അടി ആണോ പ്രതിവിധി എന്ന് ചോദിച്ചാൽ അല്ല എന്ന് നിസ്സംശയം കഴിയും. അടി ഒഴിവാക്കാൻ കഴിയുമായിരുന്നു. പക്ഷേ അടി ഒഴിവാക്കേണ്ട ഉത്തരവാദിത്വം അടിച്ച സ്ത്രീകളുടേത് ആയി പരിമിതപ്പെടുത്തുന്നത് ചരിത്രപരവും സാമൂഹികവുമായ തെറ്റാണ്.

സാമൂഹിക നിരീക്ഷകന്‍ പ്രശാന്ത് ആലപ്പുഴ എഴുതിയ കുറിപ്പ്.

റുപ്പും വെളുപ്പും തിരിച്ച് കള്ളികളിൽ ആക്കാവുന്ന വിഷയങ്ങളല്ല സാമൂഹിക ശാസ്ത്രത്തിൽ പരിഗണിക്കുന്നത്. എന്നുകരുതി ഈ വിഷയങ്ങൾ എന്നും ശാശ്വതമായി ഗ്രേ ഏരിയയിൽ നിൽക്കണം എന്നല്ല. നിരന്തരമായ സംവാദങ്ങളിലൂടെയും സമരങ്ങളിലൂടെയും സംഘർഷങ്ങളിലൂടെയും ഒഴിച്ചുകൂടാൻ കഴിയാത്ത ചില അവസരങ്ങളിൽ രക്തരൂഷിതമായ വിപ്ലവങ്ങളിലൂടെയും ഈ വിഷയങ്ങളുടെ നെല്ലും പതിരും തിരിക്കേണ്ടതുണ്ട്.

വിജയ് നായർ ചെയ്തത് സമ്പൂർണ്ണമായും തെറ്റാണ് എന്ന് അംഗീകരിക്കപ്പെടുന്നത് കഴിഞ്ഞ 20 കൊല്ലങ്ങളിൽ നടന്ന നിരന്തരമായ സോഷ്യൽ ഡെലിബറേഷനുകളുടെ ഫലമാണ്. അതിനു മുൻപുള്ള കാലത്ത് രാഷ്ട്രീയ സാമൂഹിക നേതാക്കന്മാരുടെ മൈതാന പ്രസംഗങ്ങളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു element ആയിരുന്നു അശ്ലീലം. പ്രത്യേകിച്ചും സ്ത്രീവിരുദ്ധമായ അശ്ലീല പ്രയോഗങ്ങൾ.

വനിത മതില്‍ | 2019

മലയാള വായനക്കാരെ പുളകം കൊള്ളിച്ച ക്രൈം പോലെയുള്ള അശ്ലീല പ്രസിദ്ധീകരണങ്ങൾ പ്രചുരപ്രചാരം നേടിയ ഒരു കാലം കൂടിയായിരുന്നു അത്. അശ്ലീലം എന്നത് കേവലം സൈബർ ബുള്ളിയിങ്ങല്ല. അതിന് ആണ്ടുകിടക്കുന്ന വലിയ വേരുകൾ ഉണ്ട്. നല്ല തമാശ എന്താണെന്ന് വെച്ചാൽ ക്രൈം കേരളത്തിൻറെ മനസ്സാക്ഷി ആയി കരുതപ്പെട്ട ഒരു കാലം ഉണ്ടായിരുന്നു, എന്നുമാത്രമല്ല ക്രൈം പ്രസിദ്ധീകരിച്ച കഥകൾ അല്പം പതു പതുപ്പ് ഉള്ള ഭാഷയിൽ ദേശീയ പ്രസ്ഥാനത്തിൻറെ പാരമ്പര്യം അവകാശപ്പെടുന്ന പത്രം പുന:പ്രസിദ്ധീകരിച്ചിരുന്നു.

ക്രൈം അച്ചടിയിലൂടെ ചെയ്ത കാര്യം ഒരു പോർട്ടൽ സ്ഥാപിച്ച് ചെയ്യുകയാണ് ഷാജൻ സക്കറിയ ചെയ്തത്. പിസി ജോർജ്, കെ സുരേന്ദ്രൻ, ജയശങ്കർ തുടങ്ങിയ ആളുകൾ നിരന്തരം ചെയ്യുന്നത് ഇതല്ലേ എന്ന് ചോദിക്കാം.

മറുനാടൻ മലയാളിയുടെ അടുത്ത അവതാരം ആണ് വിജയ് നായർ. പോർട്ടലിനേക്കാൾ വിസിബിലിറ്റി, അമ്പരപ്പിക്കുന്ന വേഗതയിലുള്ള വ്യൂവർഷിപ്പ് വളർച്ച. രണ്ടായിരത്തിൽ ക്രൈം നേടിയ വിസിബിലിറ്റിയുടെ, പുറമേ പറയാൻ മടിക്കും എങ്കിലും അകമേ ജനസാമാന്യം നൽകുന്ന സമ്മതിയുടെ ഒക്കെ ജ്യോമട്രിക് പ്രോഗ്രഷനിൽ ഉള്ള വളർച്ച.

 

സൈബർ ലിഞ്ചിങ്ങ് vs മോബ് ലിഞ്ചിങ് അഥവാ അടിയോളം വരുമോ അണ്ണനും തമ്പിയും

അടിയാണ് പരിഹാരം എന്നു പറയുന്നവരും അളമുട്ടിയാൽ ചേരയും കടിക്കും എന്നു പറയുന്നവരും അടി പരിഹാരമല്ല എന്ന് പറയുന്നവരും നമ്മുടെ ചുറ്റിലുമുണ്ട്. ഭാഗ്യത്തിന് അയാൾ ശിക്ഷാർഹനല്ല എന്നു പറയുന്നവരാരും നമുക്ക് ദൃഷ്ടിഗോചരമല്ല. എന്നുകരുതി അങ്ങനെയുള്ള ആളുകൾ ഇല്ല എന്ന് കരുതരുത്.

അങ്ങനെയുള്ള ആളുകൾ ഇല്ലായെങ്കിൽ ആരാണ് ഇയാളുടെ പരിപാടി സ്ഥിരമായി കണ്ടുകൊണ്ടിരിക്കുന്ന രണ്ടുലക്ഷം പേർ ?

നല്ല വീട്ടിലെ സ്ത്രീകൾ ഈ പണിക്ക് (അടി കൊടുക്കുന്ന പണി മാത്രമല്ല, സാമൂഹികമായ ഉത്തരവാദിത്തങ്ങൾ ഒന്നും) പോകില്ല എന്നും, അല്ലെങ്കിൽ പെണ്ണുങ്ങളുടെ അടി കൊണ്ട അയാൾ എന്തിനാണ് ജീവിക്കുന്നത് എന്നും ചോദിക്കുന്നത് ആരാണ്?

അടി ആണോ പ്രതിവിധി എന്ന് ചോദിച്ചാൽ അല്ല എന്ന് നിസ്സംശയം കഴിയും. അടി ഒഴിവാക്കാൻ കഴിയുമായിരുന്നു. പക്ഷേ അടി ഒഴിവാക്കേണ്ട ഉത്തരവാദിത്വം അടിച്ച സ്ത്രീകളുടേത് ആയി പരിമിതപ്പെടുത്തുന്നത് ചരിത്രപരവും സാമൂഹികവുമായ തെറ്റാണ്.

അങ്ങനെ പറയുമ്പോഴും മുഖ്യധാരാമാധ്യമങ്ങൾ ഉത്തരവാദിത്വം നിറവേറ്റുന്നുണ്ട് എന്നാരും കരുതരുത്.

അവനവൻ എഴുത്തുകാരനും എഡിറ്ററും പ്രക്ഷേപകനും ഒക്കെ ആകുന്ന പുതിയ ഒരു കാലഘട്ടമാണ് നവമാധ്യമങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. കമ്പ്യൂട്ടറിൽ നിന്നും മൊബൈൽ ആപ്ലിക്കേഷനുകളിലേക്ക് ഇത് പരിക്രമിച്ചപ്പോഴേക്കും വ്യാപ്തി പലമടങ്ങ് വർധിച്ചു. ഉത്തരവാദിത്വമില്ലാത്ത പ്രസിദ്ധീകരണം ഒരു നിത്യസംഭവമായി മാറി. അങ്ങനെ പറയുമ്പോഴും മുഖ്യധാരാമാധ്യമങ്ങൾ ഉത്തരവാദിത്വം നിറവേറ്റുന്നുണ്ട് എന്നാരും കരുതരുത്. എങ്കിലും പത്രപ്രവർത്തനത്തിലെ ഉത്തരവാദിത്വം സംബന്ധിച്ച് മഹദ് വചനങ്ങൾ ഈ സ്ഥാപനങ്ങളുടെ അന്തരീക്ഷത്തിൽ ഘനീഭവിച്ചു നിൽക്കുന്നുണ്ട് എന്ന് വേണമെങ്കിൽ പറയാം.

ഉത്തരവാദിത്വമില്ലാത്ത പൗരനും ഉത്തരവാദിത്വം ഇല്ലാത്ത പ്രസാധകനും ലയിച്ചുചേർന്ന ഉത്തരവാദിത്വമില്ലാത്ത ഒരു സാമൂഹിക ക്രമം തന്നെ ഉണ്ടാകുന്നു. ഇവിടെയാണ് സർക്കാരിൻറെ ഇടപെടൽ അത്യാവശ്യമായി വരുന്നത്. ഈ വിഷയത്തിലെ കറുപ്പും വെളുപ്പും തിരിക്കേണ്ട ജോലി ലെജിസ്ലേറ്റീവിനും അപ്രകാരം കാര്യങ്ങൾ നടപ്പാക്കേണ്ട ചുമതല എക്സിക്യൂട്ടീവിനും അത് നടപ്പാക്കുന്നു എന്ന് ഉറപ്പാക്കേണ്ട ചുമതല ജുഡീഷ്യറിയും നാം വീതിച്ചു നൽകിയിട്ടുണ്ട്.

സിസ്റ്റം പരാജയപ്പെടുമ്പോൾ ആളുകൾ സിസ്റ്റത്തിന് പുറത്തുള്ള പരിഹാരങ്ങൾ അന്വേഷിച്ചു തുടങ്ങും. സിസ്റ്റം പലപ്പോഴും പുതുക്കി പണിയാൻ കാഞ്ചി വലിച്ചിട്ടുള്ളത് ഇത്തരം അന്വേഷണങ്ങൾ ആണ്.

പക്ഷേ ഇത് കൃത്യമായി നിർവഹിക്കപ്പെടുന്നുണ്ടോ? ഇല്ല എന്ന് വ്യക്തമായി പറയുവാൻ കഴിയും. കുറെയൊക്കെ നിയമങ്ങളുണ്ട്. പക്ഷേ നടപ്പാക്കേണ്ട എക്സിക്യൂട്ടീവ് പിന്തുടരുന്നത് നിയമസംഹിതയല്ല, മറിച്ച് വിക്ടോറിയൻ സദാചാര കോഡിന്റെയും മനുസ്മൃതിയുടെയും സങ്കര ജനിതക വൈകല്യങ്ങൾ പേറുന്ന ഒരു മനോഭാവത്തെയാണ്.

മനോഭാവത്തിന്റെ കാര്യത്തിൽ ജുഡീഷ്യറിയും വലിയ വ്യത്യാസമൊന്നുമില്ല. കുറച്ചുകൂടി സുതാര്യമായി പകൽ വെളിച്ചത്തിൽ കാര്യങ്ങൾ പറയേണ്ടി വരുന്നത് കൊണ്ട് ഈ മനോഭാവം പുറത്തെടുക്കുന്നതിൽ അവർക്ക് പരിമിതി ഉണ്ട് എന്ന് മാത്രം.

അടുത്ത കാലത്ത് എടുത്തു കളഞ്ഞ ഇന്ത്യൻ നിയമ സംഹിത സെക്ഷൻ 377 പോലെ ചില ദ്രവിച്ച അസ്ഥിപഞ്ജരങ്ങൾ നിയമത്തിലും അവശേഷിക്കുന്നുണ്ട് എന്നതും പറേണ്ടതുണ്ട്.

സിസ്റ്റം പരാജയപ്പെടുമ്പോൾ ആളുകൾ സിസ്റ്റത്തിന് പുറത്തുള്ള പരിഹാരങ്ങൾ അന്വേഷിച്ചു തുടങ്ങും. സിസ്റ്റം പലപ്പോഴും പുതുക്കി പണിയാൻ കാഞ്ചി വലിച്ചിട്ടുള്ളത് ഇത്തരം അന്വേഷണങ്ങൾ ആണ്. വികസിതമായ ജനാധിപത്യ സങ്കൽപ്പങ്ങൾ പ്രതിഷേധങ്ങളെ കൂടി ഉൾക്കൊള്ളുന്നതാണ്. അതുകൊണ്ടുതന്നെ പ്രതിഷേധങ്ങളെ വയലന്റ് ആക്കാതെ നിലനിർത്തുകയും മോബ് ജസ്റ്റിസ് ആയി പരിമിതപ്പെടുത്താതെ വലിയ ഒരു ബഹുജനപ്രക്ഷോഭം ആക്കി വളർത്തിയെടുക്കുകയും ആണ് പ്രക്ഷോഭങ്ങളുടെ പ്രാധാന്യം ജനാധിപത്യക്രമത്തിൽ ഉറപ്പിച്ചു നിർത്തുവാൻ നല്ലത്.

ഒരു സുഹൃത്തിനൊപ്പം സഞ്ചരിക്കുമ്പോൾ, അല്പം വൈകിയ വേളയിൽ ഒരു പുരുഷനൊപ്പം ഒറ്റപ്പെട്ടു പോയാൽ ഒക്കെ ആൾക്കൂട്ടെത്തെ പേർത്തും പേർത്തും ബോധ്യപ്പെടുത്തേണ്ടി വരുന്ന ഒരു സാമൂഹ്യ സാഹചര്യം സംജാതമാകും.

ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട ഒരു പഴമൊഴി അളമുട്ടിയാൽ ചേരയും കടിക്കും എന്നതാണ്. ഒരു സുഹൃത്ത് പറഞ്ഞതുപോലെ മോബ് ലിഞ്ചിങ്ങിന് അപ്രകാരം ഒരു ബ്ലാങ്ക് ചെക്ക് നൽകുകയാണെങ്കിൽ നാളെ അള മുട്ടി എന്ന ഭാവേന പല അണലികളും കടിക്കും. എന്നുമാത്രമല്ല അത്തരം mob ലിഞ്ചിങ്ങിന് ഏറ്റവുമധികം ഇരയാകാൻ സാധ്യതയുള്ളത് വീണ്ടും സ്ത്രീകൾ തന്നെയാണ്. ഒരു സുഹൃത്തിനൊപ്പം സഞ്ചരിക്കുമ്പോൾ, അല്പം വൈകിയ വേളയിൽ ഒരു പുരുഷനൊപ്പം ഒറ്റപ്പെട്ടു പോയാൽ ഒക്കെ ആൾക്കൂട്ടെത്തെ പേർത്തും പേർത്തും ബോധ്യപ്പെടുത്തേണ്ടി വരുന്ന ഒരു സാമൂഹ്യ സാഹചര്യം സംജാതമാകും.

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന കുറേ നിയമങ്ങൾ നിലവിലുണ്ട്. സ്ത്രീയുടെ ആത്മാഭിമാനം (പൊതുവിൽ മനുഷ്യ അന്തസ്സ്) ഉയർത്തിപ്പിടിക്കുന്ന നിയമങ്ങൾ ഇന്ത്യയിൽ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.

37 കൊല്ലം മുമ്പ് ആദാമിൻറെ വാരിയെല്ല് പോലൊരു സിനിമ ഇറങ്ങിയ കേരളത്തിലാണ് ഫെമിനിസം ഒരു അശ്ലീലമായി രണ്ടു ലക്ഷത്തിലധികം മനുഷ്യർ കൊണ്ടാടിയത്. ശബരിമല വിധിക്കെതിരെ നടന്ന ഗോഷ്ടികൾ ആണ് അവർക്ക് ഇതിന് വലിയതോതിൽ ഇന്ധനം നൽകിയത് എന്ന് പറയാൻ മടിക്കേണ്ട കാര്യമില്ല.

ഭാഗ്യലക്ഷ്മിയും കൂട്ടരും ചെയ്തത് ശരിയോ തെറ്റോ എന്ന് വിധിക്കേണ്ടത് കാലമാണ്. അവരുടെ പ്രവർത്തിയിൽ വിപ്ലവം ആണോ അരാജകത്വം ആണോ മുൻപന്തിയിൽ എന്നത് ലബോറട്ടറിയിൽ പരിശോധിക്കാവുന്ന കാര്യമല്ല. ഒരു കാര്യം പറഞ്ഞ് അവസാനിപ്പിക്കാം, അതിലേക്ക് അവരെ നയിച്ച സാമൂഹിക സാഹചര്യങ്ങൾ ഒരു കൊറോണ കാലത്തെ youtube വീഡിയോ മാത്രമല്ല. ഒരു സമൂഹം എന്ന രീതിയിൽ രോഗലക്ഷണങ്ങളെ അല്ല രോഗം തന്നെ നാം ചികിത്സിക്കേണ്ടിയിരിക്കുന്നു.

4 4 votes
Rating

About the Author

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments