മലയാള ചെറുകഥയിലെ പുതിയ ശബ്ദങ്ങളുടെ അടയാളപ്പെടുത്തലുകളിൽ ഏറെ പ്രധാനപ്പെട്ടതാണ് വിവേക് ചന്ദ്രന്റെ ‘വന്യം’ എന്ന ചെറുകഥാസമാഹാരം ജീവിതത്തേയും, ഭാവനയേയും സങ്കൽപ്പത്തിൻ്റെ ക്യാൻവാസിൽ ഒരേ വേഗത്തിൽ പ്രതിഫലിപ്പിക്കുന്ന കഥകൾ.

വിവേക് ചന്ദ്രനുമായി അയ്യപ്പന്‍ മൂലെശ്ശേരില്‍ നടത്തിയ സംഭാഷണം.

വന്യത്തിലെ കഥകള്‍ സ്വാഭാവികവായനക്കാരെയും പരമ്പരാഗത എഴുത്തുകാരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്നു. എഴുത്തുകാരനെന്ന നിലയിലത്തരം സ്വീകാര്യതയെപറ്റി ?

ഓരോ മനുഷ്യനും തന്റെ ഏകാന്തതയിൽ രുചിക്കുന്ന സംഗതിയാണ് വായന എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അത്രയും വ്യക്തിപരമായ spaceലേക്ക് എത്തുന്ന എന്റെ ആശയങ്ങൾ സ്വീകരിക്കപ്പെടുന്നു എന്ന് അറിയുമ്പോൾ വലിയ സന്തോഷമുണ്ട്.

ഒരു കഥയെഴുതിയാല്‍ ആദ്യം വായിക്കാന്‍ കൊടുക്കുന്നതാര്‍ക്കൊക്കെയാണ്?

കഥയെഴുത്ത് എനിക്ക് ഒരു വർഷത്തോളം നീളുന്ന ഒരു പ്രോസസ്സ് ആണ്. അതിനിടയ്ക്ക് ധാരാളം ഡ്രാഫ്റ്റുകൾ എഴുതാറുണ്ട്. വിമർശനബുദ്ധിയോടെ കഥ വായിക്കാൻ കനിവ് കാണിക്കുന്ന അടുത്ത വായനാ സുഹൃത്തുക്കളുണ്ട്, ആദ്യ ഡ്രാഫ്റ്റ് അവരെക്കൊണ്ടൊക്കെ വായിപ്പിക്കും. കഥകൾക്ക് ദൃശ്യപരതയുള്ളത് കൊണ്ട് ദൃശ്യമാധ്യമവുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന ചില സുഹൃത്തുക്കളെ കൊണ്ട് വായിപ്പിക്കാറുണ്ട്. പ്രസിദ്ധീകരിക്കാൻ അയക്കുന്നതിനു മുൻപ് നേരത്തേ പ്രസിദ്ധീകരിച്ചു വന്ന കഥകൾ വായിച്ച് നല്ല ഉൾക്കാഴ്ചയുള്ള നിരീക്ഷണങ്ങൾ തന്ന സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കാറുണ്ട്.

വന്യമെന്ന കഥ സവിശേഷമായൊരു സൃഷ്ടിയാണ്. അതിലൊരു ഭ്രമാത്മകസൗന്ദര്യം അലഞ്ഞുതിരിയുന്നുണ്ട്. ഇന്റ്യൂഷനുകള്‍ക്കൊപ്പം പറക്കാനാഗ്രഹിക്കുന്നൊരു എഴുത്തുകാരനാണെന്ന് പറഞ്ഞാല്‍?

വന്യമെന്ന കഥയിൽ മലയടിവാരത്തിലെ പമ്പ് ഹൗസിൽ ഒറ്റപ്പെട്ട് ജീവിക്കുന്ന ആദമും സ്റ്റെഫിയും രണ്ടു കാലങ്ങളിലായി പറയുന്ന കഥകൾ മാത്രമാണ് നമ്മുടെ മുന്നിലുള്ളത്. ഏകാന്തതയിൽ അങ്ങേയറ്റം ഹിംസാത്മകമായ രതിയിൽ ഏർപ്പെട്ടും, ചെന്നായ്കളെ പോലെ പരസ്പരം കടിച്ചുപറിച്ചും, ഉന്മാദത്തിന്റെ മുനമ്പിൽ നിൽക്കുന്ന അവർ രണ്ടുപേർ തങ്ങളുടെ മക്കളുടെ തിരോധാനത്തിനെപ്പറ്റി പറയുന്ന കഥകളാണ് ‘വന്യ’ത്തിന്റെ ആത്മാവ്. അവിടെ സത്യത്തിൽ നടന്നത് അങ്ങനെയൊന്നും ആവണമെന്നുപോലുമില്ല.

കഥയെഴുത്തിന്റെ ഭൂപടത്തെ പറ്റി പറയാമോ. ആശയം ഉടലെടുക്കുന്നതു മുതല്‍ സങ്കല്പം, ഭാഷാ, ഘടന എന്നിവയിലൂടെയോക്കെയുള്ള സഞ്ചാരം?

പതിവായി ഉറക്കം നഷ്ടപ്പെടുമ്പോഴാണ് ഒരു രസമുള്ള ആശയത്തിൽ മനസ്സ് പിണഞ്ഞു പോയിട്ടുണ്ടെന്ന് ഞാൻ തിരിച്ചറിയാറ്. ആ ആശയത്തിനോട് അടുത്തുകിടക്കുന്ന എന്റെ അനുഭവലോകം (ഞാൻ സഞ്ചരിച്ച ഭൂമികയോ, പരിചയപ്പെട്ട മനുഷ്യരോ) ചിന്തകൾക്ക് ദൃശ്യപരമായ ഒരു അടിത്തറ നൽകും. കഥനടക്കുന്ന ഇടത്തെ ഭൂമിശാസ്ത്രം മനസ്സിലാക്കിയെടുക്കുന്നത് എന്നെ സംബന്ധിച്ച് നിർണ്ണായകമാണ്, അതോടുകൂടി കഥ ഞാൻ പകൽസ്വപ്നമായി കണ്ടുതുടങ്ങുന്നു. അങ്ങനെ രൂപപ്പെടുന്ന കഥ ആ കാലത്ത് എനിക്ക് മാനസിക അടുപ്പം തോന്നുന്നവരോടൊക്കെ പറഞ്ഞു നോക്കും. അങ്ങനെയാണ് എഴുതാനുള്ള ആത്മവിശ്വാസം സ്വരൂപിക്കുന്നത്.

കുമ്പസാരം എഴുതിവെച്ചു വിശ്വാസികളുടെ പാപഭാരം അനലൈസ് ചെയ്യുന്ന അച്ചനും, പൊങ്ങു തടി പോലെ മലയില്‍ നിന്നിറങ്ങി വരുന്ന ആദവും, രതിയില്‍ അതീവ താത്പര്യയായി ബാക്കിയെല്ലാത്തിനും രണ്ടാം സ്ഥാനം കൊടുക്കുന്ന സ്റ്റെഫിയും, ചെന്നായകുഞ്ഞുമൊക്കെ വ്യത്യസ്തയുള്ള സ്വഭാവക്കാരാണ് – പാത്രസൃഷ്ടിയിലെ അസ്വാഭാവികതകളുടെ ഇത്തരം ചേരുവകളൊരു ആഖ്യാനതന്ത്രമാണോ? അതോ കഥാഗതിയിലേക്ക് സ്വാഭാവികമായി വന്നു വീഴുന്നതാണോ?

കഥ ആലോചിച്ചുവരുമ്പോൾ കഥാഗതിയുടെ ഭാഗമായി ഉണ്ടാവുന്നതാണ് കഥാപാത്രങ്ങളിലെ ഈ ‘അസ്വാഭാവികത’. അതൊന്നും ഇല്ലെങ്കിൽ ഈ കഥകൾ സങ്കൽപ്പിക്കാൻ എനിക്ക് താല്പര്യം ഉണ്ടാവുമായിരുന്നില്ല.

പല കഥകളില്‍ ഏറ്റവും കിടിലമായി പരീക്ഷിച്ചയൊരു സങ്കേതമാണ് സമയം, കഥയ്ക്കും കാലത്തിനും മീതെയുള്ളൊരു ട്രെപീസ്കളി. പ്രഭാതത്തിലെ മണത്തിലെയൊക്കെ കാതല്‍ സമയത്തിന്‍റെ അട്ടിമറിയാണെന്ന് തന്നെ പറയാം. വിവേക് ചന്ദ്രനെ സംബന്ധിച്ച് എന്താണ് സമയം?

അതൊരു നല്ല നിരീക്ഷണമാണ്. സമയത്തിന്റെ ആപേക്ഷികതയും, കാലം കൊണ്ടുവരുന്ന മറവിയും ഉപയോഗിച്ച് നമുക്ക് എത്ര കഥകൾ വേണമെങ്കിലും സങ്കല്പിക്കാം. കാണുമ്പോൾ ഒരു ജീവിതത്തോളം വലിപ്പം അനുഭവപ്പെടുന്ന സ്വപ്നം നമ്മൾ കാണാൻ എടുത്തത് ക്ഷണങ്ങൾ മാത്രമാണ് എന്ന തിരിച്ചറിവായിരിക്കും ഒരുപക്ഷേ ഞാൻ സമയത്തെ കഥകളിൽ ഇത്ര സൂക്ഷ്മമായി അടയാളപ്പെടുത്താൻ കാരണമായിട്ടുണ്ടാവുക.

നിങ്ങളുടെ കഥകള്‍ വായിച്ചു കഴിയുമ്പോള്‍ ഇതിനു വേറൊരു പേരായിരുന്നില്ലേ ചേരുകയെന്നു പലപ്പോഴും തോന്നും(ഒരു വായനക്കാരന്‍റെ അനാവശ്യസ്വാതന്ത്ര്യം). വന്യത്തിനു ആണേല്‍ ആട്ടിടയര്‍ കൊണ്ടുവരുന്ന മഷി മരുന്നിനൊരു പ്രാദേശികപേരിട്ട് ടൈറ്റില്‍ ആക്കിയേനെ. മരിച്ചു കൊണ്ടിരിക്കുന്ന മനുഷ്യരെക്കുറിച്ചെന്ന കഥയെ വെറുതെ പാവവീടെന്നു മാത്രം വിളിച്ചേനെ. ഒരു കഥയെ സംബന്ധിച്ച് ടൈറ്റിലിന്റെ പ്രസക്തി?
ടൈറ്റിലുകള്‍ തീര്‍ച്ചപ്പെടുത്തുന്ന രീതി?

ഓരോ കഥയ്ക്കും ഒരു COG(centre of gravity) ഉണ്ടാവും. അത് ഓരോ വായനക്കാരനെ സംബന്ധിച്ചും വ്യത്യസ്തമായിരിക്കും. കഥയിലെ ഏത് പ്ലോട്ട് പോയിന്റാണ് നമ്മളെ ഏറ്റവും കൂടുതൽ ആകർഷിച്ചത് എന്നതിന് അനുസരിച്ചാവും അത്. എന്നെ സംബന്ധിച്ച് മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യർ അടയാളപ്പെടാൻ വേണ്ടി സ്വയം പ്രകാശിക്കാൻ ശ്രമിക്കുന്നു എന്ന ആശയമാണ് കഥയുടെ COG, അയ്യപ്പനെ ഒരുപക്ഷേ കഥയിൽ ആകർഷിച്ചത് പാവവീടുകളുടെ നിർമ്മിതിയാവും. പിന്നെ, contentന് ഉപരിയായി catchy titleകളിൽ വിശ്വാസം തോന്നിയിട്ടില്ല.

‘Form is everything
content is nothing’ –
മേതിലങ്ങനെയാണ് ഉത്തരാധുനിക സാഹിത്യത്തെ നിര്‍വചിച്ചത്. ഭാഷയിലും ക്രാഫ്റ്റിലുമുള്ള അത്തരം പൊളിച്ചെഴുത്തുകള്‍ സൂക്ഷ്മആഖ്യാനത്തിന്‍റെയും ജ്യോഗ്രഫിയുടെയും കലയായി കഥയെ മാറ്റുന്നുമുണ്ട്. ഇത് ഫിക്ഷന്റെ വികാസമാണോ?
അതോ വിഭ്രമാത്മകയൊരു താത്കാലികതയോ?

കഥകളിൽ വരുത്താവുന്ന നവീനതയ്ക്ക് പരിധിയില്ല എന്ന് കരുത്തുന്നൊരാളാണ്. എങ്കിലും നമ്മൾ ചെറുകഥകൾ വായിക്കുന്നത് അതിലെ ‘കഥ’ അറിയാൻ മാത്രമല്ല. ഇമ്പമുള്ള ഭാഷയിൽ, കൃത്യതയുള്ള frameworkൽ രൂപപ്പെടുത്തുന്ന കഥ കൂടുതൽകാലം നിലനിൽക്കും.

വെറും പുറംവായനകള്‍ക്കപ്പുറത്തേക്ക് മൗലികമായതൊന്നും പുറത്തെടുക്കാന്‍ നിലവിലെ നിരൂപണസാഹിത്യത്തിനു ആവതില്ലാതായിരിക്കുന്നുവെന്നു കരുതുന്നുണ്ടോ?

ഒരു വായനക്കാരന് കണ്ടെടുക്കാൻ കഴിയാത്ത intertextual വായനകൾ എഴുത്തിൽ നിന്നും കണ്ടെടുത്ത് അവതരിപ്പിക്കുമ്പോഴാണ് നിരൂപണം സാർഥകമാവുന്നത്. അതുണ്ടാവുന്നുണ്ട് എന്ന് തന്നെയാണ് എന്റെ നിരീക്ഷണം.

പൊതുവേ സാഹിത്യത്തില്‍ രാഷ്ട്രീയത്തിന്‍റെ അളവ് ഏറി വരുന്നൊരു കാലമാണ്, കാലഘട്ടമത് ആവശ്യപ്പെടുന്നുമുണ്ട്. വായനയൊരു ന്യൂനപക്ഷത്തിന്‍റെ മാത്രം ഏര്‍പ്പാടായി മാറിക്കൊണ്ടിരിക്കേ എഴുത്തു കൊണ്ട് സമൂഹത്തിലെന്തെങ്കിലും ചലനങ്ങളുണ്ടാവാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ?

പുസ്തകം ഈ തലമുറയിലെ ന്യൂനപക്ഷങ്ങളുടെ മാത്രം കാര്യമല്ല, അത് കാലാകാലം നിലനിൽക്കുന്ന, പല തലമുറകൾക്ക് വേണ്ടിയുള്ള ഡോക്യൂമെന്റഷൻ ആണ് എന്ന് മനസ്സിലാക്കിയാൽ ഈ ചോദ്യത്തിന് ഉത്തരം കിട്ടും.

എഴുത്ത് ജൈവികമാണെന്ന ആശയത്തില്‍ നിന്നുകൊണ്ട് ചോദിക്കട്ടെ ഒരു സൃഷ്ടിയിലേര്‍പ്പെടുമ്പോള്‍ അത് പ്രതിഫലിപ്പിക്കേണ്ട രാഷ്ട്രീയത്തെ മുന്‍കൂട്ടി കണ്ട് ബോധപൂര്‍വമുള്ള ഇടപെടലുകള്‍ നടത്താറുണ്ടോ?

സത്യസന്ധമായി നമുക്കൊരു നിലപാട് ഉണ്ടെങ്കിൽ കഥകളിൽ ബോധപൂർവ്വം കടന്നുകയാറാതെ തന്നെ നമ്മുടെ രാഷ്ട്രീയം അതിൽ പ്രതിഫലിക്കും എന്നാണ് എനിക്ക് തോന്നുന്നത്. രാഷ്ട്രീയ ശരി കഥകളിൽ നിർബന്ധമാണോ എന്നത് മറ്റൊരു വലിയ ചോദ്യമാണ്.

എഴുത്തില്‍ ഫാന്റസിയുടെ കാടുകളിലൂടെ കിളിപാറി നടക്കുന്നൊരു മനുഷ്യനാണ്. ജീവിതത്തിലേക്കെത്തുമ്പോള്‍ സാധാരണക്കാരന്റെ ശാന്തതയെന്ന എക്സ്ട്രീമിറ്റിയും.
വിപരീത ധ്രുവങ്ങളിലെ ജീവിതത്തെ പറ്റി?

എഴുത്തിലെ ആത്മകഥാംശം.
എന്റെ എഴുത്തിൽ ആത്മാംശം വരുന്നത് നേരിട്ട് അനുഭവങ്ങളിൽ നിന്നല്ല. എന്റെ അനുഭവപരിസരങ്ങളുടെയും ഓർമ്മകളുടെയും പ്രതിബിംബം പലകാലങ്ങളിലായി മനസ്സിൽ രൂപപ്പെടുകയും അത് എന്റെ ഏകാന്തതകളെ ബാധിക്കുകയും ചെയ്യുമ്പോഴാണ് എഴുതാൻ സാധിക്കുന്ന ആശയങ്ങൾ ഉണ്ടാകുന്നത്. ഞാൻ നയിക്കുന്ന പ്രസാദാത്മകമായ ജീവിതതത്തിനപ്പുറത്ത് വളരെ sensitive ആയൊരു മനസ്സുള്ളത് കൊണ്ടായിരിക്കും ഇത്തരം ഇരുണ്ട കഥകൾ ഞാൻ എഴുതുന്നത്.

0 0 votes
Rating

About the Author

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments