പരാതിയും പരിഭവവും കേട്ട് മടുത്ത ദേവി ആവലാതികളില്ലാതെ വന്ന് കുശലം ചോദിച്ച് തിരിച്ചു പോയ എന്നെയോര്‍ത്ത് ആശ്ചര്യപ്പെട്ടിട്ടുണ്ടാവില്ലേ?

രിദ്വാര്‍ ഏത് സംസ്ഥാനത്താണെന്നോ, വിഷാദ കാലത്ത് കൈവിരല്‍ മുറിച്ചാല്‍ ഉറക്കം വരുമെന്നോ മുനിമാര്‍ കഞ്ചാവു വലിയ്ക്കുമെന്നോ അറിയാത്ത കാലത്താണ് മുകുന്ദന്‍റെ ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു എന്ന നോവല്‍ വായിക്കുന്നത്. ഒമ്പതു വര്‍ഷങ്ങള്‍ മുമ്പത്തെ കഥയാണ്. നൂറു പേജില്‍ താഴെയുള്ള ഒരു കൊച്ചു നോവല്‍. ആദ്യ വായനയ്ക്കു ശേഷം മറ്റൊരു പുസ്തകം വായിക്കുന്നതിനു മുമ്പു തന്നെ ഒരു തവണ കൂടി വായിച്ചു. പിന്നെയും മനസ്സിന് യാത്ര പോകണമെന്നു തോന്നുമ്പോളെല്ലാം എടുത്തു വായിച്ചു. എന്നിട്ടും ഡല്‍ഹിയിലെത്തി രണ്ടര വര്‍ഷക്കാലം ഇത്രയും അടുത്തു കിടക്കുന്ന ഹരിദ്വാറില്‍ പോകാനോ രമേശനും സുജയും കയറിയ കല്‍പ്പടവുകള്‍ കയറാനോ മിനക്കെട്ടില്ല. പക്ഷെ ഇടയ്ക്കെവിടെയോ മനസ്സിലൊരു ഗംഗാ ആരതിയും നാമജപങ്ങളും ഞാനും അറിഞ്ഞിരുന്നില്ലേ?

ഒരു ഗവേഷണപ്രബന്ധം എഴുതിത്തീര്‍ത്തതിന്‍റെ ക്ഷീണമായിരുന്നു മനസ്സിന്. ഹൃദയത്തിനു ചുറ്റും പേരു പോലും ഓര്‍മ്മയില്ലാത്ത ഏതൊക്കെയോ സൈദ്ധാന്തികരുടെ വാദങ്ങള്‍ മാറാലക്കെട്ടു പോലെ ചുറ്റിക്കിടന്നു. ഒരു യാത്ര അത്യാവശ്യമായിരുന്നു. സമയക്കുറവാണ് രമേശനെ ഹരിദ്വാറിലെത്തിച്ചതെങ്കില്‍ എന്നെ അതിലേക്ക് നയിച്ചത് കാലിക്കീശയായിരുന്നു. വൈകീട്ട് ആറു മണിക്ക് തീരുമാനിച്ച യാത്രയ്ക്ക് വേണ്ടി എട്ടു മണിയാകുമ്പോളേക്ക് വീടു വിട്ടിറങ്ങിയപ്പോള്‍ സുഹൃത്ത് അങ്കിത് ജൈസ്വാലും കൂടെ കൂടി. അവന് ഇത് ആദ്യാനുഭവമാണ്. കാര്യമായി തയ്യാറെടുപ്പുകുളില്ലാത്ത ഒരു യാത്ര. സെക്കന്‍റ് ക്ലാസ്സിലെ ലഗ്ഗേജ് സ്റ്റാന്‍റില്‍ ഞെരുങ്ങിയിരുന്ന് യാത്ര തുടങ്ങിയപ്പോള്‍ അവന്‍ ചിരിക്കുന്നുണ്ടായിരുന്നു.
മുകുന്ദന്‍റെ നോവലിലെ ഒരിക്കലും മറക്കാത്ത വാചകം ‘മാനസദേവീ വിട തരൂ’ എന്നതാണ്. തിരിച്ചു പോകുന്ന രമേശന്‍ മനസ്സ് നീറി വിട ചോദിക്കുന്ന രംഗമാണത്. ‘ഞാനിനിയും വരും. ഈ ജന്മത്തിലല്ലെങ്കില്‍ അടുത്ത ജന്മത്തില്‍. മനുഷ്യനായല്ലെങ്കില്‍ ഒരു തിര്യക്കായെങ്കിലും ഞാന്‍ വരും.’ രാവിലെ ട്രെയിന്‍ ഇറങ്ങി കയ്യില്‍ കരുതിയ ബന്ന് കൂട്ടി ചായ കുടിച്ച് നേരെ നടന്നത് മാനസ ദേവിയുടെ ക്ഷേത്രത്തിലേക്കാണ്. രമേശനും സുജയും കയറിയ കല്‍പ്പടവുകള്‍ നോക്കിയായിരുന്നു നടത്തം. ഒന്നൊന്നര കിലോ മീറ്റര്‍ മല കയറി വേണം ക്ഷേത്രത്തിലെത്താന്‍. പടവുകളുടെ ഇരുവശത്തും വാനര സേന നിലയുറപ്പിച്ചിട്ടുണ്ട്. വഴിയില്‍ റാംഫ വില്‍ക്കുന്നൊരു കുട്ടിയെ കണ്ടു. ഇതെന്താണെന്ന ഞങ്ങളുടെ ചോദ്യം അവനെ ചൊടിപ്പിച്ചു. വാങ്ങി കഴിച്ചു നോക്കിക്കൂടെ എന്ന മറുപടി കൂടിയായപ്പോള്‍ വേറൊന്നും ചിന്തിക്കാതെ സ്ഥലം കാലിയാക്കി. നഗ്നപാദരായി ക്ഷേത്രത്തിന്‍റെ പടി കയറുമ്പോള്‍ കാറ്റു വീശുന്നുണ്ടായിരുന്നു. എവിടെയോ മണി മുഴങ്ങുന്ന നേരിയ ശബ്ദം. ഇതാണോ മുകുന്ദന്‍ പറഞ്ഞ മണിമുഴക്കം.

അകത്ത് പൂജകള്‍ തുടങ്ങിയിട്ടില്ല. തൂപ്പുകാര്‍ ക്ഷേത്രം വൃത്തിയാക്കുന്നതു വരെ സന്ദര്‍ശകരെ അകത്തു വിടാതെ നോക്കാന്‍ പുറത്തൊരാള്‍ കാവലിരിപ്പുണ്ട്. ചുറ്റും മൂടി നില്‍ക്കുന്ന ചുവപ്പു നിറവും പടിയില്‍ കൈകള്‍ മടിയില്‍ തിരുകി വെച്ചുള്ള ഇരുപ്പും മായാജാലക്കഥകളിലെ നിഥി കാക്കുന്ന ഭൂതത്തെ ഓര്‍മ്മിപ്പിച്ചു. തൂപ്പു കഴിഞ്ഞു. പൂജ തുടങ്ങി. സന്ദര്‍ശകര്‍ ഓരോരുത്തരായി അകത്തു കടന്നപ്പോള്‍ കൂട്ടത്തിലൊരു ഭക്തനായി ഞാനും കടന്നു. പൂജാരിമാര്‍ തലക്കൊരു കിഴുക്കു വെച്ചു തന്നാണ് കയറ്റി വിടുന്നത്. അകത്തു മുഴുവന്‍ കാണിക്കയിടാനുള്ള സജ്ജീകരണങ്ങളാണ്. ദൈവത്തിനിരിക്കാന്‍ ഇത്തിരി സ്ഥലം മതി. ഞാന്‍ മുകുന്ദനെ ഓര്‍ത്തു. വീണ്ടും മണി മുഴക്കങ്ങള്‍.

പാപവും വിഴുപ്പും പേറാന്‍ ഈ നദിക്കു ത്രാണിയുണ്ടെന്നു കരുതുന്നവര്‍ക്കു മുമ്പില്‍ നിസ്സഹായയായി മഹാനദിയൊഴുകുന്നതു പോലെ തോന്നി.

കുന്നിറങ്ങുമ്പോള്‍ സൂര്യന്‍ ശരിക്കും ഉണര്‍ന്നു തുടങ്ങിയിട്ടുണ്ട്. പാതിവഴിയില്‍ നടത്തം നിര്‍ത്തി താഴേക്ക് നോക്കിയപ്പോള്‍ ദൂരെ ഉദയസൂര്യന്‍റെ കിരണങ്ങളില്‍ തിളങ്ങുന്ന ഗംഗയെ കാണാം. അവിടെ നിന്ന് നടന്ന് ഹര്‍ കി പൗഡിയിലെത്തി. ഒരു ക്ഷുരകനെ കണ്ടപ്പോള്‍ മുടി വെട്ടാനൊരാഗ്രഹം. ദിവസങ്ങളായി കണ്ണാടിയിലൊന്നും കാര്യമായി നോക്കിയിട്ടില്ല. ഞാന്‍ തല നീട്ടിക്കൊടുത്തു. അമ്പതു രൂപയ്ക്ക് അയാള്‍ നന്നായി വെട്ടി. ഒരു സഞ്ചാരിയ്ക്കു നല്‍കുന്ന ബഹുമാനം അയാളെനിക്ക് തന്നെന്നു തോന്നി. ഭക്തനേക്കാള്‍ ഒരു പടി മുകളിലാണ് സഞ്ചാരിയുടെ സ്ഥാനം. കാര്യസിദ്ധിയ്ക്ക് നാടു തെണ്ടുന്നവനേക്കാള്‍ ഉത്തമനാണോ നാടുതെണ്ടല്‍ തന്നെ ഒരു കാര്യമായി കൊണ്ടു നടക്കുന്നവന്‍? മുമ്പില്‍ മദിച്ചൊഴുകുന്ന ഗംഗ. എന്‍റെ മുടി ഗംഗയില്‍ ഒഴുക്കിക്കാണുമോ? അറിയില്ല. ഉണ്ടെങ്കില്‍ എന്‍റെ കേശഭാരം ഗംഗ പേറുന്ന വിഴുപ്പിന്‍റെ ഭാഗമായിക്കാണും. ഞാനും ഗംഗയില്‍ മുങ്ങിക്കുളിച്ചു. പുരാണങ്ങളില്‍ സത്യമുണ്ടായിരുന്നെങ്കിലെന്ന് വല്ലാതെ കൊതിച്ചു പോകുന്ന നേരങ്ങളാണ് തീര്‍ത്ഥാടസമയങ്ങള്‍. പാപവും വിഴുപ്പും പേറാന്‍ ഈ നദിക്കു ത്രാണിയുണ്ടെന്നു കരുതുന്നവര്‍ക്കു മുമ്പില്‍ നിസ്സഹായയായി മഹാനദിയൊഴുകുന്നതു പോലെ തോന്നി. നദിയിലേക്കു നീട്ടിയിട്ട ചങ്ങലയില്‍ ഇറുക്കിപ്പിടിച്ച് ഞാന്‍ കുത്തൊഴുക്കിലേക്കു നടന്നു നീങ്ങി. ആരൊക്കെയോ ഒഴുക്കി വിടുന്ന ദീപങ്ങള്‍ തിരിയണഞ്ഞ് ഒഴുകി നീങ്ങുന്നു. ചിലത് മറിഞ്ഞു വീഴുന്നു. ജഡ നീട്ടിയൊരാള്‍ ജലോപരിതലത്തില്‍ ഒരു ചില്ലു കഷണം വെച്ച് നദിയുടെ അടിത്തട്ടില്‍ ആരുടെയെങ്കിലും അരഞ്ഞാണമോ പാദസരമോ അഴിഞ്ഞു പോയിട്ടുണ്ടാകുമെന്ന പ്രതീക്ഷയില്‍ തപ്പി നോക്കുന്നു. ഒരു കൊച്ചു ബാലനും ഈ വിദ്യ ഉപയോഗിച്ച് നാണയങ്ങള്‍ തപ്പിയെടുക്കുന്നുണ്ട്. മോക്ഷം തേടി വന്നവര്‍.

ഹര്‍ കി പൗഡി എന്നാല്‍ പരമശിവന്‍റെ പടവുകള്‍ എന്നാണര്‍ത്ഥം. വേദ കാലത്ത് ശിവനും വിഷ്ണുവും ഇവിടെ വന്നിട്ടുണ്ടെന്നാണ് വിശ്വാസം. പന്ത്രണ്ടു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന കുംഭ മേള അരങ്ങേറുന്നത് ഇവിടെയാണ്. ആ സമയത്ത് വന്നാ ദേഹമാകെ ഭസ്മം പൂശിയ ദിഗംബരന്‍മാരായ സന്യാസികളെ കാണാം.

മഴക്കാലത്ത് തോടു നിറയും. മുണ്ടോത്തിപ്പരലും പള്ളത്തിയും കുളം കയറി വരും. പിന്നെ കരിപ്പിടിയും വരാലും വരും. വെള്ളം വറ്റാറാകുമ്പോള്‍ നീണ്ട കാലുകളുള്ള ചെള്ളിച്ചെമ്മീനുകള്‍ നിറയും.

ഗംഗ പര്‍വ്വതങ്ങളെ വിട്ട് സമതലങ്ങളിലേക്കിറങ്ങി വരുന്ന ഇടമാണിത്. ഞാന്‍ ഗംഗയുടെ കരയിലെ ഒരു കല്ലിലിരുന്ന് നാടിനെക്കുറിച്ചോര്‍ത്തു. നാട് എന്നാല്‍ തന്നെ നനവുള്ള ഓര്‍മ്മയാണ്. ഇടവപ്പാതിയും തുലാവര്‍ഷവും തോടും പാടവും കനാലുകളും പള്ളിക്കുളവും ആനക്കുളവും കടല്‍ത്തീരങ്ങളും മനസ്സിലേക്കെത്തി. എന്‍റെ വീടിന്‍റെ ഉമ്മറത്തു കൂടെ ഒരാള്‍ താഴ്ച്ചയുള്ള തോട് ഒഴുകുന്നുണ്ട്. മഴക്കാലത്ത് തോടു നിറയും. മുണ്ടോത്തിപ്പരലും പള്ളത്തിയും കുളം കയറി വരും. പിന്നെ കരിപ്പിടിയും വരാലും വരും. വെള്ളം വറ്റാറാകുമ്പോള്‍ നീണ്ട കാലുകളുള്ള ചെള്ളിച്ചെമ്മീനുകള്‍ നിറയും. മനസ്സു നിറയെ കടലും മഴയും കൊണ്ടു നടക്കുന്ന ഞാനാണ് കുളിക്കാനുള്ള വെള്ളം പണം കൊടുത്തു വാങ്ങേണ്ട ഡല്‍ഹിയില്‍ വന്ന് താമസിക്കുന്നത്. നാടു വിട്ടു വന്നതിന് ശേഷം ഇത്രയുമധികം വെള്ളം നേരില്‍ കാണുന്നത് ഇതാദ്യമാണ്. ഒന്നു കൂടെ വെള്ളത്തിലിറങ്ങണമെന്നു തോന്നി. ആദ്യം ഇറങ്ങിയപ്പോള്‍ കാലിലെ പെരുവിരലില്‍ നിന്ന് ഇരച്ചു കയറിയ തണുപ്പോര്‍ത്തപ്പോള്‍ ആ ആഗ്രഹം വേണ്ടെന്നു വെച്ച് ചണ്ടി ദേവിയുടെ മന്ദിറിലേക്കു നടന്നു.

പകലില്‍ ഗംഗയുടെ സൗന്ദര്യം കണ്ടത് ചണ്ടി ദേവിയുടെ ക്ഷേത്രത്തിലേക്കുള്ള യാത്രയിലാണ്. നാലു കിലോ മീറ്റര്‍ ദൂരം കാല്‍നടയായാണ് സഞ്ചരിച്ചത്. ഇടയ്ക്ക് പാലത്തില്‍ നിന്ന് താഴേക്കു നോക്കിയപ്പോള്‍ തെളിഞ്ഞവെള്ളത്തില്‍ വെള്ളാരം കല്ലൂകള്‍ അതിരിട്ടു കിടക്കുന്ന ഗംഗയുടെ കാഴ്ച്ച കണ്ടു. സൗന്ദര്യം എന്ന് മാത്രമേ അതിനെക്കുറിച്ച് പറയാനൊക്കൂ. ചണ്ടി ദേവിയുടെ ക്ഷേത്രവും കുന്നു കയറിപ്പോകണം. രണ്ടു കിലോ മീറ്റര്‍ കയറി എന്നാണ് ഓര്‍മ്മ. വിനോദ സഞ്ചാരികളായി വന്നവര്‍ ഞങ്ങള്‍ മാത്രമേയുള്ളൂ എന്നു തോന്നി. ബാക്കിയുള്ളവരെല്ലാം കാര്യസാധ്യങ്ങള്‍ക്ക് വേണ്ടി ഭക്തിപുരസ്സരം മല കയറുന്നവരാണ്. ഞങ്ങള്‍ മാത്രമുണ്ട് (ഒരു പക്ഷെ ഞാന്‍ മാത്രം?) സൗന്ദര്യം തേടി വന്നവര്‍. അപ്പോള്‍ പിന്നെ ദേവിക്ക് എന്നെയല്ലേ കൂടുതല്‍ ഇഷ്ടമായിട്ടുണ്ടാവുക? പരാതിയും പരിഭവവും കേട്ട് മടുത്ത ദേവി ആവലാതികളില്ലാതെ വന്ന് കുശലം ചോദിച്ച് തിരിച്ചു പോയ എന്നെയോര്‍ത്ത് ആശ്ചര്യപ്പെട്ടിട്ടുണ്ടാവില്ലേ? ഏതെങ്കിലുമൊരു നിമിഷം ഞാന്‍ ഒരു ആവശ്യമെടുത്തിടും എന്ന് അവര്‍ പ്രതീക്ഷിച്ചു കാണില്ലേ? ഒന്നും ചെയ്തില്ല. സ്വര്‍ണ്ണത്തൊങ്ങു വെച്ച ചുവന്ന നാടകള്‍ കെട്ടിയ ജനാലകള്‍ക്കിടയിലൂടെ പുറത്തെ സൗന്ദര്യം നോക്കി ഞാന്‍ നടന്നു. അകത്ത് സ്പീക്കറിലെ ഉയര്‍ന്ന ശബ്ദത്തില്‍ പാടിയിരുന്ന ഭജന പെട്ടെന്ന് ഒരു യൂട്യൂബ് പരസ്യത്തിലേക്കു മാറി. അത് പാടിക്കാന്‍ ഏല്‍പ്പിക്കപ്പെട്ട മഹാന്‍ ഉച്ച മയക്കത്തിലാകുമോ? ഭജന തിരിച്ചു വന്നു. സര്‍വ്വം വീണ്ടും ഭക്തി മയം.

ഹിമാലയത്തിന്‍റെ ഭാഗമായ ശിവാലിക് കുന്നുകളുടെ കിഴക്കേ തലയിലുള്ള നീല പര്‍വ്വതത്തിലാണ് എട്ടാം നൂറ്റാണ്ടില്‍ ആദി ശങ്കരന്‍ ചണ്ടി ദേവിയുടെ മൂര്‍ത്തി സ്ഥാപിച്ചതും തുടര്‍ന്ന് ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ സുചത് സിംഗ് ക്ഷേത്രം പണിതതും.
മലയിറക്കവും തിരിച്ചുള്ള നടത്തവുമായപ്പോള്‍ ക്ഷീണം തോന്നിത്തുടങ്ങി. ഉച്ച തിരിഞ്ഞതേയുള്ളൂ. പാലത്തിന്‍റെ ഒരറ്റത്ത് പുതുതായി നല്ല വൃത്തിയില്‍ പണി കഴിപ്പിച്ചിട്ട ഒരു ഘാട്ട് ഉണ്ട്. പുല്‍ത്തകിടിയും ഗംഗയുടെ തോളോടു ചേര്‍ന്നു കിടക്കുന്ന പടവുകളുമുള്ള ഘാട്ട്. നമാമി ഗംഗേ അഥവാ ക്ലീന്‍ ഗംഗ പദ്ധതിയും അവിടെ നടപ്പാക്കുന്നുണ്ട്. അതിലൊരു മണ്ഡപത്തില്‍ ചെന്ന് ഞങ്ങള്‍ രണ്ടു പേരും നടു നിവര്‍ത്തി കിടന്നു. നദിയില്‍ നിന്ന് വീശുന്ന ഇളം കാറ്റുണ്ട്. കണ്ണുകളടഞ്ഞു.

കേരളത്തിലെ ക്ഷേത്രങ്ങളുടെ സൗന്ദര്യം മനസ്സിലാകുന്നത് പുറത്തെത്തുമ്പോളാണ്. വടക്കുംനാഥ ക്ഷേത്രം പോലൊന്നിന്‍റെ അടുത്തു നില്‍ക്കുന്ന ഒരു ക്ഷേത്രവും ഇത്രയും കാലത്തെ അലച്ചിലിനിടയ്ക്ക് ഞാന്‍ കണ്ടിട്ടില്ല.

മുകുന്ദന്‍റെ വാക്കുകളില്‍ നിന്ന് എന്‍റെ ഓര്‍മ്മനഷ്ടങ്ങളെ അതി ജീവിച്ച മറ്റൊരു വാചകം ‘ദക്ഷേശ്വരന്‍റെയും ദക്ഷപ്രജാപതിയുടേയും നഗരം.’ എന്നതാണ്. അതു കൊണ്ട് ദക്ഷേശ്വര ക്ഷേത്രം മാപ്പില്‍ നോക്കി കണ്ടു പിടിച്ച് അങ്ങോട്ടു നടന്നു. കുറച്ചധികം നടക്കാനുണ്ട്. കയ്യില്‍ പണമില്ലാത്തതു കൊണ്ട് ടാക്സി വിളിക്കില്ലെന്ന് മുമ്പേ ഉറപ്പിച്ചതാണ്. പൊതു ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കും. നടക്കും. അത്യാവശ്യമെങ്കില്‍ സൗജന്യ യാത്രകള്‍ തരപ്പെടുത്താന്‍ നോക്കും. ഇപ്പോള്‍ മൂന്നാം മുറ പരീക്ഷിക്കാനുള്ള ശ്രമമായിരുന്നു. സ്ഥലമെത്തുന്നതു വരെ കൈ കാണിച്ചിട്ടും ആരും നിര്‍ത്തിയില്ല. ക്ഷീണിച്ചവശരായി ഞങ്ങള്‍ ദക്ഷേശ്വരന്‍റെ സന്നിധിയിലെത്തി. ബംഗാളികളും മാര്‍വാഡികളുമാണ് എല്ലായിടത്തും. ഉറക്കെ ഒച്ച വെച്ചു സംസാരിച്ചും പറ്റുന്നിടത്തെല്ലാം കുത്തിയിരുന്ന് ഭക്ഷണം കഴിച്ചും അവര്‍ പുണ്യം നേടിക്കൊണ്ടിരുന്നു. ഉത്തരേന്ത്യന്‍ വാസ്തു രീതിയില്‍ പണിത സ്തൂപങ്ങളൊക്കെയുള്ള ക്ഷേത്രമാണ് ഇതും. കേരളത്തിലെ ക്ഷേത്രങ്ങളുടെ സൗന്ദര്യം മനസ്സിലാകുന്നത് പുറത്തെത്തുമ്പോളാണ്. വടക്കുംനാഥ ക്ഷേത്രം പോലൊന്നിന്‍റെ അടുത്തു നില്‍ക്കുന്ന ഒരു ക്ഷേത്രവും ഇത്രയും കാലത്തെ അലച്ചിലിനിടയ്ക്ക് ഞാന്‍ കണ്ടിട്ടില്ല. നാട്ടിലെ അമ്പലത്തിനു കാണുന്ന സൗമ്യതയും ശാന്തിയും ഇവിടുങ്ങളിലെ മഹാക്ഷേത്രങ്ങളിലൊന്നും കാണാറില്ല. ഡല്‍ഹി മയൂര്‍ വിഹാറിലെ കേരള ശൈലിയിലുള്ള ഉത്തര ഗുരുവായുരപ്പന്‍ ക്ഷേത്രം അതു കൊണ്ടു തന്നെ ഇവിടുത്തുകാരെ വല്ലാതെ ആകര്‍ഷിക്കാറുണ്ട്.

ക്ഷേത്രത്തിനകത്ത് ഒട്ടും തിരക്കില്ല. തിരക്കു മുഴുവന്‍ പുറത്താണ്. അകത്തെ കാഴ്ച്ചകള്‍ കണ്ട് ഞാനും ഭക്തിയില്‍ മുഴുകി അങ്കിതും നടന്നു. വഴിയില്‍ നന്ദിയുടെ ഒരു വിഗ്രഹമുണ്ട്. കൈലാസത്തിലെ കാവല്‍ക്കാരനും ശിവന്‍റെ വാഹനവുമാണ് നന്ദിയെന്ന കാള. അങ്കിത് നന്ദിയുടെ കാതില്‍ എന്തോ രഹസ്യം പറഞ്ഞു. ഇങ്ങനെ ചെയ്താല്‍ സ്വപ്ന സാഫല്യമുണ്ടാകുമെന്നാണ്. അങ്ങനെ രഹസ്യം പറയാനൊരു സ്വപ്നമുണ്ടായിരുന്നെങ്കിലെന്നു ഞാനും കൊതിച്ചു. ഒരര്‍ത്ഥത്തില്‍ ഇത് സ്വപ്നങ്ങള്‍ തേടിയുള്ളൊരു യാത്രയായിരുന്നു. ആഗ്രഹങ്ങള്‍ തേടിയുള്ളൊരു യാത്ര. ചാക്രികമായ ജീവിതം ശരിക്കും മടുത്തുതുടങ്ങിയിരിക്കുന്നു. ഇരുപത്തൊന്നു വര്‍ഷമായി തുടരുന്ന പരീക്ഷകള്‍. ഒരു തിരക്കു കഴിഞ്ഞ് മറ്റൊന്നിലേക്കുള്ള ദൂരത്തില്‍ ആത്മ വിചാരം മറന്ന ഞാന്‍. ആത്മാവു മറന്ന ഞാന്‍. തിരക്കുകളില്‍ നിന്നെല്ലാം വിട്ടുമാറി ഒറ്റക്കിരിക്കാന്‍ മറന്ന ഞാന്‍. ഈ യാത്ര ഒറ്റയ്ക്കു പോകാന്‍ തീരുമാനിച്ചതായിരുന്നു. അവസാന നിമിഷത്തില്‍ അങ്കിത് കൂടെ വരുന്നെന്നു പറഞ്ഞപ്പോള്‍ വേണ്ടെന്നു പറയാന്‍ തോന്നിയില്ല. അവനും ഒരു ഇടവേള ആവശ്യമായിരുന്നു. അവന്‍റെ തലച്ചോര്‍ തളര്‍ന്നത് എനിക്ക് ആ മുഖത്ത് വായിച്ചെടുക്കാമായിരുന്നു.
ഏകാന്തതയുടെ സൗന്ദര്യത്തെക്കുറിച്ച് ഞാനോര്‍ത്തു. കാപട്യങ്ങളില്ലാതെ മനുഷ്യന്‍ പെരുമാറുക ഒറ്റയ്ക്കാകുമ്പോള്‍ മാത്രമാണെന്നു തോന്നാറുണ്ട്. നിങ്ങള്‍ ആരാണെന്നു കാണണമെങ്കില്‍ കുളിമുറിയിലെ നിങ്ങളെയോര്‍ത്താ മതി.

സൂഫിസത്തില്‍ ഹുബ്ബുല്‍ ഖുമൂല്‍ എന്നൊരു സംഗതി പരാമര്‍ശിച്ചു കാണാറുണ്ട്. ഏകാന്തതയോടുള്ള ഇഷ്ടമാണത്. ആരും അറിയാതെ ജീവിക്കാനുള്ള ത്വര. കിതാബുല്‍ ഹികമില്‍ ഇബ്ന് അതാഇല്ലാഹില്‍ ഇസ്കന്ദരിയുടെ ഒരു വരി ഓര്‍ത്തെടുക്കാന്‍ നോക്കി. ഏകാന്തതയുടെ മണ്ണില്‍ നിങ്ങളുടെ ഉണ്മയെ കുഴിച്ചിടുക. നേരാവണ്ണം കുഴിച്ചിടാത്ത വൃക്ഷത്തില്‍ നിന്ന് ഫലം പ്രതീക്ഷിക്കുക അസാധ്യമാണ്. എനിക്ക് ഒറ്റക്കിരിക്കണമെന്നു തോന്നി. ഞാന്‍ ക്ഷേത്രത്തിനു പിന്നിലെ ഘാട്ടിലേക്കു പോയി ഗംഗയുടെ ഏതോ ഒരു കൈവഴിയില്‍ കാല്‍ നീട്ടിയിരുന്ന് മെഹ്ദി ഹസ്സന്‍റെ പാട്ടു കേട്ടു കൊണ്ടിരുന്നു. ഉല്‍കണ്ഠ നിറഞ്ഞ ചിന്തകളില്‍ നിന്ന് ഒളിച്ചോടാന്‍ ഏറ്റവും നല്ലത് യാത്രകള്‍ തന്നെയാണ്. യാത്രകളിലായിരിക്കുമ്പോളാണ് മനുഷ്യന്‍ വര്‍ത്തമാന കാലത്തെ ആഘോഷിക്കുക. ഓരോ നിമിഷത്തിലും മാത്രം ജീവിക്കുന്ന സമയമാണ് യാത്രാ വേളകള്‍. കിലോമീറ്ററുകളോളം കുന്നു കയറിപ്പോകുമ്പോള്‍ നമ്മള്‍ ഓര്‍ക്കുന്നത് അടുത്ത കാലടിയെക്കുറിച്ച് മാത്രമാണ്. ഒന്ന് കാലു തെന്നിയാല്‍ നിലത്തേക്ക് പതിക്കും എന്ന തിരിച്ചറിവു തരുന്ന ജാഗ്രതയില്‍ മുമ്പോട്ടു ഗമിക്കുന്നു. ഫ്ലാറ്റിലെ ഇരുട്ടു മുറിയില്‍ ഇരിക്കുമ്പോള്‍ അലട്ടുന്ന ചിന്തകളൊന്നും യാത്രാ വേളകളില്‍ തിരിഞ്ഞു നോക്കാറില്ല. പക്ഷെ, ഈ യാത്രയില്‍ ഓരോ നിമിഷവും ചിന്തിച്ചു കാടു കയറുന്നത് ഞാനറിയുന്നുണ്ടായിരുന്നു. കുറേ നേരം കഴിഞ്ഞപ്പോള്‍ അങ്കിത് എന്നെ തേടിക്കണ്ടു പിടിച്ചു. അവനെ വഴിയില്‍ ഇട്ടേച്ച് ഞാന്‍ കടന്നു കളയുമെന്ന പേടി അവനെപ്പോളുമുണ്ടായിരുന്നു. ആ മുഖത്ത് ആശ്വാസവും പരിഭവവും കണ്ടു. മെഹ്ദി ഹസ്സന്‍ മൊഹബ്ബത് കര്‍നെ വാലെ കം ന ഹോങ്ഗേ എന്നു പാടുന്നു. നിന്നെ പ്രണയിക്കാനിനിയും ഒത്തിരി പേര്‍ വരും. തെരി മെഹ്ഫി മെ ലേകിന്‍ ഹം ന ഹോങ്കെ. എങ്കിലും നിന്നെയിനി പ്രണയിക്കാന്‍ ഞാനൊരുമ്പെടില്ല. ഞങ്ങള്‍ ശാന്തമായൊഴുകുന്ന നദിയിലേക്കു നോക്കിയിരുന്ന് നഷ്ടപ്രണയങ്ങളെക്കുറിച്ച് സംസാരിച്ചു.

ദക്ഷേശ്വരനോട് യാത്ര പറഞ്ഞപ്പോളേക്കും ക്ഷീണിച്ചിരുന്നു. ഹര്‍ കി പൗഡിയില്‍ ആരതി തുടങ്ങാന്‍ ഇനിയും രണ്ട് മണിക്കൂറോളമുണ്ട്. എന്നാലും നാലഞ്ചു കിലോ മീറ്റര്‍ തിരിച്ചു നടക്കാന്‍ വയ്യ. ഇരുപതു രൂപ കൊടുത്ത് റിക്ഷ പിടിച്ചു.

ഹരിദ്വാറിലെ മണിമുഴക്കത്തിന്‍റെ താളത്തിലേക്കാണ് ഞങ്ങള്‍ റിക്ഷയിറങ്ങുന്നത്. ഹര്‍ കി പൗഡിയില്‍ ചുവന്നു തുടുത്ത ഗംഗ. പടവുകളില്‍ നിരന്നിരിക്കുന്ന ഭക്തരെ നിയന്ത്രിക്കാന്‍ സുരക്ഷാ ജീവനക്കാര്‍ പാടു പെടുകയാണ്. ഇലയില്‍ കര്‍പ്പൂരവും ദിയയും കത്തിച്ചു വെച്ച് സൂര്യാസ്തമയം കാത്ത് വലിയൊരു ജനക്കുട്ടം പടവിലിരിക്കുന്നു. കോളേജ് വിദ്യാര്‍ത്ഥികളെന്നു തോന്നിക്കുന്ന ഒരു കൂട്ടം ദീപങ്ങള്‍ ഗംഗയിലൊഴുക്കുന്നതിന്‍റെ ചിത്രമെടുക്കാന്‍ തിരക്കു കൂട്ടുന്നു. അസ്തമയ നേരത്ത് ആകാശത്തു പടര്‍ന്ന ചുവപ്പ് ഗംഗ ചുണ്ടില്‍ പടര്‍ത്തിയിട്ടുണ്ട്. ഘാട്ടില്‍ നിന്ന് തന്ത്രിമാര്‍ ആരതി തുടങ്ങി. ഹര്‍ കി പൗഡിയിലെ ചെറിയ പാലത്തില്‍ നിന്നാണ് ഞാന്‍ ആരതി നോക്കിക്കണ്ടത്. വെളുത്ത തുണി ചുറ്റിയ പുരോഹിതരുടെ കയ്യിലെ വലിയ ദണ്ഡുകളുടെ അറ്റത്ത് ചുവന്ന അഗ്നിഗോളങ്ങള്‍. നിര്‍ത്താതെയുള്ള മണി മുഴക്കങ്ങള്‍. മനസ്സുലയ്ക്കുന്ന മന്ത്രോച്ചാരണങ്ങള്‍. കര്‍പ്പൂരത്തിന്‍റെ ഗന്ധം. കാണുന്നതെല്ലാം ക്യാമറയില്‍ പകര്‍ത്തി നടന്ന ഞാന്‍ പക്ഷെ ഗംഗാ ആരതിയുടെ ഒരു ചിത്രം പോലും പകര്‍ത്താന്‍ മിനക്കെട്ടില്ല. ദൃശ്യങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കുമപ്പുറത്ത് പഞ്ചേന്ദ്രിയങ്ങളെയും തൊടുന്നൊരു അനുഭവമായിരുന്നു അതെന്നു തോന്നി. ഞാന്‍ ആരതി നോക്കി നിന്നു.

മനുഷ്യന്‍ പ്രകൃതി ശക്തികളെ ആരാധിച്ചു തുടങ്ങിയത് രണ്ട് കാരണങ്ങള്‍ കൊണ്ടായിരുന്നു. ഒന്ന് അതിന്‍റെ ശക്തി തന്നെയാണ്. എന്തിനെയും ഭസ്മമാക്കാന്‍ കരുത്തുള്ള അഗ്നിയും പര്‍വ്വതങ്ങളെ താണ്ടിയൊഴുകുന്ന മഹാനദികളും ആകാശം കീറി ഭൂമി വരേക്കും ഇറങ്ങി വരുന്ന മിന്നലും മനുഷ്യനില്‍ ഭീതി വിതച്ചു. അവയുടെ ശക്തികളെ പ്രീതിപ്പെടുത്തേണ്ടത് നിലനില്‍പ്പിന്‍റെ പ്രശ്നമായി. എന്നാല്‍ അതിനുമപ്പുറം ഈ ആരാധനകള്‍ക്കു പിന്നിലെല്ലാം സൗന്ദര്യം എന്നൊരു ഘടകം കൂടിയില്ലേ എന്ന് തോന്നിയിട്ടുണ്ട്. മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന തായ് വേരു കണക്കെ ആകാശത്ത് നിന്ന് ഭൂമിയിലേക്ക് പടര്‍ന്നിറങ്ങുന്ന ഇടിമിന്നലിന്‍റെ സൗന്ദര്യം അവരും കണ്ടു കാണില്ലേ? നാളങ്ങള്‍ വിരിച്ചു നൃത്തം ചെയ്യുന്ന അഗ്നിയെ രമിക്കണമെന്ന് അവര്‍ക്കും തോന്നിക്കാണില്ലേ? ദേവീ ദേവ സങ്കല്‍പ്പങ്ങള്‍ വന്നതിനു ശേഷം ഉടലെടുത്ത വിഗ്രഹങ്ങളില്‍ കാണുന്ന വശ്യസൗന്ദര്യത്തിനും ഇത്തരമൊരു വശം കൂടിയില്ലേ? എന്തായിരുന്നാലും ഗംഗയുടെ വശ്യ സൗന്ദര്യം ഒരു വിഗ്രഹത്തിലുമൊതുക്കാന്‍ പറ്റില്ലെന്ന് മാത്രം ഞാനുറപ്പിച്ചു. ആരതി അവസാനിച്ചതോടെ രൂപപ്പെട്ട തിരക്കിന്‍റെ ഭാഗമായി ഞങ്ങളും പാലം മുറിച്ചു കടന്ന് ഋഷികേശിലേക്കുള്ള ബസ്സു കാത്തു നിന്നു.

തുടരും...

 

4.6 5 votes
Rating

About the Author

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Anne Mary Shaju

Very beautifully written.❤