നല്ല അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന വാക്കാണ് കഴിവ് . ഒരാള്‍ക്ക് അത് ഏറുന്നതും നല്ലതു തന്നെ. എന്നാല്‍ അയാളെ കഴിവേറി എന്നു വിളിക്കുന്നത് നല്ലതല്ല. ഇതായിരുന്നു തിയറി.
പത്രങ്ങളില്‍ തലക്കെട്ട് ഇടുന്നത് ഒരു കലയാണ്. എല്ലാവര്‍ക്കും പറഞ്ഞതല്ല അത്. സെന്‍സും സെന്‍സിബിലിറ്റിയും എല്ലാം വേണം. ദേശാഭിമാനിയുടെ എഡിറ്ററായിരുന്ന വി.എസ്.അച്യുതാനന്ദനെ പാര്‍ട്ടി പിടിച്ചു പുറത്താക്കിയപ്പോള്‍ ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയത് ഇതാണ്. “എഡിറ്റര്‍ എഡിറ്റഡ് ഔട്ട്!”
പ്രമുഖ ഗാനരചയിതാവ് പി. ഭാസ്‌കരന്‍ മരിച്ചപ്പോള്‍ കേരള കൗമുദി നല്‍കിയത്, “മടങ്ങുന്നു പള്ളിത്തേരില്‍!” കരിമുകില്‍ കാട്ടിലെ എന്ന പാട്ടിലെ ഒരു വരി.
തിരക്കു പിടിച്ച മിഠായിത്തെരുവിലൂടെ നടന്നു പോവുന്ന ആളെ പിന്നില്‍ നിന്ന് തോണ്ടി വിളിക്കുന്ന തെരുവു കച്ചവടക്കാരുടെ ഏര്‍പ്പാട് പോലെയാണ് അത്. തോണ്ടി വിളിക്കുമ്പോള്‍ തിരിഞ്ഞു നോക്കും, ആരെന്നറിയാന്‍. ഹുക്കിംഗ് പര്‍പ്പസ് ആണ് പിന്നില്‍ നിന്നുള്ള തോണ്ടലിന്. ഹുക്ക് ചെയ്തു കഴിഞ്ഞാല്‍ പിന്നത്തെ കാര്യം കയ്യിലിരിപ്പു പോലെയാണ്. അവന്റെ കയ്യില്‍ അമ്പതു രൂപയുടെ അത്തറോ അടിപ്പാവാടയോ കാണും. മുന്നോട്ടു കൊണ്ടു പോവേണ്ട ചുമതല അവയ്ക്കാണ്. വാര്‍ത്തയിലാണെങ്കില്‍ ആ ചുമതല ഇന്‍ട്രോയുടേതാണ്.
ഇനിയില്ല, നായിന്റെ മോന്‍!
അതായിരുന്നു ഒരു വാര്‍ത്തയുടെ തലക്കെട്ട്. അങ്ങനെയിടാനാണ് അന്ന് തോന്നിയത്. ആ വാര്‍ത്തക്ക് അത് ഇട്ടില്ലെങ്കില്‍ പിന്നെ ഒരു കാലത്തും അങ്ങനെയൊരു തലക്കെട്ടിന് അവസരം ഉണ്ടായെന്ന് വരില്ല. ആ തലക്കെട്ടിന്റെ പേരില്‍ ഒരു വായനക്കാരനും പത്രം നിര്‍ത്തിയില്ല. എഡിറ്റര്‍ക്ക് കത്തെഴുതിയില്ല. ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയില്ല. മാത്രമല്ല, ചിലരൊക്കെ ആ തലക്കെട്ട് ഇട്ട ആളെ കണ്ടെത്തി.
മാതൃഭൂമിയില്‍ നിന്ന് ആഷിക് കൃഷണന്‍ വിളിച്ചു. സാറ് കോഴിക്കോട്ട് തിരിച്ചെത്തി അല്ലേ എന്നായിരുന്നു ചോദ്യം.
ആരുപറഞ്ഞുവെന്ന് ചോദിച്ചു.
ആരും പറഞ്ഞതല്ല. കേരള കൗമുദി കണ്ടപ്പോള്‍ മനസിലായി. ആഷിക് മുമ്പ് കൗമുദിയിലായിരുന്നു. അവന്റെ സ്‌റ്റോറികളില്‍ വരുത്തിയ കൈക്രിയ അവന്‍ അനുഭവിച്ചതാണ്. തലക്കെട്ടിനുള്ള പ്രാധാന്യം പല തവണ തിരിച്ചറിഞ്ഞിട്ടുണ്ട്.
അവര്‍ മാനേജിംഗ് എഡിറ്ററോട് പറഞ്ഞു. ഇതങ്ങനെ വിട്ടാല്‍ പറ്റില്ല. സമ്മണ്‍ ചെയ്യിക്കണം.
മുകളിലിരിക്കുന്ന വേറെ ചില എഡിറ്റര്‍മാരും ആ തലക്കെട്ടില്‍ ഹുക്ക്ഡ് ആയി. പ്രൊവോക്ക്ഡുമായി. അവര്‍ മാനേജിംഗ് എഡിറ്ററോട് പറഞ്ഞു. ഇതങ്ങനെ വിട്ടാല്‍ പറ്റില്ല. സമ്മണ്‍ ചെയ്യിക്കണം. രണ്ടാലൊന്ന് തീരുമാനിക്കണം. അവിടെ നിന്നു സമ്മണ്‍ ചെയ്തു. വാര്‍ത്ത എഴുതിയ ട്രെയിനി കൊച്ചിനെയും സമ്മണ്‍ ചെയ്യിച്ചു. അവള്‍ പേടിച്ചു. അവളുടെ പണി പോവുമോ.
അവളല്ല അത് എഴുതിയതെന്ന് തിരുവനന്തപുരത്ത് പറയാമെന്നും വെറുതെ ബേജാറാവേണ്ടെന്നും പറഞ്ഞു. നൂറു ശതമാനം ഉത്തരവാദിത്തവും തലക്കെട്ട് ഇട്ട എഡിറ്റര്‍ക്കാണ്. പോരാത്തതിന് അവള്‍ എഴുതിയ ഒറിജിനല്‍ കോപ്പി സോഫ്റ്റ് വെയറില്‍ ഉണ്ടു താനും. അതില്‍ നായിന്റെ മോനോ മോളോ ഇല്ല. അതിനാല്‍ റിപ്പോര്‍ട്ടര്‍ക്ക് കുഴപ്പമുണ്ടാവില്ല. അതൊരു ഡിജിറ്റല്‍ ഡാറ്റയാണ്. തിരുവനന്തപുരത്തു നിന്ന് നോക്കിയാലും മനസിലാവും.അവള്‍ക്ക് സമാധാനമായി.
അന്ന് ഇറങ്ങിയ പത്രങ്ങളില്‍ കൗമുദിയോളം മികച്ച വേറെ പത്രം ഇല്ലെന്ന് എല്ലാവരും ചേര്‍ന്ന് ഏകകണ്ഠമായി പാസാക്കി.
രാത്രി വണ്ടിയില്‍ തിരുവനന്തപുരത്തേക്ക് കയറി. ഉറക്കം വണ്ടിയിലാക്കി. തിവനന്തപുരത്തെത്തി. പേട്ട റെയില്‍വേ കാന്റീനില്‍ നിന്ന് ഫ്രാന്‍സിസിന്റെ ഇഡലി കഴിച്ചു. രാവിലെ പതിവ് പത്രാവലോകന മീറ്റിംഗ് കഴിഞ്ഞു. അന്ന് ഇറങ്ങിയ പത്രങ്ങളില്‍ കൗമുദിയോളം മികച്ച വേറെ പത്രം ഇല്ലെന്ന് എല്ലാവരും ചേര്‍ന്ന് ഏകകണ്ഠമായി പാസാക്കി. പതിനൊന്നു മണിയോടെ മാനേജിംഗ് എഡിറ്ററും മാനേജിംഗ് അല്ലാത്ത സമ്മണ്‍ ചെയ്യിപ്പിച്ച എഡിറ്ററും ഫ്രീ ആയി. എന്നാല്‍പ്പിന്നെ അടുത്ത പരിപാടി നോക്കുകയല്ലേ എന്നായി.
കീശയില്‍ ഒരു രാജിക്കത്ത് ഉണ്ടായിരുന്നു. നായിന്റെ മോന്‍ കാരണം പണി പോവാനാണ് ഭാവമെങ്കില്‍ ഉപയോഗിക്കാനുള്ളത്.
നോക്കാം.
തലക്കെട്ടാകുന്ന തലനാരെടുത്ത് മേശപ്പുറത്തിട്ടു. ഡെസ്‌കിലിട്ടു എന്നു പറഞ്ഞാലും പത്രത്തിലായതു കൊണ്ട് പ്രയോഗ സാധുത്വമുണ്ട്. ഒന്നുഴിഞ്ഞു നോക്കി. അറക്കും മുമ്പ് ആടിന്റെ നെറ്റിയില്‍ വെള്ളം തളിച്ച് തലയാട്ടിച്ച് സമ്മതം വാങ്ങുന്ന പോലെ. കീറാന്‍ കത്തിയെടുത്തു. ഒരു തലക്കല്‍ പിടിച്ച് കീറിത്തുടങ്ങി. മാനേജിംഗ് എഡിറ്റര്‍ക്ക് കീറുന്നതില്‍ പങ്കാളിത്തമില്ല. അതിന്റെ ഫൈനല്‍ റിസല്‍ട്ട് കണ്ടാല്‍ മതി. അതിനനുസരിച്ചാണ് തുടര്‍ന്നുള്ള കാര്യങ്ങള്‍. കീശയില്‍ ഒരു രാജിക്കത്ത് ഉണ്ടായിരുന്നു. നായിന്റെ മോന്‍ കാരണം പണി പോവാനാണ് ഭാവമെങ്കില്‍ ഉപയോഗിക്കാനുള്ളത്.
ഒരു തലക്കല്‍ നിന്ന് കീറല്‍ ആരംഭിച്ചു.
ചോദ്യം: എന്താണ് തലക്കെട്ട്.
ഉത്തരം: ഇനിയില്ല നായിന്റെ മോന്‍.
ചോദ്യം: എന്താണ് അതിന്റെ അര്‍ത്ഥം.
ഉത്തരം: അതിനു വിശേഷാല്‍ വേറെ അര്‍ത്ഥമൊന്നുമില്ല. ആ പറഞ്ഞത് തന്നെ. ഇനി മുതല്‍ നായയുടെ മകന്‍ ഇല്ല. അഥ ശുകനസ്യ പുത്ര നഹി ഹേ ! ശുനകപുത്രന്മാര്‍ ഇനി മുതല്‍ ഇല്ല.
ചോദ്യം: പത്രത്തില്‍ കൊടുക്കാവുന്ന വാക്കാണോ നായിന്റെ മോന്‍. അതൊരു തെറിയല്ലേ.
ഉത്തരം: നായിന്റെ മോനെ പൂച്ചയുടെ മോന്‍ എന്നു വിളിച്ചാലല്ലേ തെറ്റ്. ഇതില്‍ വസ്തുതാപരമായ തെറ്റില്ലല്ലൊ. നായയുടെ മകന്‍ നായ. അത് തെറിയല്ല ഒരു വസ്തുതയാണ്.
ചോദ്യം: അങ്ങനെ തര്‍ക്കിക്കാന്‍ നോക്കണ്ട. നായ എന്നെഴുതിയാല്‍ കുഴപ്പമില്ല. മോന്‍ എന്നെഴുതിയാലും കുഴപ്പമില്ല. അതു രണ്ടും പത്രത്തില്‍ കൊടുക്കാവുന്ന വാക്കുകളാണ്. എന്നാല്‍ നായിന്റെ മോന്‍ എന്നായാല്‍ തെറിയായി. അത് പത്രത്തില്‍ കൊടുക്കാവുന്നതല്ല. ഒരു ഉദാഹരണം പറയാം. നല്ല അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന വാക്കാണ് കഴിവ് . ഒരാള്‍ക്ക് അത് ഏറുന്നതും നല്ലതു തന്നെ. എന്നാല്‍ അയാളെ കഴിവേറി എന്നു വിളിക്കുന്നത് നല്ലതല്ല. ഇതായിരുന്നു തിയറി. ഇനി വേണ്ടത് മറു തിയറിയാണ്. അതിനു വേണ്ട ലോജിക്കും.
പി.എച്ച് ഡിക്കാരുടെ ഡിഫന്‍സ് ഇല്ലേ. അതു പോലെയാണ് ഈ പരിപാടി. തിയറി തെറ്റാവാം. പക്ഷേ, ആ തിയറിയിലേക്ക് എത്തിയതിനു ലോജിക് ഉണ്ടാവണം. നായിന്റെ മോനെന്ന് എഴുതാന്‍ ലോജിക് ഉണ്ടായിരുന്നു. പ്രപഞ്ചത്തില്‍ ആര്‍ക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും. ആ തലക്കെട്ടു വായിക്കുന്ന വായനക്കാരന്റെ മുഖമായിരുന്നു മനസില്‍. അല്ലാതെ അവലോകനം നടത്തുന്ന എഡിറ്ററുടേതല്ല. വായനക്കാരന്‍ തെറി വിളിച്ചിട്ടില്ല. നെറ്റി ചുളിച്ചിട്ടുമില്ല.
കീറിയ തലനാരില്‍ ഒരല്പം ബാക്കിയുള്ളത് എടുത്തു. ഒരു മറു തിയറി പറഞ്ഞു. മനുഷ്യന്‍ ഒരു വിശേഷ ജീവിയാണ്. അവനെ വേറെ മൃഗങ്ങളുടെ പേര് വിളിക്കുന്നത് പൊതുവേ സ്വീകാര്യമല്ല. കൊരങ്ങാ, കഴുതേ, നായേ, തുടങ്ങി ചില ജീവികളുടെ പേര് വിളിക്കുന്നത് അവന് തീരെ ഇഷ്ടമല്ല.
എന്നാല്‍ കുഞ്ഞാലിക്കുട്ടിയൊക്കെ ഇലക്ഷന്‍ കാലത്ത് പോലും യെവന്‍ പുലിയാണ് കെട്ടാ എന്ന് വേറൊരു ജന്തുവിന്റെ പേരാണ് സ്വന്തം പോസ്റ്ററില്‍ എഴുതി വച്ചത്. ചിലപ്പോള്‍ ജന്തുക്കളുടെ പേര് വിളിക്കുന്നത് നല്ലതാണ്. വോട്ട് കിട്ടാന്‍ പോലും അത് ഉപകരിക്കുമെന്നാണ് കുഞ്ഞാലിക്കുട്ടി വിചാരിച്ചത്. പക്ഷേ എലിയായ ജലീല്‍ തോല്പിച്ചു എന്നത് വേറെക്കാര്യം. ജലീലിനെ അക്കാലത്ത് എലിയെന്ന് വിശേഷിപ്പിച്ചപ്പോള്‍ ജലീലിനു പോലും സന്തോഷമാണ് തോന്നിയത്.
സന്ദര്‍ഭമാണ് പ്രധാനം. നായിന്റെ മോന്റെ കാര്യത്തിലും ഇത്രയേയുള്ളൂ. ഈ തലക്കെട്ടു കൊണ്ട് ആര്‍ക്കെങ്കിലും ആക്ഷേപം ഉണ്ടായോ. ഒന്നുകില്‍ വായനക്കാരനായ മനുഷ്യന്. അല്ലെങ്കില്‍ ശുനകനോ അയാളുടെ മകനോ ആക്ഷേപം വേണം. അത് വക്കീല്‍ നോട്ടീസിന്റെ രൂപത്തില്‍ വരണം. ഇതൊന്നും ഉണ്ടായിട്ടില്ലാത്ത സ്ഥിതിക്ക് നായിന്റെ മോന്‍ ഓന്റെ വഴിക്ക് പൊയ്‌ക്കോട്ടെ.?
എന്തും സംഭവിക്കാം. ഒന്നുകില്‍ ഒരു സ്ഥലം മാറ്റം. അല്ലെങ്കില്‍ ശമ്പളത്തില്‍ നിന്ന് ഒരു നായത്തൂക്കം പണം അദര്‍ ഡിഡക്ഷന്‍.
ഇത്രയുമായപ്പോള്‍ തലനാര് ഏതാണ്ട് പൂര്‍ണ്ണമായും കീറിയ നിലയിലായി. കീറിയ തലനാരിന്റെ ശവമടക്കാണ് ഇനി. അതിന്റെ ആള്‍ മാനേജിംഗ് എഡിറ്ററാണ്. എന്തും സംഭവിക്കാം. ഒന്നുകില്‍ ഒരു സ്ഥലം മാറ്റം. അല്ലെങ്കില്‍ ശമ്പളത്തില്‍ നിന്ന് ഒരു നായത്തൂക്കം പണം അദര്‍ ഡിഡക്ഷന്‍. അതുമല്ലെങ്കില്‍ പണി നിര്‍ത്തി ( സോറി നിറുത്തി എന്നാണ് അവിടത്തെ സ്‌റ്റൈല്‍. ) പോവാന്‍ പറയാം. ഏതിനും റെഡി.
അദ്ദേഹം ചോദിച്ചു.
എന്തു പറയുന്നു.
എന്തു പറയുന്നു, എന്നാണ് സ്ഥിരം ചോദ്യം. പറയുന്നത് ബോദ്ധ്യ പ്പെടുന്നതു വരെ ഓക്കെ എന്നു പറഞ്ഞു കൊണ്ടിരിക്കലും. സാധാരണ വേറെ പലരും ഇത്തരം സാഹചര്യങ്ങളില്‍ ബോദ്ധ്യപ്പെട്ടു കഴിഞ്ഞാലാണ് ഓകെയെന്നു പറയുക. ഇവിടെ ഡയലോഗിനു ഇടയില്‍ത്തന്നെയാണ് ഓക്കെ. അത് യഥേഷ്ടം ഉണ്ടാവും. കേള്‍ക്കുന്ന ആള്‍ വിചാരിക്കും സംഗതി ഓക്കെയാണെന്ന്. എന്നാല്‍ തീരുമാനം വരുമ്പോഴാണ് ഓക്കെയുടെ അര്‍ത്ഥം വേറൊന്നാണെന്ന് മനസിലാവുക.
എന്തായിരുന്നു ആ വാര്‍ത്തയെന്ന് കേള്‍പ്പിച്ചു.
തെരുവുനായ്ക്കളെ വന്ധ്യം കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ പദ്ധതിയനുസരിച്ച് കോഴിക്കോട് കോര്‍പ്പറേഷന്‍ നടപ്പില്‍ വരുത്തിയ പ്രജനന നിയന്ത്രണപദ്ധതി ഊര്‍ജിതമായി നടപ്പില്‍ വരുത്തി പദ്ധതി ലക്ഷ്യം കാണുകയും നഗര പരിധിയില്‍ തെരുവു നായ്കളുടെ പ്രജനനനിരക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എഴുപതു ശതമാനത്തോളം കുറയുകയും ചെയ്തിന്റെയും പശ്ചാത്തലത്തില്‍ പദ്ധതിയുടെ വിജയപ്രഖ്യാപനം…… എന്നു നീണ്ടു നിവര്‍ന്നു പോവുന്ന വാര്‍ത്ത.
നായക്ക് മോന്‍ ഉണ്ടാവാതിരിക്കാനായി അവന്റെ അണ്ഡം കീറുന്ന പരിപാടി. അതാണ് പ്രജനന നിയന്ത്രണ പദ്ധതി.
സംസ്ഥാന സര്‍ക്കാരും, കര്‍മ്മപദ്ധതിയും, പ്രജനനനിരക്കും, ഊര്‍ജിതമായി നടപ്പാക്കലും മറ്റുമായി കാര്യമെന്തെന്ന് ഒരാള്‍ക്കും മനസിലാവാത്ത ഒരു വാര്‍ത്ത. അതിനെയാണ് ഇനിയില്ല നായിന്റെ മോന്‍ എന്നാക്കിയത്. നായക്ക് മോന്‍ ഉണ്ടാവാതിരിക്കാനായി അവന്റെ അണ്ഡം കീറുന്ന പരിപാടി. അതാണ് പ്രജനന നിയന്ത്രണ പദ്ധതി. കോഴിക്കോട്ടെ പട്ടികള്‍ ഇനി പെറ്റു കൂട്ടില്ലെന്ന് പച്ച മലയാളത്തിലാക്കിയ ആ വാര്‍ത്തയുടെ നെറ്റിയിലും ഇത്തിരി നായക്കാട്ടം തേച്ചു എന്നു മാത്രം. അതിന്റെ നാറ്റം സഹിക്ക വയ്യെങ്കില്‍ സലാം പറയാന്‍ തയ്യാറെന്നും പറഞ്ഞു.
മാനേജിംഗ് എഡിറ്റര്‍ ചിരിച്ചു.
പത്രം പൂട്ടിക്കാന്‍ ചെയ്ത പണിയല്ലെന്നു ബോദ്ധ്യമായി. ഇത്രയും പറഞ്ഞ ശേഷം ഫൈനലായ ഓക്കെ കേള്‍ക്കാനായി കാത്തു. ആ ദിവസം വരെ പ്രൊഡക്ഷനായിരുന്നു പണിയെങ്കില്‍ പിറ്റേന്ന് മുതല്‍ ഇവാലുവേഷനായി പണി. മുട്ടിനു മുട്ടിനു പദ്ധതിയുമായി ഇഴഞ്ഞു നീങ്ങുന്ന വാര്‍ത്തകളെ മനുഷ്യന്റെ ഭാഷയിലേക്ക് മാറ്റാത്ത റിപ്പോര്‍ട്ടര്‍മാരേയും എഡിറ്റര്‍മാരെയും പിടികൂടി മാനേജിംഗ് എഡിറ്റര്‍ക്ക് മുന്നില്‍ നിരത്തിക്കൊടുക്കുന്ന പണി! നായിന്റെ മോന്‍ എന്നെഴുതാത്തവരെ കണ്ടെത്തുന്ന പണി!! റിപ്പോര്‍ട്ടിംഗും എഡിറ്റിംഗും കോ ഓര്‍ഡിനേഷനും ഓറിയന്റേഷനുമെല്ലാം മുമ്പ് ചെയ്തിരുന്നതിനാല്‍ പുതിയ പണി എളുപ്പമായിരുന്നു.
ഒരനുബന്ധം കൂടി പറഞ്ഞ് ഇത് അവസാനിപ്പിക്കാം. ഇന്ന് രാവിലെ മുറിയില്‍ നിന്ന് ഇറങ്ങിപ്പോവുമ്പോള്‍ വേറൊരു മോന്‍ (സ്വന്തം മോനായ ശ്രീരാഗ്) ലൈറ്റ് ഓഫാക്കാതെ ഫാന്‍ മാത്രം ഓഫാക്കി പുറത്തിറങ്ങി. അവനോട് ഇങ്ങനെ ചോദിച്ചു. ലൈറ്റ് പിന്നെ, നിന്റെ തന്ത ഓഫാക്കുമോ. പത്തിരട്ടി കറന്റ് ബില്‍ വന്നത് രണ്ടാഴ്ച മുമ്പാണ്. അത് സകുടുംബം ചര്‍ച്ച ചെയ്തതുമാണ്. അവന്‍ വേഗം വന്ന് ലൈറ്റും ഓഫാക്കി. പഞ്ചുള്ള ഡയലോഗ് വേണ്ടേടത്ത് അത് തന്നെ വേണം പറയാന്‍. ആരെയായാലും തന്തക്ക് വിളിക്കുമ്പോള്‍ കിട്ടുന്ന സുഖം ഒന്നു വേറെത്തന്നെയാണ്. സ്വന്തം മോനെയായാലും.