അർജുനൻ, ഭീമൻ, നകുലൻ. അമ്മിണിയവളെ തിരുത്തിയില്ല. ബന്ധങ്ങളുടെ ശ്രേണികൾക്കൊ ക്രമങ്ങൾക്കൊ അന്നുമിന്നും അർത്ഥമുണ്ടെന്നു അമ്മിണിക്ക് തോന്നിയിട്ടില്ല.

തിവായി ആ മുറിയിലേക്ക് എത്തുന്നത് കുഞ്ഞോള് മാത്രമാണ്. അപ്പോൾ മാത്രമാണ് ഇരുട്ടിനെ ഭീഷണിപ്പെടുത്തി അല്പമെങ്കിലും വെട്ടം ആ മുറിയ്ക്കുള്ളിലേക്ക് ഇരച്ചു കയറുന്നത്. അതിൽ തെല്ലുപോലും മുഖത്തേയ്ക്ക് വീഴാതെയിരിക്കാൻ അമ്മിണി ഭിത്തിയോട് ഒട്ടിയിരിക്കും. കുഞ്ഞോളാവട്ടെ, നേരെ അമ്മിണിയുടെ അടുത്തുചെന്ന്‌ കയ്യിൽ കരുതിയിരുന്ന കുന്നിക്കുരുവത്രയും എണ്ണി തിട്ടപ്പെടുത്തി – ഇല്ല കുഞ്ഞോൾക്ക് എണ്ണാനറിയില്ല – അതിൽ പാതി അമ്മിണിയുടെ കയ്യിൽ വച്ചു കൈ മടക്കി കൊടുക്കും. രണ്ട്, നാല്, അഞ്ച് – എണ്ണം അങ്ങനെ എത്ര തെറ്റിയാലും അമ്മിണിക്ക് തന്നെക്കാൾ ഒന്നുപോലും കുറവ് കൊടുക്കില്ല. എല്ലാം കഴിഞ്ഞു
കുഞ്ഞോൾ അമ്മിണിയുടെ മുഖത്തേക്ക് നോക്കി വെളുക്കെ ചിരിക്കും. അവളുടെ താടിക്ക് താഴെ ചെറുതായി നുള്ളും. അമ്മിണി പരുക്കമായി ഒന്നു മൂളുമ്പോഴേക്കും കുഞ്ഞോൾ മുറിയാകെ ഒരു സവാരി നടത്തും. രണ്ടു പേർക്കുമിടയിൽ അധികം സംസാരമോ, കനപ്പെട്ട നോട്ടങ്ങളോ പോലുമില്ല പിന്നെ.

ഓരോ സംശയത്തിനും അറ്റത്തവൾ അവളെ തന്നെ പ്രതിഷ്ഠിക്കും, മനോരാജ്യങ്ങൾ തീർക്കും, ഉത്തരങ്ങൾ ചോദിക്കും, അവിടുന്നു അങ്ങനെ അടുത്ത ചോദ്യത്തിലേക്ക് കടക്കും.

ഇന്ന് കുഞ്ഞോളുടെ കയ്യിൽ ചെറിയൊരു സ്റ്റീൽ കിണ്ണത്തിൽ പച്ച മുന്തിരിയാണുള്ളത്. അത് അവൾ എണ്ണുന്നുമില്ല, പകുക്കുന്നുമില്ല. കട്ടിലിന്റെ അരികിൽ വന്നു നിന്ന്, അമ്മിണിയുടെ കണങ്കാലിൽ ചേർത്തു കെട്ടിയിരിക്കുന്ന കറുത്ത ചരടിനറ്റത്തുള്ള ചെറിയ ചുവന്ന കുന്നിക്കുരുവിലേക്ക് അവൾ സൂക്ഷിച്ചു നോക്കി. പിന്നെ മടിച്ചു മടിച്ചു തൊട്ടു നോക്കി. “ഇത് ഞാൻ തന്ന കുരുവാ?” അമ്മിണി മറുപടി പറഞ്ഞില്ല. “ഇത് എങ്ങനെയാ ചരടിൽ കോർത്തത്” – അടുത്ത ചോദ്യമായി. കുഞ്ഞോൾക്ക് അങ്ങനെ അനവധിയനവധി സംശയങ്ങളാണ്. ഓരോ സംശയത്തിനും അറ്റത്തവൾ അവളെ തന്നെ പ്രതിഷ്ഠിക്കും, മനോരാജ്യങ്ങൾ തീർക്കും, ഉത്തരങ്ങൾ ചോദിക്കും, അവിടുന്നു അങ്ങനെ അടുത്ത ചോദ്യത്തിലേക്ക് കടക്കും. “എനിക്ക് ഒന്നു ഉണ്ടാക്കി തരോ, ഇത് പോലെ ഒന്ന്?” – ചോദ്യങ്ങൾ അവസാനിക്കുന്നില്ല, ഇടത് കൈകൊണ്ടു അമ്മിണി പുതപ്പ് വലിച്ചു കാലിലേക്ക് ഇട്ടു. കുഞ്ഞോളോട് അവൾ വന്നിരിക്കാറുള്ള ചെറിയ സ്റ്റൂൾ ചൂണ്ടിക്കാട്ടി, അവിടെയിരിക്കെന്നു ആംഗ്യം കാട്ടി. കയ്യിലെ സ്റ്റീൽ കിണ്ണം താഴെ വച്ചു അതിൽ നിന്ന് ഒരു മുന്തിരി പെറുക്കി വായിലിട്ട്, ആ ചെറിയ സ്റ്റൂൾ അമ്മിണി ഇരിക്കുന്ന കട്ടിലിനരികിലേക്ക് അവൾ പ്രയാസപെട്ടു വലിച്ചടുപ്പിച്ചു. ഇന്നത്തെ ചോദ്യങ്ങൾ ആരംഭിച്ചിട്ടെയുള്ളൂ എന്ന് അമ്മിണിക്ക് ഉറപ്പായി.

by Bimal Pullani

സമയം ഏറ്റവും പതിയെ സഞ്ചരിക്കുന്നത് അമ്മിണിക്ക് ചുറ്റുമാണ്. അമ്മിണിയുടെ തലയ്ക്ക് ഉള്ളിലെ ക്ലോക്കിൽ പന്ത്രണ്ട് അടിക്കാൻ ചിലപ്പോ ദിവസങ്ങൾ എടുക്കും. കുഞ്ഞോൾ കോണി കയറുമ്പോഴാണ് മിക്കവാറും അമ്മിണിയുടെ ഇന്ദ്രിയങ്ങളിൽ രണ്ടെണ്ണമെങ്കിലും പ്രവർത്തിക്കാൻ തയ്യാറാവുന്നത്. ഇന്നിതാ, പതിവിന് വിപരീതമായി അവർക്കിടയിൽ മൗനം കനക്കുന്നു. ആറിത്തണുത്ത ചായക്കപ്പിലേക്ക് നിരച്ചു വരുന്ന ഉറുമ്പുകളെ അമ്മിണി വഴി തിരിച്ചു വിട്ടു കൊണ്ടിരുന്നു. എത്ര എണ്ണിയാലും തെറ്റി പോയപ്പോഴും കുരുവില്ലാത്ത പച്ചമുന്തിരികൾ കുഞ്ഞോൾ വായിലിട്ടു ചവച്ചു പൊട്ടിച്ചുകൊണ്ടിരിന്നു. റോഡിലൂടെ പോകുന്ന അനൗന്‍സ്മെന്റ് വണ്ടിയുടെ ശബ്ദം അവർക്കിടയിലെ നിശബ്ദതയുടെ കേട്ടു പൊട്ടിച്ചു. “ഇന്ന് ചോദ്യം ഒന്നുമില്ലേ?” – ചായയിലേക്ക് തെന്നി വീണ ഉറുമ്പിനെ വിരല് കൊണ്ട് എടുത്തു, ഉള്ളം കയ്യിൽ വച്ചു കുഞ്ഞോൾക്ക് നേരെ നീട്ടി അമ്മിണി ചോദിച്ചു. “എന്ത് ചോദ്യം?” – കുഞ്ഞോൾ പുരികം പൊക്കി. “അല്ല, സാധാരണ നിന്റെ ചോദ്യങ്ങൾ ഒന്നിലും ഒറ്റയിലും അവസാനിക്കുന്നതല്ലലല്ലോ, ഇന്ന് എന്തേ മിണ്ടാത്തത്?” – കുഞ്ഞോൾ മുഖമുയർത്തി അമ്മിണിയെ നോക്കി. കറുത്തു ഇരുണ്ട കണ്ണുകൾ, ഉറക്കമിളച്ച പാടുകൾ, മൂക്കിന് താഴെ ചുവന്ന ചെറിയ കുരുക്കൾ – അമ്മിണി തന്നെപ്പോലെയെ അല്ല.
“അമ്മിണിക്ക് എന്നോട് സ്നേഹമുണ്ടോ?” – ഇതൊരിക്കലും പ്രതീക്ഷിക്കാത്ത ചോദ്യമായിരിക്കാം – അല്ലങ്കിൽ പലപ്പോഴായി പലരോടായി ചോദിച്ചിട്ടും ആദ്യമായി കേൾക്കുന്ന ഞെട്ടലോടെ അമ്മിണി അതിനെ സ്വീകരിക്കേണ്ട ആവശ്യമില്ലല്ലോ. “എനിക്ക് എന്നോട് പോലും സ്നേഹമില്ല” – ഏറെ ആലോചിച്ചിട്ടും അമ്മിണിക്ക് മറ്റൊരു മറുപടി നാവിൽ വന്നില്ല. താഴെ തൊടിയിൽ കുഞ്ഞോൾക്ക് ഒപ്പം കളിക്കാൻ വരുന്നവർ എല്ലാം, എണ്ണം പറയുന്ന സ്വകാര്യങ്ങളിലൊക്കെ തന്റെ പേരും വന്നിരിക്കാമെന്നു അവൾ ഊഹിച്ചു. എന്തായിരിക്കും അവർ കുഞ്ഞോളോട് പറഞ്ഞിട്ടുണ്ടാവുക – തനിക്ക് അവളെ ഇഷ്ടമല്ലന്നോ, തനിക്ക് അവളുടെ കണ്ണിൽ നോക്കി സംസാരിക്കാൻ കഴിയാത്തത് അവളോട് സ്നേഹമില്ലാത്തത് കൊണ്ടാണ് എന്നോ, താനും അവളും ഒത്തു പോവില്ലന്നോ – എന്തായാലും ബാഹ്യമായൊരു പ്രേരണയില്ലാതെ കുഞ്ഞോൾ അങ്ങനെയൊരു ചോദ്യം ചോദിക്കില്ല എന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു.

പോകാൻ ഇടമില്ലാത്ത എന്തിന്റെയും ശവപ്പറമ്പായിരുന്നു ആ മേശയും.

ചില സ്നേഹങ്ങൾക്ക് ഇടയിൽ നമ്മൾ അർധവിരാമം ഇടാറില്ലേ? എങ്ങനെയാണ് മനുഷ്യർ പരസ്പരം സ്നേഹിക്കുന്നത് – വൈകാരികമായ ഏതൊരു അടുപ്പത്തിലും സ്വാർത്ഥതയുടെ പാടുകളുണ്ടാവും. അങ്ങനെ ചിന്തിച്ചാൽ, നമ്മൾ ആരെയെങ്കിലും സ്നേഹിക്കുന്നത് നമ്മളെ സന്തോഷിപ്പിക്കാൻ കൂടിയാണ്. നമ്മളെക്കാൾ ഏറെ നമ്മൾ ആരെയും സ്നേഹിക്കുക കൂടിയുണ്ടാവില്ല. എത്ര അളന്നു തൂക്കി നോക്കിയാലും ആ സ്വാർത്ഥതയാണ് സ്നേഹത്തിന്റെ അടിസ്ഥാനമെന്ന് അമ്മിണിക്ക് തോന്നി. “നിനക്ക് എന്നോട് സ്നേഹം ഉള്ളത് കൊണ്ടല്ലേ, ഞാൻ തന്നതെല്ലാം അടുക്കി മേശപ്പുറത്തു വച്ചിരിക്കുന്നത്?” കുഞ്ഞോൾ വീണ്ടും ചോദിച്ചു. എവിടുന്നൊക്കെയോ വന്നു കയറിയ പുസ്തകങ്ങൾക്ക് ഇടയിൽ നീല പളുങ്ക് കല്ലുകൾ, ഇളം റോസ് നിറത്തിൽ മുന ചെത്തിയാലും തീരാത്ത ഒരു ഫോറിൻ പെൻസിൽ, വാല് പൊട്ടിയ പട്ടത്തിന്റെ നാരും ഈർക്കിലും തോലും, ചിതറി കിടക്കുന്ന കുന്നിക്കുരുക്കൾ – അങ്ങനെ എന്തൊക്കെയോ – കണ്ണെത്തുന്ന ദൂരത്തിലിത്രയും കുഞ്ഞോൾ എവിടുന്നോ പെറുക്കിയതും, കടം പറഞ്ഞതും, പന്തയം ജയിച്ചതുമൊക്കെയായി കൊണ്ടു വന്നതാണ്. പോകാൻ ഇടമില്ലാത്ത എന്തിന്റെയും ശവപ്പറമ്പായിരുന്നു ആ മേശയും. അമ്മിണി അപ്പോഴും ഒന്നും പറയാൻ തുനിഞ്ഞില്ല. ഉറുമ്പുകൾ ചായപാത്രം ഉപേക്ഷിച്ചു കുഞ്ഞോളുടെ കയ്യിൽ നിന്ന് ഇറ്റ് വീഴുന്ന മധുര തുള്ളികൾക്ക് ചുറ്റും കൂട്ടം കൂടി. അമ്മിണിയുടെയും കുഞ്ഞോളുടെയും ചിന്തകൾക്ക് ഉറുമ്പുകളുടെ വേഗതയെ തോൽപ്പിക്കാൻ ആവുന്നുമില്ല.

തൂത്തു കൂട്ടിയ കരിയിലകൾക്ക് അവർ തീ വച്ചു. എവിടെ നിന്നോ പാറി വീണ യുക്കാലി ഇലകൾ ആ തീയ്ക്കും പുകയ്ക്കും സുഗന്ധമായി.

ഉച്ചയാവുകയാണ്. താളും പരിപ്പും നെയ്യൊഴിച്ചു വേവിക്കുന്നതിന്റെ മണം അമ്മിണിയുടെ മൂക്കിൽ അടിച്ചു. കുഞ്ഞോൾ മനോരഥത്തിൽ കയറി കുരുക്ഷേത്രമെത്തി. പാണ്ഡവന്മാരുടെ പേര് ഓർത്തു പറയാൻ ശ്രമിക്കുകയാണ്. അർജുനൻ, ഭീമൻ, നകുലൻ. അമ്മിണിയവളെ തിരുത്തിയില്ല. ബന്ധങ്ങളുടെ ശ്രേണികൾക്കൊ ക്രമങ്ങൾക്കൊ അന്നുമിന്നും അർത്ഥമുണ്ടെന്നു അമ്മിണിക്ക് തോന്നിയിട്ടില്ല. താഴെ, പതിവില്ലാതെ കുറെ പേരുടെ ഒച്ചയുമനക്കവും കേൾക്കാം. ഉറഞ്ഞു വീഴാറായ ജനൽ കമ്പികളിൽ ചെവി ചേർത്തു വച്ചു അമ്മിണിയിരുന്നു.
പറമ്പിൽ ആരൊക്കെയോ കരിയിലകൾക്ക് മുകളിലൂടെ അതി ശീഘ്രം നടക്കുന്നുണ്ട്. ഉണങ്ങി വീണ മാവിന്റെയും തേക്കിന്റെയും ഇലകൾ തൂത്തു കൂട്ടുന്ന ശബ്ദം കേൾക്കാം. നല്ല മഴക്കോള് ഉണ്ടെന്ന് അവർ പരസ്പരം പറയുന്നു. തൂത്തു കൂട്ടിയ കരിയിലകൾക്ക് അവർ തീ വച്ചു. എവിടെ നിന്നോ പാറി വീണ യുക്കാലി ഇലകൾ ആ തീയ്ക്കും പുകയ്ക്കും സുഗന്ധമായി. ഏറെ നേരമായിട്ടും താഴെ നിക്കുന്നവരുടെ കലമ്പലുകൾ അവസാനിക്കുന്നില്ല. അവർ വാള് കല്ലിൽ ഉരച്ചു മൂർച്ചപ്പെടുത്തുന്നുണ്ട്. ഇടയ്ക്ക് ചിരിക്കുന്നുണ്ട്. “താഴെയാരാണ്?” – അമ്മിണി ചോദിച്ചു. “എനിക്കറിയില്ല, താഴെയാരാ” – അമ്മിണിയുടെ ചുമലിൽ എത്തി പിടിച്ചു നിന്നു താഴേക്ക് നോക്കുന്ന ഇടയിൽ കുഞ്ഞോൾ തിരിച്ചു ചോദിച്ചു. രണ്ട് പേരും കാത് വട്ടം പിടിച്ചു. അധിക നേരമെടുക്കാതെ ഉണങ്ങിയ കമ്പുകൾ താഴേക്ക് വെട്ടി വീഴ്ത്തിയിട്ട്, തീ കെട്ടണയും മുൻപേ ആ ശബ്ദങ്ങൾ കടമ്പ കടന്നു മുകളിലെ റബർ തോട്ടത്തിലേക്ക് പോകുന്നത് അവർ അറിഞ്ഞു. കുഞ്ഞോൾ അമ്മിണിയുടെ തോളിൽ കൈകുത്തി താഴേക്ക് ഇറങ്ങി. കട്ടിലിൽ നിവർത്തി വച്ചിരിക്കുന്ന നോട്ട് പുസ്തകമെടുത്തു. അമ്മിണി പാതി കുറിച്ചു നിർത്തിയ വരികൾ അവൾ കഷ്ടപ്പെട്ട് ചേർത്തു വായിച്ചു തുടങ്ങി : “ചി-ത ഒ-രു-ങ്ങു-ക-യാ-ണ്”, “ആരാ ചിത?” അമ്മിണി ജനാലയിലൂടെയുള്ള നോട്ടം പിൻവലിച്ചു കുഞ്ഞോളുടെ നേരേ തിരിഞ്ഞു. നോട്ട് പുസ്തകത്തിനായി കൈനീട്ടി. “പറ, ആരാ ചിത, ആരാ ഒരുങ്ങുന്നത്” – ക്ഷമയ്ക്കും ക്ഷോഭത്തിനും ഇടയിലെ ഏറ്റവും നേർത്ത വരമ്പിലാണ് താനെന്ന് അമ്മിണിക്ക് അറിയാം. സ്വന്തം നഖം കൈവെള്ളയിൽ അമർത്തി, ശബ്ദം താഴ്ത്തി അമ്മിണി കുഞ്ഞോളോട് പറഞ്ഞു : “ചിത ഒരുങ്ങുന്നത് എനിക്കാണ്”.


നീണ്ടു കിടക്കുന്ന രണ്ടേക്കർ പറമ്പിന് അപ്പുറം വലിയൊരു നീർച്ചാലുണ്ട്. മഴ പെയ്താൽ വെള്ളം കവിഞ്ഞു അത് മുറ്റത്തേക്ക് വരും. തെക്കു വശത്തു ഒരടി പൊക്കത്തിൽ വെള്ള മണ്ണ് കോരി നിലം പൊക്കുന്നുണ്ട്. ഒരു കഴുക്കോൽ പൊക്കത്തിൽ നീല പടുത കൊണ്ടൊരു പന്തൽ ഇട്ടിട്ടുണ്ട്‌. ചിതയിൽ വെള്ളം വീഴരുത്. കർമങ്ങൾക്ക് മഴയൊരു തടസമാവരുത്. കർക്കിടകത്തിലെ പഞ്ചമിയ്ക്കന്നാണ് മരണം ഉണ്ടായിരിക്കുന്നത് – അഞ്ചു മരണങ്ങൾ കൂടേ കണക്കിൽ എടുക്കണം എന്നൊക്കെയാണ് പലരും അടക്കം പറയുന്നത്. കൂടിയിരിക്കുന്നത് ആകെ പത്തോ – പതിനഞ്ചോ പേർ മാത്രമാണ്. മഴവെള്ളം ദേഹത്തു വീഴാതെ, എല്ലാവരും ഇറയത്തേക്ക് ചേർന്നു നിക്കുകയാണ്. ഒരായുഷ്കാലത്തേക്ക് അമ്മിണി ആഗ്രഹിച്ച മഴയൊക്കെയും അവൾക്ക് വേണ്ടി പെയ്യാൻ കണ്ടെത്തിയ ദിവസമാവും ഇന്ന്. പണ്ടാരിയുടെയും കൊളന്തന്റയും വീട്ടിലെ പൂച്ചകൾ ചിതയൊരുക്കി മിച്ചമുള്ള വിറക് കൊള്ളികൾക്ക് മുകളിൽ ചൂട് കൊള്ളാൻ കയറിയിരുന്നു. ഇടത്തേക്കും വലത്തേക്കും കണ്ണുകൾ മാത്രം ചലിപ്പിച്ചു അവ രണ്ടും മുട്ടിയുരുമ്മിയിരിക്കുകയാണ്. മഴ തെളിയുന്ന ലക്ഷണമില്ല. നിലവിളികളോ ഒച്ചപ്പാടുകളോ ഇല്ലാതെ, മരവിച്ച ഒരു ശരീരം നാല് ആളുകൾ ചേർത്തു പിടിച്ചു ചിതയിലേക്ക് അടുപ്പിച്ചു. അരിയും പൂവും എള്ളും ചേർത്തു അവർ ഓരോരുത്തരും ഓരോ പിടി ശവത്തിന്റെ തലക്കും കാലിനും വച്ചു. പാപ്പു വിങ്ങികൊണ്ടു അവസാന മുട്ടിയും എടുത്തു വച്ചു മുഖം മൂടി. നെയ്യൊഴിച്ചു. മഴയല്ലാതെ ആരും ഒന്നും പറഞ്ഞില്ല. അത് മാത്രം തള്ള ചത്ത കുഞ്ഞിനെ പോലെ ആർത്തു പ്രാകി പെയ്യുന്നു.

by Ezhil Fernandas

തീ കൊളുത്തുന്നതിന് തൊട്ടു മുൻപ്, പാപ്പുവിന്റെ മുണ്ടിന്റെയറ്റത്തു ഉടക്കി നിന്ന ചിതയിലെ ഒരു മുട്ടി, അയാൾ നടന്നതിനൊപ്പം ഇളകി വീണു. പെട്ടെന്ന് ശവത്തിന്റെ വലതു കൈ ഭാഗത്തു നിന്നും വീണ്ടും രണ്ടു മൂന്ന് വിറക് മുട്ടികൾ താഴേക്ക് വീണു. കർമ്മം ചെയ്തു കൂടെ നിന്നവർ വളരെ സാവകാശം ചേർന്ന് മുട്ടിയുറപ്പിച്ചു, പുറത്തേക്ക് നീങ്ങിവന്ന വലതു കൈ പാപ്പു പതിയെ ചിതയിലേക്ക് കയറ്റി വച്ചു. ഒരുനിമിഷം – ഒരു നിമിഷം പാപ്പു ആ മുഷ്ടിയിലേക്ക് നോക്കി, തണുത്തു ഉറഞ്ഞിരിക്കുന്ന മുഷ്ടി. ആരോടും അനുവാദം ചോദിക്കാതെ അവൻ അത് പതിയെ തുറന്നു – കുന്നിക്കുരുകൾ, പാപ്പു അവ ഓരോന്നായി എണ്ണി എടുത്തു – ഒന്ന് – രണ്ട് – മൂന്ന് – നാല്..!


അമ്മിണിയും കുഞ്ഞോളും ഇതൊന്നും അറിയാതെ പല്ലാങ്കുഴി കളിക്കുകയാണ്.
“നിനക്ക് എന്നോട് സ്നേഹമുണ്ടോ അമ്മിണിയേച്ചി?”
അമ്മിണി കുഞ്ഞോളുടെ നീല പ്ലാസ്റ്റിക്ക് വളകൾക്ക് ഇടയിലൂടെ, അവളുടെ കയ്യിൽ നുള്ളി.
“കുന്നിക്കുരുവോളം സ്നേഹം”.
അന്ന് കുഞ്ഞോൾ എണ്ണം പഠിച്ചു – ഒന്ന് – രണ്ട് – മൂന്ന്!

 

Cover Illustration by James Petrucci

5 2 votes
Rating

About the Author

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments