ജനാധിപത്യത്തിൽ കേട്ടു കേഴ്‌വി ഇല്ലാത്ത അടിമത്വമാണു, അർഹതപ്പെട്ട പഞ്ചായത്തു ആനുകൂല്യം ലഭിക്കുന്നതിനും, കമ്പനിയുടെ CSR ഫണ്ടിന്റെ ആനുകൂല്യം ലഭിക്കുന്നതിനും ജനങ്ങൾ അനുഭവിച്ചു പോരുന്നത്.

കേരളത്തിലെ 941 പഞ്ചാത്തുകളിൽ നിന്ന് വ്യത്യസ്ഥമായി കിഴക്കമ്പലം പഞ്ചായത്തിന്റെ രാഷ്ട്രീയത്തിനു എന്താണു പ്രത്യേകത? എല്ലാ പഞ്ചായത്തുകളിലും ഗ്രേഡിന്റെയും നികുതി വരുമാനത്തിന്റെയും, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പദ്ധതി വിഹിതത്തിന്റേയും അടിസ്ഥാനത്തിൽ നടക്കുന്നതിനേക്കാൾ എന്തു കാര്യമാണ് കിഴക്കമ്പലത്ത് നടക്കുന്നതു? അതെങ്ങനെ സാധിക്കുന്നു?

ട്വന്റി-20 സംഘടിപ്പിച്ച പൂക്കാട്ടുപടിയിലെ പ്രതിഷേധ യോഗം

അദാനിയോ, അമ്പാനിയോ പോലും ആലോചിക്കാത്ത ഒരു ബിസിനസ്സ് സ്വപ്നം

കിറ്റെക്സിനു പാരിസ്ഥിതിക അനുമതി നൽകാത്തതു പഞ്ചായത്ത്‌ ഭരണ സമിതിയായതുകൊണ്ട് അവിടെ പാരിസ്ഥിതിക അനുമതി കിട്ടാനായി കിറ്റക്സ് ഉണ്ടാക്കിയ എൻ.ജി.ഓ ആണു ട്വന്റി-20. ലോകത്തിലാദ്യമായിട്ടയിരിക്കാം ഒരു കോർപ്പറേറ്റ് സ്ഥാപനo ജനാധിപത്യ രീതിയിലൂടെ ഒരു പഞ്ചായത്ത്‌ പിടിച്ചെടുക്കുന്നത്. അതിനും കേരളമാണു തുടക്കക്കാരായതു. ഇങ്ങനെ പോയാൽ നാളെ അദാനിയും അമ്പാനിയും, മണപ്പുറം, മുത്തൂറ്റ്, വി-ഗാർഡ് തുടങ്ങിയവരും സ്വന്തം സംഘടനകൾ ഉണ്ടാക്കി പഞ്ചായത്തുകളും മുനിസിപ്പാലിറ്റിയും പിടിക്കും. കൊക്കകോളയ്ക്കു ഇങ്ങനെയൊരു ബുദ്ധി തോന്നാഞ്ഞതു ആ നാട്ടുകാരുടെ ഭാഗ്യം.

CSR ഫണ്ട് മാത്രമാണ് അവിടത്തെ പുതുമ

എന്താണു് CSR (Corporate Social Responsibility) ഫണ്ട് എന്ന് അറിയണം – കമ്പനി നിയമപ്രകാരം നടപ്പു വർഷത്തിൽ 500 കോടി ആസ്തിയോ 1000 കോടി വരുമാനമോ, 5 കോടി ലാഭമോ ഉള്ള എല്ലാ കമ്പനികളും അവരുടെ ലാഭത്തിന്റെ രണ്ടു ശതമാനം നിർബന്ധമായും ചെലവാക്കണം. ടാറ്റ നിയമം വരുന്നതിനും മുൻപേ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. മാരുതിയും, റിലയൻസും ഒക്കെ പല ടൗൺഷിപ്പുകളും, ആതുര പ്രവർത്തനങ്ങളും ഒക്കെ ഇതിന്റെ ഭാഗമായി ചെയ്യുന്നുണ്ട്. അത് പോലെ കിറ്റക്സ് കമ്പനിയുടെ സി.എസ്.ആര്‍ നിര്‍വഹണത്തിനായി രൂപം നല്‍കിയ സംവിധാനമാണ് ട്വന്റി-20 എന്ന് കമ്പനിയുടെ മാനേജ്മെന്റുതന്നെ പറയുന്നുണ്ട്..

കിറ്റക്സ് ഗാർമെന്റ്സ് ലിമിറ്റഡിന്റെ ഓഹരി വിപണി മൂല്യനിർണ്ണയം വളർന്നു.

CSR ഫണ്ട് കൃത്യമായി വിനിയോഗിച്ചത് മാത്രമല്ല, അതിനെക്കുറിച്ചുള്ള പബ്ലിസിറ്റി തള്ളൽ കാരണം നിരവധി സംഘടനകളെയും സമൂഹത്തിൽ നിന്നുള്ള അറിയപ്പെടുന്ന വ്യക്തികളെയും സംഘടനയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കി, ഡൊനേഷനുകൾ വന്നു, അന്ന-കിറ്റക്സ് ഗ്രൂപ്പിന്റെ ബ്രാൻഡ് അംഗീകാരം കൂടുതൽ വളർന്നു. സ്റ്റോക്ക് മാർക്കറ്റിൽ അത് പ്രതിഫലിക്കുകയും ചെയ്തു എന്ന് കിറ്റക്സ് ഷെയർ വാങ്ങിയവർക്ക് അറിയാമെന്നു വിചാരിക്കുന്നു, 2015ൽ, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ട്വന്റി-20 യുടെ വിജയത്തിനു ഏതാണ്ട് സമാന്തരമായി, കിറ്റക്സ് ഗാർമെന്റ്സ് ലിമിറ്റഡിന്റെ ഓഹരി വിപണി മൂല്യനിർണ്ണയം വളർന്നു. ഈ കാലയളവിൽ, ട്വന്റി-20 യുടെ നേതാവായിരുന്ന കിറ്റക്സ് ഗാർമെന്റ്സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ ആദ്യമായി സമ്പന്നരായ കേരളീയരുടെ പട്ടികയിൽ പ്രവേശിച്ചു.

അപ്പോള്‍ ഇന്ത്യയിലെ ഏറ്റവും നല്ല പഞ്ചായത്തിലൊന്നാകില്ലേ കിഴക്കമ്പലം?

ഇന്ത്യയിലെ ഏറ്റവും നല്ല പഞ്ചായത്തായി കിഴക്കമ്പലത്തെ മാറ്റിത്തീർക്കും എന്ന് വാഗ്ദാനം നൽകിയ ഭരണസമിതിയ്ക്കു, ഒരു സർക്കാർ തദ്ദ്ദേശ ഭരണത്തിന് നൽകാനുള്ള പകുതി തുക പോലും ചിലവഴിക്കാൻ ഒരു സാമ്പത്തിക വർഷവും കഴിഞ്ഞിട്ടില്ല എന്നതാണു വസ്തുത. കിഴക്കമ്പലത്തിനെ ഇന്ത്യയിലെ ഏറ്റവും നല്ല പഞ്ചായത്താക്കാൻ പോയിട്ട് എറണാകുളം ജില്ലയിലെ പോലും ആദ്യ സ്ഥാനങ്ങളുടെ അരികത്ത് മത്സരിക്കാൻ പോലും പഞ്ചായത്തു ഭരണകൂടത്തിന് കഴിഞ്ഞില്ല. എറണാകുളം ജില്ലയിലെ എൺപത്തിയേഴ് പഞ്ചായത്തുകളിൽ ഫണ്ട് വിനിയോഗത്തിന്റെയും പദ്ധതി നടപ്പിലാക്കലിന്റെയും കാര്യത്തിൽ 2019-ലെ കണക്കനുസരിച്ച്, ഗ്രേഡിങ്ങ് അനുസരിച്ച് അൻപത്തി ഒന്നാം സ്ഥാനത്താണ് കിഴക്കമ്പലം പഞ്ചായത്തു. മുഴുവൻ പദ്ധതി വിഹിതത്തിന്റെ അൻപത്തി രണ്ടു ശതമാനം മാത്രമാണു കിഴക്കമ്പലത്ത് ചില വഴിക്കാൻ കഴിഞ്ഞത്.

ട്വന്റി-20യുടെ ഫിഷ്‌ മാര്‍ക്കറ്റ്‌

രാഷ്ട്രീയ അടിമത്വത്തിൽ നിന്ന് വലിയ ഒരു നവോതഥാനത്തിലേക്ക് കിഴക്കമ്പലത്തെ ജനത ഉയർന്നു എന്നതാണു ട്വന്റി-20 തള്ളുകളുടെ പ്രധാന ഇനം. രാഷ്ട്രീയ അടിമകൾ എന്ന് കരുതിയിരുന്നവർ യഥാർത്ഥത്തിൽ ആ പ്രദേശത്തെ കമ്പനികളുടെ അടിമകളായി ‘യഥാർത്ഥ അടിമത്വം’ അനുഭവിക്കുന്നു.

കമ്പനിയുടെ നടത്തിപ്പിനായി ഒരു പഞ്ചായത്ത്‌

ട്വന്റി-20യുടെ പതിനേഴ് പഞ്ചായത്ത് അംഗങ്ങളും, പഞ്ചായത്തു പ്രസിഡന്റും ഉൾപ്പെടെ ജന പ്രതിനിധികൾ എന്ന നിലയിൽ അല്ല, മറിച്ച് കമ്പനികളുടെ തൊഴിലാളികൾ എന്ന നിലയിലാണു പ്രവർത്തിച്ചത്. ഒരു പഞ്ചായത്തു അംഗത്തിന് കമ്പനി നൽകുന്നത് പതിനയ്യായിരം രൂപ മാസ ശമ്പളമാണ്. പ്രസിഡന്റിന് നൽകുന്നത് ഇരുപത്തയ്യായിരം രൂപ പ്രതിമാസ ശമ്പളം. ജനപ്രതിനിധികളുടെ അലവൻസിന് പുറമേ അവർക്ക് ശബളം ലഭിക്കുന്ന ഏക പഞ്ചായത്ത് കിഴക്കമ്പലമാണു. ജനപ്രതിനിധികൾ മറ്റ് ആനുകൂല്യം വാങ്ങുകയോ, ഭീതിയോ, വിദ്വേഷമോ, വിധേയത്വമോ കൂടാതെ സേവനം ചെയ്യണമെന്ന സത്യപ്രതിജ്ഞയുടെ ലംഘനം തന്നെയാണിത്. തങ്ങളുടെ ശബളക്കാരായണു ജനപ്രതിനിധികളെ ട്വന്റി-20 കാണുന്നത് എന്ന് ചുരുക്കം.

ട്വന്റി-20 വിലങ്ങ് കുടുംബ സംഗമം

ജനാധിപത്യത്തിൽ കേട്ടു കേഴ്‌വി ഇല്ലാത്ത അടിമത്വമാണു, അർഹതപ്പെട്ട പഞ്ചായത്തു ആനുകൂല്യം ലഭിക്കുന്നതിനും, കമ്പനിയുടെ CSR ഫണ്ടിന്റെ ആനുകൂല്യം ലഭിക്കുന്നതിനും ജനങ്ങൾ അനുഭവിച്ചു പോരുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയും അതിന്റെ ഒരു അനുഭാവിക്കു മേൽ അടിച്ചേൽപ്പിക്കാത്ത നിയന്ത്രണങ്ങളാണ് കമ്പനി അധികാരി ചുമത്തുന്നത്. മറ്റു രാഷ്ട്രീയ പാർട്ടികളുടെ പരിപാടിയ്ക്ക് പോകരുത്, എന്നാൽ തങ്ങൾ വിളിക്കുന്ന പരിപാടികളിൽ ഉണ്ടാവണം. ഇതര രാഷ്ട്രീയ പാർട്ടികളിലെ ആളുകളുമായി ചങ്ങാത്തം പോലും പാടില്ല, അവരുടെ വിവാഹങ്ങളിൽ പോലും പങ്കെടുത്തു കൂടാ, അവരെ ക്ഷണിച്ചും കൂട… കേട്ടാൽ പോലും വിശ്വസിക്കാൻ തോന്നാത്ത കാര്യങ്ങളാണു ട്വന്റി-20യുടെ ജനപ്രതിനിധികൾ പോലും പങ്കുവയ്ക്കുന്നത്. ഒരു ട്വന്റി-20 ജനപ്രതിനിധിയുടെ മകളുടെ വിവാഹത്തിന് ട്വന്റി-20 മുതലാളി എത്തുമ്പോൾ ഇതര രാഷ്ട്രീയ പ്രവർത്തകർ പന്തലിൽ ഉണ്ടായിരുന്നതിന്, ആ പഞ്ചായത്ത് അംഗത്തെ പുറത്താക്കാൻ വരെ കാരണമായി. സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തുന്നതിന് വരെ മുതലാളിയോട് അനുമതി വാങ്ങേണ്ട ഗതികേട് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ജനപ്രതിനിധിയ്ക്ക് ഉണ്ടാവുമോ? എന്നാലതും ഉണ്ട്.

മുഴുവൻ മരാമത്ത്‌ ഫണ്ടും കമ്പനി സൗകര്യത്തിന്. എന്ത് നല്ല കിനാശ്ശേരിയല്ലേ.!

പഞ്ചായത്തു കമ്മറ്റി കൂടുന്നതു കമ്പനി ഓഫീസിലാണു. എവിടെ എന്ത് നടക്കണമെന്ന് ട്വന്റി-20 മുതലാളി നിശ്ചയിക്കും. ഏത് റോഡ് നിർമ്മിക്കണം. എവിടെ എന്ത് പണിയണം എന്നൊക്കെ മുതലാളി പറയും. പഞ്ചായത്ത് റോഡൊക്കെ മുതലാളി വാങ്ങിക്കൂട്ടിയ സ്ഥലത്തിനരികെ കൂടെ മുതലാളി നിശ്ചയിക്കുന്ന വീതിയിൽ പണിയണം. കമ്പനിയുടെ കപ്പാസിറ്റി വർദ്ദിപ്പിക്കാൻ റോഡ് സൗകര്യങ്ങൾ വേണമെന്ന് വ്യവസ്ഥയുണ്ട്. അതനുസരിച്ച് കമ്പനി പടിവരെ നല്ല വീതിയ്ക്ക് നാട്ടുകാരുടെ സ്ഥലത്തു കൂടി റോഡുകൾ പണിയും. കമ്പനി ആവശ്യത്തില്ലാത്ത റോഡുകൾക്ക് മറ്റു വാർഡുകളിൽ ഫണ്ടും ഉണ്ടാവില്ല. മുഴുവൻ മരാമത്ത്‌ ഫണ്ടും കമ്പനി സൗകര്യത്തിന്. എന്ത് നല്ല കിനാശ്ശേരിയല്ലേ.!

ഏറെ കൊട്ടി ഘോഷിക്കുന്ന ഗോഡ് വില്ലാ പ്രോജക്ടിന്റെ സത്യമെന്താണു?

കിഴക്കമ്പലത്തെ ഗോഡ്സ് വില്ല പ്രോജക്ട്

കിഴക്കമ്പലത്തെ കോൺഗ്രസ് നേതാവ് കെ.എ. ആന്റണി, അന്നത്തെ കേന്ദ്ര പദ്ധതിയായ ലക്ഷം വീട് പദ്ധതിയിലേക്ക് സംഭാവന ചെയ്തതാണു കിഴക്കമ്പലത്തെ ഇന്നത്തെ ഗോഡ്സ് വില്ല പ്രോജക്ട് നിലവിലുള്ള സ്ഥലം. അന്ന്, രണ്ടു വരി കല്ല് അടിത്തറയിൽ കുമ്മായം കൊണ്ടു കല്ലു കെട്ടി മുകളിൽ ഓലയോ, ഷീറ്റോ പാകിയതായിരുന്നു വീടുകൾ. അങ്ങെനെയിരിക്കെയാണ് 2013 – 14 വർഷത്തിൽ ഉമ്മന്‍ ചാണ്ടി സർക്കാർ M N ലക്ഷം വീട് പദ്ധതി എന്ന പേരിൽ ലക്ഷം വീട് പുന:രുദ്ധാരണ പദ്ധതി ആവിഷ്ക്കരിക്കുന്നത്. അതനുസരിച്ച് അന്നത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി 2013 – 14 സാമ്പത്തിക വർഷത്തിൽ, കിഴക്കമ്പലം പഞ്ചായത്തിലെ ഗോഡ്സ് വില്ല നിൽക്കുന്ന കോളനികളിൽ അടക്കം 92 വീടുകളെ ഈ പദ്ധതിയിൽ പെടുത്തി 2 ലക്ഷം രൂപ വീതം സഹായം അനുവദിച്ചു. പദ്ധതി നടപ്പാക്കുന്നതിന് മുൻപ് തന്നെ തിരഞ്ഞെടുപ്പ് വരികയും, 2015ൽ ട്വന്റി-20 അധികാരത്തിൽ വരികയും ചെയ്തു. അധികാരത്തിൽ വന്ന ട്വന്റി-20 സർക്കാർ പദ്ധതി തുകയായ രണ്ടു ലക്ഷവും, ഗുണഭോക്ത വിഹിതം എന്ന പേരിൽ ഓരോ കടുംബങ്ങളിൽ നിന്ന് 2 ലക്ഷം വീതവും വെച്ച് പദ്ധതി ട്വന്റി-20യുടേതാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ തുകയ്ക്കു പുറമേ, നാൽപ്പതോളം കമ്പനികളുടെ CSR ഫണ്ടും, കമൽ ഹാസൻ, ജയറാം, തുടങ്ങി സിനിമാ താരങ്ങളുടെ സംഭാവനകളും സമാഹരിച്ചു, കെട്ടിട നിർമ്മാണം കരാർ നൽകി പണി പൂർത്തികരിച്ചു.

Actor-turned politician Kamal Haasan is seen with non profit organization Twenty20’s chief coordinator Sabu M George at a function for handing over the keys of 37 houses, rebuilt by Twenty20 at Najarallur in Kizhakkambalam panchayat, Kochi, in 2018.

നല്ലവനായ ഒരു വ്യക്തി സൗജന്യമായി നൽകിയ സ്ഥലത്തു, സർക്കാരിന്റേയും, വീട്ട് ഉടമസ്ഥരായ ഗുണഭോക്താക്കളുടേയും, വ്യക്തികളുടേയും, നിയമപരമായി കമ്പനികൾ നൽകേണ്ട CSR ഫണ്ടിന്റേയും സഹായത്തോടെ പണി കഴിച്ച വീടുകളിലാണു ട്വന്റി-20 നൽകിയത് എന്ന ഔദാര്യത്തിൽ തങ്ങളുടെ, സാമൂഹിക രാഷ്ട്രീയ നിലപാടുകൾ വരെ അവർക്ക് അടിയറ വച്ച് ഗോഡ്സ് വില്ലയിൽ കിഴക്കമ്പലം നിവാസികൾ താമസിക്കുന്നത് എന്നതാണു സത്യ കഥ.

എല്ലാവര്‍ക്കും CSR ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടോ?

ട്വന്റി-20 ഭക്ഷ്യ സുരക്ഷ മാര്‍ക്കറ്റ്‌

കമ്പനി നൽകുന്ന CSR ആനുകൂല്യങ്ങൾ കിഴക്കമ്പലം നിവാസികളായ കാൽ ലക്ഷം പേർക്കും ലഭിക്കുന്നുണ്ടു എന്നു കരുതിയെങ്കിൽ അവിടെയും നിങ്ങൾക്ക് തെറ്റി. ട്വന്റി-20യ്ക്ക് രാഷ്ട്രീയ അടിമത്വം സ്വീകരിച്ച ചുരുക്കം ചിലർക്കാണ് ആനുകൂല്യം ഉള്ളതു. കമ്പനി വിലയ്ക്ക് കിഴക്കമ്പലം നിവാസിക്ക് സാധനം ലഭിക്കണമെങ്കിൽ അയാൾ കുടുംബസമേതം ട്വന്റി-20യുടെ പ്രവർത്തകർ ആയിരിക്കണം. അവർക്ക് 70% ഡിസ്ക്കൗണ്ടിൽ സാധനങ്ങൾ ലഭ്യമാകും. ഒരു വീട്ടിൽ നിന്ന് ഒരാൾ മാത്രമാണ് പ്രവർത്തകനെങ്കിൽ 50% ഡിസ്ക്കൗണ്ട് ലഭിക്കും. പ്രവർത്തകൻ ഇല്ലാത്ത അനുഭാവി കുടുംബം ആണങ്കിൽ 30-മുതൽ 40 വരെ സബ്സിഡിയിൽ സാധനം ലഭിക്കും. ഇതിന് വ്യത്യസ്ഥ നിറത്തിലുള്ള കാർഡുകൾ ഉണ്ടു. കാർഡ് ഇല്ലാത്തവർക്ക് സാധനവും ലഭിക്കില്ല. സാധനങ്ങൾക്ക് നൽകുന്ന സബ്സിഡികൾ കമ്പനികളുടെ CSR ഫണ്ടിൽ വകയിരുത്തപ്പെടും. കമ്പനി മുതലാളിക്കോ, ട്വന്റി-20യ്ക്കോ തിരുവുള്ളക്കേട് ഉണ്ടായാൽ കാർഡ് നഷ്ടമാകും. എങ്ങനെയുണ്ടു കമ്പനിയുടെ ബുദ്ദി! പഞ്ചായത്തു തീരുമാനങ്ങൾ, ചട്ടങ്ങൾ എന്നിവ നടപ്പിലാക്കാനുള്ള പഞ്ചായത്ത് ഓഫീസിലെ സർക്കാർ ജീവനക്കാരെയും കമ്പനി വരുതിയിലാക്കി, അവർക്ക് പ്രത്യേകം ആനുകൂല്യങ്ങലും, രാവിലെയും, ഉച്ചയ്ക്കും, വൈകിട്ടും ഉള്ള ഭക്ഷണവും, കമ്പനിയുടെ ന്യായവില ഷോപ്പിൽ നിന്ന് അവശ്യവസ്തുക്കൾ എഴുപത് ശതമാനം (കമ്പനി വിലയ്ക്ക്) വാങ്ങാനുള്ള കാർഡുകളും നൽകി സ്വാധീനിച്ചു. ഈ അടുത്ത കാലത്താണു, തങ്ങളുടെ “ഉപ്പും ചോറും തിന്നുന്നവർ” എന്ന് കമ്പനി ഉടമ ജീവനക്കാരെ ആക്ഷേപിച്ചതിനെ തുടർന്നു പഞ്ചായത്ത് ജീവനക്കാർ അത് ബഹിഷ്ക്കരിച്ചു തുടങ്ങിയത്.

പച്ചയ്ക്ക് പറഞ്ഞാൽ കൈയ്ച്ചിട്ട് ഇറക്കാനും വയ്യ, തുപ്പിയാൽ ‘മുതലാളി കോപം’ വരുത്തി വച്ച് നാട്ടിൽ ജീവിക്കാനും വയ്യ എന്ന അവസ്ഥയിലാണ് ഇന്ന് കിഴക്കമ്പലം നിവാസികൾ. പുറത്ത് പുകൽ പെറ്റ ‘കിഴക്കമ്പലം തള്ള്’ ആഞ്ഞ് നടക്കുമ്പോൾ, പറ്റിയ അവസ്ഥയോർത്ത് പരസ്യമായി പരിതപിക്കാൻ പോലും ഭയന്ന് നാളുകൾ തള്ളിനീക്കുകയാണ് കിഴക്കമ്പലംകാർ.


കൂടുതല്‍ വായനയ്ക്കായി:

0 0 votes
Rating

About the Author

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Abhijith

2013 il vs achudhanadhn sarkar enn paryunath thetipoyile