പ്രേമിച്ചിരുന്ന കാലത്ത് വണ്ടിക്കടയിലെ നെയ്യിറ്റുന്ന നെയ്യപ്പവും വാങ്ങിയല്ലാതെ അയാള്‍ അവളെ കാണാന്‍ ചെല്ലുമായിരുന്നില്ല. അവള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പലഹാരം. അതുകൊണ്ട് തന്നെ അവരിരുവരും ഒരുമിച്ചുണ്ടായ നേരങ്ങള്‍ക്കൊക്കെ നെയ്യപ്പത്തിന്റെ മണമായിരുന്നു.

പ്പൂപ്പന്‍ താടി മലയുടെ ഉച്ചിയില്‍ ഒരു വലിയ മുറിവുണ്ടായിട്ട് ചോരയൊലിക്കും പോലെ ആണ് മാഞ്ഞാലിപ്പുഴയുടെ ഉറവ ഒഴുകുന്നത്. ഒഴുകി പുഴയിലേക്ക് ചേരുന്ന വെള്ളത്തിന് കരിക്കിന്റെ നിറവും നേരിയ മധുരത്തോട് കൂടിയ രുചിയുമാണ്‌. ആ പുഴക്കരയിലെ കരിങ്കൂവളത്തിന്‍റെ അധികം ഉയരമില്ലാത്ത കൊമ്പിലാണ് ദിവസങ്ങള്‍ക്ക് മുന്‍പ് ചീരന്‍ ഉടുമുണ്ടില്‍ തൂങ്ങിയത്. ട്രൌസറിന്റെ പോക്കറ്റില്‍ “എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല” എന്ന് പെന്‍സില്‍ കൊണ്ട് കോറി വരച്ച കടലാസുണ്ടായിരുന്നു. ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഒരു ചെറിയ കുപ്പിയില്‍ വാഴയ്ക്ക് അടിക്കുന്ന കീടനാശിനി കണ്ടെത്തിയ പോലീസിന്റെ നിഗമനപ്രകാരം വിഷം കഴിച്ച് മരിക്കാന്‍ വേണ്ടി മാഞ്ഞാലിയുടെ കരയില്‍ വന്ന ചീരന്‍ ഒരുപക്ഷേ മരിച്ചില്ലെങ്കിലോ എന്ന സംശയം ഉണ്ടായതിനെ തുടര്‍ന്ന് ഉടുമുണ്ടില്‍ തൂങ്ങുകയായിരുന്നത്രേ.

by Arya Rajagopal

പക്ഷേ എന്തിന്?? ചീരന്‍ ആത്മഹത്യ ചെയ്യാന്‍ പ്രത്യക്ഷത്തില്‍ ഒരു കാരണവും നാട്ടുകാരുടെ കണ്ണിലില്ല. എന്നാല്‍ കുറച്ചു നാളുകളായി അയാളില്‍ കണ്ടു വന്നിരുന്ന മാറ്റങ്ങളെ കുറിച്ച് അടുത്ത് ഇടപഴകിയിരുന്നവരില്‍ ചിലര്‍ക്ക് പറയാനുമുണ്ടായിരുന്നു. അയാള്‍ക്ക് ജൈവവളത്തിന്റെ ഏര്‍പ്പാടായിരുന്നു. നാട്ടുകാര്‍ക്ക് മുഴുവന്‍ കൃഷിക്കും പൂന്തോട്ടത്തിനും വേണ്ടി വളം കിട്ടിയിരുന്ന ഒരേയൊരു സ്രോതസ്സ് അയാളായിരുന്നത് കൊണ്ട് അതിലയാള്‍ക്ക് ലാഭമല്ലാതെ നഷ്ടമുണ്ടായിട്ടേ ഇല്ല. മാസാവസാനം വളം സ്ഥിരമായി വാങ്ങുന്നവര്‍ കണക്ക് തീര്‍ത്ത് കാശു കൊടുക്കുന്ന ദിവസം രാത്രി ഇരുട്ടുവോളം അയാള്‍ ഷാപ്പിലിരുന്നു കുടിക്കുകയും പലേ പാട്ടുകള്‍ പാടിക്കൊണ്ടേ ഇരിക്കുകയും ചെയ്യും. ഷാപ്പടയ്ക്കുമ്പോള്‍ നേരെ മാഞ്ഞാലിയുടെ കരയിലേക്ക്. കരിങ്കൂവളത്തിന്റെ ചോട്ടിലിരുന്ന് അയാള്‍ക്ക് സംസാരിക്കാന്‍ തോന്നുന്നവരെല്ലാം മുന്‍പില്‍ ഉണ്ടെന്ന് സങ്കല്‍പ്പിച്ച് സംസാരിക്കും. വളരെ ആത്മാര്‍ഥമായി അയാള്‍ ആ ക്രിയയില്‍ ഏര്‍പ്പെടുമായിരുന്നു. ഒരു സംഭാഷണത്തിന്റെ എല്ലാ വൈകാരികതകളോടും കൂടി അയാള്‍ മാഞ്ഞാലിയിലെ സങ്കല്‍പ്പ മനുഷ്യരോട് മിണ്ടി, കയര്‍ത്തു, സ്നേഹിച്ചു, പരിഹസിച്ചു, പൊട്ടിച്ചിരിച്ചു…

അയാള്‍ ഏറ്റവും കൂടുതല്‍ നേരം അങ്ങനെ സംസാരിക്കുന്നത് മാലതിയോടാണ്. റജിസ്റ്റര്‍ ഓഫീസിന്‍റെ വാതുക്കല്‍ നിന്ന് അവളുടെ വീട്ടുകാര്‍ പിടിച്ചുവലിച്ചു കൊണ്ടു പോയില്ലായിരുന്നെങ്കില്‍ മാഞ്ഞാലിയുടെ കരയില്‍ ഇങ്ങനെ വന്ന് ഇരിക്കുന്ന നേരത്ത് അയാളുടെ വീട്ടിനകത്ത് അവളെയും കെട്ടിപ്പിടിച്ച് നെയ്യപ്പത്തിന്റെ ചുവയും മണവുമുള്ള ഉമ്മകളുമായി കഴിയുമായിരുന്നു താന്‍ എന്ന് അയാളെന്നും ശൂന്യതയിലെ മാലതിയോടു പറയും. പ്രേമിച്ചിരുന്ന കാലത്ത് വണ്ടിക്കടയിലെ നെയ്യിറ്റുന്ന നെയ്യപ്പവും വാങ്ങിയല്ലാതെ അയാള്‍ അവളെ കാണാന്‍ ചെല്ലുമായിരുന്നില്ല. അവള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പലഹാരം. അതുകൊണ്ട് തന്നെ അവരിരുവരും ഒരുമിച്ചുണ്ടായ നേരങ്ങള്‍ക്കൊക്കെ നെയ്യപ്പത്തിന്റെ മണമായിരുന്നു.

കള്ള് തലയ്ക്ക് പിടിച്ചതിന്റെ പെരുപ്പില്‍ അയാള്‍ ആ രാത്രി അവനെ കൊണ്ട് പലവുരു അങ്ങനെ വിളിപ്പിക്കുകയും ചെയ്തു.

പിന്നെ അയാള്‍ സംസാരിക്കുക വര്‍ഷങ്ങള്‍ക്ക് മുന്‍പേ മരണപ്പെട്ട അപ്പനോടാണ്. ചീരന് പതിനെട്ട് വയസ്സ് തികഞ്ഞ അന്ന് പൊരിച്ച പത്തിരിയും ആട്ടിന്റെ കരള് കറിയും വാങ്ങി ആടിയാടി വീട്ടിലേക്ക് വന്ന ഭാസവന്‍ മകനോട് പറഞ്ഞു “ചീരാ.. നീ ഇനി എന്നെ അപ്പാന്നൊന്നും വിളിക്കണ്ട. ഭാസവാന്ന് വിളിച്ചാ മതി.” കള്ള് തലയ്ക്ക് പിടിച്ചതിന്റെ പെരുപ്പില്‍ അയാള്‍ ആ രാത്രി അവനെ കൊണ്ട് പലവുരു അങ്ങനെ വിളിപ്പിക്കുകയും ചെയ്തു. അന്നേ ദിവസത്തിനപ്പുറം ഭാസവന്‍ മരിക്കുന്ന വരെ ചീരന്‍ അയാളെ അപ്പാന്നു മാത്രേ വിളിച്ചിട്ടുള്ളെങ്കിലും മാഞ്ഞാലിക്കരയില്‍ ഇരുന്നുള്ള ഈ വര്‍ത്തമാനങ്ങളില്‍ അയാള്‍ ഭാസവാന്ന് നീട്ടിവിളിച്ചാണ് സംസാരിക്കാറ്.

by Taehong Park

“ഭാസവോ.. ഇവിടുണ്ടോ?”
“ഉണ്ടെടാ തന്തയില്ലാത്തവനേ.. ഏതാ പരുവം? ഇഴഞ്ഞാണേലും കുടുമ്മത്ത് കേറാനുള്ള പരുവമാന്നോ?”
“അല്ല. ഇവിടങ്ങ്‌ കൂടാനുള്ള പരുവമാ..”
“ഉം.. കിട്ടുന്നെ മുഴുവന്‍ ഇങ്ങനെ കുടിച്ചു കളയുവാന്നോ? ഒരു പെണ്‍തുണ വേണ്ടേ ചീരാ?”
“ഓ.. എന്നാത്തിനാ. താനൂടെ ഉണ്ടാരുന്നേ ഞാനത് ആലോചിച്ചേനെ. തനിക്ക് കുടുമ്മത്ത് അടങ്ങി ഇരുന്ന് കളിപ്പിക്കാന്‍ ഒരു കൊച്ചിനേം.”
“ടാ അപ്പന്റെ അപ്പന്‍ ആവാതെടാ തന്തയില്ലാത്തവനെ. നശിച്ചു പോകത്തേ ഒള്ള്.”
“നശിച്ചങ്ങു പോയാ മതിയെന്നേ. മടുപ്പാ.”

അതായിരുന്നു തുടക്കം. താന്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ കുറിച്ച് ചീരന്‍ ആദ്യമായി മനസ്സ് തുറക്കുന്നത് ആ സന്ദര്‍ഭത്തിലാണ്. ഈ മടുപ്പെന്ന് പറയുന്നത് അയാള്‍ അനുഭവിച്ചു തുടങ്ങിയിട്ട് വളരെ കുറച്ചു നാളുകളേ ആയിട്ടുള്ളൂ. വളത്തിന്റെ പരിപാടിക്ക് നടന്നു കഴിഞ്ഞ് ബാക്കിയുള്ള സമയത്ത് അയാള്‍ എല്ലായ്പ്പോഴും ഒറ്റയ്ക്കാണ്. പണ്ടൊക്കെ ചീരന്‍ അതിനെ കവച്ചു വയ്ക്കാന്‍ ഏതാണ്ടെന്തൊക്കെയോ ചെയ്തിരുന്നു. ചെറിയ തോതില്‍ കൃഷിയും വൈകുന്നേരം അമ്പലക്കുളത്തില്‍ കുട്ടികളെ നീന്തല്‍ പഠിപ്പിക്കലും സുഹൃത്തുക്കളുമായി ചൂണ്ടയിട്ട് മീന്‍ പിടിച്ച് പുഴക്കരെ വച്ച് തന്നെ പാകമാക്കി കഴിപ്പും ഒക്കെയായി തന്റെ ഏകാന്തതയുടെ നേരങ്ങളെ അതിവിദഗ്ദമായി അയാള്‍ അതിജീവിക്കാറുണ്ടായിരുന്നു. വിള നശിപ്പിക്കാന്‍ വരുന്ന പെരുച്ചാഴിയെയും വെരുകിനെയും ഒക്കെ പിടിക്കാനായി അയാള്‍ തന്നെ വികസിപ്പിച്ചെടുത്ത കെണികള്‍ ആയിരുന്നു മറ്റൊരു നേരമ്പോക്ക്. ആവശ്യക്കാര്‍ക്ക് മുടക്കുമുതലിനൊപ്പം ചെറിയ തുക മാത്രം കൂലിയായി വാങ്ങി ഏറെക്കുറേ സേവന പ്രവൃത്തി പോലെയാ അയാളത് ചെയ്തിരുന്നത്. നാട്ടുകാരുടെ കൃഷി നന്നായാല്‍ അവര്‍ക്ക് വളം എത്തിക്കുന്ന ആളെന്ന നിലയ്ക്ക് തനിക്കും അതിനുള്ള ഗുണം കിട്ടുമെന്നതായിരുന്നു ആ കാര്യത്തിലെ നിലപാട്.

ഒറ്റയ്ക്കാവുക എന്നതൊരു അനിവാര്യമായ ഔഷധമായി അയാള്‍ സേവിച്ചു തുടങ്ങി.

ഇങ്ങനെ എന്തിലെങ്കിലുമൊക്കെ സദാ വ്യാപൃതനായിരുന്ന ഒരാളെയാണ് മടുപ്പ് ചൂഴ്ന്നിരിക്കുന്നത്. പോകെപ്പോകെ ആളുകളെ ഒട്ടും പറ്റാതായി തുടങ്ങി. രണ്ടു പേര്‍ ഒപ്പം ഇരിക്കുമ്പോള്‍ പോലും ഇരുനൂറു പേരുടെ ബഹളത്തിനു നടുവിലാണെന്ന പോലെ ശ്വാസം മുട്ടി തുടങ്ങി. പരിചയക്കാര്‍ക്കിടയില്‍ പെട്ടുപോയാല്‍ എളുപ്പത്തില്‍ അയാള്‍ അസ്വസ്ഥനാകും. തലയ്ക്കകത്ത് മുരള്‍ച്ചകള്‍ കേള്‍ക്കുന്നത് പോലെ തോന്നും. ഹ്രസ്വമല്ലാത്ത സംഭാഷണങ്ങള്‍ ഒക്കെയും ആരോടെങ്കിലും കയര്‍ത്ത് സംസാരിച്ച് ഇറങ്ങിപ്പോകുന്നതില്‍ അവസാനിക്കുന്ന സ്ഥിതിയായി. പിന്നെ ഏകാന്തതയുടെ ഏതെങ്കിലും ഇടം തേടി ഒരോട്ടമാണ്. ഒറ്റയ്ക്കാവുക എന്നതൊരു അനിവാര്യമായ ഔഷധമായി അയാള്‍ സേവിച്ചു തുടങ്ങി. കൂട്ടുകാരില്‍ പലരും ഇക്കാരണത്താല്‍ കെറുവിച്ചതും അകന്നതുമൊന്നും അയാളെ ഒട്ടും ബാധിച്ചതുമില്ല.

by Taehong Park

മാലതിയോട് മരണത്തെ കുറിച്ച് ചോദിച്ചു കൊണ്ടാണ് ഒരിക്കല്‍ ചീരന്‍ സംസാരിച്ചു തുടങ്ങിയത്.

“മരിച്ചു കഴിഞ്ഞാല്‍ ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ട അല്ലേ?
“വേണ്ടായിരിക്കും.”
“നമുക്കങ്ങു മരിച്ചാല്‍ മതിയായിരുന്നു അല്ലേ?”
“…..”
“നിനക്കന്നെന്നോട് പറയായിരുന്നില്ലേ മാലതീ.. നമുക്കൊരുമിച്ച് മരിക്കാമെന്ന്?”

ചോദിച്ചതും അയാള്‍ വാവിട്ടു കരഞ്ഞു. ഒരായുസ്സിന്റെ മടുപ്പും നിസ്സഹായതയും ഉണ്ടായിരുന്നു ആ കരച്ചിലില്‍.

പതിയെ മാലതിയിലേക്കുള്ള പുനര്‍സന്ദര്‍ശനങ്ങള്‍ക്കായി അയാള്‍ക്ക് വിശന്നു തുടങ്ങി. കള്ളിന്റെ പുളിപ്പിലൂടെ, തൊടുകറിയുടെ എരിവിലൂടെ, മാഞ്ഞാലിക്കരയിലെ കാറ്റിന്റെ തണുപ്പിലൂടെ അവള്‍ പുകമറയായി മുന്നിലെത്തുന്ന ആ നിമിഷത്തിലേക്ക് എത്താന്‍ ചീരന്‍ കൂടുതല്‍ ധൃതിപ്പെട്ടു തുടങ്ങി. വല്ലാത്തൊരു തരം പരവേശം, വെപ്രാളം. എത്തിക്കഴിഞ്ഞാലോ, കൊറേ നേരം ഒന്നും മിണ്ടാതെ ശൂന്യതയിലേക്ക് കണ്ണുംനട്ട് കൂവളം ചാരി ഇരിക്കും. കണ്ണെടുക്കാതെ അങ്ങനെ നോക്കുമ്പോ അവിടെ മാലതിക്ക് പതിയെ രൂപം ഉണ്ടാകുന്നതായും അവള്‍ തന്നെയും കണ്ണിമയ്ക്കാതെ അങ്ങനെ നോക്കുന്നതായും അയാള്‍ക്ക് തോന്നും.

മാസത്തിലൊരിക്കല്‍ ഉള്ള ശീലം എന്നതിന് അപ്പുറത്തേക്ക് കള്ളുകുടി ഒരു പതിവായി തുടങ്ങിയപ്പോള്‍ അവിടത്തെ എടുത്തുകൊടുപ്പുകാരന്‍ വറീതിന് വശപ്പിശക് തോന്നാതിരുന്നില്ല. അയാളത് പോലീസിനോട് പറയുകയും ചെയ്തു.

ഒരു ദിവസം രാത്രി ഷാപ്പ് പൂട്ടി പോകുന്ന വഴിക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി ബാക്കി ഇരുന്ന കള്ളെല്ലാം എടുത്തോണ്ട് പോയി.

“അത് മാത്രമല്ല സാറേ. പണ്ടൊക്കെ ഷാപ്പില്‍ വന്നാല്‍ പാട്ടും ബഹളവുമായി ഇരുന്നിരുന്നവന്‍ ആയിരുന്നു. കുറച്ചായിട്ട് ഒരക്ഷരം മിണ്ടുകേലാ. വരും. കുടിക്കും. പോവും. അതും ആള്‍ക്കാര് അധികമില്ലാത്ത നേരം നോക്കിയേ വരൂ. ഒരു ദിവസം രാത്രി ഷാപ്പ് പൂട്ടി പോകുന്ന വഴിക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി ബാക്കി ഇരുന്ന കള്ളെല്ലാം എടുത്തോണ്ട് പോയി.”

by Natasha Semyonova

കള്ള് ജീവവായു ആയി മാറിയ ആ ദിവസങ്ങളില്‍ ഒന്നില്‍ കാലു നിലത്തുറയ്ക്കാത്ത പരുവത്തില്‍ പതിവുപോലെ കയ്യില്‍ മൊരിഞ്ഞ നെയ്യപ്പവുമായി മാഞ്ഞാലിയുടെ കരയിലെത്തി ചീരന്‍ ഇരുട്ടിലേക്ക് നോക്കി മാലതിയെ വിളിച്ചു. പുഴയുടെ ഓളങ്ങളിലേക്ക് കണ്ണ് നട്ട് കൂവളത്തില്‍ ചാരി ഇരുന്ന് പതിയേ ഒരു പാട്ടിന്റെ കെട്ടഴിച്ചു. പ്രണയിനിയോടുള്ള സംഭാഷണ ശകലങ്ങള്‍ വരികളായിട്ടുള്ള ആ പഴയ പാട്ട് വളരെ ആസ്വദിച്ച് പാടവേ അന്തരീക്ഷത്തില്‍ അയാള്‍ക്ക് അത്രമേല്‍ സുപരിചിതമായ ആ ഗന്ധം പടര്‍ത്തിക്കൊണ്ട് ഒരു കാറ്റു വന്നു പൊതിഞ്ഞു. മാലതിയുടെ മണം. മഞ്ഞളിന്റെയും വാസനസോപ്പിന്റെയും താളിയുടെയുമൊക്കെ ഗന്ധം അവളുടെ ശരീരത്തോട് ചേരുമ്പോഴുള്ള ആ സവിശേഷ സൗരഭ്യം. സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറത്തേക്ക് അയാള്‍ അന്നാദ്യമായി അവളുടെ സാമീപ്യം അറിഞ്ഞ ക്ഷണമായിരുന്നു അത്. പ്രപഞ്ചം മുഴുവന്‍ അയാള്‍ക്ക് നോക്കിയാല്‍ കാണാവുന്ന ആ വട്ടത്തിലേയ്ക്ക് ലോപിച്ച പോലെ. കുടിച്ചതെല്ലാം ആവിയായ മട്ടില്‍ സ്തബ്ദനായി ഇരുന്നുപോയി ചീരന്‍. അന്ന് പുലരും വരെ ആ ഗന്ധത്തില്‍ ഉന്മത്തനായി അയാളവിടെ കഴിച്ചു കൂട്ടി.

“ചീരന് ഭ്രാന്തായിരുന്നു സാറേ.” ചീരന്റെ ഉറ്റ സുഹൃത്വലയത്തില്‍ ഉണ്ടായിരുന്ന കുഞ്ഞാമന്‍ തമിഴ്നാട്ടിലെ കച്ചോടം കഴിഞ്ഞ് എത്തിയപ്പോ ആദ്യം കേട്ട വാര്‍ത്ത അയാളുടെ മരണവാര്‍ത്ത ആയിരുന്നു. ആദ്യത്തെ അമ്പരപ്പ് വിട്ടു മാറിയപ്പോ ഉടന്‍ തന്നെ പോയി തനിക്കറിയാവുന്ന കാര്യങ്ങള്‍ അയാള്‍ പോലീസിനോട് പറഞ്ഞു.

ഒടുവില്‍ ആ ഒഴിഞ്ഞ ഊഞ്ഞാല്‍ ആട്ടിവിട്ടു കൊണ്ട് അവന്‍ അതിനൊപ്പം ആയുന്നത് കൂടി കണ്ടപ്പോ ഞാന്‍ ഓടിച്ചെന്നു.

“പഴയപോലെ ഞങ്ങളോട് ആരോടും കൂട്ടില്ലായിരുന്നു. ഞങ്ങളുടെ തലവെട്ടം കാണുമ്പോ ഓടിക്കളയും. മാഞ്ഞാലിയുടെ കരയില്‍ പലദിവസം പഴക്കമുള്ള നെയ്യപ്പങ്ങള്‍ ഉറുമ്പരിച്ചു കിടക്കുന്നത് കണ്ടിട്ടുണ്ട്. ഒരു രാത്രി ഞാന്‍ ഏകദേശം പാതിര ആയ നേരത്ത് ഉറക്കം വരാഞ്ഞപ്പോ മീന്‍ കൂടും കൊണ്ട് പൊഴക്കരെ പോകുന്ന വഴിക്ക് ചീരന്‍ അവന്‍ തൂങ്ങിയ കൂവളത്തിന്റെ അതേ കൊമ്പില്‍ ഒരു ഊഞ്ഞാല്‍ കെട്ടുന്നത് കണ്ടു. ആരോ കൂടെ ഉണ്ടെന്നത് പോലെ നിര്‍ത്താതെ സംസാരിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ ആ ഒഴിഞ്ഞ ഊഞ്ഞാല്‍ ആട്ടിവിട്ടു കൊണ്ട് അവന്‍ അതിനൊപ്പം ആയുന്നത് കൂടി കണ്ടപ്പോ ഞാന്‍ ഓടിച്ചെന്നു. എന്നെ കണ്ടതും അമ്പരന്ന് പ്രേതത്തെ കണ്ട പോലെ അവന്‍ ചെവി പൊത്തി അലറി വിളിച്ചു കൊണ്ട് ഓടിക്കളഞ്ഞു. പിറ്റേന്ന് ചെന്ന് നോക്കിയപ്പോ ആ ഊഞ്ഞാല്‍ അവിടെ കണ്ടതുമില്ല. അന്നാ ഞാന്‍ കച്ചോടത്തിനു പോയത്.” കുഞ്ഞാമന്‍ പറഞ്ഞു നിര്‍ത്തിയപ്പോ കവിള്‍ നനച്ചു കൊണ്ട് കണ്ണീര്‍ച്ചാലുകള്‍ ഉണ്ടായിരുന്നു.

ക്ഷീണമുള്ള ദേഹത്തെ കൂവളത്തിലേയ്ക്ക് ചാരി വച്ച് മുളക് കൂട്ടിയരച്ച മത്തിയുടെ ചാറില്‍ തൊട്ടു നക്കി രണ്ടു ലിറ്ററോളം കള്ള് അയാള്‍ അകത്താക്കി.

നന്നേ പനി പിടിച്ച് തുള്ളി വിറച്ചു കൊണ്ട് വീട്ടില്‍ കിടന്ന ദിവസം. ചുക്കുകാപ്പി കുടിച്ച് കരിമ്പടത്തിനുള്ളില്‍ ചുരുണ്ട് കിടക്കവേ ചീരന്‍ മൂക്ക് വിടര്‍ത്തി മാലതിയെ അനുഭവിക്കാന്‍ ഒരു പാഴ്ശ്രമം നടത്തി. ഒടുവില്‍ വെളിയിലിറങ്ങി ഷാപ്പ് അടച്ചു പോകുകയായിരുന്ന വറീതിനെ കയ്യും കാലും പിടിച്ച് തിരിച്ചു കൊണ്ട് ചെന്ന് തുറപ്പിച്ച് അവശേഷിച്ച കള്ളുമുഴുവന്‍ വാങ്ങിക്കൊണ്ടു പോയി. ക്ഷീണമുള്ള ദേഹത്തെ കൂവളത്തിലേയ്ക്ക് ചാരി വച്ച് മുളക് കൂട്ടിയരച്ച മത്തിയുടെ ചാറില്‍ തൊട്ടു നക്കി രണ്ടു ലിറ്ററോളം കള്ള് അയാള്‍ അകത്താക്കി. നിമിഷങ്ങള്‍ക്കുള്ളില്‍ അടിവയറ്റിലുള്ള ഉരുണ്ടുകയറ്റത്തോടൊപ്പം കുടിച്ചതും തിന്നതും എല്ലാം കുടല് മറിയുന്നത് വരെ ചര്‍ദ്ദിച്ചു. അവസാന തുള്ളി നീരും പുറത്തെത്തിയിട്ടും ഓക്കാനം നില്‍ക്കാതെ ഒടുവില്‍ ആ പുല്‍പ്പരപ്പില്‍ കുഴഞ്ഞു വീണു. കണ്ണ് പാതിയടഞ്ഞ് തളര്‍ന്ന ശ്വാസങ്ങളോടെ അയാളങ്ങനെ കിടക്കുമ്പോള്‍ ദൂരെ നിന്നെന്ന പോലെ ആ ഗന്ധം ഒഴുകിപ്പരന്നു. ഒപ്പം ചിലമ്പിയ പൊട്ടിച്ചിരി. മങ്ങിയ കാഴ്ചയില്‍ അവളതാ ഒരു ചുവന്ന പൊട്ടില്‍ നിന്നെന്ന പോലെ തെളിയുന്നു. മുടിവാരിക്കെട്ടിക്കൊണ്ട് പുല്‍പ്പരപ്പില്‍ ഇരുന്ന് ചിരിക്കുകയാണ്. ഇടത് ചെവിയോടു ചേര്‍ന്നാണ് മാലതി മുടി കൊണ്ട കെട്ടി വെക്കാറ്. കെഞ്ചി ചോദിച്ചാലാണ് ഒന്ന് അഴിച്ചിടുക. പഴയതെന്തോ ഓര്‍ത്ത പോലെ അയാളുടെ ചുണ്ടില്‍ നേരിയ ചിരി വിടര്‍ന്നു. കാല്‍മുട്ടില്‍ കയ്യൂന്നി ഇരുന്നുകൊണ്ട് അയാളെ തന്നെ നോക്കിക്കൊണ്ടിരിക്കുകയാണ് മാലതി. പിന്നെ കുപ്പിവളകള്‍ ഇട്ട കൈ നീട്ടി.

“എവിടെ?”
“ങേ..” അയാള്‍ മിഴിച്ചു നോക്കി
“നെയ്യപ്പം”
അവിശ്വസനീയതയോടെ കണ്ണ് തിരുമ്മി ചീരന്‍ പിന്നേയും നോക്കി. മാലതി മുന്നോട്ടാഞ്ഞ്‌ ആ നീട്ടിയ കൈ കൊണ്ട് അയാളുടെ കവിളില്‍ തൊട്ടു. നനവ്. മാര്‍ദ്ദവം. അയാളുടെ ദേഹം വിറച്ചു. കിടന്നിടത്തു നിന്ന് നിരങ്ങി ചെന്ന് അയാള്‍ അവളുടെ മടിത്തട്ടില്‍ തല വച്ചു. കണ്മഷി കൊണ്ട് വട്ടപ്പൊട്ട് തൊട്ട മുഖത്ത് വാത്സല്യം. അവളുടെ കണ്ണിലേയ്ക് ഇമയനക്കാതെ നോക്കിക്കൊണ്ടിരിക്കെ നിലാവ് കൂടുതല്‍ തെളിഞ്ഞ് അവള്‍ക്ക് ചുറ്റും പ്രകാശവലയമാകുന്നത് ചീരന്‍ കണ്ടു. പതിയെ കണ്ണുകള്‍ അടഞ്ഞു പോകേ അയാള്‍ വിയര്‍പ്പില്‍ കുളിച്ചിരുന്നു.

ഉറക്കം വന്നില്ല, തലയ്ക്കകത്ത് അവളുടെ ചിരിയുടെ ഇരമ്പലാണ്. വര്‍ത്തമാനങ്ങളാണ്.

ആ ദിവസത്തിനപ്പുറം ചീരന്റെ യാഥാര്‍ത്ഥ്യം മാലതിയും ബാക്കിയെല്ലാം അതിനു പുറത്തുള്ള മായിക ലോകവുമായി ഒഴുകി നീങ്ങിക്കൊണ്ടിരിക്കെയാണ് അങ്ങനെയൊരു രാത്രി അതിനെ തുളച്ചു കൊണ്ട് കുഞ്ഞാമന്‍ കടന്നു ചെല്ലുന്നത്. രണ്ടു ലോകങ്ങളുടെ പൊടുന്നനെയുള്ള ഒന്നുചേരലില്‍ ചീരന്‍ ഒന്നുലഞ്ഞു. ഭീതി കൊണ്ട് അടിമുടി വിറച്ചു. ഊഞ്ഞാലില്‍ ഇരുന്ന് സര്‍വ്വം മറന്ന് ആടിക്കൊണ്ടിരുന്ന മാലതി കുഞ്ഞാമന്റെ വരവോടെ അന്തരീക്ഷത്തില്‍ മാഞ്ഞു പോയതും അയാള്‍ കൂടുതല്‍ നിസ്സഹായനായിപ്പോയി. അലറിക്കരഞ്ഞു കൊണ്ട് മുന്നില്‍ കണ്ട വഴിയേ ഓടി എങ്ങനെയൊക്കെയോ വീടെത്തി. ഉറക്കം വന്നില്ല, തലയ്ക്കകത്ത് അവളുടെ ചിരിയുടെ ഇരമ്പലാണ്. വര്‍ത്തമാനങ്ങളാണ്.

“എനിക്കൊരു ഊഞ്ഞാല് കെട്ടിത്തരുവോ?”
“എന്തിനാപ്പോ ഊഞ്ഞാല്?”
“ഊഞ്ഞാല് സാധാരണ എന്തിനാ? ആടാനല്ലേ? കെട്ടിത്താ ചീരേട്ടാ..”

ചിണുങ്ങല്‍. ചിരി. മൂളല്‍. ഇടതടവില്ലാതെ തലയ്ക്കകത്ത് ഇരമ്പിക്കൊണ്ടിരിക്കെ ചുവരുകളില്‍ തലതല്ലി കരഞ്ഞു കൊണ്ട് അയാള്‍ ആ ശബ്ദങ്ങളോട് വൃഥാ യുദ്ധം ചെയ്തു കൊണ്ടിരുന്നു. നേരം വെളുത്തപ്പോള്‍ ആദ്യം ചെയ്തത് അവിടം വരെ ചെന്ന് ആ ഊഞ്ഞാല്‍ അഴിച്ചു മാറ്റുകയായിരുന്നു.

by Natasha Semyonova

ആ രാത്രിയ്ക്കപ്പുറം ഉറക്കമെന്നത് ചീരന് എത്തിപ്പിടിക്കാന്‍ സാധിക്കാത്ത മരുപ്പച്ച പോലെയായി. മാലതിയുടെ വിളികള്‍ ഉറക്കം കെടുത്തിയ മൂന്നാമത്തെ രാത്രി വെളുത്തപ്പോള്‍ അയാളിലെ പ്രത്യാശകളെല്ലാം വറ്റിപ്പോയിരുന്നു. എഴുന്നേറ്റ പടി തിണ്ണയില്‍ ഇരുന്ന് കുറേ നേരം ആലോചനയിലാണ്ടു. ഒടുവില്‍ വീര്‍ത്തു കെട്ടിയ കണ്‍പോളകളും തലവേദനയുമായി വീട്ടില്‍ നിന്നിറങ്ങി. അന്നത്തെ ജോലികള്‍ തീര്‍ത്തു. വളം എത്തിക്കാന്‍ ഉണ്ടായിരുന്നവര്‍ക്കുള്ളത് എത്തിച്ചു കൊടുത്തു. കയ്യോടെ കാശും വാങ്ങി ഷാപ്പിലേക്ക് നടന്നു. മതിയാവോളം കുടിച്ച് കാല്‍ ഉറയ്ക്കാത്ത പാകത്തില്‍ അങ്ങാടിയില്‍ ചെന്ന് വാഴയ്ക്ക് അടിക്കാനുള്ള കീടനാശിനി വാങ്ങി പോക്കറ്റിലിട്ടു. വയറു നിറയെ പുട്ടും പോത്തിറച്ചിയും കഴിച്ചു. പതിയെ വീട്ടിലേക്ക് നടക്കുമ്പോള്‍ ഇരുട്ട് വീണു തുടങ്ങിയിരുന്നു. കിടപ്പുമുറിയില്‍ കട്ടിലില്‍ ചാരി ഇരുന്ന് അല്‍പനേരത്തിനുള്ളില്‍ മാലതി തലയ്ക്കുള്ളിലെ ഇരമ്പലായി എത്തി. ചീരന്റെ കണ്ണ് നിറഞ്ഞൊഴുകി. ചുവരില്‍ തല തല്ലി അയാള്‍ ഭാസവനെ വിളിച്ച് കരഞ്ഞു. ഒടുവില്‍ ഒരു കടലാസില്‍ ആത്മഹത്യാക്കുറിപ്പ് എഴുതി ട്രൌസറിന്റെ പോക്കറ്റിലിട്ടു. അടുക്കളയില്‍ ചെന്ന് ഒരു ഗ്ലാസ്‌ വെള്ളവുമായി വന്ന് കീടനാശിനിയുടെ അടപ്പ് തുറന്നതും മാലതിയുടെ എണ്ണ തെളിഞ്ഞു നില്‍ക്കുന്ന മുഖം മനസ്സിലേക്ക് വന്നു. അയാള്‍ക്കവളെ ഒരിക്കല്‍ കൂടി കാണണമെന്ന് തോന്നി. തൊടണമെന്നു തോന്നി. കവിളില്‍ മൂക്കുരസി ഇക്കിളിയിടുമ്പോഴുള്ള ചിണുങ്ങല്‍ കേള്‍ക്കണമെന്ന് തോന്നി. തളരുവോളം ഉമ്മ വെയ്ക്കണമെന്ന് തോന്നി. അവരിരുവരുടെയും കൌമാരത്തിലേക്ക് ചെന്ന് ഒരു രാത്രിയെങ്കിലും അവിടെ ജീവിക്കുവാന്‍ തോന്നി. കുപ്പി അടച്ച് പോക്കറ്റിലിട്ട് അയാള്‍ മാഞ്ഞാലിയുടെ കരയിലേക്കുള്ള ദൂരം ഓടിത്തീര്‍ത്തു. ദൂരെ നിന്നേ മഞ്ഞ സാരിയുടെ പ്രകാശം. കൂവളത്തിന്റെ ഒത്ത ഉയരമുള്ള കൊമ്പിലിരുന്നു കാലുകളിളക്കിക്കൊണ്ട് അവള്‍ കൈ കാട്ടി വിളിക്കുന്നു. അതുവരെയില്ലാത്ത ആവേശത്തോടെ ചീരന്‍ മരത്തിലേക്ക് വലിഞ്ഞു കയറി. അവള്‍ക്കരികില്‍ ഇരുന്നു. അവളുടെ ഗന്ധം. മാര്‍ദ്ദവം. മാലതി തോളിലേയ്ക്ക്‌ തല ചായ്ച്ചു കിടന്ന് ചോദിച്ചു.

“പോണ്ടേ?”
“പോണം. നിന്റെ പതിനാറിലേക്ക്.”
“അവിടുന്നിങ്ങോട്ട് വയസ്സാവണ്ട.”
“ആവണ്ട.”

ഒരു ആയുസ്സിന്റെ എല്ലാ കൊതികളോടും പ്രതീക്ഷകളോടും കൂടി അയാള്‍ അവളുടെ കണ്ണുകളിലേക്ക് നോക്കി. പിന്നെ ഉടുമുണ്ടിന്റെ ആ ഒറ്റക്കുരുക്കില്‍ അവളുടെ കൈ മുറുക്കെ പിടിച്ച് ഭൂതത്തിലേയ്ക്ക് മോക്ഷം നേടി.


വീടിനു പുറകില്‍ ഉള്ള ചായ്പ്പിലേക്ക് ഉണങ്ങിയ കൊപ്പരകള്‍ പെറുക്കി വെക്കുകയായിരുന്നു അവള്‍. അമ്മേ എന്നുള്ള വിളിയോടെ വാതില്‍ തുറക്കുന്ന ശബ്ദം കേട്ട പാതി ബാക്കിയുള്ള കൊപ്പരകളും ചാക്കിലേക്ക് പെറുക്കി ഇട്ട് ധൃതിയില്‍ ചായ്പില്‍ കൊണ്ട് ചെന്ന് വച്ചു. അടുക്കള വഴി വീടിനകത്ത് കയറിയതും പുറകിലൂടെ രാമന്റെ കൈകള്‍ അവളെ ചുറ്റിപ്പിടിച്ച് അയാള്‍ക്ക് അഭിമുഖമായി നിര്‍ത്തി. ഇടത് ചെവിയോടു ചേര്‍ന്ന് കെട്ടി വച്ച മുടിയഴിച്ച് ആ കണ്ണുകളിലേക്ക് പ്രണയപൂര്‍വ്വം നോക്കി.

നാണം കൊണ്ട് ചുവന്ന അവളുടെ മൂക്കിന്‍ തുമ്പില്‍ പതുക്കെ കടിച്ചിട്ട്‌

“വിശന്നിട്ട് വയറു കാളുന്നു. നീ എനിക്കും കൊച്ചിനും കാപ്പിയും കഴിക്കാനും എടുത്തു വെക്ക്.” എന്ന് പറഞ്ഞു കൊണ്ട് കൈകള്‍ വിടുവിച്ച് എണ്ണക്കുപ്പിയുമായി വരാന്തയിലേക്ക് നടന്നു. ഉടുപ്പ് മാറിയ അമ്പിളി കഥാപുസ്തകവുമായി ഇറങ്കല്ലില്‍ ഇരുന്ന് ഉറക്കെ വായന ആരംഭിച്ചു. ആകാശത്ത് മിന്നല്‍ക്കീറിന്റെ പ്രകാശത്തിനൊപ്പം കാതടപ്പിച്ചു കൊണ്ട് ഇടിവെട്ടി. ഉരുണ്ടു കൂടുന്ന മഴക്കാറ് നോക്കി അയാള്‍ അകത്തേയ്ക്ക് വിളിച്ചു പറഞ്ഞു

“മാലതീ. തുണി കഴുകിയിട്ടത് വല്ലതും എടുക്കാനുണ്ടോ? മഴയിപ്പോ പെയ്യും.”

“ഒന്നൂല്ല രാമേട്ടാ. നേരത്തെ ഞാന്‍ എടുത്തു വച്ചു എല്ലാം. വേഗം ചെന്ന് കുളിച്ചിട്ടു വായോ. കാപ്പി എടുത്തു വെക്കാന്‍ പോവ്വാ..” അവസാന വാചകത്തെ നേര്‍പ്പിച്ചു കൊണ്ട് വലിയ ശബ്ദത്തോടെ മഴ കുത്തിയൊലിച്ച് പെയ്തു തുടങ്ങി.

4.7 3 votes
Rating

About the Author

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments