എസ്തപ്പാൻ എ.കെ.എ ടിജു. പി. ജോൺ കോട്ടയത്തെ മണിമല സ്വദേശിയാണ്. അയാൾ ജനിച്ചതും, ജീവിക്കുന്നതും, ഇനി മരിക്കുന്നതുമെല്ലാം മണിമലയിൽ തന്നെയാകും. ആർക്കറിയാം!
അയാൾക്കു പറയാനുള്ളതു മണിമലയെ കുറിച്ചാണ്. അവിടത്തെ മനുഷ്യൻമാരെ കുറിച്ചാണ്, മണിമലയാറിനെയും, പുണ്യാളനെയും, വെള്ളത്തിച്ചാത്തന്മാരെയും കുറിച്ചാണ്, കഴിച്ച കൊള്ളിയുടെയും പള്ളത്തീടെയും കഥയാണ്. അയാളിങ്ങനെ പറയുന്നു, ഇവിടെ എഴുതുന്നു.

അമ്പു പെരുന്നാൾ


മണിമലയങ്ങനെയാണ് ആദ്യം തെല്ലൊരു ചിരിയോടെ കുറച്ചകന്ന് നടക്കും, പിന്നെ അടുത്തിരുന്ന് കെട്ടിപിടിച്ചുമ്മ വെക്കും, എന്തേലും തട്ടുകേട് തോന്നിയാ അടിച്ചാറ്റിലുമിടും.
ഒരു ദേശത്തെ ഹൈആംഗിളിൽ പകർത്തുമ്പോൾ തോന്നുന്ന പൊതുസ്വഭാവമാണിതു. ആ ആംഗിളിൽ അങ്ങിങ്ങ് കുരുശും കാണാട്ടോ, മണി മലയല്ലേ…

ഓർമ്മയിലപ്പാടെ രാജാക്കൾടെ പെരുന്നാളാണ്.
മണിമല പെരുന്നാൾ.
പള്ളികൾ ഒത്തിരിയൊണ്ടേലും ഉത്സവങ്ങളും പൂരങ്ങളും എമ്പിടിയാണേലും മണിമലയ്ക്കിഷ്ടം രാജാക്കൾടെ പെരുന്നാളാണ്. ഒറങ്ങടാന്നു പറഞ്ഞു കണ്ണടപ്പിച്ചാലും ഒറക്കം വരാത്ത മൂന്ന് ദെവസങ്ങളാണ്. കറിക്കാട്ടൂർ തയ്യിലെ ബേബിച്ചേട്ടൻ നടത്തുന്ന തടിമില്ല് തൊട്ടാണ് നഗരംചുറ്റി റാസ തുടങ്ങുന്നത്, അത് മൂങ്ങാനിയിലെ അയ്യപ്പനെ കണ്ടേ പള്ളീൽ കേറൂ. ക്രിസ്ത്യാനീടെ പെരുന്നാളല്ലെന്നാണ് മറുനാട്ടുകാരുടെ അടക്കമ്പറച്ചിൽ. കാരണമെന്താന്ന് നീയെന്നോട് ചോദിച്ചാൽ അത് എല്ലാവരൂടാണ് നടത്തുന്നേന്ന് ഞാൻ പറയും. അല്ലാതെന്ത്.
കപ്പലു കേറി വന്ന രാജാക്കൾക്കെന്നാ ജാതി?
എന്നാ മതം?
ഒക്കെ ഇവിടത്തെ തമ്പിരാക്കന്മാരൊണ്ടാക്കിയതല്ലേ…
എന്നും പറഞ്ഞു മതനിരപേക്ഷതേടെ ചുവന്ന തോർത്തെടുത്തങ്ങേ കരേന്നു തുഴഞ്ഞു വരുന്ന പാപ്പേട്ടനെ കാണിക്കാനൊന്നും നമ്മളില്ലാട്ടോ. അതിപ്പോ ഇങ്ങനൊക്കെ പറയാന്നേയുള്ളു, എല്ലാം അവരവരുടെ ഉള്ളിൽ കൂർക്കം വലിക്കുന്നുണ്ട്.
അന്ന് വർക്കിച്ചൻ അലക്കുകാരി ഓമനയെ വീട്ടിലേക്ക് കൊണ്ടുവന്നതും എന്റെ ജാതി ചിന്തയൊക്കെ എങ്ങോട്ടാന്നറിയില്ല?
ഇറങ്ങിയങ്ങ് സ്പീഡില് വിട്ടു. പ്രേമമാരുന്നന്നേ…
അവള് പെറ്റതും കൊച്ച്,
മറിയാമ്മ പെറ്റതും കൊച്ച്.
അലക്കുകാരീന്നൊള്ള നാട്ടാരുടെ വിളി തീർന്നാരുന്നേ കൊള്ളാന്നു അമ്മച്ചി ഇടക്ക് വിഷമം പറയും.

art by DLEAP

വർക്കി പ്രേമിച്ചു വിളിച്ചോണ്ടു വന്നതു കണ്ടിട്ട്, കിട്ടിയയൊരു ധൈര്യം ഒണ്ട്..!
അതെനിക്കു മാത്രമല്ല, ആയെടേ ഒരു രോമം താടിയിടറ്റത്തെവിടോ കിളിർത്തൂന്ന് സ്ഥിതീകരിച്ച എല്ലാ ആണിനും കിട്ടീട്ടുണ്ടാവണം.
വരുന്ന വഴിയിലെവിടാന്നാ, അവിടെ കാണാം എന്നുള്ള ചിന്തയില്ലാത്ത ഒരു ചാട്ടമാരുന്നു വർക്കീടെ.
ആ ചാട്ടം നോക്കി നിന്നിട്ടാണ് എനിക്കും പ്രേമം വന്നത്.
അങ്ങനെ ഞാനും അന്നത്തെ മണിമലേലെ സ്വപ്നസുന്ദരിയായ ഇത്തിൾകണ്ണി ഫൗസ്റ്റീനയെ എല്ലാരേം പോലെ നോട്ടമിട്ടു.
അവൾടെ അപ്പന് കാറുണ്ട്.
എന്റപ്പനും കാറുണ്ട്.
പിന്നെ ഒരേ സൈസ് കുടുംബോം. അങ്ങനെ ഞാനൊരു മുഴുവൻ സമയ നിരീക്ഷകനായി. ചാടിക്കേറി ഇഷ്ടാന്ന് പറയല്ലെന്ന് മറിയാമ്മ ഓർമ്മിപ്പിച്ചാരുന്ന്.
പക്ഷേ ഞാനല്ലെയാളു.
അന്ന് ഈസ്റ്ററിന് പള്ളീപ്പോയപ്പം മറിയാമ്മേം, അവൾടെ കെട്ടിയോനും, വർക്കീം, ഓമനേം അവളെ
കണ്ടിട്ട് അഭിപ്രായം പറഞ്ഞന്നേ.
നല്ലതാന്നവരു പറഞ്ഞപ്പ, ഞാനാണേ കുഴപ്പമില്ലാന്നു പറഞ്ഞൂരി മാറീട്ടു, സന്തോഷം കൊണ്ടടർന്നു പോയി. അങ്ങനെ എന്റെ പ്രേമം അവൾടെ മറുപടീം നോക്കി കുത്തിയിരുന്നു. അതിനിടെ എടവിട്ടെടവിട്ട് ഒത്തിരി പെരുന്നാളുകളും മാറിപോയി, ഒപ്പം ഞങ്ങളും.
അങ്ങനെ ഞാനും ഫൗസ്റ്റീനയും വളർന്നു. അന്നുണ്ടായിരുന്ന മാത്തുക്കുട്ടി സ്റ്റോർസും കെ.ആർ ബേക്കേഴ്സും കമാൽ ജൗളിക്കടയും മാത്രമല്ല, കൊറെ പുതിയ കെട്ടിടോം, അറിയാങ്കിലും തമ്മിൽ മിണ്ടാതെ ‘തന്നെ’ തന്നെ ഉരുട്ടുന്ന കൊറെ പുതിയ ആൾക്കാരുമൊക്കെയുണ്ട് ഇപ്പോൾ മണിമലേൽ.
ഇപ്പോ മണിമലയേയുള്ളു, ആറ് ഇല്ല.
അതൊരു നീന്തിപൊങ്ങുന്ന ഓർമ്മയാണ്. വേദനിപ്പിക്കുന്ന ഓർമ്മ.

രാജാക്കളും അയ്യപ്പനും അള്ളാഹുവും, ഇപ്പളും അവിടുണ്ടോ എന്നറിയില്ല.
പെരുന്നാളിപ്പഴും ഉണ്ട്.
ഇന്ന് പെരുന്നാളാരുന്നു. അവളെന്നോട് ഇങ്ങോട്ട് കേറി മിണ്ടി. പകൽപ്പെരുന്നാളിനു ഗീവർഗ്ഗീസിനെ ചൊമന്നോണ്ടു പോകുവാരുന്നു.
ഞാനാണേ ഞെട്ടിയിരിക്കുവാ.
ഇക്കാലയളവിലെ പല പല മുഖങ്ങളിൽ വല്ലപ്പോഴും മാത്രമെത്തി നോക്കുന്ന മുഖം മാത്രമായിരുന്നു അവളുടേത്.
അവളു സംസാരിക്കാനാ വിളിക്കുന്നേ.
ഞാൻ പോകുവാ.
“ജോയിയേ, പുണ്യാളൻ്റെ ഈ കാലൊന്നു താങ്ങിയേടാ…”

അദ്ധ്യായം രണ്ട്
എന്നു വേണേൽ പറയാം!


എല്ലാ വട്ടവും പെരുന്നാളിനു എന്റെയൊപ്പം മരണക്കിണറു കാണാൻ അവളും വരും. ആ ദിവസങ്ങളിലായിരിക്കും ഞങ്ങൾ കൂടുതൽ സംസാരിച്ചിട്ടുണ്ടാവുക. അവൾ വലിയ വീട്ടിലെ കൊച്ചാണെങ്കിലും ഐസുമിട്ടായി വാങ്ങി തരുമോ എന്നും കാണുന്ന വളക്കടകളിൽ ഒക്കെ വലിച്ചു കേറ്റിയിട്ടു അതുവേണം ഇതുവേണം എന്നൊക്കെ പറയുമ്പോൾ എന്റെ ഉള്ളിലാണ് വെടിക്കെട്ട് നടക്കുന്നത്. അങ്ങനെ ഐസുമിട്ടായി തിന്നും തൊട്ടിയിൽ കേറിയും കടന്നുപോയത് എട്ടാമത്തെ പള്ളിപെരുന്നാളാണ്.

ആയാസകരമാം വിധം ഒന്നേയുള്ളു അത് വയറു നിറക്കലാണ് എന്നു മനസ്സിലായപ്പോഴാണ് ഞാൻ യൗവ്വനത്തിന്റെ കിട്ടാതുടിപ്പുകളെ വിട്ടു അബുദാബിയിലേക്കു പോയതു. ഞാൻ പോയതിനു അമ്മച്ചിയേക്കാൾ ദണ്ണം പുണ്യാളനാരുന്നു. പുണ്യാളനു കത്തിക്കാൻ വാങ്ങി കൊടുക്കുന്നതു ഞാനാരുന്നു. ആദ്യ പുക വിട്ടതും മൂപ്പർടെ ഒപ്പമാണ് അഥവാ ഞാൻ പിഴച്ചേനു പുണ്യാളനും കയ്യുണ്ട്. ഇവിടെയോരോ പഫെടുക്കുമ്പോളും വിഷമം തോന്നും, അങ്ങേരാ ചില്ലിൻക്കൂട്ടിലിരുന്നു പുക കിട്ടാതെ വിങ്ങി പൊട്ടുന്നുണ്ടാകും. ഇറങ്ങി നടക്കാൻ പോലും മനുഷ്യർടെ സമ്മതം വേണ്ട എന്തോന്നു പുണ്യാളനാ!

പിറ്റേ കൊല്ലം നാട്ടിലെത്തിയപ്പോ ഫൗസ്റ്റീന കെട്ടി രണ്ടു പിള്ളേരും ആയി. ഞങ്ങളുടെ ഇടയിലൂടെ പെരുന്നാളുകൾ സൂപ്പർ ഫാസ്റ്റിന്റെ വേഗത്തിൽ ഓടിക്കൊണ്ടിരുന്നു. എത്ര പെരുന്നാളുകൾ കടന്നുപോയാലും ആറാമത്തെയും ഏഴാമത്തെയും പെരുന്നാൾ മറക്കാനൊക്കില്ല. ആറിലവളാദ്യമായി ഉമ്മ തന്നു. ഏഴിലവളു ഒരു കാര്യം കാട്ടാമെന്നു പറഞ്ഞു കൊണ്ടുപോയി ബ്ലൗസ് തുറന്നിട്ടു. ഇന്നുമൊന്നു ആഴത്തിൽ വലിച്ചാൽ ആ വിയർപ്പിൻ്റെ മണം കിട്ടും.
അന്നവളെൻ്റെ എവിടെയാ പിടിച്ചതെന്നു
കണ്ടു നിന്ന സക്രാരിയിലെ പൊന്നു തമ്പുരാനു മാത്രമേ അറിയൂ.

art by DLEAP

കഴിഞ്ഞ തവണ ലീവിന് വന്നപ്പോളാണ് അവസാനമായി അവളെ കാണാൻ സാധിച്ചത്, നേരെ നോക്കിയില്ല, സംസാരിച്ചുമില്ല, പെണ്ണിനു കൊടുത്ത വാക്ക് പാലിക്കാൻ കഴിയാതെ പോയവനാണ് ഞാൻ എന്നോർത്തിനാലാവാം അവൾ തിരിഞ്ഞൊന്നു നോക്കാഞ്ഞത് അല്ലേൽ അവളുടെ കെട്യോനെ ഓർത്തു ആയിരിക്കണം. ആ പോട്ടെ… ഇത്തവണയും ഞാൻ ലീവിന് നാട്ടിലുണ്ട് പക്ഷെ പെരുന്നാളിന് പോണില്ല. പുത്തൻ പണക്കാരന്റെ ജാടയൊന്നും അല്ല. ചെന്നാൽ സക്രാരിയിലെ പൊന്നു തമ്പുരാൻ ചോദിക്കും ആ കൊച്ചെന്തിയേന്നു. പുള്ളീടെ നടേടെ ഇടത്തു നിൽക്കുന്ന ചന്ദന ചെടിക്കു കീഴിലാരുന്നെല്ലോ എന്നുമെല്ലാം. ആ ചന്ദന ചെടി കാണുമ്പോൾ അവളെ ഓർമ്മവരുമായിരിക്കും. കൂടെ നിൽക്കുന്ന പുളിയോടുരുമി ഉരുമി ചന്ദനചെടിയുടെ ചുറ്റും നല്ല മണമാണ്, അന്നും ഇന്നും. എന്റെ ഓർമകൾക്ക് ചന്തനത്തിന്റെ മണമാണ്, അവളുടേയും അങ്ങനെ തന്നെ ആവട്ടെ എന്ന് പ്രത്യാശിക്കാം.

കൊടിയേറ്റിനു വട്ടുകുന്നാൻ മലയിറങ്ങിവേണം മാളിയെക്കലേ മറിയമ്മച്ചിക്ക് പള്ളിയിൽ പോകാൻ. സന്ധ്യ കഴിഞ്ഞാൽ പിന്നെ കണ്ണുകെട്ടും കല്ലേറും ഉള്ള മലയാണ്. ഞാനും വാസുവും പണ്ട് ആരാണ്ടോ പറയുന്ന കേട്ടു ചാത്തനെ പറ്റിക്കാൻ മല കേറിയതാണ്. രാത്രിയായിട്ടും വീട്ടിൽ കാണാതെ അന്വേഷിച്ചവർക്കു ഞങ്ങളെ കിട്ടിയത് രാവിലെ പശൂനെ കറക്കാൻ വന്ന കുഞ്ഞച്ചേട്ടനാണ്. ഒരു നേരിയ ഓർമ്മയിൽ ഞങ്ങൾ അവിടെ എങ്ങനെയോ നടന്നു എത്തിപ്പെട്ടതായിരിക്കണം. ഒരു കാര്യമുണ്ട് കാടിനെ തിന്നാൽ കാട് നമ്മളെ വഴി തെറ്റിക്കും. അതുങ്ങൾക്ക് അങ്ങനെയേ പ്രതികാരം ചെയ്യാൻ പറ്റു.

ആ മലേടെ മണ്ടേൽ ഒറ്റ വീടെ ഉള്ളു അത് മറിയമ്മച്ചേടത്തീടെ ആണ്. പുള്ളിക്കാരി ഒറ്റക്കു അവിടെ എങ്ങനെ ജീവിക്കുന്നു എന്ന് ഇപ്പോളും ഞാൻ അമ്മച്ചിയോട് ചോദിക്കും. അപ്പൻ കേട്ടാൽ പറയും മറിയാമ്മ കൂടോത്രം ചെയ്യുന്നുണ്ടെന്ന്. ആർക്കറിയാം. അല്ല സംശയിക്കാൻ കാരണങ്ങൾ ഒരുപാടുണ്ടു.
അല്ല, സംശയിക്കാൻ കാര്യങ്ങൾ ഒരുപാടുണ്ടന്നെ… തോറ്റം പാടി നടന്ന തെങ്ങു കേറ്റക്കാരൻ ഗോപി ചേട്ടനെ കൊന്നത് തൈപ്പുറത്തച്ഛൻ ആവാഹിച്ച കണ്ടൻ ആണെന്നാ പറയാറു. അതും ഗോപിച്ചേട്ടൻ മരിച്ചത് പുള്ളിക്കാരനു ലോട്ടറി അടിച്ചിട്ട് കാശുമായി പോകുന്ന വഴിയിലാരുന്നെന്നു. ശവം കിട്ടിയിട്ടും ഇതുവരെ പുള്ളിക്കാരന്റെ കയ്യിലുണ്ടായിരുന്ന കാശ് ആർക്കും കിട്ടിയിട്ടില്ല. നേരം ഇരുട്ടുമ്പോൾ ഗോപിച്ചേട്ടന്റെ തോറ്റം പാട്ടു ആളുകൾ കെട്ടിട്ടുണ്ടത്രെ. ഗോപിച്ചേട്ടനും, മലയിൽ തൂങ്ങി മരിച്ച ഭാസ്‌കരൻ ചേട്ടനും, കെട്ടിയോൻ കള്ളു മൂത്തപ്പോൾ കിണറ്റിൽ ഉന്തിയിട്ടു കൊന്ന മോളിച്ചേച്ചിയും, അന്തപ്പനും ദിവകാരനും, കൊല്ലൻ പപ്പുണ്ണിയും എല്ലാരും കൂടെ മണിമലക്കരെയെയും, വട്ടുകുന്നൻ മലയെയും പേടിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ആയിരുന്നു ആ രണ്ടു സംഭവങ്ങൾ നടന്നതു.

ഒന്നാമത്തെ സംഭവം എനിക്കിച്ചിരി ഇമോഷണൽ ആണ്. തങ്കപ്പൻ ആശാരീടെ മരണം ആണതു. അപ്പച്ചൻ എപ്പോളും വെള്ളത്തിലാരിക്കും. രണ്ടെണ്ണം അടിച്ചിട്ടു മുറുക്കാനും വായിൽ ഇട്ടോണ്ട് വീടിന്റെ ഇടവഴിയിൽ കൂടെ പോകുമ്പോൾ അമ്മച്ചിയെ മോളേന്നൊരു വിളിയാണ്. അയാൾ വീട്ടിലേക്കു എന്ത് വാങ്ങിയാലും നേർ പകുതി ഇടവഴിയിൽ വെച്ചു ഞങ്ങളെ വിളിച്ചു തരും. പ്രായം ഇത് എത്ര ആണെങ്കിലും ഒറ്റയിരുപ്പിനു ഒരു കട്ടിലു കൊത്തി തീർക്കും. അങ്ങേർക്കു രണ്ടു ഭാര്യമാരാണ് ഉള്ളത്. ഒരാൾക്ക് കുട്ടികൾ ഒന്നും ഇല്ല, മറ്റെയാൾക്കു രണ്ടു കുട്ടികളാണ്. അതിൽ ഇളയവളെ കെട്ടിയോൻ തീ കൊളുത്തി കൊന്നതാണ്. മൂത്ത മകന്റെയൊപ്പമാണ് ആശാരി താമസിക്കുന്നത്. അവിടെ ശാരദയും മകന്റെ മക്കളും ഭാര്യയും ആണ് കൂട്ടുള്ളത്. സുനിലിന്റെ കൂടെ ചൂണ്ടയിടാൻ ആശാരി എന്നും ആറ്റിൽ പോകും. ബ്രിട്ടീഷുകാരു വെച്ചിട്ട് പോയ കൊച്ചു പാലത്തിൽ ഇരുന്നു അപ്പനും മകനും രണ്ടെണ്ണം അടിച്ചോണ്ട് ചൂണ്ടയിട്ടു മീനെ പിടിക്കും ആ മീന്റെ പങ്കു ഞാൻ ഒരുപാട് കഴിച്ചിട്ടുള്ളതാണ്. കൊടിയേറ്റിന്റെ തലേന്നാണ് കാലു വഴുതി ആശാരി വെള്ളത്തിൽ പോയത്. അതൊരു പോക്കാരുന്നു. ആ പോക്കിൽ മകളെ എന്നുള്ള സ്ഥിരം സന്ധ്യാ വിളിയും, പലഹാര പൊതികളും, അറ്റുമീന്റെ പങ്കും ഇല്ലാതായി. മുറുക്കി എന്നെ നോക്കി ചിരിക്കുന്ന ആ മുഖം മാത്രം ഓർമ്മയിൽ ഇങ്ങനെ മുങ്ങി മരിക്കുന്നു.

art by DLEAP

രണ്ടാമത്തെ മരണം ഒരു മരണം തന്നെയായിരുന്നു. ആറ്റിൽ വേനലു പിടിച്ചു വെള്ളം വറ്റിക്കൊണ്ടിരുന്ന സമയമാണ്. പണി കഴിഞ്ഞു രാജൻ ചേട്ടൻ കുളിക്കാനിറങ്ങിയതാണ്. രാജൻ ചേട്ടനെ അറിയാല്ലോ? മണിമലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി. കഴിഞ്ഞാഴ്ച്ച തന്നെ റബ്ബറു കമ്പനീൽ പണിക്കാർക്കു കാശു കൊടുക്കാത്തേനു വിഷയമുണ്ടാക്കിയേയുള്ളു. മണിമലേൽ പുണ്യാളനൊഴികെ അലമാരീൽ കാശൊള്ള എല്ലാവർക്കും രാജൻ ഒരു കളയാണ്. ആ രാജൻ ചേട്ടനാണ് മൂന്നാം പക്കം മറിയാമ്മ രണ്ടിന്റെ കടവിൽ പൊങ്ങിയത്. പുണ്യാളൻ്റെ കുരിശ് മുക്കാന്നു പറഞ്ഞാ വിശ്വാസിക്കും, രാജനു നീന്താനറിയില്ലെന്നു പറയരുതു. വല്ല്യ അന്വേഷണങ്ങളൊന്നുമില്ലാതെ ആ കമ്മ്യൂണിസ്റ്റുകാരനെയും അയാളുടെ കഥയെയും ഏതോ തെമ്മാടി കുഴിയിലടക്കി.

ആറ്റിൽ ഒറ്റക്കുള്ള കുളികൾ അവസാനിച്ചു. ഈ മരണങ്ങളുടെ കൂടെ പെരുന്നാളും ബഹളങ്ങളും കൊടിയിറങ്ങി. പുതിയ പുതിയ ഫാക്ടറികൾ വന്നു. കാങ്ക്രസ്സു ഇലക്ഷനിൽ ജയിച്ചു. ഞാൻ വീണ്ടും കടൽ കടന്നു.

ഇനിയും കഥ പറയാൻ പറഞ്ഞാൽ ടിജു പറയും, പറഞ്ഞു കൊണ്ടേയിരിക്കും!

5 1 vote
Rating

About the Author

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments