ജനിച്ചുവീണിട്ട് ഒരു മണിക്കൂർ കഴിയുമ്പോഴേക്കും ക്ടാവ് തനിയെ എണീക്കാൻ ശ്രമിക്കും. പതിയെ പിച്ചവെച്ചു നടക്കും. പിന്നെ അമ്മയെ തേടിപ്പിടിച്ചു മുല കുടിക്കും.
ഭൂലോകം കര്‍ത്താവു ഒടേ തമ്പുരാന്‍ പണി കഴിപ്പിച്ച കാലം മുതല്‍ കോട്ടയത്ത് ഞായറാഴ്ച്ച കുര്‍ബാന ഉണ്ടാകും. കുര്‍ബാനാന്നു പറഞ്ഞാ, ഒരു ആഴ്ച്ചത്തേക്കുള്ള ഇന്ധനമാണ്. പൊതുവേ ആരോടും ഒന്നും പങ്കുവെക്കാത്ത നമ്മളു ഓടി ഓടി ക്ഷീണിക്കുമ്പോ കര്‍ത്താവിന്റെ മുന്‍പില്‍ പോയി ഉള്ളു തുറന്നങ്ങ് വെച്ചേക്കും. അത് കൂടാന്‍ പറ്റാത്ത വിഷമം മലങ്കര ക്രിസ്ത്യാനികളെല്ലാം പറഞ്ഞും പ്രാര്‍ത്ഥിച്ചും പങ്കുവച്ചു കൊണ്ടേയിയിരിക്കുന്നു. ഒന്നും പോരാഞ്ഞിട്ടു അപ്പച്ചൻ രണ്ടു തവണ എന്റെ സ്വപ്നത്തിലും വന്നു. മരിച്ചിട്ട് വർഷമൊന്നായി. പുള്ളിക്കാരന്‍ എന്തോ പറയാൻ വരുന്നതാണ് എന്നൊരു തോന്നൽ.
ആദ്യമായി കയറാൻ പോയ ഫ്ലൈറ് മിസ്സായതും വെളുത്ത പാമ്പ് കൊത്താൻ വന്നതുമൊക്കെ സ്വപ്നത്തിൽ കണ്ടു. അതിന്റെ അർത്ഥം തേടി പോകല്‍, എന്നായൊക്കെ പറഞ്ഞാലും സുഖമുള്ള ഒരു ഏർപ്പാടാ.. ബോധമില്ലാതെ കിടന്നുറങ്ങുമ്പോൾ ഉപബോധ മനസ്സിൽ തെളിയുന്ന ചിത്ര കൊട്ടക. അതോടെ ഉറപ്പിച്ചു. ഇനി എന്നും സ്വപ്നം കാണും. മറക്കും മുൻപ് അതെല്ലാം എഴുതിവെക്കും. അർത്ഥം തേടി പോകും.
ആവശ്യമില്ലാത്ത തോന്നലൊക്കെ വരണെ കുര്‍ബാന കൂടാത്തോണ്ടാണെന്നാ അമ്മച്ചി പറയാറ്. ഒന്ന് കുരിശു വരച്ചു കിടക്കാന്‍ അമ്മച്ചി ഓര്‍മ്മിപ്പിച്ചോണ്ടേയിരിക്കും. ഞാന്‍ ആണേല്‍ അത് മനപൂര്‍വം അങ്ങ് മറന്നു കളയും. അങ്ങനെ അല്ല എന്ന് വിശ്വസിക്കാന്‍ ആണെനിക്കിഷ്ടം, കൂടെ ചിത്ര കൊട്ടകയിലെ കണ്ണെത്താത്ത പതിനായിരം കാഴ്ചകളും
ഇന്നലെയും കിടന്നുറങ്ങിയത് അങ്ങനെ തന്നെയാണ്.
” എടാ… ചാണകക്കുഴിയിൽ വീണു…വേഗം ടോർച്ച് എടുത്തു വാടാ…”
അമ്മ തിടുക്കത്തിൽ പറഞ്ഞു.
ഒപ്പം ജോർജ്ജിന്റെ അലർച്ചയും.
” അമ്മാമ്മോ… ലൈറ്റ് ഇടന്നേ…. കന്നാലിക്കൂട്ടിലെ ലൈറ്റ് ഇടു… കുഴിയിൽ വീണിട്ട് നേരം കൊറേയായി… വേഗം പിള്ളേരെ വിളിയന്നേ. “
അമ്മ ഉറക്കത്തിൽ നിന്നു തിടുക്കത്തിൽ എന്നെ ഉണർത്തിയതും, ഈ ശബ്ദങ്ങൾ കേട്ടതും എല്ലാമൊരുമിച്ചാണ്.
“എന്നാ… എന്നാ പറ്റിയെ. വെറെലി പിടിച്ച് എല്ലാരും എങ്ങോട്ടാ..?”
ടോർച്ച് എടുക്കാൻ ഓടുന്ന അമ്മയെ കണ്ടു ഞാൻ ചോദിച്ചു. ഇതൊരു സ്വപ്നമാണോ എന്നെനിക്ക് അപ്പോഴും സംശയം തീർന്നിട്ടില്ല. അഞ്ചര ആകുന്നതേ ഒള്ളു വാച്ചിൽ.
“എടാ പശു പ്രസവിച്ചു. കുട്ടി ചാണകക്കുഴിയിൽ വീണു… പെട്ടെന്നു അങ്ങോട്ടു ചെല്ല്. “
“കർത്താവേ, മോളിപ്പശു….”
രണ്ടു ദിവസമായി പ്രസവവേദന കാട്ടാൻ തുടങ്ങീട്ട്. ആരോഗ്യം തീരേ കുറവാണ്. അതുകൊണ്ടു പെറാൻ താമസിക്കുമെന്നു ജോർജ്ജ് അന്നേ പറഞ്ഞതാണ്.
ജോർജിനു പ്രായം എഴുപതിനോടടുത്തു വരും. പണ്ട് കൈ ഒടിഞ്ഞു കോട്ടയം മെഡിക്കൽ കോളേജില്‍ ഓർത്തോയെ കാണാൻ പോയപ്പോ അങ്ങേരോട് പറഞ്ഞത് 69 വയസ്സെന്നാണ്. വെള്ളപല്ലും കാട്ടി എന്നിട്ടൊരു ചിരിയും. അതും 2018ൽ. ഇന്നിപ്പോൾ ദാണ്ടേ വർഷം രണ്ടു അങ്ങു കഴിഞ്ഞു.
റബ്ബർ വെട്ടാൻ കൊണ്ടുപോകുന്ന ഹെഡ്ഡ്ലൈറ്റ് രണ്ടെണ്ണോം എടുത്തൊടി ഞാൻ. കന്നുകാലി കൂട്ടിലെ ലൈറ്റിടാൻ അപ്പോഴും ജോർജ്ജ് പറയുന്നുണ്ട്. എമർജൻസി ലൈറ്റുമായി പുറകെ ഓടി വന്ന അമ്മ ചാണകക്കുഴിയിലേക്കു വെട്ടമടിച്ചു. കൂട്ടിൽ നിന്ന് ഞാനും ഹെഡ്ലൈറ്റ് അടിച്ചുനോക്കി. പശുകൂട്ടിൽ നിന്നു വെള്ളമൊഴുകാനുള്ള പുറകുവശത്തെ ഓവിന് നേരെ താഴെ ചാണകക്കുഴിയിൽ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ രണ്ടു ഇളം നീല കണ്ണുകൾ തിളങ്ങി.
കറുത്ത ഹാൾഫ് കൈയൻ ഷർട്ടും പച്ച ലുങ്കിയും മാറ്റി തോർത്തുടുത്തു ജോർജ്ജ് നേരെ ചാണകക്കുഴിയിലേക്കു ഇറങ്ങി. നെഞ്ചോളം മുങ്ങി നിന്ന് ക്ടാവിനെ പുറത്തെടുത്തു. അമ്മ പെട്ടെന്ന് എമർജൻസി താഴെ വെച്ചു ക്ടാവിനെ കൈയിൽ ഏറ്റുവാങ്ങി. നൈറ്റിയിൽ ആകെ പറ്റിപ്പിടിച്ച ചാണകം കൈയിൽ കൂടെ ഒഴുകി ഇറങ്ങുന്നത് എനിക്കു കാണാം.
തൊഴുത്തിന് എതിരുള്ള റബ്ബർ പുരയിലെ തറയിൽ അമ്മ ക്ടാവിനെ കിടത്തി തുണികൊണ്ട് തുടച്ചു.
“ഇതിപ്പോ കൊറേ നേരമായെന്നെ… കാലത്ത് ഒരു നാലെര-നാലേമുക്കാല്‍ മുതലോ മറ്റോ പശു കിടന്നു കാറാൻ തുടങ്ങീതാ… കുറെ കഴിഞ്ഞു ചാണകക്കുഴിയിൽ എന്തോ വീണ ശബ്ദോം കേട്ടു. അപ്പോ മുതൽ വെട്ടമിടാൻ പറയണതാ… ആരു കേൾക്കാൻ…… എന്തോ ഭാഗ്യത്തിന് കിട്ടിയതാ …”
ജോർജ് പറഞ്ഞു നിർത്തിയപ്പോഴേക്കും അപ്പ ഓടി വന്നു…
“ജോർജ്ജേ, ക്ടാവിന് വല്ലോം പറ്റിയോ…നോക്കിയേ.”
“കാലിനെന്തോ തട്ടുകേടുണ്ടെന്നാ തോന്നണെ. കണ്ടില്ലേ കെടപ്പ്”
വയറും കഴുത്തും കാൽമുട്ടും ഒട്ടി എല്ലിനോട് പറ്റി നിൽക്കുന്ന ദേഹം. ദശ തീരെയില്ല. ഒൻപതാം മാസത്തിൽ പെറ്റുവീഴുന്ന ക്ടാവിന് ഇതിലും തൂക്കവും ആരോഗ്യവും വേണ്ടതാണ്.
“ക്ടാവ് എന്നതാ ഇനമെന്നു നോക്കിയേ ജോർജ്ജേ. പശുവാണോ മൂരിയാണോന്നു? “
ജോർജ് ക്ടാവിന്റെ ദേഹം ഒന്നൂടെ തുടച്ചു വെളിച്ചത്തിലോട്ട് കിടത്തി.
“പശുവാണെന്നാ തോന്നുന്നെ…. ദാണ്ടേ നെറ്റീല്‍ പുള്ളിയൊക്കെ കണ്ടില്ലേ….”
പശുവിനെ തൊഴുത്തിൽ നിന്ന് അഴിച്ചു. പെറ്റു കഴിഞ്ഞു കൂട്ടിൽ നിർത്താൻ പറ്റില്ല. വൃത്തിയാക്കലും, ചൂട് വെള്ളത്തിൽ കുളിപ്പിക്കലും, അങ്ങനെ ചിലത് ബാക്കിയുണ്ട്.
പുസ്തകങ്ങളൊക്കെ വെച്ചേക്കണ മുറിയുടെ തെക്കേ ജനലിന്റെ മുന്നിൽ ഒരു ആര്യവേപ്പുണ്ട്. പശുവിനെ അതിൽ കെട്ടി. ജനിച്ചുവീണിട്ട് ഒരു മണിക്കൂർ കഴിയുമ്പോഴേക്കും ക്ടാവ് തനിയെ എണീക്കാൻ ശ്രമിക്കും. പതിയെ പിച്ചവെച്ചു നടക്കും. പിന്നെ അമ്മയെ തേടിപ്പിടിച്ചു മുല കുടിക്കും.
ഇത് പക്ഷെ എണീക്കുന്നില്ല. അപ്പയും അമ്മയും ഞാനും കൂടെ ക്ടാവിനെ നേരെ നിർത്താൻ നോക്കി. മുന്നിലത്തെ കാൽ രണ്ടും നിലത്തു കുത്തി. പക്ഷെ പുറകിലെ കാലു കുത്തുന്നില്ല.
“കാലിനു ഇനി വല്ലോ വയ്യാഴികേം ആണോ?”
അമ്മ ചോദിച്ചു.
അപ്പനൊന്നു ചുറ്റും നോക്കി. ആരോഗ്യം തീരെ ഇല്ല. കിടന്ന കിടപ്പ് തന്നെ. തല പൊക്കുന്നില്ല. എണീക്കുന്നില്ല. ദേഹം ഇടയ്ക്കിടെ വിറയ്ക്കുന്നുമുണ്ട്.
“മാസം തികയാതെയൊന്നും പെറ്റതല്ല. കുഴിയിൽ വീണത്തിന്റെ ഏനക്കേടാരിക്കും. മുല കുടിച്ചു ഇച്ചിരി ആരോഗ്യം വെച്ചാൽ എണീറ്റു നടന്നോളുമാരിക്കും.”
ക്ടാവിനെ വാരിയെടുത്തു ഞാൻ പശുവുന്റെ മുന്നിൽ കൊണ്ടു കിടത്തി.
സമയം ആറു ഇരുപതായി. ഇരുട്ടു മാറി ആകാശത്തു വെളിച്ചം കീറാന്‍ തുടങ്ങി. അമ്മച്ചി മുറിയിൽ നിന്നുറക്കമെണീറ്റ് വരാന്തയിൽ വന്നിരുന്നു, കാര്യങ്ങൾ എല്ലാം തിരക്കി.
വരാന്തയിൽ നിന്നു വിളിച്ചു പറഞ്ഞു:
“ലക്ഷണം കണ്ടിട്ടു പശുക്ടാവാ… പക്ഷെ മേലാകെ ശോഷിച്ചതാണെല്ലോ.
നോക്ക്… നോക്ക് ……
ആണ്ടെ തല പൊക്കാൻ പോലും മേല. ഇന്നത്തെ പകൽ തികയ്ക്കുവോന്നു കണ്ടറിയണം. “
പാല് കുടിക്കാൻ നിന്നു തരുന്നില്ല. കുപ്പിയിൽ കൊടുത്താലേ ഇനി രക്ഷയുള്ളൂ. ഇല്ലെങ്കിൽ പകലൊടുങ്ങും മുൻപ് ക്ടാവ് ചാവും. മോളിപ്പശു പെറുമ്പോൾ റബർ വെട്ടുന്ന രാജുവാണ് കറക്കുന്നത്. മുൻപ് മൂന്നു തവണ പെറ്റപ്പോഴും അങ്ങനെ തന്നെ ആയിരുന്നു. എല്ലാവരേയും കൊണ്ടൊന്നും അകിടിൽ തൊടീക്കില്ല. പുള്ളിക്കാരനെ കൂട്ടിവരണം. പാല് കറന്നെടുത്തു കുടിപ്പിച്ചാൽ കുട്ടി രക്ഷപെടും.
ഇതിനിടയ്ക്ക് അമ്മ കട്ടൻകാപ്പിയും കൊണ്ടുവന്നു.
“ശെടാ….നീ എന്നാ നിലത്തിരിക്കുന്നെ… തിണ്ണയിൽ കേറി ഇരിയന്നെ”. പശുവിന്റെ മുന്നിൽ ക്ടാവിനെ മടിയിൽ കിടത്തി ഞാൻ നിലത്തു തന്നെ ഇരുന്നു. മൃഗമായാലും മനുഷ്യനായാലും അമ്മമാർക്ക് മാത്രേ കുഞ്ഞുങ്ങളെ മനസ്സിലാകൂ. എന്നെയും ക്ടാവിനെയും മോളിപ്പശു മാറി മാറി നോക്കി.
പശുവിന്റെ അടുത്തുതന്നെ ചാക്കിൽ ക്ടാവിനെ കിടത്തീട്ടു ബൈക്കു എടുത്തു രാജുവിനെ കൊണ്ടുവരാൻ കുമ്പന്താനത്തിനു ഇറങ്ങി.
അമ്മ പുറകെ വന്നു ഒരു തിരിയും പൈസേം എടുത്തു തന്നു.
“മോനെ, ആ പള്ളിടെ വാതുക്കലെ കുരിശ്ശിന്തോട്ടിയിൽ ഈ പൈസേം ഇട്ടു തിരിയും കത്തിച്ചേര്. ഒരു കുഞ്ഞു ജനിച്ചതല്ലേ…”
തിരിയും ലൈറ്ററും പൈസയും വാങ്ങി പോക്കറ്റിൽ ഇട്ട് മസ്‌കും വെച്ചു ബൈക്കിൽ കേറി. പള്ളിയിൽ മാതാവിന്റെ മുന്നിൽ തിരിയും കത്തിച്ചു. അമ്മമാര്‍ക്കെ എല്ലാം മനസ്സിലാകൂ. കുമ്പന്താനം കേറ്റം കേറിയപ്പോൾ രാജു നടന്നിറങ്ങി വരുന്നു. വണ്ടിയിൽ കയറിയപ്പളേ ആദ്യ ചോദ്യം,
” ക്ടാവ് എന്നതാ മോനെ… മൂരിയോ പശുവോ ?
“പശുവാണെന്നു തന്നെയാ തോന്നുന്നേ…”
” മാശൊക്കെ പോയാരുന്നോ….?
“പിന്നെ… പോയെന്നാ ജോർജ്ജ് പറഞ്ഞെ…
“നാടൻ പശുവല്ലേ… അപ്പോ വേഗം പൊക്കോളും.”
ബൈക്കിൽ കേറി വീട് അടുക്കാറായപ്പോൾ രാജു രാവിലെ വീട്ടിൽ ഉണ്ടായ വഴക്കിനെ കുറിച്ചു പറഞ്ഞു തുടങ്ങി.
” എന്റെ കൊച്ചെ, ഞാൻ രാവിലെ പെമ്പ്രന്നോത്തിയുമായി ഒന്നൊടക്കി.”
“അയ്യോ… അയെന്നാ?”
” വീടിന്റെ പുറകില് കുറച്ചു കപ്പ ഇടാൻ ഇന്നലെ തീയതി നോക്കി ഇരിക്കുവാരുന്ന്. അപ്പോ ദാണ്ടെ സാലി പറഞ്ഞു അഷ്ടമി ആണിന്നിടണ്ടെന്നു. ഞാൻ ഓർത്തു ഇവളു കലണ്ടർ നോക്കീട്ടാ പറയണേന്ന്. എന്റെ കൂടെ കപ്പ ഇടാൻ ഇരുന്നതാ തെക്കേലെ ബെന്നീം. അവനോടും ഞാൻ പറഞ്ഞു,
‘ എടാ ഊവ്വേ, ഇന്ന് അഷ്ടമിയാ. ദിവസം കൊള്ളില്ല . നമുക്കു ഒന്നാം തീയതി ഐശ്വര്യമായിട്ടു അങ്ങ് തുടങ്ങാന്ന്.”
” എന്നിട്ടിപ്പോ എന്നാ പറ്റി?”
“ഹാ എന്റെ കൊച്ചെ, അഷ്ടമി ഇന്നലെ അല്ലാരുന്നു.. ഇന്നാണ്.”
“എനിക്കാണേൽ അങ്ങ് അരിശം കൂടെ വന്നു.”
“ആഹ് പോട്ട്.”
“നാളെയെങ്കിലും ഇട്ടു തൊടങ്ങണം.”
“ആട്ടെ , പശു ഉണ്ടായത് അഞ്ചേകാലിനു എന്നല്ലേ പറഞ്ഞത്.”
“അഷ്ടമിയും ഒന്നാം തീയതിയും. ഒന്നാം തീയതി മൃഗമോ മനുഷ്യനോ ജനിച്ചാൽ നല്ലതാന്നാ പറയണെ…”
രാജുവിന്റെ വീട്ടിൽ നിന്നെടുത്ത പാൽ കുപ്പിയും കൊണ്ട് ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ സമയം ഏഴിനോട് അടുത്തു.
വീട്ടുകാരെല്ലാം പുറത്തിറങ്ങി നിൽക്കുന്നത് കണ്ടു അയല്പക്കത്തെ വത്സമ്മാമ്മ കാര്യമറിയാൻ അടുക്കളവാതിൽക്കൽ നോക്കി നിന്നു. എതിരേ വീട്ടിൽ നിന്ന് രാവിലെ പാല് വാങ്ങാൻ അമ്മണി ചേച്ചി അവിടെ ചെല്ലാറുണ്ട്. നാല് അടിയിൽ കൂടുതൽ പൊക്കമില്ലാത്തതുകൊണ്ടു അമ്മിണി ചേച്ചിക്ക് എത്ര എത്തി വലിഞ്ഞു നോക്കിയിട്ടും ആൾക്കൂട്ടത്തിന്റെ കാരണം മനസിലായില്ല. മരച്ചുവട്ടിൽ തള്ള പശുവിനൊപ്പം കിടക്കുന്ന കുഞ്ഞിനെ കണ്ടപ്പോൾ വത്സമ്മാമ്മയ്ക്കു കാര്യം പിടികിട്ടി. കരയാമ തലവെളിയിലിടും പോലെ രാവിലെ മുതല്‍ തുടങ്ങിയ അധ്വാനം അവസാനിപ്പിച്ചു, അമ്മാമ്മ പ്രാതലിന്റെ കാര്യങ്ങളിലേക്ക് തല വലിച്ചു.
നേരം പുലർന്നത് മുതൽ വിരുന്നുകാരുടെ ബഹളമാണ്. രാജുവും ഞാനും കുട്ടീടെ അവസ്ഥയെകുറിച്ചു പറഞ്ഞു കൊണ്ടിരുന്നപ്പോൾ പിന്നിൽ നിന്നൊരു മുരൾച്ച കേട്ടു. നോക്കുമ്പോൾ ജിമ്മി – ആദ്യത്തെ അതിഥി.
വത്സമ്മാമ്മ വളർത്തുന്ന പട്ടിയാണ്. വെള്ളയും ബ്രൗണും നിറമുള്ള നാടൻ ഇനം. കൂട്ടിന് ‘ഓട്ടോറിക്ഷ പട്ടിയും’. ഒരു കാലിനു വളർച്ചയില്ല . മൂന്ന് കാൽ കൊണ്ടാണ് നടപ്പ്. അങ്ങനെ നാട്ടുകാർ ഇട്ട പേരാണ് ‘ഓട്ടോറിക്ഷ’.
വീട്ടിൽ ഞങ്ങൾ വളർത്തിയിരുന്ന ലക്കിയുടെ അതെ നിറം, അതെ ഇനം.
പാവം. രാവിലെ അഴിച്ചു വിട്ടപ്പോൾ ഏതോ വണ്ടിക്കാരൻ അവനെ ഇടിച്ചിട്ടിട്ട് പോയി. അങ്ങനെ ചത്തു.
ഓട്ടോറിക്ഷക്കു ഉടമകളാരുമില്ല. നെന്മലപ്പള്ളിക്കു താഴെ സ്ഥിരമായി കാണുന്ന ഒരു പെണ്‍പട്ടിയുണ്ട്. അവൾ ഇവന്റെ കൂടെപ്പിറപ്പാണ്. ഉടമകളില്ലാത്ത രണ്ടിനും നാടെല്ലാം ബന്ധുക്കളാണ്. മിക്ക അടുക്കളകളിലും അവർക്കൊരു പങ്കുണ്ട്.
ശോഷിച്ച ശരീരമുള്ള ക്ടാവിനെ നോക്കി ജിമ്മിയും ഓട്ടോറിക്ഷയും നിന്നു. കളിയ്ക്കാൻ പുതിയൊരു കൂട്ട് കിട്ടിയ പ്രതീതി. പക്ഷെ അവർ എത്ര വിളിച്ചിട്ടും ക്ടാവ് കിടന്നിടത്തുനിന്ന് എണീറ്റില്ല. പട്ടികളുടെ സർക്ക്സ് കൂടിയപ്പോൾ അമ്മ പശു മരത്തിനു ചുറ്റും കിടന്നു കറങ്ങിയിട്ടു ഉറക്കെ ഒന്ന് അമറി. പട്ടികൾ കയ്യാല കേറി .
അടുത്ത അതിഥികൾ വരും മുൻപ് ഞങ്ങളുടെ ജോലികൾ തുടങ്ങണം. ക്ടാവ് ഇതുവരെ എണീറ്റിട്ടില്ല.
വരാന്തയിൽ കസേരയിട്ട് അപ്പ ഇരുന്നു. ജോർജ്ജ് ഒരു ചേരുവത്തിൽ ചൂട് വെള്ളം കൊണ്ടുവന്നു. അമ്മച്ചി ഇടയ്ക്കിടയ്ക് ഇടനാഴിയുടെ ഗ്രില്ലിൽ പിടിച്ചു നിന്ന് ” ശ്ശൊ കർത്താവേ, ക്ടാവിനു ആവതില്ലലോ ” എന്നുരുവിട്ടു എന്നുരുവിട്ടു കൊണ്ടേ ഇരുന്നു.
നാട് മുഴുവൻ ലോക്ക് ഡൌൺ ആയതുകൊണ്ട് വല്ലപ്പോഴും തുറക്കുന്ന കടകളിലൊന്നും ഗോതമ്പുമ്മിയും, പെല്ലറ്റും, പിണ്ണാക്കും കിട്ടാനില്ല. അതുകൊണ്ട് പച്ചരി വെള്ളത്തിലിട്ടു വേവിച്ചു അമ്മ കൊണ്ടുവന്നു. പെറ്റുകിടക്കുന്ന വയറിനു എന്തെങ്കിലും വേണം.
“രാജുവേ, ക്ടാവ് എന്നതാന്നു ഒന്നുടെ നോക്കിയെരു.. നമ്മുടെ തൊഴുത്തിൽ പശു കുട്ടി ജനിച്ച ചരിത്രമില്ല. മോളമ്മേടെ രണ്ടാം പ്രസവം ഒഴിച്ച് നിർത്തിയാൽ ബാക്കി എല്ലാം മൂരികൾ. ഒന്നുടെ ഒന്ന് നോക്കിയേര്…”
അപ്പന്റെ പറച്ചിൽ കേട്ട് രാജു ചേട്ടൻ ക്ടാവിനെ മലർത്തി കിടത്തി നോക്കി.
Good one.. Keep writing .
Waiting for the next part. Good one Arun
Very good narration. Well done.
[…] കോട്ടയം കുര്‍ബ്ബാന കഥയുടെ ഒന്നാം ഭാഗം ഇവിടെ വായിക്കാം. […]
💚