ചുംബനത്തിന്റെ ചൂടാറും മുൻപേ
“എന്റെ മുറി എന്റെ മാത്രം മുറി”യെന്ന് ശഠിച്ച്
പറഞ്ഞുവിട്ടതാണവനെ.
പോയവഴിയിലെ ഉപ്പുപാടുകൾ
മന:പൂർവ്വം ശ്രദ്ധിക്കാഞ്ഞതാണ്.
ആദ്യം മുറിയിലേക്ക് കയറിവന്നത്
യൂദാസ് എന്നുപേരുള്ള ഒരു ദൈവപുത്രനായിരുന്നു.
എന്റെ നഗരങ്ങൾ കത്തിയെരിയുന്നത് കണ്ടിട്ടും
പാട്ടുപാടി, കണ്ണടച്ച്
കണ്ടില്ലെന്ന് കളവുപറഞ്ഞ ദൈവപുത്രൻ!
അവനെ നമുക്കൊരു ഒറ്റവരയായി രേഖപ്പെടുത്താം.
( “ആദ്യ പ്രണയത്തിന്റെ നീറ്റൽ”. എന്നൊക്കെ
കാവ്യാത്മകമായി പറയാൻ ഉദ്ദേശമില്ല )
ശേഷം ജനലുകൾ കൊട്ടിയടച്ച് ഒരു ദുർവാശിക്കാരിയായി.
ഇളം ചൂടോടെയാണ് രണ്ടാമത്തവന്റെ വരവ്.
ഭിത്തി തുളച്ച് ദ്വാരമുണ്ടാക്കി
ഒളിഞ്ഞുനോക്കുന്ന വിദ്യ അവനിൽ നിന്നാണ് പഠിച്ചത്.
ആകൃതി പലതുള്ള ചതുരമെന്ന്
കുറിച്ചിടാം— അവനെ.
ചുംബനത്തിന്റെ ചൂടാറും മുൻപേ
“എന്റെ മുറി എന്റെ മാത്രം മുറി”യെന്ന് ശഠിച്ച്
പറഞ്ഞുവിട്ടതാണവനെ.
പോയവഴിയിലെ ഉപ്പുപാടുകൾ
മന:പൂർവ്വം ശ്രദ്ധിക്കാഞ്ഞതാണ്.
മൂന്നാമത്തവനാണ് ഓടുപൊളിച്ചിറങ്ങിവന്ന്
ജനലുകൾ തുറന്നു തന്നത്.
അവനോടായിരുന്നു ഭ്രമം.
കൊതിമണം!
അവൻ വെച്ചുനീട്ടിയ ആപ്പിളിനോടായിരുന്നു
പ്രിയം!
കൊടുങ്കാറ്റുപോലാണ് പോയത്.
മുറിയുടെ മേൽക്കൂര തെറിപ്പിച്ച്
മുറിവിൽ ഉമ്മവെച്ച് ഉപ്പുപുരട്ടി.
എന്റെ അസ്തിത്വത്തെ തന്നെ
ഇളക്കിമറിച്ചാണ് കടന്നുകളഞ്ഞത്.
സമയത്തിനപ്പുറമൊരു 4D രൂപമായല്ലാതെ
മറ്റെങ്ങനെ വരയ്ക്കുമവനെ?
പിന്നെ വന്നവൻ-
ഒരു ചിത്തരോഗവിദഗ്ദ്ധന്‍-
ചുവരുകളൊക്കെ പൊളിച്ചുമാറ്റി
മറ്റൊരു വീടുതന്നെ പണിതെങ്കിലെന്തെന്ന
സാധ്യത മുൻപോട്ടുവെച്ചവൻ.
അവനെയെന്റെ കണക്കുപുസ്തകം തന്നെയാക്കിയാലോ
എന്ന അതിസാഹസീകചിന്തകൾ
ഇല്ലായ്കയില്ല.
Cover: Teenage Wildlife (2003) by CECILY BROWN
❤️❤️❤️