ഈ സാഹചര്യത്തിൽ ഒരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്. കർഷക-വികസന വിരുദ്ധം എന്ന പേരിൽ തള്ളിക്കളഞ്ഞ ഗാഡ്ഗിൽ റിപ്പോർട്ട്‌ പ്രാബല്യത്തിൽ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.

ടിഞ്ഞാറ് അറബിക്കടലും കിഴക്ക് പശ്ചിമഘട്ട മലനിരകളും അതിരിട്ട് സംരക്ഷിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട് ആയിട്ടാണ് കേരളത്തെ നമ്മൾ വിശേഷിപ്പിച്ചു പോരുന്നത്. മലയാള ജനതയുടെ ജീവിതചര്യയിൽ അഭേദ്യമായ പങ്കുവഹിക്കുന്ന ഒന്നാണ് പശ്ചിമഘട്ടം. എന്നാൽ പശ്ചിമഘട്ടത്തിന്റെ ഇന്നത്തെ അവസ്ഥ ആശങ്കാജനകമാണ്. അതിരു കടന്ന ഖനനവും വനനശീകരണവും പശ്ചിമ ഘട്ടത്തിന്റെ നിലനിൽപ്പിനെ ബാധിച്ചിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം (Ministry of environment, forestry and Climate Change), പശ്ചിമഘട്ടത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തുന്നതിനും സംരക്ഷണമാർഗങ്ങൾ നിർദ്ദേശിക്കുന്നതിനും വേണ്ടി 2010 മാർച്ചിൽ പ്രശസ്ത ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിൽ അധ്യക്ഷനായുള്ള 14 അംഗ കമ്മിറ്റിയായ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി (Western Ghats Ecology Expert Panel) രൂപീകരിക്കുന്നത്. നിലവിലെ പരിസ്ഥിതികാവസ്ഥ വിലയിരുത്തിയ ഗാഡ്ഗിൽ കമ്മിറ്റി പശ്ചിമ ഘട്ടം മുഴുവനായും പരിസ്ഥിതി ലോല പ്രദേശമായി (Ecologically Sensitive Area ) വിലയിരുത്തിക്കൊണ്ട് 2011 ഓഗസ്റ്റ് 31ന് റിപ്പോർട്ട്‌ സമർപ്പിച്ചു.

കൃഷിഭൂമിയും കിടപ്പാടവും നഷ്ടപ്പെടുമെന്നുള്ള ഖനന മാഫിയയുടെ വാദങ്ങളിൽ വിശ്വസിച്ച് റിപ്പോർട്ടിനെതിരെ സാധാരണ ജനങ്ങൾ രംഗത്തിറങ്ങി.

അശാസ്ത്രീയ വികസനങ്ങളെ പ്രതിയുള്ള ആശങ്കയും ഡാം നിർമ്മാണം, ഖനനം തുടങ്ങിയവയോടുള്ള എതിർപ്പും പ്രകടിപ്പിച്ചുള്ള ഈ റിപ്പോർട്ട്‌ നീണ്ട 8 മാസങ്ങൾ കേന്ദ്രമന്ത്രാലയത്തിൽ പൂഴ്ത്തിവെയ്ക്കപ്പെട്ടു. തുടർന്ന് വിവരാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് WGEEP റിപ്പോർട്ട്‌ ജനങ്ങൾക്ക് ലഭ്യമായത്.

ഗാഡ്ഗിൽ റിപ്പോർട്ട്‌ തള്ളിപ്പോകാനുണ്ടായിരുന്ന പ്രധാന കാരണം അത് കൂടുതൽ പരിസ്ഥിതി സൗഹാർദ്ദം ആയിരുന്നു എന്നത് തന്നെ. കൃഷിഭൂമിയും കിടപ്പാടവും നഷ്ടപ്പെടുമെന്നുള്ള ഖനന മാഫിയയുടെ വാദങ്ങളിൽ വിശ്വസിച്ച് റിപ്പോർട്ടിനെതിരെ സാധാരണ ജനങ്ങൾ രംഗത്തിറങ്ങി. 522 പേജുകളിലായി പൂർണ്ണമായും ഇംഗ്ലീഷിൽ എഴുതപ്പെട്ടിട്ടുള്ള വിവരങ്ങൾ സാധാരണ ജനങ്ങളിലേക്ക് എത്തുക എന്നത് ബുദ്ധിമുട്ടാണെന്നുള്ളതുകൊണ്ടും കേട്ടറിഞ്ഞ വ്യാജപ്രചാരണങ്ങളിൽ തെറ്റിദ്ധരിക്കപ്പെട്ടതിനാലും റിപ്പോർട്ടിനെതിരെയുള്ള വിമർശനം ശക്തമായി. ജനങ്ങൾക്കിടയിൽ വൻ പ്രക്ഷോഭങ്ങൾക്കിടയാക്കിയതോടെ ഗാഡ്ഗിൽ റിപ്പോർട്ട്‌ പഠിച്ചു വിലയിരുത്തുന്നതിനായി കസ്തൂരിരംഗൻ കമ്മിറ്റിയെ നിയമിച്ചു. മൈനിങ്, ക്വാറി തുടങ്ങിയവയ്ക്കുള്ള പഴുതുകളിട്ടു തയാറാക്കിയ കസ്തൂരിരംഗൻ റിപ്പോർട്ട്‌, ഭൂമി നഷ്ടപെടുമോയെന്ന കർഷകരുടെ ആശങ്കയിൽ തള്ളിപ്പോവുകയാണുണ്ടായത്. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളോടുള്ള പ്രതിഷേധങ്ങളെ പ്രതി ആവശ്യമായ തീരുമാനങ്ങൾ എടുക്കുന്നതിനായി കേരള സർക്കാർ ഉമ്മൻ വി ഉമ്മൻ കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. ഇത്രയൊക്കെ റിപോർട്ടുകൾ ഉണ്ടായിട്ടും ഉചിതമായ നടപടികൾ സ്വീകരിച്ചില്ല എന്നത് മറ്റൊരു വസ്തുത.

മാധവ്‌ ഗാഡ്ഗിൽ | Photo Courtesy ©theweek

ഗാഡ്ഗിൽ റിപ്പോർട്ടിന്റെ കണ്ടെത്തലുകൾ ശരി വെയ്ക്കുന്ന രീതിയിൽ കേരളം തുടർച്ചയായി ദുരന്തങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. 2017 ൽ അപ്രതീക്ഷിതമായിട്ടായിരുന്നു, കേരളക്കരയിലെ പല ഭാഗങ്ങളെയും കീഴടക്കികൊണ്ട്, കേട്ടുകേൾവി മാത്രമുള്ള 99ലെ വെള്ളപ്പൊക്കത്തിനു ശേഷം മറ്റൊരു പ്രളയം ഉയർന്നുവന്നത്. പിന്നീടിങ്ങോട്ട് പ്രകൃതിക്ഷോഭങ്ങളും തുടർന്നുള്ള ദുരന്തങ്ങളും ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ഒരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്. കർഷക-വികസന വിരുദ്ധം എന്ന പേരിൽ തള്ളിക്കളഞ്ഞ ഗാഡ്ഗിൽ റിപ്പോർട്ട്‌ പ്രാബല്യത്തിൽ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.

പശ്ചിമഘട്ടത്തിന്റെ നിലവിലെ പരിസ്ഥിതികാവസ്ഥ വിശകലനം ചെയ്യുക, 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം (Environment Protection Act) ഏതൊക്കെ മേഖലകളിൽ പരിസ്ഥിതി ലോല പ്രദേശങ്ങളായി വരുമെന്ന് തീരുമാനിക്കുക, പശ്ചിമഘട്ട സംരക്ഷണം-സുസ്ഥിര വികസനം എന്നിവയ്ക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ സഹായങ്ങളോടെ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുക, പശ്ചിമഘട്ടം നേരിടുന്ന മറ്റു പ്രശ്നങ്ങളെക്കുറിച്ചു പഠിക്കുക, അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി, ഗുണ്ടിയ ജലവൈദ്യുത പദ്ധതി, രത്‌നഗിരി, സിന്ധുദുര്‍ഗ് ജില്ലകളിലെ വിവിധ പദ്ധതികള്‍, ഗോവയിലെ മൈനിങ് തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ പഠനം എന്നിവയായിരുന്നു Western Ghats Ecology Expert Panel രൂപീകരിക്കുമ്പോൾ പ്രസ്തുത കമ്മിറ്റിയിൽ നിക്ഷിപ്തമായിരുന്ന ഉത്തരവാദിത്തങ്ങൾ.

ലോകത്തിലെ 8 ബയോഡൈവേഴ്സിറ്റി ഹോട്സ്പോട്ടുകളിൽ ഒന്നായി UNESCO പ്രഖ്യാപിച്ചിട്ടുള്ള പശ്ചിമഘട്ടം, വംശനാശ ഭീഷണി നേരിടുന്ന അനേകം സസ്യ-ജന്തുജാലങ്ങളുടെ വാസസ്ഥലമാണ്.

6 സംസ്ഥാനങ്ങളിലെ 44 ജില്ലകളിൽ 142 താലൂക്കുകളിലായി 129037ചതുരശ്ര കിലോമീറ്ററുകൾ വ്യാപിച്ചു കിടക്കുന്ന പശ്ചിമ ഘട്ടം, മുഴുവനായും പരിസ്ഥിതി ലോല പ്രദേശമായി പരിഗണിച്ചുകൊണ്ടാണ് റിപ്പോർട്ട്‌ തയാറാക്കപ്പെട്ടിട്ടുള്ളത്. ലോകത്തിലെ 8 ബയോഡൈവേഴ്സിറ്റി ഹോട്സ്പോട്ടുകളിൽ ഒന്നായി UNESCO പ്രഖ്യാപിച്ചിട്ടുള്ള പശ്ചിമഘട്ടം, വംശനാശ ഭീഷണി നേരിടുന്ന അനേകം സസ്യ-ജന്തുജാലങ്ങളുടെ വാസസ്ഥലമാണ്. ഇന്ത്യയിലെ 13നാഷണൽ പാർക്കുകളും വിവിധ വന്യ ജീവി സംരക്ഷണ കേന്ദ്രങ്ങളും റിസേർവ് വനങ്ങളും ഉൾപ്പെടുന്ന പശ്ചിമഘട്ടം കേരളം, തമിഴ്നാട്, കർണാടക, ഗുജറാത്ത്, ഗോവ, മഹാരാഷ്ട്ര എന്നീ ആറ് സംസ്ഥാനങ്ങളിലെ പ്രധാന ജല സ്രോതസ്സുകളായ ഗോദാവരി, കൃഷ്ണ, കാവേരി തുടങ്ങിയ നദികളുടെ ഉത്ഭവ സ്ഥാനം കൂടിയാണ്. ഇപ്പറഞ്ഞ കാരണങ്ങൾ കൊണ്ടു തന്നെ അതീവ പ്രാധാന്യം കൊടുക്കേണ്ടതെങ്കിലും പശ്ചിമ ഘട്ടത്തിലെ ഓരോ മേഖലയെയും സംരക്ഷണ പ്രാധാന്യം അനുസരിച്ചു പ്രത്യേകമായി പരിഗണിക്കണമെന്നും റിപ്പോർട്ട്‌ നിഷ്കർഷിക്കുന്നു.

ഇതനുസരിച്ചു പശ്ചിമഘട്ടത്തെ 2200 ചതുരങ്ങളായി വിഭജിച്ച്, പ്രാധാന്യം അനുസരിച്ചു 4 മേഖലകളായി തരം തിരിച്ചിരിക്കുന്നു.

  1. നിലവിലുള്ള സംരക്ഷണ മേഖലകൾ (Protected Areas) – വന്യജീവി സംരക്ഷണ കേന്ദ്രങ്ങൾ, നാഷണൽ പാർക്കുകൾ എന്നിവ ഉൾപ്പെടുന്നു
  2. ESZ 1 (Ecologically Sensitive Zone 1) – അതീവ പ്രാധാന്യ മേഖലകൾ (Regions of highest sensitivity)
  3. ESZ 2 – പ്രാധാന്യ മേഖലകൾ (Regions of high sensitivity)
  4. ESZ 3 – മിത പ്രാധാന്യ മേഖലകൾ (Regions of moderate sensitivity)

പശ്ചിമ ഘട്ടത്തിന്റെ 60% ഭാഗം സംരക്ഷണ മേഖലകളും അതീവ പ്രാധാന്യ മേഖലകളും ഉൾക്കൊള്ളുമ്പോൾ, ബാക്കി 40% സംസ്ഥാനങ്ങളുടെ വികസനാവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താവുന്നതാണ്. റിപ്പോർട്ട്‌ അനുസരിച്ച് പശ്ചിമ ഘട്ടത്തിന്റെ 75% പ്രദേശം(ESZ 3 ഒഴികെയുള്ളവ) പരിസ്ഥിതി പ്രാധാന്യ മേഖലയായി കണക്കാക്കപ്പെടുന്നു.

പശ്ചിമഘട്ട മലനിരകള്‍

കേരളത്തിലെ 32 താലൂക്കുകളിലായി 28008ചതുരശ്ര കിലോമീറ്ററുകളിൽ വ്യാപിച്ചു പശ്ചിമഘട്ട പ്രദേശങ്ങളിൽ 24 താലൂക്കുകൾ പരിസ്ഥിതി പ്രാധാന്യ മേഖലകൾ ഉൾക്കൊള്ളുന്നവയാണ്. അതായത് സംരക്ഷണം അർഹിക്കുന്ന പരിസ്ഥിതി പ്രാധാന്യ പ്രദേശങ്ങൾ ഉള്ള 25 താലൂക്കുകൾ കേരളത്തിലുണ്ട്. അത്തരം മേഖലകൾ കണ്ടെത്തി സംരക്ഷിക്കപ്പെടണം എന്ന് ഗാഡ്ഗിൽ റിപ്പോർട്ട്‌ നിർദ്ദേശിക്കുന്നു. കേരളത്തിലെ മണ്ടക്കോൽ, പനത്തടി, പൈതൽമല, ബ്രഹ്മഗിരി-തിരുനെല്ലി, വയനാട്, ബാണാസുര-കുറ്റ്യാടി, നിലമ്പൂർ-മേപ്പാടി, സൈലന്റ് വാലി, ശിരുവാണി, നെല്ലിയാമ്പതി, പീച്ചി-വാഴാനി, അതിരപ്പിള്ളി-വാഴച്ചാൽ, പൂയ്യംകുട്ടി-മൂന്നാർ, ഏലമല, പെരിയാർ-റാന്നി കുളത്തൂപ്പുഴ, അഗസ്ത്യമല തുടങ്ങിയ പ്രദേശങ്ങൾ ഇത്തരത്തിൽ സംരക്ഷണം അർഹിക്കുന്നവയാണ്. പശ്ചിമ ഘട്ട പരിസ്ഥിതി അതോറിറ്റിയുടെ മേൽനോട്ടത്തിൽ ഗ്രാമ പഞ്ചായത്ത്‌, ജില്ലാ പഞ്ചായത്ത് തുടങ്ങിയ പ്രാദേശിക ഭരണകൂടങ്ങൾക്കാണ് ഓരോ താലൂക്കിലെയും സംരക്ഷിക്കപ്പെടേണ്ട പ്രദേശങ്ങൾ കണ്ടെത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുമുള്ള ചുമതലകൾ.

നിലവിലുള്ള ഡാമുകൾ തന്നെ പശ്ചിമഘട്ടത്തിന്റെ നിലനില്പിനെ ബാധിച്ചിരിക്കുന്ന അവസ്ഥയിൽ സോൺ ഒന്നിലും രണ്ടിലും പുതിയ ഡാമുകൾ നിർമിക്കുന്നതിന് അനുമതി നൽകാൻ പാടില്ല.

ഓരോ മേഖലയിലും പ്രോത്സാഹിക്കപ്പെടേണ്ടതും ഒഴിവാക്കേണ്ടതുമായ നടപടികളെക്കുറിച്ചും ഗാഡ്ഗിൽ റിപ്പോർട്ട്‌ വിവരിക്കുന്നു.
ജനിതക മാറ്റം വരുത്തിയ/വിദേശ വിളകൾ ഉപയോഗിക്കുക, കൃഷി ഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുക, രാസവിളകളുടെ ഉപയോഗം, പൊതുഭൂമിയെ സ്വകാര്യവൽക്കരിക്കുക എന്നിവയിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന നിർദേശങ്ങൾ ചർച്ച ചെയ്യപ്പെട്ടു. അതീവ പ്രാധാന്യമുള്ള സോൺ 1, 2 എന്നിവയിൽ പുതിയ ക്വാറികൾ, ഖനനം, ഉയർന്ന മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങൾ, റയിൽവേ, റോഡ് എന്നിവയ്ക്ക് അനുമതി നൽകരുതെന്നും നിലവിലുള്ള ഖനനവും ക്വാറികളും നിശ്ചിത സമയപരിധിക്കുള്ളിൽ (2016) തന്നെ റദ്ധാക്കണമെന്നും നിർദ്ദേശിക്കുന്ന കമ്മിറ്റി, വിശദമായ പരിസ്ഥിതി ആഘാത പഠനത്തോടെ സോൺ 3 ൽ ആവശ്യമായവ പരിസ്ഥിതി സൗഹൃദപരമായി അനുവദിക്കാമെന്നും പറയുന്നു. നിലവിലുള്ള ഡാമുകൾ തന്നെ പശ്ചിമഘട്ടത്തിന്റെ നിലനില്പിനെ ബാധിച്ചിരിക്കുന്ന അവസ്ഥയിൽ സോൺ ഒന്നിലും രണ്ടിലും പുതിയ ഡാമുകൾ നിർമിക്കുന്നതിന് അനുമതി നൽകാൻ പാടില്ല.


ആസിഫ് അലി എഴുതിയ ലേഖനം വായിക്കാം

അതിരപ്പിള്ളി ഹൈഡൽ പ്രൊജക്റ്റ്‌ യാഥാർഥ്യമാകുന്നതോടെ കേരളത്തിന്‌ നഷ്ടമാകുന്നത് പശ്ചിമ ഘട്ടത്തിൽ മറ്റെവിടെയും ഇല്ലാത്ത സവിശേഷമായ പ്രത്യേകതകൾ ഉള്ള ആവാസവ്യവസ്ഥയാണ്. വംശനാശ ഭീഷണി നേരിടുന്നതും നേരിടാൻ സാധ്യതയുള്ളതുമായ അനേകം സസ്യങ്ങളുടെയും ജീവികളുടെയും ആവാസകേന്ദ്രമാണ് ഇവിടം. ഇവിടെ മാത്രം കാണപ്പെടുന്ന അപൂർവ്വയിനം പക്ഷികളും മത്സ്യങ്ങളും ഇതോടുകൂടി ഇല്ലാതാവും. അതിരപ്പിള്ളി-വാഴച്ചാൽ വനഭൂമിയിൽ ജീവിക്കുന്ന കാടർ വിഭാഗത്തിൽ പെട്ട ആദിവാസ സമൂഹത്തിന്റെ ജീവിതവും, ചാലക്കുടിയാറിനെ ആശ്രയിക്കുന്ന ജനങ്ങളുടെ കുടിവെള്ള ശ്രോതസ്സും പ്രതിസന്ധിയിലാവും. മേൽപ്പറഞ്ഞ പാരിസ്ഥിതികാഘാതങ്ങൾ വിലയിരുത്തിക്കൊണ്ട് അതിരപ്പിള്ളി, ഗുണ്ടിയ ജലവൈദ്യുത പദ്ധതികൾക്ക് കേന്ദ്രാനുമതി നൽകരുതെന്നും ഗാഡ്ഗിൽ കമ്മിറ്റി ആവശ്യപ്പെടുന്നു.

പൂർണ്ണമായും പരിസ്ഥിതി സൗഹൃദപരമായ ഗാഡ്ഗിൽ റിപ്പോർട്ട്, ‘സുസ്ഥിരമായി വികസിപ്പിക്കുക; വിവേകപരമായി സംരക്ഷിക്കുക’ എന്ന ആശയത്തിലൂന്നി, പശ്ചിമ ഘട്ടത്തിലെ ജനജീവിതത്തെ കൂടി പരിഗണിച്ചുകൊണ്ടാണ് തയാറാക്കപ്പെട്ടിട്ടുള്ളത്. നിലവിലുള്ള ഗതാഗതവും നിർമ്മാണ പ്രവർത്തനങ്ങളും ജനസംഖ്യാനുസൃതമായി മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പശ്ചിമഘട്ട മലനിരകളുടെ നിലനിൽപ്പ് ആശങ്കാജനകം ആണെന്നും ഉടൻ തന്നെ വേണ്ട നടപടികൾ സ്വീകരിക്കണമെന്നുമുള്ള മുന്നറിയിപ്പാണ് ഒരു തരത്തിൽ ഗാഡ്ഗിൽ റിപ്പോർട്ട്‌.

Hornbills at Athirapilly | Photo by Rahana Habeeb.

ശക്തമായ പ്രളയത്തിന്റെ നാശനഷ്ടങ്ങൾക്കിപ്പുറം ഒരാഴ്ച നീണ്ടുനിൽക്കുന്ന വെയിലിൽ വരൾച്ചയനുഭവപ്പെടുന്ന സ്ഥിതിയിലൂടെയാണ് കേരളത്തിലെ ഓരോ പ്രദേശവും കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പുതിയ റിപോർട്ടുകൾ പ്രകാരം കേരളം ഇന്നു നേരിട്ടിട്ടുകൊണ്ടിരിക്കുന്നത് അതി ഭീകരമായ കാലാവസ്ഥ വ്യതിയാനമാണ്. 2015ലെ കടുത്ത വരൾച്ചയും 2017ലെ ഓഖി ചുഴലിക്കാറ്റും തുടർന്നുള്ള 2 വർഷങ്ങളിൽ നേരിട്ട പ്രളയവും ഈ വർഷം പ്രളയത്തോളം വന്നു പേടിപ്പിച്ചുപോയ കനത്ത മഴയും ചൂണ്ടിക്കാട്ടുന്നതും കേരളത്തിന്റെ കാലാവസ്ഥാ മാറ്റങ്ങളെയാണ്. കേരള സംസ്ഥാന ദുരന്ത നിവാരണ കമ്മിറ്റി റിപ്പോർട്ട്‌ അനുസരിച്ച് കേരളത്തിന്റെ പതിനാലു ശതമാനത്തിലധികവും ഇടുക്കി ജില്ലയുടെ മുപ്പത് ശതമാനത്തോളവും പ്രദേശങ്ങൾ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്ന മേഖലകളാണ്. ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യയും പരിസ്ഥിതിയെ മറന്നുകൊണ്ടുള്ള വികസനവും നമുക്കു നേരിടാൻ കഴിയുന്നതിനപ്പുറമുള്ള പ്രത്യാഘാതങ്ങളിലേക്കാണ് കൊണ്ടുചെന്നെത്തിക്കുന്നത്. ഏറ്റവുമൊടുവിൽ സംഭവിച്ച പെട്ടിമുടി മണ്ണിടിച്ചിൽ (ഇടുക്കി ജില്ലയിൽ മണ്ണിടിച്ചിൽ സാധ്യത ഏറ്റവും അധികം നിലനിൽക്കുന്ന ദേവികുളം താലൂക്കിലാണ് പെട്ടിമുടി സ്ഥിതി ചെയ്യുന്നത്) ഉൾപ്പെടെ, കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി കേരളം സാക്ഷ്യം വഹിക്കുന്ന തുടർച്ചയായ ദുരന്തങ്ങൾ പ്രകൃതിയുടെ തിരിച്ചടിയായി കാണേണ്ടിയിരിക്കുന്നു. അതിന്റെ ഏറ്റവും പരിതാപകരമായ വസ്തുത എന്തെന്നാൽ പലപ്പോഴും ഇത്തരം ദുരന്തങ്ങളിൽ ബലിയാടാവുന്നത് ചിലരുടെ സ്വാർത്ഥലാഭങ്ങൾക്കു വേണ്ടി തെരുവിലിറക്കപ്പെട്ട കുടിയേറ്റതൊഴിലാളികളും മലയോര നിവാസികളുമാണെന്നുള്ളതാണ്. ദുരന്ത സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു സുരക്ഷിതരായി നിർത്തുക എന്ന ഏറ്റവും കുറഞ്ഞ പരിഹാര മാർഗ്ഗമെങ്കിലും കണ്ടെത്തേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

സമീപ ഭാവിയിൽ തന്നെ മനുഷ്യന്റെ ചെയ്തികളുടെ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പോടെ ഗാഡ്ഗിൽ റിപ്പോർട്ട്‌ സമർപ്പിച്ചിട്ട് 9 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഉചിതമായ നടപടികൾ സ്വീകരിക്കാത്തപക്ഷം ദുരന്തങ്ങൾ തുടർന്നുകൊണ്ടിരിക്കും എന്നതിൽ സംശയമില്ല.

4.1 8 votes
Rating

About the Author

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments