ആ ബാലചന്ദ്രൻ ഒരു മിത്തായി ജനമനസ്സിൽ കിടക്കുകയാണ്. അതിനെ കവി മറന്നെങ്കിലും ജനങ്ങൾ മറക്കാൻ ഇഷ്ടപ്പെടുന്നില്ല.
ബാലചന്ദ്രന്‍ ചുള്ളിക്കാട് മാതൃഭൂമി സാഹിത്യ ഫെസ്റ്റിവലില്‍ നല്‍കിയ മറുപടിയോടു അനുബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ എസ്. ജോസഫ് എഴുതിയ കുറിപ്പ്.
ഒരു കാലഘട്ടത്തിൽ തീക്ഷണമായ കവിതകളെഴുതിയ, വാഗാബോണ്ടായി ജീവിച്ച ഒരു ബൊഹീമിയൻ കവിയാണ് ശ്രീ. ബാലചന്ദ്രൻ ചുള്ളിക്കാട്. പിന്നീട് നിശബ്ദമായി ജീവിക്കുന്ന ഒരു കവിയായി. ഒരു തരത്തിൽ അയ്യപ്പനും ബാലചന്ദ്രനും തമ്മിൽ വിരുദ്ധദിശയിലുള്ള ഒരു സാമ്യം കാണാം. അയ്യപ്പൻ ആദ്യകാലത്ത് ജന്റിൽമാൻ ആയിരുന്നു. പിന്നീട് ചെകുത്താനെ ഗുരുനാഥനാക്കി നൊമാഡിക്കായി ജീവിച്ചു. ബാലചന്ദ്രൻ ആദ്യം നൊമാഡിക്കും പിന്നീട് ജന്റിൽമാനും. ശരിക്കും എന്റെ അറിവിലുള്ള രണ്ട് ” ദ്വിജന്മാർ ” ഇവരാണ്. ഞാനാകട്ടെ ഒരേ സമയത്താണ് ഈ ഇരട്ട ജീവിതം ജീവിക്കുന്നത്. ക്രിസ്ത്യൻ ആണ്. ദളിതാണ്. ശരിക്കും ക്രിസ്ത്യൻ അല്ല. ശരിക്കും ദളിത് അല്ല. ഒരേ സമയം രണ്ട് ജന്മവും ജീവിതവുമുള്ളതിനാൽ ഞാനും ” ദ്വിജൻ ” ആണെന്ന് പറയാം. ഇതിന്റെ പ്രശ്നം ഞാൻ അനുഭവിക്കുന്നുണ്ട്.
സാധാരണ ഗതിയിൽ ദ്വിജൻ എന്നാൽ ബ്രാഹ്മണൻ എന്നാണല്ലോ അർത്ഥം. അത് മതപരമായും ജാതിപരമായും പറയുന്നതാണ്. വേറെ എന്തെങ്കിലും അർത്ഥം അതിലുണ്ടോ എന്ന് എനിക്കറിയില്ല. ഞാൻ ദ്വിജൻ” എന്നു പ്രയോഗിച്ചത് അനുഭവനിഷ്ഠമായും ആലങ്കാരികമായുമാണ്. ഒരു പുതിയ ഒരർത്ഥത്തിലാണ്.
എ. അയ്യപ്പൻ ചോദ്യം ചെയ്യപ്പെടാതെ പോയി. കാരണം അത് കവിതയിലേക്കുള്ള വീഴ്ചയായിരുന്നു. ബാലചന്ദ്രന്റേത് തന്റെ അക്കാലത്തെ കവിതയിൽ നിന്നും ജീവിതത്തിൽ നിന്നുമുള്ള വിടുതിയായിരുന്നു.
ബാലചന്ദ്രന്റെ കാര്യത്തിൽ ജനമനസിൽ ആഴ്ന്നു കിടക്കുന്ന കവിതകൾ ഉണ്ട്. അദ്ദേഹം ഇപ്പോൾ എഴുതുന്ന കവിതകൾ അല്ലവ. ആദ്യ കാലകവിതകൾ ആണ്. അവ മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയവയാണ്. ചെറുപ്പക്കാർക്ക് അത് പുതിയൊരു ജീവിതം നല്കി. ആ ചെറുപ്പക്കാർ ഇപ്പോൾ മുതിർന്നു. ആ ജനമനസ് ഇപ്പോഴും പഴയ തീക്ഷ്ണമായ ആ കവിതകളിലും ആ കവിതകളെഴുതിയ കവിയിലുമാണ് ജീവിക്കുന്നത്. ആ ബാലചന്ദ്രൻ ഒരു മിത്തായി ജനമനസ്സിൽ കിടക്കുകയാണ്. അതിനെ കവി മറന്നെങ്കിലും ജനങ്ങൾ മറക്കാൻ ഇഷ്ടപ്പെടുന്നില്ല. എന്നു മാത്രമല്ല അവർ അതിനെ ഏതു വിധേനെയും പ്രതിരോധിക്കുകയും ചെയ്യും. അതുകൊണ്ടാണ് സിനിമ/സീരിയൽ നടൻ എന്ന പുതിയ ജീവിത രീതി കവിതയുമായി (പഴയ തീഷ്ണമായ, അംമ്ലരൂക്ഷമായ കവിതകൾ) പൊരുത്തപ്പെടാത്തതായി ജനങ്ങൾക്ക് തോന്നുന്നത്. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ കവിതകൾ ജനം പഴയ പോലെ സ്വീകരിക്കുന്നില്ല.
ഇവിടെ രണ്ട് കാര്യങ്ങൾ ഉണ്ട്.
ഒന്ന്, ജനമിപ്പോഴും പഴയ ആ ലോകത്തു തന്നെ .
രണ്ട്, ബാലചന്ദ്രന്റെ ഇന്നത്തെ ജീവിതവും കവിതയും തമ്മിൽ പഴയ ചേർച്ച അവർ കാണുന്നില്ല. ഇന്നത്തെ കവിതകൾ അവർക്ക് ബോധ്യപ്പെടുന്നുമില്ല. അതിന്റെ കാരണം ഇപ്പോഴത്തെ ജീവിത രീതിയാണെന്ന് അവർ കരുതുന്നു.
ഇവിടെ മലയാളി ബഹുജന സമൂഹത്തിന് ബാലചന്ദ്രനോടുള്ള അദമ്യമായ സ്നേഹവും ആരാധനയും മാത്രമേ ഞാൻ കാണുന്നുള്ളു. അതൊക്കെ മനസിലാക്കിയാൽ
സ്വാഭാവികമാണ് കവിയുടേയും ജനങ്ങളുടേയും പെരുമാറ്റം എന്ന് മനസിലാകും.