“മരുഭൂമിയെ സുന്ദരമാക്കുന്നതെന്തെന്നാൽ,”
കൊച്ചു രാജകുമാരൻ പറഞ്ഞു,
“അതെവിടെയോ ഒരു കിണർ ഒളിപ്പിക്കുന്നു…”
– Antoine de Saint-Exupéry, The Little Prince
ദേവപ്രിയയുടെ കവിത അനുഭവാർത്ഥങ്ങളുടെ അപൂർവ ജീവനാണ്. ഇവിടെ സ്വത്വത്തിൻ്റെ സൂക്ഷ്മമായ കണക്കെടുപ്പ് നടക്കുന്നു. ഇടയ്ക്കിടെ മുറുകുന്ന ഓർമ്മപ്പെടുത്തലുകൾക്ക് കാവലായി ആവരണ ചിഹ്നങ്ങൾ പരിണമിക്കുന്നു. സറിയൽ സാധ്യതകൾ ചേർന്നതാണ് ബിംബങ്ങൾ. ചുവടെയുള്ള കവിതകൾ പാടും, പറയും, വരയ്ക്കും, ചോദിച്ചുകൊണ്ടിരിക്കും. പല രുചികളിലൂടെ യാഥാർത്ഥ്യങ്ങൾ നിരന്തരം സഞ്ചരിക്കുന്നു. ഒരു സ്വകാര
ഗൗരി സുരേഷ്, കവി
ലിപിയിലെന്നോണം ഇവയിലെ സംസാരം എഴുത്തിനെയും പ്രേമത്തെയും ഓർമ്മയെയും ഒറ്റയൊഴുക്കിൽ വരച്ചിടും. ‘ഞാനും നീയു’മെന്ന ദ്വികരണത്തെ രഹസ്യമായി മറികടന്ന് മറുകരെ കാത്തു നിൽക്കും. “കുഞ്ഞു സൂഫി” എഴുതിക്കൊണ്ടിരിക്കുമ്പോൾ മരുഭൂമിയില്ലാതായേക്കും, അത് ഹൃദയം കൊണ്ട് വായിച്ചേ തീരൂ.
( 1 )
മരിക്കും മുന്‍പെനിക്ക് കടലി-
ലെറിയാന്‍ വീട്ടിലേഴോര്‍മ്മകളുണ്ട്
(ചില്ലിനകത്ത്).
നേർത്ത നീല മഷികൊണ്ട് നിന്റെ
ഡയറിയിലെ തുന്നഴിച്ച് ഞാനിന്നത് തിരിച്ചെടുത്തു.
നീ എഴുതി തീര്‍ത്ത കഥ
വായിക്കും മുന്നെ,
മുടിയ്ക്ക് കീഴിലെ ഓര്‍മ്മപ്പുഴ വറ്റി
ഞാനൊരു മഷിക്കുപ്പിയിലേക്ക് മരിച്ചു
വീണതൊന്നാം ഓര്‍മ്മ.
(പേന ഇനി തെളിയില്ലല്ലോ.)
ഞാൻ നാള്‍ക്കുനാള്‍ നീല ബള്‍ബണ-
യ്ക്കാതെ ഉപ്പ് കുടിച്ച്,
പച്ച സാരിയുടുത്ത് കതകില്‍
തട്ടുന്നതോർത്തോർത്ത്
നീ കരഞ്ഞത്-
(ഫിലിം റീലുരുകിയൊലിയ്ക്കും പോലെ)
-രണ്ടാമോര്‍മ്മ.
ഇഷ്ടിക ചുവരുകളുള്ള മുറിയിൽ,
ജനാല വിടവ് വഴി വെയിൽ
വന്നെന്റെ മുഖത്തു പട്ടം പറത്തുമ്പോ,
കാൽ വിരൽ കോർത്തു
കിടന്നത് മൂന്നാമോർമ്മ.
(ഉപ്പൂറ്റിയിൽ ഉമ്മ വെച്ചത് ഞാൻ മറന്നു.)
പിൻ കോഡ് തെറ്റിച്ച്, നീ പറഞ്ഞ
കട്ടിലിനടിയിൽ ഞാൻ തുറന്നു വെച്ച
കത്തുകളൊക്കെ പഴുത്തില ഞരമ്പു പോലെ
നീയിരുന്നെണ്ണിയത് നാലാമോർമ്മ.
(ഇലയനങ്ങി തുടങ്ങുന്ന കഥ പറഞ്ഞത്
ഓർക്കുന്നുണ്ടോ?)
ഒരേ കടലിൽ ആകാശ തുണ്ടു പോലെ
നനവു പറ്റി നടന്നതും,
വക്കു നേരിയ പുസ്തകം തുറന്ന്
വേരു നിവര്‍ത്തിയൊന്നിച്ച് കരഞ്ഞു തളര്‍ന്ന-
തുമഞ്ചാമോര്‍മ്മ (വീടില്ലെന്നിനി പറയില്ലല്ലോ?)
ഇന്നലെ രാത്രി കണ്ണീരൊലിയ്ക്കാന്‍
തലവെട്ടി ഞാൻ ചാല് കീറിയതിൽ
പിന്നെ പൊക്കിളിനുള്ളില്‍ നീ നട്ട വിത്ത്
മുളക്കാതൊലിച്ചു പോയത് ആറാമോര്‍മ്മ.
(അച്ഛനെ പിടിച്ച് സത്യം ചെയ്യണ്ട.)
ഞാൻ മരിച്ചു വീണ മഷിക്കുപ്പി
തെന്നി നിന്‍റെ കഥ നനയുന്നിടത്ത്,
എന്നെ കുഴിച്ചിട്ട കവിത നീ ഉറക്കെ വായിക്കുമ്പോ,
നെഞ്ചിലെ രോമത്തിനിടയിൽ കടവാതിലു്
തന്ന ചെറിയ പൊട്ടകിണറിൽ ഞാൻ ഒറ്റയ്ക്ക്
വീടു കെട്ടുന്നത് (ചില്ലുകൊണ്ട്)ഏഴാമോർമ്മ.
( 2 )
ഞാൻ പറിച്ചിട്ട ഞാവലു-
രുണ്ടു നിന്റെ ഉപ്പൂറ്റി തുളച്ചു
മണലു കോറുമ്പോ മണി പത്തു മിനിറ്റ് അപ്പുറം.
ഓടി പിടിക്കാമോ?
(ഇരുട്ടത്തു പച്ച സാരി-
യഴിഞ്ഞില്ലേൽ)
സമയം നോക്കാനറിയാമോ?
കണ്ണു തുറന്നത് പിഴച്ചു.
ഇന്നലത്തേതിലും പത്തു മിനിറ്റ് ഇപ്പുറം.
കാൽ കഴച്ചാൽ തിരിഞ്ഞു നോക്കണം.
ഇടിവെട്ടില്ലാതെ മഴ പെയ്ത് മരിക്കുന്നന്ന് (കൊല്ലുന്നന്ന്)
വട്ടത്തിൽ ചവിട്ടാനെനിയ്ക്ക് ഒന്പതിനായിരത്തിന്റെ സൈക്കിൾ.
ഗ്ലോബ് കണ്ടിട്ടുണ്ടോ? ഇല്ല (ഇല്ലേ)
ഉരുണ്ടിരിക്കും. നെല്ലിക്കയാണോ.
(അമ്പടാ) ഞാൻ തുഴഞ്ഞ തോണിയിലാകെ (നീ)
നെല്ലിയ്ക്ക കടിച്ചു വെള്ളമിറക്കുമ്പോഴത്തെ നോവ്,
തെല്ലു മധുരം. കടിച്ചു നോക്കുന്നോ? പായസമല്ലല്ലോ.
ഇന്നലെ മധുരമേറി നീ നുണഞ്ഞ പാലിന്റെ
പാത്രമൊരു പൂച്ച തട്ടി. പൊട്ടി. പങ്ക തിരിഞ്ഞു.
തിരിഞ്ഞോടാൻ പറഞ്ഞതൊട്ട് അറം പറ്റി.
ഇനി കണ്ണടച്ചിരിക്ക്. (എന്താ കാണണേ)
വക്കൊടിഞ്ഞ് നിന്റെ കൈത്തണ്ടമേലൊരു വിമാനം.
( 3 )
അ ‘അമ്മ.
അമ്മ പോലെ കഥ പറ.
കുഞ്ഞു മുന്തിരി ചുളിവിലാെക്കെ
വെള്ളം നിറയണതെങ്ങനെ?
കഥയില്ല. എഴുത്തോ?
അകലെ നിന്ന് പയ്യെ ഞെരമ്പ്
എണ്ണി നോക്കാം, ഒറ്റയാണെങ്കി
ഇൻലന്റിലെഴുതാം. ഒന്ന് പിന്നെ മൂന്ന്,
കാക്കത്തൊള്ളായിരത്തി ഒന്നും പിന്നൊന്നും.
അമ്മ പോലെ പോക്കുവെയിലിൽ
കവിത കീറി ഇടയ്ക്കൊരു കിണറു കുത്താം.
പോരാ, മേഘത്തുണ്ടു പോലെഴുതണം.
വെറ്റിലമേൽ ചുണ്ണാമ്പൊട്ടും പോലെ,
അർത്ഥം തെറ്റി മുട്ടുകുത്തി വീഴുമ്പോ
ഒട്ടിയിരിക്കും പൂഴി പോലെ.
കണ്ണുചിമ്മി കുസൃതി ചിരിച്ച്.
ചായ ഊതി കുടിക്കരുത്.
പടികളോടിയോടി കയറരുത്,
ഇനി കടലു കണക്കെ കത്തെഴുതാം.
ദൂരെ ദൂരെയൊരു മരുഭൂമി,
അവിടെയൊരൊട്ടകം, ഒരു കുഞ്ഞു സൂഫി
കൂടെ എഴുതിയെഴുതി
തെളിയാ കഥ പോലൊരമ്മ.