പണമില്ല എന്നതിന്റെ പേരിൽ ന്യായമായ ഒരു ഹർജിയും അവിടെ സ്വീകരിക്കാതിരുന്നിട്ടില്ല. പണമുണ്ട് എന്നതിന്റെ പേരിൽ ഒരു അധാർമിക ആവശ്യത്തിന് വേണ്ടിയും അവിടെ നിന്നും ഹർജികൾ പോകാറില്ല.

സ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ഖാപ് പഞ്ചായത്തിൽ രണ്ടു ദിവസം നീട്ടിക്കൊടുത്താൽ പ്രശാന്ത് ഭൂഷൺ മാപ്പ് പറയുമെന്ന് അവർ കരുതിയെങ്കിൽ അത് ഭൂഷണെ മാത്രമല്ല, ഭൂഷൺ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെയും മനസിലാക്കാനുള്ള ശേഷിക്കുറവാണ്. ഓരോ ദിവസവും ഭൂഷന്റെ ഓഫീസിൽ വരുന്ന വലിയ കെട്ട് എഴുത്തുകളിൽ നാനാവിധമായ പരാതികളുണ്ടാകും, ആവലാതികളുണ്ടാകും. ഇന്ത്യൻ പാർലമെന്റ് പിരിച്ചു വിടാനുള്ള ഹർജി നൽകണമെന്ന ആവശ്യം മുതൽ ബ്രിട്ടീഷ് രാജിൽ ഗുമസ്തനായിരുന്ന മുത്തച്ഛന്റെ പെൻഷൻ കിട്ടിയില്ല എന്നുവരെയുള്ള നമ്മുടെ ഉറക്കം കളയാനുള്ള കെട്ടുകണക്കിനു കടലാസുകൾ മുതൽ ഈ രാജ്യത്തെ വിറ്റുതുലയ്ക്കുന്ന കോർപ്പറേറ്റുകൾക്കെതിരായ പോരാട്ടങ്ങൾക്കുള്ള ആവശ്യം വരെ. Whistle Blowers ഒരു ഭീതിയുമില്ലാതെ രഹസ്യങ്ങൾ പങ്കുവെക്കാനെത്തും. പണമില്ല എന്നതിന്റെ പേരിൽ ന്യായമായ ഒരു ഹർജിയും അവിടെ സ്വീകരിക്കാതിരുന്നിട്ടില്ല. പണമുണ്ട് എന്നതിന്റെ പേരിൽ ഒരു അധാർമിക ആവശ്യത്തിന് വേണ്ടിയും അവിടെ നിന്നും ഹർജികൾ പോകാറില്ല.

ഓഫീസിലെ മറ്റ് ജൂനിയർ അഭിഭാഷകരും ഭൂഷണും ഒരുമിച്ചിരുന്നുള്ള പതിവുപോലൊരു ഉച്ചഭക്ഷണസമയത്ത് അദ്ദേഹം ഒരിക്കൽ ഒരു സാധാരണ സംഭവം പോലെ പറയുന്നു. ഒന്നാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യകാലത്ത് ഉച്ചയ്‌ക്കൊരു ദിവസം ഒരാൾ കാണാൻ വരുന്നു. ആളകമ്പടികൾ ഇല്ലാതെ. ചില കുശലാന്വേഷണങ്ങൾക്ക് ശേഷം ആഗതൻ കാര്യത്തിലേക്ക് കടക്കുന്നു. “താങ്കൾ ഞങ്ങൾക്ക് എതിരെ നിൽക്കരുത്. ഞങ്ങളുടെ ഗ്രൂപ്പിന്റെ നിയമോപദേഷ്ടാവാക്കാം (അതായത് നൂറു കണക്കിന് കോടി രൂപ എന്നാണർത്ഥം). നരേന്ദ്ര ഭായിയുമായി എന്ത് കാര്യം നടത്തണമെങ്കിലും പറഞ്ഞാൽ മതി. ഒരു ബുദ്ധിമുട്ടുമില്ല.”

അതുകൊണ്ടുതന്നെ സുപ്രീം കോടതിയിൽ എന്തുപറയണം എന്നതിനെക്കുറിച്ച് മറിച്ചൊരു ചിന്തയും അദ്ദേഹത്തിൽ ഉണ്ടായിരിക്കില്ല

ഭൂഷൺ സാമാന്യ മര്യാദകൾക്ക് ശേഷം നന്ദി, തനിക്ക് താത്പര്യമില്ല എന്നറിയിച്ചു. ആ വാഗ്ദാനം ചെയ്യാൻ വന്ന ഉടമയെ ഞങ്ങൾക്കറിയാമായിരുന്നു. അയാൾക്ക് വേണ്ടിയാണ് നരേന്ദ്ര മോദി ഇന്ത്യയിലെ തുറമുഖങ്ങളും വിമാനത്താവളങ്ങളും വിൽക്കുന്ന പണിയുടെ ദല്ലാളായിരിക്കുന്നത്. ഒരു സാധാരണ സംഭവം പോലെ അത് പറഞ്ഞുകൊണ്ട് അടുത്ത കാര്യത്തിലേക്ക് കടക്കാൻ മാത്രം അത്തരം പ്രലോഭനങ്ങളോട് നിർമ്മമനാണ് പ്രശാന്ത് ഭൂഷണെന്ന് കണ്ണടച്ചു പറയാൻ കഴിയും. അതുകൊണ്ടുതന്നെ സുപ്രീം കോടതിയിൽ എന്തുപറയണം എന്നതിനെക്കുറിച്ച് മറിച്ചൊരു ചിന്തയും അദ്ദേഹത്തിൽ ഉണ്ടായിരിക്കില്ല.

അപ്പോൾപ്പിന്നെ ജസ്റ്റിസ് മിശ്ര തന്നെ വിധിക്കണം ഭൂഷണെ കുറ്റക്കാരനായി

എന്നാലതല്ല സുപ്രീം കോടതിയുടെ അവസ്ഥ. വിരമിച്ചതിനു ശേഷം സർക്കാർ ഭരണകക്ഷി നൽകിയ സ്ഥാനമാനങ്ങൾ നടുവളഞ്ഞു സ്വീകരിച്ച ജസ്റ്റിസുമാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. ജസ്റ്റിസ് അരുൺ മിശ്ര നീതിമാനാണ്! അതുകൊണ്ട് അദ്ദേഹത്തിന്റെ മകളുടെ കുഞ്ഞിന്റെ തല മുണ്ഡനം ചെയ്യുന്ന ചടങ്ങിന്, പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നു. (മിശ്രയുടെ മകളുടെ ഭർത്താവ് വാണിജ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ദിവാകർ മിശ്രയാണ്. 2000 ബാച്ചിലെ IAS -കാരൻ.) രാഷ്ട്രപതി കോവിന്ദ് വന്നു. പ്രതിരോധ മന്ത്രി വന്നു. അമിത് ഷാ വന്നു. നിരവധി കേന്ദ്ര മന്ത്രിമാർ വേറെ വന്നു. പല മുഖ്യമന്ത്രിമാരും ചെന്നു. പിന്നെ സായുധ സേന മേധാവിയും ചെന്നു. ഭൂഷൺ tweet ചെയ്തു, “Apparently this blue eyed Joint Secretary is the son in law of a senior SC judge & the Mundan ceremony of his daughter was at the residence of that Judge !” അപ്പോൾപ്പിന്നെ ജസ്റ്റിസ് മിശ്ര തന്നെ വിധിക്കണം ഭൂഷണെ കുറ്റക്കാരനായി.

വിരമിക്കാൻ ഒരു മാസം കഷ്ടിയുള്ളപ്പോൾ ഏഴാമത്തേതിലും വിധി പറയാൻ കച്ചകെട്ടിയിരിക്കുകയാണ് നീതിദേവൻ.

ജസ്റ്റിസ് മിശ്രയാകട്ടെ നീതി നടത്തിപ്പിൽ അസാരം കണിശക്കാരനാണ്. അതുകൊണ്ട് 2019-നു ശേഷം ഇതുവരെയായി അദാനി ഗ്രൂപ്പ് ഉൾപ്പെടുന്ന ആറ് കേസുകളിൽ ടിയാൻ അദാനിക്കനുകൂലമായി വിധി പറഞ്ഞുകഴിഞ്ഞു. വിരമിക്കാൻ ഒരു മാസം കഷ്ടിയുള്ളപ്പോൾ ഏഴാമത്തേതിലും വിധി പറയാൻ കച്ചകെട്ടിയിരിക്കുകയാണ് നീതിദേവൻ. അതിൽത്തന്നെ ചില കേസുകൾ അവധിക്കാല ബഞ്ചിൽ തന്റെ ബഞ്ചിലേക്ക് അടിയന്തരമായി വിളിച്ചുവരുത്തി അദാനിക്കനുകൂലമായി തീർപ്പാക്കിക്കൊടുത്തു മിശ്ര. 2002-ലെ ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്ക് അന്വേഷിക്കണമെന്നും കലാപത്തിന് ഒത്താശ ചെയ്ത മോദിയുടെ നിർദ്ദേശങ്ങൾ താനടക്കമുള്ള ഒരു യോഗത്തിലാണ് വന്നതെന്നും കാണിച്ച് സഞ്ജീവ് ഭട്ട് IPS നൽകിയ ഹർജി തള്ളിയ ബഞ്ചിലും മിശ്ര. സഹാറ-ബിർള ഡയറിയിൽ മോദിയുടെ അടക്കം പേരുണ്ടെന്നും (ഒരിത്തിരി കാശ്, ചായ കുടിക്കാൻ വാങ്ങിയേയുള്ളു മോദി 25 കോടി ) കൂടുതൽ അന്വേഷണം വേണമെന്നുമുള്ള ഹർജി തള്ളിയതും മിശ്ര. മെഡിക്കൽ കോളേജ് കോഴക്കേസിൽ, കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോടോപ്പമിരുന്ന് ആ കേസ് തള്ളിയ ബഞ്ചിലും ജസ്റ്റിസ് മിശ്ര. ഷോറാബുദീൻ ഷെയ്ഖിന്റെ വ്യാജ ഏറ്റുമുട്ടൽ കൊലപാതകവും അയാളുടെ ഭാര്യ കൗസർ ബിയെ ബലാത്സംഗം ചെയ്തു കൊന്നതും സംബന്ധിച്ച കേസിൽ സംശയത്തിന്റെ നിഴലിൽ നിന്ന അന്നത്തെ ഗുജറാത്ത് ആഭ്യന്തര മന്ത്രിയും പിന്നീട് കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായടക്കമുള്ളവർക്കെതിരായ കേസ് കേട്ടിരുന്ന ജസ്റ്റിസ് ലോയയുടെ അസ്വാഭാവിക മരണം അന്വേഷിക്കണമെന്ന ആവശ്യം തള്ളിയ ബഞ്ചിലും മിശ്ര. ഈ കേസിന്റെ listing മിശ്രയുടെ ബെഞ്ചിലേക്ക് വന്നപ്പോഴാണ് ചില പ്രത്യേക തരം കേസുകൾ, രാഷ്ട്രീയ പ്രാധാന്യമുള്ളവ list ചെയ്യുന്നതിൽ ചില ക്രമക്കേടുകളും വഴിവിട്ട താത്പര്യവും നടക്കുന്നുണ്ട് എന്നാരോപിച്ചുകൊണ്ട്‌ അന്നത്തെ മുതിർന്ന നാല് ന്യായാധിപർ പത്രസമ്മേളനം നടത്തിയത്. അതിലുൾപ്പെട്ട രഞ്ജൻ ഗോഗോയ് ലൈംഗിക പീഡനക്കേസിൽ നിന്നും മറ്റു ചില കുഴപ്പങ്ങളിൽ നിന്നും ഊരിക്കിട്ടാൻ അമിത്ഷായുടെ അടിമയായത് വേറെ ചരിത്രം.

ഗൊഗോയിയുടെ സ്ത്രീ പീഡനം പുറത്തുവന്ന ദിവസങ്ങളിൽ ഒരു അഭിഭാഷകൻ പൊടുന്നനെ രംഗത്തു വരുന്നു. ഇതിനു പിറകിലെ കള്ളക്കളികൾ തനിക്കറിയാമെന്നും അവകാശപ്പെടുന്നു. അയാളെ ഗോഗോയ് plant ചെയ്തതാണെന്ന് സകലർക്കും അറിയാമായിരുന്നു. ജസ്റ്റിസുമാർക്ക് മാത്രം പ്രവേശനമുള്ള കവാടത്തിലൂടെ അയാൾ വന്ന ഒരു ‘ടാക്സി കാർ’ പരിശോധനകൾ കൂടാതെ അകത്തുപോയത് അകത്തുനിന്നുള്ള മാന്ത്രിക വടി വീശിയപ്പോഴാണ്. അയാളെ കോടതിയിൽ വിളിച്ചുവരുത്തുന്നു മിശ്രയുടെ ബഞ്ച്. ഒപ്പം ലോകത്തൊരു ചീഫ് ജസ്റ്റിസും തനിക്കെതിരായ ആരോപണത്തിൽ ഇത്ര സുതാര്യമായി നടപടിയെടുക്കില്ല എന്ന് ഗൊഗോയിയെ മിശ്ര തുറന്ന കോടതിയിൽ പുകഴ്ത്തുന്നു. തനിക്ക് അഭിഭാഷകൻ കൈമാറിയ കടലാസിൽ രാജ്യത്തെ പിടിച്ചുകുലുക്കുന്ന സംഭ്രമജനകമായ വിവരങ്ങളാണെന്ന് മിശ്ര പറയുന്നു. ഉച്ചയ്ക്ക് ശേഷം ഹാജരാകാൻ IB മേധാവി, CBI മേധാവി ദൽഹി പൊലീസ് മേധാവി എന്നിവരോട് ആവശ്യപ്പെടുന്നു. മാസങ്ങൾ കഴിഞ്ഞു. അയോധ്യയും റഫേലും ശബരിമല review വും അടക്കമുള്ള നിരവധി ഏറാൻ മൂളി വിധികൾക്കു ശേഷം ഗോഗോയ് എന്ന കളങ്കം സുപ്രീം കോടതിയിൽ നിന്നും പടിയിറങ്ങി. അതിനു മുമ്പ് ഒന്നുകൂടി സംഭവിച്ചു. ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക പീഡനാരോപണം ഉയർത്തിയ ജീവനക്കാരിയെ സുപ്രീം കോടതിയിൽ ജോലിയിലേക്ക് തിരിച്ചെടുത്തു. ദൽഹി പോലീസിൽ നിന്നും suspend ചെയ്ത അവരുടെ ഭർത്താവിനെയും ഭർതൃ സഹോദരനെയും ജോലിയിൽ തിരിച്ചെടുത്തു. ജീവനക്കാരിക്കെതിരെ തട്ടിപ്പിന് കേസ് നൽകിയ പരാതിക്കാരനെ കാണാനില്ലാത്തതുകൊണ്ട് തുടര്നടപടികൾ അവസാനിപ്പിക്കാൻ ദൽഹി പോലീസ് കോടതിയോട് ആവശ്യപ്പെട്ടു. അപ്പോൾ സംഭ്രമജനകമായ ആ കടലാസ്? ഒന്നുമില്ല, പകരം പരാതിക്കാരിയുടെ കൈവശമുള്ള മറ്റൊരു കടലാസിൽ ദേശസുരക്ഷയുടെ ഉപദേശം കയ്യൊപ്പ് ചാർത്തി നൽകിയിരുന്നു. മുട്ടിക്കോളു, തുറക്കപ്പെടും എന്ന്.

ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച നിയമത്തിൽ സുപ്രീം കോടതിയുടെതന്നെ രണ്ടു വിധികളിൽ വൈരുധ്യമുണ്ട് എന്ന് വന്നപ്പോൾ വിശാല ഭരണഘടനാ ബഞ്ച് കേൾക്കാൻ തീരുമാനിച്ചു. വൈരുധ്യമുള്ള വിധികളിൽ സർക്കാരിന് അനുകൂലമായ വിധിയെന്ന് കരുതുന്ന വിധിയെഴുതിയത് മിശ്രയായിരുന്നു. പുതിയ വിശാല ബഞ്ച് വന്നു. രണ്ടു വിധികളും പരിശോധിച്ചു ശരിയായ നിലപാടെടുക്കാനുള്ള വിശാല ഭരണഘടനാ ബഞ്ചിന്റെ അധ്യക്ഷനാര്? ജസ്റ്റിസ് അരുൺ മിശ്ര !

ജസ്റ്റിസ് മിശ്രയുടെ നീതിസങ്കൽപ്പത്തിന് പ്രശാന്ത് ഭൂഷണെ പിടികിട്ടാത്തതിൽ അതുഭുതമില്ല. അത് രണ്ടു ലോകങ്ങളാണ്.

എക്കാലത്തും വിശുദ്ധമായ ഒന്നും മനുഷ്യ നാഗരികതയിലില്ല. അത്തരത്തിലൊരു വിശുദ്ധി സുപ്രീം കോടതി അവകാശപ്പെടുന്നുണ്ടെങ്കിൽ അത് നീതിയുടെ ചരിത്രപരതയെക്കുറിച്ച് അജ്ഞരായിരിക്കുന്നു എന്നാണർത്ഥം. നൈതികതയുടെ രാഷ്ട്രീയബോധത്തിന്റെ കണ്ണാടിയാണ് പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിക്ക് നേരെ പിടിച്ചിരിക്കുന്നത്. സ്വന്തം മുഖം കാണാനുള്ള ഉൾപ്പേടി കൊണ്ടാണ് കോടതി ആ കണ്ണാടി തല്ലിപ്പൊട്ടിക്കുന്നത്.

0 0 votes
Rating

About the Author

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments