തമ്മിൽ കാണാനിടയില്ല. വൈകിട്ട് തിരുവനന്തപുരത്ത് പൊതുദർശനമുണ്ട്. ആര് ആരെ കാണാൻ?

ഈ വീടിന്, മരച്ചുവടിന് അനിലിനെ അറിയാം. കുറച്ചുനാൾ അനിൽ ഇവിടെയുണ്ടായിരുന്നു. മണ്ട്രോത്തുരുത്തിലെ മനുഷ്യപ്പറ്റില്ലാത്ത അച്ഛനാകാൻ വന്ന വരവ്. സിനിമ തീർന്നിട്ടും അകാരണമായി ആഴ്ചകളോളം അക്ഷരാർത്ഥത്തിൽ ഹൗസ്ഫുള്ളായി ഓടിയ സഹവാസം. അനിലിന് യാദൃഛികമായി കുറേ സമയം കിട്ടിയതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. പടം കഴിഞ്ഞിട്ട് നടൻ സംവിധായകന്റെ വീട്ടിൽ താമസമാക്കിയത് പതിവില്ലാത്ത തമാശയായിരുന്നു. ഇപ്പോഴും ആണ്.

മണ്ട്രോത്തുരുത്തിൽ കേശുവിന്റെ അച്ഛൻ എന്ന പേരില്ലാത്ത വേഷത്തിന് ആളെ കണ്ടെത്താൻ ഒരു കാര്യവുമില്ലാതെ നേരം വൈകിയപ്പോൾ അലൻസിയറാണ് അനിലിനെ നിർദേശിച്ചത്. പ്രതാപനും മനോജും യോജിച്ചു. കൗമാരം കടന്ന സ്വന്തം മകനോടോ വാർധക്യത്തിലെത്തിയ അച്ഛനോടോ നല്ല ബന്ധം നിലനിർത്താൻ കഴിയാത്ത കഥാപാത്രം. പിന്നെ നടനു തിരക്കഥയുമായി എന്തിനു വെറുതെ ബന്ധം… എന്നു ഞാനും. മറ്റുപലതും പോലെ യുക്തി വ്യക്തമാകാതെ തീരുമാനമായി. അങ്ങനെ ഷൂട്ട് തുടങ്ങിയ ശേഷമാണ് ഞങ്ങൾ ആദ്യമായി തമ്മിൽ കണ്ടത്.

മണ്ട്രോത്തുരുത്തിന്റെ പോസ്റ്റര്‍

അതായിരുന്നു കൊട്ടാരക്കര വാസത്തിലെ സംസാരവിഷയങ്ങളിലൊന്ന്. വേഷം കാലേകൂട്ടി പഠിക്കാതെയുള്ള അഭിനയം മൊത്തത്തിൽ നടനായുള്ള അഭിനയമായി മാറില്ലേ? മാറാം. മാറാതിരിക്കാം. ഒരേസമയം മാറിയും മാറാതെയുമിരിക്കാം. സിനിമയിലും നാടകത്തിലും അഭിനയത്തിനു സംഭവിക്കുന്ന എല്ലാക്കാര്യങ്ങളും ആരോക്കെയോ ഇതിനോടകം തീരുമാനിച്ചുകഴിഞ്ഞെന്ന് സ്കൂളിൽനിന്നു വന്ന മറ്റു പലരെയും പോലെ അനിലും കരുതുന്നെന്ന് ഞാൻ ആദ്യം കരുതി. അവിടെത്തെറ്റി. സ്കൂൾ കഴിഞ്ഞാണ് നെടുമങ്ങാട്.

അന്നു മരച്ചുവട്ടിൽ എന്റെകൂടെയിരുന്ന് അനിൽ ഏറ്റവും കൂടുതൽ പറഞ്ഞതു സത്യമുള്ള കള്ളത്തരങ്ങളെപ്പറ്റിയായിരുന്നു. കല, രാഷ്ട്രീയം, ജാതി, ആൺപെൺ, ലഹരി, പണം, വീട്ടിലെയും പുറത്തെയും ബന്ധങ്ങൾ, അവനവനോടുള്ള ബന്ധം–
ഒരേ സമയത്ത് രണ്ടു ദ്വാരങ്ങളിലൂടെ കടന്നുപോകുന്ന ടെന്നീസ്ബോൾ പോലെ വാസ്തവം ഒരേസമയം സത്യത്തിലൂടെയും കള്ളത്തിലൂടെയും കടന്നുപോകുന്നതിന്റെ അവിശ്വസനീയമായ രസവും രസക്കേടും.

മരിക്കുന്ന ദിവസം അനില്‍ പി. നെടുമങ്ങാട്‌ ഫെയിസ്‌ബുക്കില്‍ കുറിച്ചത്

അനിലിനോട് ഇങ്ങനൊരു പടത്തിൽ അഭിനയിക്കാമോ എന്നു ചോദിച്ചത് അലൻസിയറാണ്. അവസ്ഥ കേട്ടപാടെ ഫോണിലൂടെ മറുചോദ്യം: അല്ലണ്ണാ, എവമ്മാരൊക്കെ എന്തു ധൈര്യത്തിലാ നമ്മളെപ്പോലൊള്ളവരെ കണ്ടിട്ട് ഒള്ള പറമ്പും വിറ്റിട്ട് ഇതുമാതിരിയൊള്ള പടം പിടിക്കാനെറങ്ങുന്നെ? (സത്യം പറഞ്ഞാൽ എനിക്കതത്ര സുഖിച്ചില്ല. ഭാഷ കേട്ടിട്ടല്ല, എന്റെ യാഥാർത്ഥ്യത്തെ പരിഹസിച്ചതുപോലെ തോന്നിയിട്ട്. ബാക്കിവന്ന പറമ്പിലിരുന്നു പിന്നീട് പരസ്പരം അടുത്തറിഞ്ഞപ്പോൾ എന്റെ അസുഖം പാടെ മാറി.) സെറ്റിൽ അനിൽ വന്നത് ഒരു ഉച്ചകഴിഞ്ഞ നേരത്താണ് . വന്നപ്പോൾ സാമാന്യം വലിയ ഒരു മീശയുമുണ്ട്. അതെന്തു വേണമെന്നു മേയ്ക്കപ്പ്മാൻ ചോദിച്ചു. കണ്ടിട്ട് ജീവിതപരാജയം മറയ്ക്കുന്ന മീശ പോലുണ്ട്; അതവിടെത്തന്നെ ഇരുന്നോട്ടെ എന്നു ഞാൻ തട്ടിവിട്ടു. എനിക്കു പണിയെടുക്കാനുള്ള മുഖത്ത് ആ മീശയുടെ സൗജന്യസേവനം കണ്ടിട്ടുണ്ടായ പരിഭ്രമത്തിൽ പറഞ്ഞതാണെങ്കിലും സ്വകാര്യജീവിതത്തിലെ പ്രശ്നങ്ങൾ ആരോ പറഞ്ഞു ഞാനറിഞ്ഞെന്ന് അനിൽ തെറ്റിദ്ധരിച്ചു. പിന്നിട് സഹവാസക്കാലത്ത് അതൊക്കെ സ്വയം പറയുകയും ചെയ്തു.

തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ കോ​ട്ട​യ​ത്തേ​ക്ക്​ അ​നില്‍ പി. നെടുമങ്ങാടിന്റെ മൃതദേഹം കൊണ്ടുപോകുന്നു

അനിൽ ദുഃഖിതനായിരുന്നു. ഒടുവിലുള്ള ആ പോസ്റ്റുകൾ കണ്ടപ്പോൾ അന്നു പറഞ്ഞതും പറയാതിരുന്നതും തെളിഞ്ഞുവന്നു. എന്നാൽ ഏതോ വന്യസ്ഥലങ്ങളിൽ സന്തുഷ്ടനുമായിരുന്നു. ആഘോഷപ്രിയനായിരുന്നു. എല്ലാ മനുഷ്യരെയും പോലെ എന്നു പറയാൻ വരട്ടെ. തടുക്കാനാവാത്ത ഊർജ്ജസ്വലതയും ഒപ്പം നിലയില്ലാത്ത നൈരാശ്യവും ഒരേസമയം കൂടിക്കലരുന്നത് അനിലിന്റെ പ്രത്യേകത തന്നെയായിരുന്നു. അനിലിനെ എന്നെക്കാൾ നന്നായി അറിയാനിടയുള്ളവർ പലരുണ്ട്. അവരൊക്കെ എഴുതുന്നത് വായിക്കണമെന്നുണ്ട്. ഫേസ്ബുക്ക് കാണാൻ തന്നെ മടി. അപ്പോൾ ഇത്?

അടുത്ത പടത്തിലെ വസ്ത്രങ്ങളുടെ നിറം നിശ്ചയിച്ചിട്ടു പിരിഞ്ഞ ഷെഹനാദിനെ ഓർത്തു പ്രതാപൻ പറഞ്ഞു. ഇനി എന്തു നിറം? വെള്ള. വെള്ളത്തുണി കത്തിയിട്ടുള്ള കറുപ്പ്.

പക്ഷെ എന്തെങ്കിലും മറക്കാതെ എങ്ങോട്ടും ഇറങ്ങിയിട്ടില്ലാത്ത ആളാണ്.

5 1 vote
Rating

About the Author

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments