വിചിത്രനഗരങ്ങളിൽ,
വിഷാദകാലങ്ങളിൽ…

by Marianna Oboeva

നിറങ്ങളെ സൂചനകളിൽനിന്ന്
വേർപെടുത്താനായിരുന്നു വരച്ചുതുടങ്ങിയത്.

കടല്‍നീല തോന്നലെന്ന്,
വെളിച്ചത്തിൻ
നേരംപോക്ക് മാത്രമാണെന്ന്.

ആദ്യം വരച്ചതൊരു
സൂര്യകാന്തിത്തോട്ടം.

തിരണ്ടഴിഞരാത്രീടെ നേർത്തനനവ്പോലും
മായ്ച്ചുകളയുന്ന,
വെളിച്ചത്തിന്റെയാദ്യയിതളുകളിലൂടിട-
തൂർന്നിറങ്ങും വണ്ടുകൾക്കൊപ്പം
കാറ്റിലാടണ സൂര്യകാന്തിപ്പൂക്കടെ
കാര്യമേയല്ല.

മൂടിക്കെട്ടിയ
ഒരടുക്കളത്തോട്ടത്തിൽ,
ഇല്ലാത്ത കാറ്റിനും
ഇല്ലാത്ത ഇലകൾക്കുമടിയില്‍
നനവിന്റെ പൊരുളിനുവേണ്ടി,

ഇല്ലാത്ത കാറ്റിനും
ഇല്ലാത്ത ഇലകൾക്കുമൊപ്പം
ഇല്ലാവേരില്‍ നിന്ന്
നിറവിനുവേണ്ടി…


പുഴക്കരയിലെ
സൂര്യകാന്തിത്തോട്ടം

by Marianna Oboeva

നിറങ്ങളെപ്പറ്റി
അവൾക്കൊരിക്കലും പക്ഷേ,
തെറ്റിദ്ധാരണകളുണ്ടായിരുന്നില്ല.

അവ അവയുടെ സൂചകങ്ങളിലല്ല ജീവിക്കുന്നതെന്നും വാക്കിനേക്കാളുയരെ വെളിച്ചവുമായാണ്
ഉടമ്പടിയെന്നും,
തെളിവെന്തിന് തെളിവുണ്ടെങ്കിലെന്നും മറ്റും
(നിറങ്ങളെപ്രതിയുള്ള ആദ്യത്തെയോ അവസനത്തെയോ വിഷാദസിദ്ധാന്തമല്ല തന്റേതെന്നും)

വെട്ടമകന്നയുയിരിൽ നിലാവിന്റെ
പട്ടുപൊതിഞ്ഞ പൂന്തോട്ടങ്ങൾമാത്രം വരയ്ക്കുന്നതിനിടയിൽ
പിന്നീടവൾ,
പാതിരകളിൽ,
പെരുമഴകളിൽ,
പുഴക്കരകളിൽ,
ചെന്നിരിക്കാൻതുടങ്ങി.

ഉന്മാദച്ചുഴികളിൽ വസൂരിവിരിയുവോളം വിരലിറക്കിപ്രണയിക്കയാൽ
ആയിടവപ്പാതിയിൽ
ആഴത്തിലേക്കിറങ്ങിക്കിടന്ന
തണുപ്പൻ പാറകൾതീർത്ത
വഴുക്കൻപടികൾകടന്ന്
വിണ്ടുകീറിയ കാൽവിരലുകൾ ,
മറവിയുടെ ആദ്യപാളി തൊട്ടു.

പിന്നെ…
മൂന്ന്, നാല്, അഞ്ച്‌..,
ജലശരീരമതിവേഗമനായാസ-
മഴിഞ്ഞുവീഴുന്നതുകണ്ടു…

 

Cover Illustration by Marianna Oboeva

4 6 votes
Rating

About the Author

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments