പുഴ
ഇവിടത്തെ പഴയ ബാറുകള്‍ക്ക്
ഏച്ചുകൂട്ടിയ പാലങ്ങള്‍ക്കടിയിലേക്ക്
തുറക്കുന്ന വെള്ളച്ചാലുകളുണ്ട്,
വൈക്കോലും പെണ്ണുങ്ങളുടെ മുടിയുമെല്ലാം
വന്നടിഞ്ഞ്, അതെല്ലാം അടയും..
മധുരയില്‍,
കോവിലുകളുടെയും
നഗരങ്ങളെയും കോവിലുകളെയും
വാഴ്ത്തിപ്പാടുന്ന കവികളുടെയും
നഗരത്തില്‍ ,
എല്ലാ വര്‍ഷവും
ഒരു പുഴ വരണ്ടുണങ്ങി
മണലിലെ ഒരുതുള്ളി
വെള്ളപ്പൊട്ടായി മാറാറുണ്ട്..
അപ്പോള്‍ മണലിന്റെ വാരിയെല്ലുകള്‍
മെല്ലെ തെളിഞ്ഞുവരും.
ഇവിടത്തെ പഴയ ബാറുകള്‍ക്ക്
ഏച്ചുകൂട്ടിയ പാലങ്ങള്‍ക്കടിയിലേക്ക്
തുറക്കുന്ന വെള്ളച്ചാലുകളുണ്ട്,
വൈക്കോലും പെണ്ണുങ്ങളുടെ മുടിയുമെല്ലാം
വന്നടിഞ്ഞ്, അതെല്ലാം അടയും..
മയങ്ങുന്ന മുതലകളെപ്പോലെ
നനഞ്ഞ പാറകള്‍ ,
ഉണങ്ങിയതോ
വെയിലു കായുന്ന എരുമകളും..
ഇവിടത്തെ കവികളെന്നും
പ്രളയങ്ങളെപ്പറ്റി മാത്രമേ പാടിയിട്ടുള്ളു..
കഴിഞ്ഞ പെരുമഴക്കാലത്ത്,
അയാളവിടെ ഒരു ദിവസത്തേക്കുണ്ടായിരുന്നു.
അന്നൊക്കെ ആളുകള്‍
ദിനേന പെയ്യുന്ന മഴയുടെ
സെന്റീമീറ്റര്‍ കണക്കുകള്‍ മാത്രം
ഓര്‍ത്തുകൊണ്ടിരുന്നു. .
കടവുകളില്‍ ഓരോ ദിവസവും
വെള്ളം കേറി കാണാതെയാവുന്ന
കല്‍പ്പടവുകളെയും,
മഴയത്ത് ഒലിച്ചു പോയ
മൂന്നു കുടിലുകളെയും,
ഒരു ഗര്‍ഭിണിയെയും ,
പിന്നെ
ഗോപി, ബ്രിന്ദ എന്നിങ്ങനെ
പേരുള്ള രണ്ടു പശുക്കളെയും,
ഒക്കെയോർത്ത്
അവര്‍ വേവലാതിപ്പെട്ടുകൊണ്ടിരുന്നു.
പുതിയ കവികള്‍
പൂര്‍വ്വസൂരികളുടെ വരികള്‍
ഇടയ്ക്കിടെ രോമാഞ്ചത്തോടെ ഉദ്ധരിച്ചു..
പക്ഷെ, വയറ്റില്‍ ഇരട്ടക്കുഞ്ഞുങ്ങളുമായി
ഒഴുക്കില്‍പ്പെട്ട ആ പാവം പെണ്ണിനെക്കുറിച്ച്
ആരും അവനവന്റെ കവിതയില്‍ പറഞ്ഞില്ല.
പാവം കുഞ്ഞുങ്ങള്‍ …!
ജനിക്കും മുമ്പേ തന്നെയവര്‍
പുഴക്കരയില്‍ കാലിട്ടടിച്ചിരുന്നിരിക്കും..
അയാള്‍ പറഞ്ഞു…
കൊല്ലത്തിലൊരിക്കല്‍ മാത്രം
കാവ്യാത്മകമാവാനുള്ള വെള്ളമേ
ഈ പുഴയിലുള്ളൂ…!
അതുകഴിഞ്ഞാല്‍ പിന്നെ
അടുത്ത അരമണിക്കൂറിനകം
മൂന്നു കുടിലുകളെയും,
ഗോപി, ബ്രിന്ദ എന്നിങ്ങനെ
പേരുള്ള രണ്ടു പശുക്കളെയും,
ദേഹത്തൊരു കാക്കപ്പുള്ളി പോലുമില്ലാത്ത
തമ്മിലറിയാന്‍ വേണ്ടി ഭാവിയില്‍
രണ്ടുനിറത്തിലുള്ള ഡയപ്പര്‍ കെട്ടുമായിരുന്ന
ഇരട്ടക്കുഞ്ഞുങ്ങളെ ഉദരത്തില്‍ വഹിക്കുന്ന
അമ്മയെയുമൊക്കെ നെഞ്ചിലേറ്റി
പുഴയൊരു പോക്കങ്ങു പോവും..
നിശ്ചലജീവിതം
ഒരുമിച്ചിരുന്ന്
ഭക്ഷണം കഴിച്ച്,
അവള്‍
എന്നെപ്പിരിഞ്ഞു പോയശേഷവും
ഒരല്പനേരം കൂടി
ഞാനെന്റെ വായന തുടര്‍ന്നിരിക്കും..
പിന്നെ പെട്ടന്ന്,
തീന്‍മേശയിലെക്കൊന്നു
തിരിഞ്ഞു നോക്കാന്‍ തോന്നി,
നോക്കി..
അവള്‍ പാതികടിച്ചുവെച്ച
സാന്‍വിച്ചിന്റെ
റൊട്ടിയിലും, കാബേജിലും
കട്ലെറ്റിലും ഒക്കെയുണ്ട്
ഇപ്പോഴും
അവളുടെ കടിയുടെ പാട്..