വരയും വരിയും
മറക്കാനായി വലിച്ചു തള്ളിയ പുകച്ചുരുളുകളിൽ കണ്ണ് നീറി, കാൽ തടഞ്ഞ് വീണത്, നമ്മൾ ഒരുമിച്ച് നട്ട വാകയുടെ വേരിൽ. വേരുകൾ എന്റെ ഹൃദയം തുരന്നു. ചില്ലകൾ വളർന്ന് എന്റെ കണ്ണുകൾ ചൂഴ്ന്നു. വായിലൂടെ നീണ്ട ചില്ലയിൽ എന്റെ ഹൃദയത്തിന്റെ അവസാന ചുവപ്പിൽ ഒരു കുല പൂ വിരിഞ്ഞു.
എന്റെ കൈകൾ അവളുടെ കൈകളെ തിരഞ്ഞു. കിട്ടിയത് ഒരു ക്ലോക്കും നിര ഒപ്പിച്ച് ചേർത്ത് വച്ച മൂന്ന് മഞ്ചാടി കുരുക്കളും.
ക്ലോക്ക് നോക്കി ഇരുന്നിരുന്നു പകലു രാവായി, രാവ് പകലായി, സമയം മരിച്ച് പോയി. ജീവിക്കാൻ മറന്നും പോയി.
മഞ്ചാടിയിലെ ചെഞ്ചോര വാർന്ന് ഒലിച്ച് മനസ്സില് ചോരക്കറ പുരണ്ടു. ആർക്കാ ചേതം?
ഞാൻ തിരഞ്ഞ കൈകൾ എന്നെ തിരഞ്ഞ് വന്ന് കോർത്ത് പിടിച്ചു. തിരിച്ചറിഞ്ഞില്ല.
സ്നേഹമൊഴുകിയ നാഡി ഞരമ്പുകൾ ഇല്ല, തിളച്ചു മറിഞ്ഞിരുന്ന ആസക്തിയുടെ ചൂടില്ല. വർഷം പെയ്യാൻ മറന്ന് പോയ, വറ്റി വരണ്ട് കിടക്കുന്ന തരിശുഭൂമി.
മാറിയതാരാ?
ഞാനോ, നീയോ?
നിര ഒപ്പിച്ചു വച്ച മഞ്ചാടിയുടെ എണ്ണം പിഴച്ചു.
കഥ എഴുതണം. പക്ഷേ അനുഭവം ഇല്ലാത്ത കഥക്ക് ജീവനുണ്ടവോ? ജീവനില്ലാത്തോരെ കുറിച്ചുള്ള കഥയാണേലോ? അതിൽ അനുഭവം ഉണ്ടാവോ?
ജീവിച്ചവരേക്കാൾ അനുഭവിച്ചത് മരിച്ചവരല്ലെ?
അതിപ്പോ മരിച്ചോരോട് എങ്ങനാ ചോദിക്കാ?
ജീവന്റെ പുറംതോടിനുള്ളിൽ മരിച്ച് പുഴുവരിച്ച് നടക്കണ കൊറേ ആത്മാക്കൾ ഉണ്ട്, അവരോട് ചോദിക്ക്.
എന്തിനാ മരിച്ച് ജീവിക്കുന്നേ?
ജീവിതത്തിൽ നിന്ന് മരണത്തിലേക്കുള്ള ദൂരം കുറക്കാൻ.
എത്ര ദൂരം?
ഞാനും നീയും തമ്മിൽ ഉള്ള ദൂരം.
മനസ്സിലെ തീ അണഞ്ഞു. എഴുതിയ വരികൾ മുറിഞ്ഞു. ഓർത്ത് കരഞ്ഞവരുടെ മുഖം മറന്നു. മുഖമില്ലാത്ത രൂപങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് നിലത്ത് വീണു.
കരഞ്ഞതാർക്കാ?
ആർക്കോ. (കരഞ്ഞു തീരട്ടെ).
ദേഹം നിലത്തുറക്കുന്നില്ല. ബാധ കൂടിയതോ?
അല്ല. ഭാരം ഇറങ്ങിയത്.
മഴ പെയ്തു തോർന്നു. ഉടഞ്ഞ ശിൽപം കണക്കെ ചിതറിക്കിടന്ന ജീവനിൽ പുൽനാമ്പുകൾ കിളിർത്തു. വള്ളിച്ചെടികൾ പടർന്നു.
മറ്റൊരു മഴയിൽ ചെയ്ത തെറ്റുകൾ എല്ലാം എണ്ണിപ്പറഞ്ഞ് കളിവള്ളങ്ങൾ ഉണ്ടാക്കി ഒഴുകി വിട്ടു.
ഒഴുക്കി വിട്ട തെറ്റെല്ലാം തെറ്റല്ലാതാവോ?
ഇല്ല.
കാലഹരണപ്പെട്ട തെറ്റെല്ലാം ഒഴുക്കി വിടാമെന്നാണ് നടപ്പ്. (മറുവശത്ത് പുഞ്ചിരി).
അടുത്ത മഴക്ക് മുന്നേ കാണാമോ?
കാണാം.
Beautiful words! And great pictures to match! This was a really good read. Hoping to see more such work.