അങ്ങനെയങ്ങനെ രേഖപ്പെടുത്തിയതും അല്ലാത്തതുമായ മരിച്ച മനുഷ്യരുടെ ഓർമ്മകൾക്കു മുകളിലാണ് ഇതെല്ലാം കെട്ടിപ്പെടുക്കാൻ പോകുന്നത്. വർഗ്ഗീയ ഇന്ത്യയുടെ സ്മാരകമായി അത് എല്ലാകാലത്തും നിലനിൽക്കും.

കാലം, ആയിരത്തി തൊള്ളായിരത്തി അമ്പത്തൊന്ന് മെയ് മാസം.
ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിന്റെ പുന:നിർമ്മാണം പൂർത്തിയായി. പട്ടേലിന്റെ നേതൃത്വത്തിൽ തുടങ്ങിയ പണി, അദ്ദേഹത്തിന്റെ മരണ ശേഷം ഗുജറാത്തിലെ അന്നത്തെ കോൺഗ്രസ്സ് നേതാവും പിന്നീട് വിശ്വ ഹിന്ദു പരിഷത്തിന്റെ സ്ഥാപക അംഗവുമായ കെ.എം. മുൻഷിയാണ് ഏറ്റെടുത്തു നടത്തുന്നതു. സ്റ്റേറ്റിന്റെ പൈസ ഉപയോഗിച്ച് പണി പൂർത്തിയാക്കണമെന്ന വാദത്തെ ഐക്യഖണ്ഡേന എതിർത്തതു ഗാന്ധിയും നെഹ്രുവുമായിരുന്നു. വിശ്വാസികളിൽ നിന്നു പിരിച്ച പണം കൊണ്ട് തീർത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനു മുൻഷി പ്രസിഡന്റിനെ ക്ഷണിച്ചു. ഇതറിഞ്ഞ നെഹ്രു “ഒരു മതേതര രാഷ്ട്രത്തിന്റെ പ്രസിഡന്റ് ഒരിക്കലും ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് ശരിയല്ല” എന്ന് രാജേന്ദ്ര പ്രസാദിനു കത്തെഴുതി.
താൻ പ്രസിഡന്റാണേൽ, തനിക്ക് ഇഷ്ടപ്പെടുന്ന പരിപാടികളിലൊക്കെ പങ്കെടുക്കുമെന്ന് രാജേന്ദ്ര പ്രസാദ് തിരിച്ചെഴുതി.
തുടർന്ന് നിരവധി എഴുത്തിടപാടുകൾ നടന്നെങ്കിലും രാജേന്ദ്ര പ്രസാദിനെ തിരുത്താനാകില്ലെന്നു തിരിച്ചറിഞ്ഞ നെഹ്രു, എല്ലാ സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർക്കു 1951 മെയ് 2നു ഒരു കത്തയച്ചു.
ഇന്ത്യാ മഹാരാജ്യവുമായോ ഗവൺമെന്റുമായോ ബന്ധപ്പെട്ടല്ല പ്രസിഡന്റ് സോമനാഥ ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതെന്നും. രാജ്യത്തിൻ്റെ മതേതരത്വത്തെ നിലനിർത്താൻ വേണ്ടതെല്ലാം നാം ചെയ്യണമെന്നും, അതാണ് നമ്മുടെ ഭരണഘടനയുടെയും ഗവൺമെന്റിൻ്റെയും അടിസ്ഥാനമെന്നും അതിലദ്ദേഹം വ്യക്തമാക്കി.

രാജ്യം മുഴുവൻ ഇന്ന് ആഘോഷങ്ങളുണ്ടാകും, ചാനലുകളൊക്കെ ലൈവ് പോകും, മോദി രാജ്യത്തിൻ്റെ അഖണ്ഡതയെ കുറിച്ച് വാവെക്കും, സ്റ്റാറ്റസ്സുകൾ നിറയും, സെക്കുലർ ഡേ ഓഫ് ഇന്ത്യയായി വേണേലും പ്രഖ്യാപനമുണ്ടാകും.

കാലം രണ്ടായിരത്തി ഇരുപത്, ഓഗസ്റ്റ് അഞ്ച്.
മതേതര ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, അയോദ്ധ്യയിലെ രാമക്ഷേത്രത്തിനു കല്ലിടാൻ പോകുന്നു. വലിയ രാഷ്ട്രീയ നിരാശയുടെ കാലത്ത്, ഇന്ത്യൻ മതേതരത്വത്തെ പ്രതി വലിയ ആശങ്കയുണ്ടാകുന്നു. വിഭജനം പോലെ, ഗാന്ധി വധം പോലെ, അടിയന്തരാവസ്ഥ പോലെ, സിക്ക് കൂട്ടക്കൊല പോലെ, ബാബ്റി മസ്ജിദ് തീവ്രവാദിയാക്രമണം പോലെ, ഗുജറാത്ത് കൂട്ടക്കൊലയോ, ഡൽഹി കൂട്ടക്കൊലയോ, ബാബ്റി മസ്ജിദ് വിധിയോ ഒക്കെ പോലെ ഓർത്തിരിക്കേണ്ട, ഓർമ്മയിലുണ്ടായിരിക്കേണ്ട ദിനം. രാജ്യം മുഴുവൻ ഇന്ന് ആഘോഷങ്ങളുണ്ടാകും, ചാനലുകളൊക്കെ ലൈവ് പോകും, മോദി രാജ്യത്തിൻ്റെ അഖണ്ഡതയെ കുറിച്ച് വാവെക്കും, സ്റ്റാറ്റസ്സുകൾ നിറയും, അതില്‍ പൗരപ്രമുഖരും കലാകാരന്മാരും അണിചേരും. നമ്മളെ സംബന്ധിച്ച് ഓര്‍മ്മയാണ് സംഘപരിവാറിനു എതിരെയുള്ള ഏക ആശ്രയം. പൊളിച്ചു കളയാനാകുമായിരിക്കും, ചരിത്രത്തില്‍ നിന്നോ പുസ്തകങ്ങളില്‍ നിന്നോ മായ്ക്കാന്‍ ആകുമായിരിക്കും, പക്ഷെ മറവിയെ നമ്മള്‍ ഓര്‍മ്മപ്പെടുത്തലു കൊണ്ട് നേരിടും...

അങ്ങനെ ഭീകരവാദത്തിലൂടെയും, കള്ളത്തരത്തിലൂടെയും, ഇന്ത്യ എന്ന ആശയത്തെ തന്നെ തകർത്തും, പണിയുന്ന ഒരു ക്ഷേത്ര സ്ഥാപനത്തിനാണ് പ്രധാനമന്ത്രി പോകുന്നതു.

ആ ഇന്ത്യയല്ല, ഈ ഇന്ത്യ

സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്, 1949ൽ വിഗ്രഹങ്ങൾ ഒളിച്ചു കടത്തിയതും, 1992ൽ ബാബ്റി മസ്ജിദ് പൊളിച്ചതും ഹിന്ദുത്വ വാദികളാണെന്നും, അതു തെറ്റാണന്നും. അങ്ങനെ ഭീകരവാദത്തിലൂടെയും, കള്ളത്തരത്തിലൂടെയും, ഇന്ത്യ എന്ന ആശയത്തെ തന്നെ തകർത്തും, പണിയുന്ന ഒരു ക്ഷേത്ര സ്ഥാപനത്തിനാണ് പ്രധാനമന്ത്രി പോകുന്നതു. അമ്പത്തേഴ് ഏക്കറിൽ, ആയിരത്തി മുന്നൂറു കോടിയിലധികം രൂപ മുടക്കി നൂറ്റിയറുപത്തൊന്നു അടി പൊക്കത്തിൽ ക്ഷേത്രം പണിയുമ്പോൾ, അതിനു നാൽപ്പതു കിലോ വെള്ളിക്കല്ലു കൊണ്ട് തറക്കല്ലിടുമ്പോൾ, അപ്പുറത്ത് ആ രാജ്യം ഒരു ആഗോളമാരിയെ ചെറുക്കാനാകാതെ ചത്തു വീഴുകയാണ്, ഉറുമ്പ് വരികൾ പോലെ മനുഷ്യൻമാർ നാടുകളിലേക്ക് കാൽ നടയായി പലായനം ചെയ്യുകയാണ്, ഇടയിൽ ട്രയിൻ കയറിയോ അല്ലാതെയോ കൊല്ലപ്പെടുകയാണ്. പട്ടിണി മരണങ്ങൾ ഏറുന്നു, തൊഴിലില്ലാതെ മനുഷ്യരെല്ലാം നെട്ടോട്ടമോടുന്നു.

ആനന്ദ് പട്വര്‍ധന്റെ ‘രാം കെ നാം’ എന്ന ഡോക്യുമെന്ററി
നെഹ്രുവും കോണ്‍ഗ്രസ്സും

1949 ഡിസംബർ ഇരുപത്തി മൂന്നിനു രാമന്റെയും സീതയുടെയും ഓരോ വിഗ്രഹം ബാബ്റി മസ്ജിദിനുള്ളിൽ ഒരു കൂട്ടം ആളുകൾ കൊണ്ടെ ഇട്ടു. ഇതറിഞ്ഞ നെഹ്രു ഉടനെ തന്നെ അന്നത്തെ യു.പി മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തിനൊരു ടെലഗ്രാം അയച്ചു. “എത്രയും വേഗം മസ്ജിദിന്റെ സ്ഥലത്തു നിന്നും വിഗ്രഹങ്ങൾ നീക്കം ചെയ്യണം.” അങ്ങനെയൊക്കെ ആയിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രിമാർ. രാജേന്ദ്ര പ്രസാദ് ഉദ്ഘാടനത്തിനു പോയെങ്കിലും, അതിലുള്ള വിയോജിപ്പ് രാജ്യത്തെ അറിയിക്കാനെങ്കിലും നെഹ്രുവിനായി.
അതേ കോൺഗ്രസ്സ് പുല്ലും വൈക്കോലും കൊടുത്തു വളര്‍ത്തിയ ആശയമാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്‌. അവരുടെ നേതാവും, നെഹ്രു കുടുംബവുമായ പ്രിയങ്ക ഗാന്ധി ക്ഷേത്ര നിർമ്മാണത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. മുതിർന്ന നേതാവായ കമൽ നാഥും സംഘവും ആ സമയത്ത് വീടുകളിലിരുന്നു പ്രാർത്ഥിക്കുമത്ര.!!

Jawaharlal Nehru

രാജ്യത്തു ഏറ്റവും കൂടുതൽ കലാപമുണ്ടായത് അയോദ്ധ്യയുമായി ബന്ധപ്പെട്ടാണ്. അഞ്ഞൂറ് കൊല്ലങ്ങൾക്കിടയിൽ ബാബ്റി മസ്ജിദ് പൊളിക്കുന്നതിനു മുൻപും ശേഷവും എത്രയോ മനുഷ്യരു കൊല്ലപ്പെട്ടു. രഥയാത്ര ആന്ധ്രയിൽ നിന്നു ബീഹാറിലെത്തി, അദ്വാനി അറസ്റ്റ് ചെയ്യപ്പെടുമ്പോൾ വന്ന നാടുകളിലൊക്കെ തന്നെ ഉണ്ടായ കലാപത്തിൽ മരിച്ചതു 564 പേരാണ്, പിന്നീട് ഇതിനോട് അനുബന്ധിച്ച് നടന്ന 1993ലെ ബോംബൈ കലാപത്തിൽ 257 പേർ, കണക്കിതു വരെ വ്യക്തമല്ലാത്ത 2002ലെ ഗുജറാത്ത് കലാപം. അങ്ങനെയങ്ങനെ രേഖപ്പെടുത്തിയതും അല്ലാത്തതുമായ മരിച്ച മനുഷ്യരുടെ ഓർമ്മകൾക്കു മുകളിലാണ് ഇതെല്ലാം കെട്ടിപ്പെടുക്കാൻ പോകുന്നത്. വർഗ്ഗീയ ഇന്ത്യയുടെ സ്മാരകമായി അത് എല്ലാകാലത്തും നിലനിൽക്കും. പള്ളി പൊളിച്ചു അമ്പലം പണിയുന്നതിനെ മാത്രമല്ല, പുതിയ ഒരു ദേവാലയം പണിയുന്നതിനെയും എതിർക്കുന്നു. കൂട്ടം കൂട്ടമായുള്ള ചെറുത്തു നിൽപ്പിൻ്റെ വിമത ശബ്ദങ്ങളിലാണ് പ്രതീക്ഷ. ഈ രാജ്യത്തിന്റെയും, ഇവിടുത്തെ മനുഷ്യരുടെയും.

4.3 29 votes
Rating

About the Author

Subscribe
Notify of
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Asha Annie Jose

💛💌

Devanarayanan Prasad