എക്കാലവും അതൊന്നും നടക്കാൻ പോകുന്നില്ല എന്ന രാഷ്ട്രീയ സമരത്തിന് ഒന്നുകൂടി ശക്തി പകരുന്നു ഈ കർഷക സമരം.
നവംബർ 26-ലെ രാജ്യവ്യാപകമായ തൊഴിലാളി പണിമുടക്കിന് ശേഷം അതിന്റെ തുടർച്ചയെന്ന മട്ടിൽ കർഷക പ്രക്ഷോഭം ഡൽഹിയിലേക്ക് നീങ്ങുകയാണ്. കർഷക വിരുദ്ധവും കോർപ്പറേറ്റ് കൊള്ളക്ക് വഴിയൊരുക്കുന്നതുമായ മോദി സർക്കാരിന്റെ കാർഷിക ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. വഴിനീളെ ഗ്രനേഡും കണ്ണീർവാതക ഷെല്ലുകളും ജലപീരങ്കിയുമൊക്കെയായി സംഘപരിവാറിന്റെ ഭരണകൂടം കർഷകരെ ആക്രമിക്കുന്നുണ്ട്. എന്നിട്ടും ആയിരക്കണക്കിന് കർഷകർ ഡൽഹിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇടതുപക്ഷമടക്കമുള്ള വിവിധ കർഷക സംഘടനകളാണ് സമരത്തിന് നേതൃത്വം നൽകുന്നത്. കാർഷികമേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നതിനെതിരായ സമരമാണ് നടക്കുന്നത്. സ്വന്തം രാജ്യതലസ്ഥാനത്തേക്ക് പ്രതിഷേധിക്കാനായി കടക്കരുത് എന്ന് പറഞ്ഞാണ് മോദി തന്റെ കൊട്ടാരം സംരക്ഷിക്കാൻ ശ്രമിക്കുന്നത്. എക്കാലവും അതൊന്നും നടക്കാൻ പോകുന്നില്ല എന്ന രാഷ്ട്രീയ സമരത്തിന് ഒന്നുകൂടി ശക്തി പകരുന്നു ഈ കർഷക സമരം.
സംഘപരിവാർ-കോർപ്പറേറ്റ് കൂട്ടുകെട്ട് എന്നത് ഇന്ത്യൻ ഭരണവർഗത്തിന്റെ വർഗസമീപനത്തിന്റെയും നയങ്ങളുടെയും ഹിംസാത്മകമായ ഒരു രൂപമാണെന്നു വീണ്ടും തെളിയുകയാണ്. അതിനെതിരായ സമരത്തിന്റെ മുന്നണിപ്പോരാളികൾ തൊഴിലാളികളും കർഷകരും കർഷക തൊഴിലാളികളും കൂലിവേലക്കാരും മറ്റ് അസംഘടിത തൊഴിലാളികളും അടങ്ങുന്ന അദ്ധ്വാനിക്കുന്ന മനുഷ്യരാണ്. Political-Economy യുമായി നാഭീനാളബന്ധമുള്ള ഇത്തരം പ്രശ്നങ്ങൾ ഏറ്റെടുക്കുമ്പോഴാണ് ഭരണകൂടം സമ്മർദ്ദത്തിലാകുന്നത്. എന്താണ് യഥാർത്ഥ പ്രശ്നം എന്ന് ജനം തിരിച്ചറിയുന്നു എന്നതാണ് ഫാഷിസ്റ്റ് സങ്കുചിത ദേശീയതയുടെ വ്യാജ സാമാന്യബോധത്തെ വിറളി പിടിപ്പിക്കുന്നതും.
മുതലാളിത്തമുണ്ടാക്കുന്ന സാമൂഹ്യ അസമത്വത്തെക്കുറിച്ചു സംസാരിക്കാൻ പോലും തയ്യാറല്ലാത്ത ഒരു കപട ബൗദ്ധിക നേതൃത്വത്തിന്റെ പിടിയിലാണ് ദളിത് രാഷ്ട്രീയം പോലും.
മുതലാളിത്തമാണ് തങ്ങളുടെ വിമോചകൻ എന്ന സ്വത്വവാദ വഞ്ചനകളെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ഇത്തരം സമരങ്ങളിൽ നിന്നും അത്തരം ഒറ്റുകാർ ഒഴിഞ്ഞുനിൽക്കുന്നതും അതുകൊണ്ടാണ്. തൊഴിലാളികളെയും കർഷകരെയും കര്ഷകത്തൊഴിലാളികളേയും ഭിന്നിപ്പിക്കുകയും മുതലാളിത്ത ചൂഷണത്തിന്റെ സാർവലൗകികമായ സ്വഭാവത്തെക്കുറിച്ച് നിശബ്ദത പാലിക്കുകയും ചെയ്യുന്ന സ്വത്വവാദ-political Islam ഒറ്റുകാർ ഇത്തരത്തിലുള്ള സമരങ്ങൾ സംഘടിപ്പിക്കാത്തതും അതുകൊണ്ടാണ്. പതിനായിരക്കണക്കിന് സ്ത്രീകളാണ് കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ഡൽഹിയിലേക്ക് നീങ്ങുന്നത്. സ്വത്വവാദം കാണു കാണാവുന്ന രണ്ടു തുളകൾക്കപ്പുറം സ്ത്രീകളെ മൂടിക്കെട്ടുന്നതിലെ Agency-യെക്കുറിച്ചാണ് സംസാരിക്കുന്നത്. ഈ രാജ്യത്തെ എല്ലാവിധ തൊഴിൽ മേഖലയും സ്വകാര്യ മേഖല കയ്യടക്കുകയും തൊഴിൽ രഹിത വളർച്ച ഒരു ലക്ഷ്യമാവുകയും അത്തരം തൊഴിലുകളിലേക്ക് സമൂഹത്തിലെ സമ്പന്നർക്ക് മാത്രം പ്രവേശിക്കാനാവുന്നതുമായ തരത്തിൽ സ്വകാര്യവത്കരിക്കപ്പെട്ട, സാമൂഹ്യനീതിക്ക് പ്രവേശനമില്ലാത്ത വിദ്യാഭ്യാസ മേഖല ഉണ്ടാവുകയും ചെയ്യുന്ന കാലത്തും മുതലാളിത്തമുണ്ടാക്കുന്ന സാമൂഹ്യ അസമത്വത്തെക്കുറിച്ചു സംസാരിക്കാൻ പോലും തയ്യാറല്ലാത്ത ഒരു കപട ബൗദ്ധിക നേതൃത്വത്തിന്റെ പിടിയിലാണ് ദളിത് രാഷ്ട്രീയം പോലും.
ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരായ പോരാട്ടം അതിന്റെ കോർപ്പറേറ്റ് കൊള്ളയ്ക്കായുള്ള ഭരണകൂട സ്വഭാവത്തെ കണ്ടില്ലെന്നു നടിച്ചുകൊണ്ടുള്ള കേവലമായ സാംസ്കാരിക-സാമൂഹ്യ വിമർശമാക്കി മാറ്റുന്ന തട്ടിപ്പല്ല, മറിച്ച് തൊഴിലാളികളുടെയും കർഷകരുടേയും കർഷക തൊഴിലാളികളുടെയുമൊക്കെ ജനമുന്നണിയുടെ പോരാട്ടമാണ് ഫാഷിസത്തിനെതിരെ നടക്കുന്നത്.