വിരല്‍ വഴങ്ങാതാവുമ്പോള്‍ വര നിര്‍ത്തണം. വരയില്‍ സ്വന്തം കയ്യൊപ്പ് പതിക്കാനായില്ലെങ്കില്‍ അത് മറ്റാരുടെയോ പ്രസിദ്ധീകരണമാവും.
ചില കൂടിക്കാഴ്ചകള്‍ അങ്ങനെയാണ്. മുന്‍കൂട്ടി തിരക്കഥയെഴുതാതെയാണ് സംഭവിക്കുന്നത്. അത്തരമൊന്നായിരുന്നു ഇന്ത്യന്‍ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിന്റെ പിതാവെന്ന നിലയില്‍ അറിയപ്പെടുന്ന കാര്‍ട്ടൂണിസ്റ്റ് ശങ്കറുമായുള്ള കൂടിക്കാഴ്ച.
ജേണലിസത്തിന്റെ പഠനമുറിയില്‍ നിന്ന് റിപ്പോര്‍ട്ടിംഗിന്റെ പാടശേഖരത്തിലേക്ക് എത്തിയിട്ടേയുള്ളൂ. അഞ്ചാറു മാസത്തെ പരിചയം മാത്രം. ട്രെയിനി എന്ന നിലയില്‍ത്തന്നെയാണ് ഉപജീവനം. മലപ്പുറത്തായതു കൊണ്ട് ലീഗിന്റെയും സമസ്തയുടെയും വാര്‍ത്തകള്‍ കൊണ്ട് അതത് ദിവസം അന്നം മുടങ്ങാതെ പോവും. അതു പോരല്ലൊ. വേറിട്ട വല്ലതും ചെയ്തില്ലെങ്കില്‍ കാലാവധി കഴിഞ്ഞാലും ട്രെയിനിയായി തുടരേണ്ടി വരും.
പാണക്കാട് കഴിഞ്ഞാല്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയായിരുന്നു വലിയ വാര്‍ത്തകളുടെ ഉറവിടം. അവിടെ ലോകരാഷ്ട്രനേതാക്കള്‍ തൊട്ട് നോബല്‍ ജേതാക്കള്‍ വരെയുള്ള വി.ഐ.പികള്‍ വരും. യു.എന്‍.ഐയുടെ ബാലകൃഷ്ണന്‍ അന്ന് മാതൃഭൂമിയുടെ കോട്ടക്കല്‍ ലേഖകന്‍ കൂടിയാണ്. ഡോ. പി. കെ വാര്യരുമായി നല്ല സൗഹൃദം. ആര്യവൈദ്യശാലയില്‍ ഏതു വി.ഐ.പി വന്നാലും അറിയുന്ന റിപ്പോര്‍ട്ടര്‍. വല്ല ടിപ്‌സും തന്ന് സഹായിക്കാന്‍ ബാലകൃഷ്ണനോടും പറയാറുണ്ട്.
ഒരു ദിവസം ബാലകൃഷ്ണന്‍ പറഞ്ഞു. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ ചികിത്സക്കെത്തിയിട്ടുണ്ട്. ഉച്ചക്കു ശേഷമുള്ള സമയത്ത് കാണാന്‍ പറ്റും. അതൊരു നല്ല ടിപ്പായി തോന്നി. കാര്‍ട്ടൂണിസ്റ്റ് ശങ്കറിനേക്കാള്‍ അറിയാവുന്നത് ശങ്കേഴ്‌സ് വീക്കിലിയാണ്. കുട്ടിക്കാലത്ത് വിസ്മയം ജനിപ്പിച്ച പ്രസിദ്ധീകരണങ്ങളിലൊന്ന് അതാണ്. മറ്റൊന്ന് സോവിയറ്റ് ലാന്‍ഡും. കുട്ടികള്‍ക്കായി അഖിലലോക ചിത്രമത്സരം നടത്തിയ ആള്‍. നെഹ്‌റുവിന്റെ ആത്മ മിത്രം. പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നീ മൂന്ന് അവാര്‍ഡുകളും ലഭിച്ചിട്ടുള്ള ആള്‍. അതിലപ്പുറം ശങ്കറിന്റെ വലിപ്പത്തെക്കുറിച്ച് അന്നറിയില്ല.
രാവിലത്തെ ചികിത്സയും ഉച്ചക്കുള്ള വിശ്രമവും കഴിയാന്‍ പാകത്തില്‍ നാലുമണിയോടെ എത്തി. നഴ്‌സിംഗ് ഹോമിന്റെ മുകളിലെ നിലയിലായിരുന്നു ശങ്കര്‍. കൂടെ ഭാര്യ തങ്കം. വേറെ ആരുമില്ല. പത്രത്തില്‍ നിന്നാണെന്നു പറഞ്ഞു.
ചോദിച്ചോളൂ പറയാം എന്ന ഭാവത്തില്‍ ശങ്കറും. അതോടെ കുഴങ്ങി. എന്താണ് ചോദിക്കേണ്ടത്. എവിടന്നാണ് തുടങ്ങേണ്ടത്. അതു പോലൊരു വലിയ ആളെ അതിനു മുമ്പ് അടുത്ത് കണ്ടിട്ടില്ല. പത്രസമ്മേളനങ്ങളില്‍ ചിലത് ചോദിച്ചിട്ടുണ്ടെന്നതല്ലാതെ ആരേയും ഒറ്റക്ക് നേരിട്ടിട്ടില്ല.
ഒരു നിമിഷം പകച്ചു. ഭാഗ്യത്തിന് ഒരു യുക്തി തോന്നി. ആര്‍ക്കുമുണ്ടാവുമല്ലൊ ഒരു കുട്ടിക്കാലം. അവിടന്ന് തുടങ്ങാം. ആദ്യം വരച്ച കാര്‍ട്ടൂണിനെപ്പറ്റി ചോദിക്കാം.
അത് അദ്ദേഹത്തിന് ഇഷ്ടമായപോലെ തോന്നി. ഉറക്കം തൂങ്ങുന്ന ക്‌ളാസ് ടീച്ചറെ വരച്ചതും അത് സ്‌കൂളില്‍ ഒച്ചപ്പാടായതും പറഞ്ഞു. അക്കഥ കേള്‍ക്കാത്തതിനാല്‍ അതേപ്പറ്റിയായി അടുത്ത ചോദ്യം.
ക്‌ളാസില്‍ ഉറങ്ങാത്ത ടീച്ചറാണെങ്കില്‍ ആ വരയില്‍ അത്രയൊന്നും ദേഷ്യം തോന്നേണ്ട കാര്യമില്ലല്ലൊ.
ഉറക്കം തൂങ്ങിയായിരുന്നു ആ ടീച്ചര്‍. അവര്‍ മേശയില്‍ തല ചായ്ച് കിടക്കുന്ന ചിത്രമാണ് വരച്ചത്. കാര്‍ട്ടൂണാണോ എന്നൊന്നും അറിയില്ല. അത് ടീച്ചര്‍ക്ക് കൊണ്ടു എന്നറിയാം. കൊള്ളാന്‍ കാരണം തന്റെ വരയല്ല. ടീച്ചറുടെ തന്നെ പ്രവൃത്തിയാണ്. ക്‌ളാസില്‍ ഉറങ്ങാത്ത ടീച്ചറാണെങ്കില്‍ ആ വരയില്‍ അത്രയൊന്നും ദേഷ്യം തോന്നേണ്ട കാര്യമില്ലല്ലൊ. ചെറുതെങ്കിലും ആ വര ചിലത് പഠിപ്പിച്ചു. വരയ്ക്കപ്പുറം മറ്റുചിലത് അതിലുണ്ടെന്ന് അമ്മാമനും പറഞ്ഞു.
ശങ്കര്‍ ഇതെല്ലാം പറയുമ്പോള്‍ മനസില്‍ വേറൊരു ചിത്രം കൂടി കടന്നു വന്നു.പില്‍ക്കാലത്തെ ശങ്കേഴ്‌സ് വീക്കിലിയുടെ ഉദ്ഘാടനം. ഡല്‍ഹിയിലെ ആ ചടങ്ങില്‍ വച്ചാണ് ഡോണ്‍ഡ് സ്‌പെയര്‍ മീ ശങ്കര്‍ എന്ന് പ്രധാനമന്ത്രി നെഹ്‌റു ശങ്കറിനോട് പറഞ്ഞതെന്ന് കേട്ടിട്ടുണ്ട്. ലോകത്തെ ഒരു പ്രധാനമന്ത്രിയും ഒരു കാര്‍ട്ടൂണിസ്റ്റിനോടും പറയാത്തത്. ക്‌ളാസ് ടീച്ചറുടെ ശത്രു പ്രധാനമന്ത്രിയുടെ മിത്രമായ കഥ. ആ രണ്ടു ദൃശ്യങ്ങളും അടുത്തു വച്ചാല്‍ ശങ്കര്‍ ആരെന്ന് ഒറ്റ വായനയില്‍ത്തന്നെ പിടികിട്ടും. വേറിട്ട ഒരു ആംഗിളില്‍ ഫീച്ചര്‍ തയ്യാറാക്കാം. കാര്‍ട്ടൂണിന്റെ കുലപതി എന്നു പറഞ്ഞാല്‍ കിട്ടുന്നതേക്കാള്‍ വലിയ അനുഭവം. അഡ്ജക്ടീവ് കില്‍സ് ദ നൗണ്‍ എന്നാണ് ജേണലിസം ക്‌ളാസില്‍ പഠിച്ച പാഠം. അതിനാല്‍ എല്ലാ വിശേഷണങ്ങളും ഒഴിവാക്കി.
എന്നാലും ആ കുട്ടി, നെഹറുവിലെത്തും മുമ്പുള്ള ചിലത് വേണമല്ലൊ. ചില ലിങ്കുകള്‍. കഥയാവുമ്പോള്‍ തുടക്കവും ഒടുക്കവും പോരാ. ഇടയിലെ ഒരു സംഭവവും അറിയില്ല. വായിച്ചിട്ടുമില്ല. എന്നാലും ചോദിച്ചു. ടേണിംഗ് പോയിന്റ് ആയ സംഭവം. അങ്ങനെ ചിലത് ഉണ്ടാവുമല്ലൊ.
ഉണ്ടായിരുന്നു. ബോംബെയിലെ ബസ്‌സ്റ്റാന്‍ഡില്‍ വച്ച് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്ററെ കണ്ടു മുട്ടിയത്. ബ്രിട്ടീഷ് ഭരണകാലത്താണ്. തൊഴിലന്വേഷിച്ച് ബോംബെയിലെത്തിയ ശങ്കര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ടുമെന്റില്‍ നിന്നാണ് അന്ന് കോണ്‍ഗ്രസ് ബുള്ളറ്റിന്‍ രഹസ്യമായി പ്രിന്റു ചെയ്തിരുന്നത്. വര കയ്യിലുള്ളതിനാല്‍ രാഷ്ട്രീയ സാഹചര്യത്തെ കളിയാക്കി കാര്‍ട്ടൂണ്‍ വരയ്ക്കുന്നതില്‍ ശങ്കര്‍ സന്തോഷം കണ്ടെത്തി. ഉപജീവനത്തിന് വേറെ ഒരു ചെറിയ പണി ഉണ്ടായിരുന്നതിനാല്‍ വര നോരമ്പോക്കിനായിരുന്നു.
എന്റെ പത്രത്തില്‍ ഒരു സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി ചേരാമോ?
ആയിടക്ക് ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സംഘം മൂന്നാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനെ ആസ്പദമാക്കി ശങ്കര്‍ വരച്ച കാര്‍ട്ടൂണ്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്ററായിരുന്ന പോത്തന്‍ ജോസഫിന് നന്നായി ബോധിച്ചു. അതു പോലെ ഷാര്‍പ്പായി ചിലത് തന്റെ പത്രത്തിലും വേണമെന്ന് തോന്നി. ഏതോ ആവശ്യത്തിന് ബോംബെയിലെത്തിയ അദ്ദേഹം ശങ്കറിനെ ആകസ്മികമായി ബസ് സ്റ്റാന്‍ഡില്‍ വെച്ച് കാണാനിടയായി. അദ്ദേഹം ചോദിച്ചു; എന്റെ പത്രത്തില്‍ ഒരു സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റായി ചേരാമോ?
1932 ലായിരുന്നു അത്. ഇന്ത്യന്‍ കാര്‍ട്ടൂണിങ്ങിലെ അതികായന്റെ ഉദയം.
പഴയ കഥകള്‍ പറയാന്‍ തുടങ്ങിയതോടെ ശങ്കര്‍ അല്പം ഫോമിലായി. പക്ഷേ, ചോദ്യകര്‍ത്താവിന് ഫോം നഷ്ടപ്പെട്ടു. കാരണം മറ്റൊന്നുമല്ല. ഇനി എന്തു ചോദിക്കണമെന്നറിയില്ല. കുട്ടിക്കാലത്ത് ശങ്കേഴ്‌സ് വീക്കിലി കണ്ടതിന്റെ ബലത്തില്‍ ചോദിക്കാവുന്നത് ഒന്നും കയ്യിലില്ല. അപ്പോഴും ഭാഗ്യം തുണച്ചു. ഏറ്റവും പ്രകോപനമുണ്ടാക്കിയ അല്ലെങ്കില്‍ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന കാര്‍ട്ടൂണ്‍. അങ്ങനെയൊന്ന് ഉണ്ടാവണമല്ലൊ.
ഒരിക്കല്‍ ബ്രിട്ടീഷ് വൈസ്രോയി വേവലിനെ ചുടലഭദ്രകാളിയായി വരയ്ക്കുകയുണ്ടായി. ഹിന്ദുസ്ഥാന്‍ ടൈംസിലെത്തിയ ശേഷമായിരുന്നു അത്. ബ്രിട്ടീഷ് ഭരണകാലം. വൈസ്രോയിയാണ് ഇന്ത്യയിലെ പരമാധികാരി. ചിലതെല്ലാം സംഭവിക്കുമെന്ന് ഉറപ്പായിരുന്നു. സംഭവിച്ചു. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ദിവസം രാവിലെ വൈസ്രോയിയുടെ മിലിട്ടറി സെക്രട്ടറി ശങ്കറിനെ സമ്മണ്‍ ചെയ്തു.
ഉടന്‍ ചെല്ലണം. പ്രഭു വിളിക്കുന്നു. ഭയന്നുപോയ ശങ്കര്‍ രണ്ടും കല്പിച്ച് പ്രഭുവിനെ കാണാന്‍ ചെന്നു. നിങ്ങള്‍ വരച്ച തമാശച്ചിത്രം നന്നായിട്ടുണ്ട്. എനിക്കതിന്റെ ഒറിജിനല്‍ വേണം. ഇതായിരുന്നു പ്രഭുവിന്റെ ആവശ്യം. കാട്ടാളഭരണത്തിന്റെ ആശാനായ വേവല്‍ പ്രഭു ആ കാര്‍ട്ടൂണ്‍ ചോദിച്ചു വാങ്ങിയ ദൃശ്യം ഫീച്ചറില്‍ ഉണ്ടാവണമെന്നും ഉറപ്പിച്ചു.
സമയം വൈകിത്തുടങ്ങി. കുഴമ്പു തേക്കാനുള്ള സമയമായി. ഇതു പോരേയെന്നായി ശങ്കര്‍. ഒരു സംശയം കൂടി ചോദിക്കാനുണ്ടെന്നായി. ശങ്കേഴ്‌സ് വീക്കിലി നിര്‍ത്താന്‍ കാരണം അടിയന്തരാവസ്ഥയാണെന്നു പ്രചാരമുണ്ടായിരുന്നു. ഇന്ദിര അക്കാലത്ത് പത്രസ്വാതന്ത്ര്യത്തിന് എതിരായിരുന്നുവെന്നും.
ചിരിയായിരുന്നു മറുപടി. പിന്നെ പറഞ്ഞു. ശങ്കറിനെ വെടിവെച്ചുകൊല്ലണം എന്നുവരെ ചില നേതാക്കള്‍ പ്രസ്താവനയിറക്കിട്ടും വര നിര്‍ത്തിയിട്ടില്ല. ഇന്ദിരയേക്കാള്‍ വലിയ ഏകാധിപതികളുടെ കാലത്തും വരച്ചിട്ടുമുണ്ട്. വൈസ്രോയിയെ ചുടലഭദ്രകാളിയാക്കിയ കൈകള്‍ക്ക് ഇന്ദിരയെ ഭാരതയക്ഷിയാക്കാന്‍ ഭയക്കേണ്ടതില്ലല്ലൊ. വിരല്‍ വഴങ്ങാതാവുമ്പോള്‍ വര നിര്‍ത്തണം. വരയില്‍ സ്വന്തം കയ്യൊപ്പ് പതിക്കാനായില്ലെങ്കില്‍ അത് മറ്റാരുടെയോ പ്രസിദ്ധീകരണമാവും.
അങ്ങനെയൊരു ചോദ്യം വേണ്ടായിരുന്നു എന്നു തോന്നി. പക്ഷേ, വേണമെന്നു വച്ച ഒരു ചോദ്യമുണ്ടായിരുന്നു. ലേഡി മൗണ്ട് മാറ്റനെ ചേര്‍ത്തു പിടിച്ച് അശ്‌ളീലത്തിന്റെ അതിര്‍വരമ്പിലൂടെ നെഹ്‌റു നടന്നു പോവുന്ന കാര്‍ട്ടൂണ്‍. ആ കാര്‍ട്ടൂണിലെ ശരീരഭാഷ ഏറെ നോക്കി നിന്നിട്ടുണ്ട്. അന്ന് മീശ പോലും കിളിര്‍ത്തിട്ടില്ലാത്തതിനാല്‍ മുത്തശ്ശനോളം പ്രായമുള്ള ആളോട് അത് ചോദിക്കാന്‍ ഒട്ടും ധൈര്യം തോന്നിയില്ല.
പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷമാണ് ശങ്കര്‍ വരച്ച അതിപ്രസിദ്ധമായ മറ്റൊരു കാര്‍ട്ടൂണ്‍ കൗമുദിയിലെ കാര്‍ട്ടൂണിസ്റ്റായ സുജിത് കാണിച്ചു തന്നത്. ശങ്കറിനെപ്പോലെത്തന്നെ വക്കീലാവാന്‍ പഠിച്ച് കാര്‍ട്ടൂണിസ്റ്റായ ആളാണ് സുജിത്. ദീപശിഖയുമായി വളരെ മുന്നില്‍ ഓടുന്ന നെഹ്‌റുവിന്റെ പിറകിലായി ട്രാക്ക് സ്യൂട്ടണിഞ്ഞ് ഓടുന്ന കോണ്‍ഗ്രസുകാര്‍. ഗുല്‍സാരിലാല്‍ നന്ദ, ലാല്‍ബഹദൂര്‍ ശാസ്ത്രി. ഇന്ദിരാ ഗാന്ധി എന്ന ക്രമത്തില്‍ … നെഹ്‌റു മരിക്കുന്നതിനു മുമ്പ് ശങ്കര്‍ വരച്ച ആ കാര്‍ട്ടൂണിന്റെ ക്രമത്തിലാണ് പിന്നീട് ഇന്ത്യയില്‍ പ്രധാമന്ത്രിമാര്‍ ഉണ്ടായത് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ അങ്ങനെയൊരു മഹാപ്രവാചകനെ ഇന്റര്‍വ്യൂ ചെയ്യാന്‍ കഴിഞ്ഞതില്‍ വല്ലാത്ത വിസ്മയം തോന്നി.
തുടരും...