4 Minutes Read

‘‘I think we forget things if there is nobody to tell them’’

– Sajan Fernandez, Lunchbox

ഹിന്ദി സിനിമ വിരളമായി മാത്രം കാണുന്നൊരാളെ തന്റെ ആരാധാകനാക്കിയ കഥയാണ് ഇർഫാൻ. പാട്ടും പാടി നടന്നിരുന്ന ബോളിവുഡിൽ ഇങ്ങനെയും ചിലതുണ്ടെന്ന തിരിച്ചറിവാണ് അയാളിലൂടെ ഉണ്ടായത്. ഇർഫാൻ്റെ അഭിനയം കാണാൻ വേണ്ടി, അല്ലെങ്കിൽ അയാൾ തിരിഞ്ഞെടുക്കുന്ന സിനിമകളുടെ ഉറപ്പിന്റെ പേരിൽ, പുതിയ സിനിമകളെ കാത്തിരുന്നിരുന്നു. ഇർഫാനിലൂടെ റിതേഷ് ബദ്ര പ്രിയപ്പെട്ട സംവിധായകനാകുന്നു, കൂടെ ഹിന്ദിയിൽ നിന്നും ഇർഫാൻ അഭിനയിച്ചതും അല്ലാത്തതുമായ മറ്റനേകം സിനിമകളെയും പരിചയപ്പെടുന്നു. അറിയത്തു പോലുമില്ലാത്ത ഒരു മനുഷ്യൻ പ്രിയപ്പെട്ടതാകുന്നത് അങ്ങനെയൊക്കെയാണ്.

ഇർഫാന്റെ മരണം ഇത്രയും ബുദ്ദിമുട്ടിക്കുന്നതെന്തെന്നറിയില്ല. ഇനി അയാൾ ഇല്ല എന്ന തിരിച്ചറിവാകാം. അല്ലെങ്കിൽ നമ്മൾ എവിടൊക്കെയോ അയാൾ ചെയ്ത കഥാപാത്രങ്ങളിൽ നമ്മളെ ചേർത്തു വച്ചു വായിച്ചിട്ടുണ്ടാകാം, അതിൽ നമ്മളെ കണ്ടിട്ടുണ്ടാകാം, അയാളുടെ വിഷമങ്ങൾ ഉള്ളിലേറ്റി കരഞ്ഞിട്ടുണ്ടാകാം. അതിനു കാരണം അയാൾ മനുഷ്യനായാണ് അഭിനയിച്ചതു എന്നതാണ്. നമ്മൾ കണ്ടതോ അറിഞ്ഞതോ ആയ മുഖങ്ങളുമാണ് അയാളിലൂടെ കടന്നു പോയത്.

വിഷാദം തൂങ്ങി കിടക്കുന്ന കണ്ണുകളും, അടഞ്ഞ കനമുള്ള ശബ്ദവും, എല്ലാം ഉള്ളിലടുക്കിയ ചിരിയും ഇർഫാന്റെ മാത്രമായിരുന്നു. എല്ലാം അയാൾ കുറുക്കിയും ഒതുക്കിയും മാത്രം പറഞ്ഞു, ചിലതു പറയാൻ ബാക്കി വച്ചു. ലൈഫ് ഓഫ് പൈയിലെ റിച്ചാർഡ് പാർക്കറുമായി പിരിയുന്ന അവസാന രംഗം ഇപ്പോളും ഓർക്കാൻ അയാളുടെ ശബ്ദം തന്നെ ധാരാളമാണ്. ചമ്പൽ കാടുകളിൽ ഉള്ളത് വിപ്ലവകാരികളാണ്, കൊള്ളക്കാരൊക്കെ പാർലമെന്റിലാണെന്നു പറഞ്ഞ പാൻ സിങ്ങ് തോമർ, പികുവിലെ റാണാ ചൗധരി, ഹൈദറിലെ ഗോസ്റ്റ്, കർവാനിലെ ഡ്രൈവർ, വേഷമെത്ര ചെറുതാണെങ്കിലും, പ്രായത്തേക്കാളേറിയ പ്രായമാണെങ്കിലും അയാൾ അതിൽ ‘തന്നെ’ തന്നെ കുറിച്ചിട്ടിട്ടു മാത്രമാണ് കടന്നു പോയിട്ടുളളത്.
എങ്കിലും ഏറെ പ്രിയപ്പെട്ടതു ലഞ്ച് ബോക്സിലെ സാജൻ ഫെർണാണ്ടസ്സാണ്. ഭക്ഷണം അയാൾക്കു രുചിയല്ല, അതിജീവനമായിരുന്നു. ആരുമില്ലാത്ത സാജന്റെ ജീവിതത്തിൽ വഴി തെറ്റി വന്ന ആ ചോറ്റു പാത്രം പ്രതീക്ഷയാകുന്നു. ഇള ഉണ്ടാക്കുന്ന ഓരോ ഉരുളയിലും, എഴുതുന്ന കുഞ്ഞു കുറിപ്പുകളിലും അയാൾക്കു അന്യമായ സ്നേഹം രുചിക്കുന്നു. ഞാനിപ്പോൾ ഓർക്കുന്നതു അവരു കണ്ടുമുട്ടിയിട്ടുണ്ടാകും എന്നാണ്, തമ്മിൽ കുറിപ്പടികളില്ലാതെ പ്രണയിക്കുന്നുണ്ടാകുമെന്നാണ്.

കൃത്യമായ രാഷ്ട്രീയ ബോധ്യമുണ്ടായിരുന്ന ആളാണ് ഇർഫാൻ. താൻ ചെയ്ത സിനിമകളുടെ പേരിലായിരിക്കണം, അല്ലാതെ തന്നെ ഒരു മതത്തിന്റെ പേരിൽ അടയാളപ്പെടുത്തരുതെന്നു പറഞ്ഞ, പേരിലെ ഖാൻ ഉപേക്ഷിക്കുന്നുവെന്നു പറഞ്ഞ മതേതരവാദിയായിരുന്നു ഇർഫാൻ. രാജ്യം കൈവിട്ടു പോകുന്ന കണ്ട് പ്രധാനമന്ത്രിയെ നേരിട്ടു കാണണമെന്നു അഭ്യർത്ഥിച്ച അയാളെ, തിരക്കൊരുപാടുള്ള നമ്മുടെ നേതാവ് സമയമില്ലെന്നു അറിയിച്ചു. ഇർഫാൻ, രാജ്യം തിരിച്ചു വരും. നിങ്ങളെ കാണാൻ സമയമില്ലാതിരുന്ന നേതാവിനൊരുപാട് സമയവും ലഭിക്കും.

പാൻ സിങ്ങ് തോമർ

ഇംഗ്ലീഷൊക്കെ പറഞ്ഞു പുതിയ നമ്പറുകളുമായി നിങ്ങൾ വരില്ലെന്നറിയാം.
എങ്കിലും ഹൈദറിലെ റൂഫ്ദാറു പറയും പോലെ,
“ഞാൻ കടലാകുന്നു, മരവുമാകുന്നു…
ഞാൻ ജേലും നദിയാകുന്നു, വെള്ളില മരവുമാകുന്നു..
ഞാൻ ദേവാലയമാകുന്നു, പാപിയുമാകുന്നു…
ഞാൻ ശിയയും സുന്നിയുമാകുന്നു…
ഞാൻ ഇവിടെ ഉണ്ടായിരുന്നു,
ഇവിടെ ഉണ്ട്,
ഇനിയും ഇവിടെ തന്നെ ഉണ്ടാകും.”
സാഹബ്സാദെ ഇർഫാൻ അലി നിങ്ങൾ ഇവിടെ തന്നെ ഉണ്ടാകും. ഇനി ഓരോ ചോറ്റുപാത്രം തുറക്കുമ്പോഴും നിങ്ങൾ മറന്നു വച്ച ഒരു കുറിപ്പ് ഞങ്ങൾ തേടുന്നുമുണ്ടാകും.

പോഡ്‌കാസ്റ്റ് ഇവിടെ കേള്‍ക്കാം
5 1 vote
Rating

About the Author

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Anjali Ramesh

💔