ഓണ്‍ലൈന്‍ പഠനമല്ല, ഓഫ്ലൈന് നയങ്ങളാണ്, ഗുരുതരമായ വെല്ലുവിളി!
ജൂണ്‍ ഒന്നാം തീയതി വളാഞ്ചേരി ഇരിമ്പിളിയത്ത് ദേവിക എന്ന പത്താം ക്ലാസ്സുകാരി ആത്മഹത്യ ചെയ്തിരുന്നു. അന്നേ ദിവസം തന്നെയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഫസ്റ്റ് ബെല്‍ എന്ന പേരില്‍ വിക്റ്റെഴ്സ് ചാനലിലും, വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചത്. ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ മനഃപ്രയാസത്തിലായിരുന്നു ദേവിക എന്ന് മാതാപിതാക്കള്‍ പറഞ്ഞിരുന്നു. ദേവികയെ കുറിച്ചും ഓണ്‍ലൈന്‍ പഠനത്തെ കുറിച്ചു ചിന്തിക്കാന്‍ പോലുമാകാത്ത കുഞ്ഞുങ്ങളെ കുറിച്ചും സാമൂഹിക പ്രവര്ത്തകന് ഇ.പി. കാര്‍ത്തിക്ക് എഴുതിയ കുറിപ്പ്.
ദേവിക എന്ന കുട്ടി ജീവന് വെടിയാന്‍ കാരണം കേവലം ടി.വിയില്‍ ക്ലാസ്സ് കാണാന്‍ കഴിയാത്തതാണെന്നു ആരാ പറഞ്ഞത്?. അതൊരു നിമിത്തം മാത്രമായേക്കാം. കേടായ ടി.വി നന്നാക്കാന്പോലുമാവാത്ത ദേവികയുടെ മാതാപിതാക്കളുടെ ജീവിതസാഹചര്യം എന്താണെന്നു കൂടി നാം പരിശോധിക്കേണ്ടതല്ലേ?
മുടി നീട്ടി വളര്ത്തിയെന്നതിന്റെ പേരില്‍ ജീവന് ത്യജിക്കേണ്ടി വന്ന വിനായകന്റേതും കേവലമായ ഒരു വൈകാരികതയാണോ? ലോക്ക് ഡൗണ്‍ കാരണം ജോലി നഷ്ടപ്പെട്ട ഒരു പിതാവ് ആത്മഹത്യ ചെയ്തതും കേവലം ഒരപകടമാണോ? താരതമ്യക്കാര്‍ ഇതും കൂടി പരിശോധിക്കണം. ഇങ്ങനെ ചില ജീവനുകള്‍ പൊലിയാനുള്ള രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങള്‍ നിലവിലുണ്ട്. കൊറോണയുടെ പ്രതിസന്ധി കൂടിയായതോടെ അത് കൂടുതല്‍ ഗുരുതരമാവുകയും ചെയ്തു. അപ്പോള്‍ രോഗപ്രതിരോധത്തിനുള്ളതുപോലെ കൂടുതല്‍ കരുതല്‍ എല്ലാ മേഖലയിലും വേണ്ടതല്ലേ?
എന്തുകൊണ്ടാണ്, പാലും പഴവും നല്കി, നല്ല വസ്ത്രങ്ങള്‍ നല്കി, നല്ലൊരു ബെഡ് കിടക്കാന്‍ നല്കി ദേവികയെപ്പോലുള്ള കുട്ടികളെ മാതാപിതാക്കള്‍ക്ക് വളര്ത്താനാവാതിരുന്നത്.
സാമൂഹികവിഷയങ്ങളില്‍ അതീവജാഗ്രത പുലര്‍ത്തുന്ന ഏതൊരാളെ സംബന്ധിച്ചും ഏതൊരു ആത്മഹത്യയും വേദനാജനകമാണ്. അത് കേവലമായ ഒരു വൈകാരികതയല്ല. ദേവികയുടെ ഹത്യ വൈകാരികമായ ഒരു എടുത്തുചാട്ടമായിരുന്നുവെന്നാണ് നിര്‍ഭാഗ്യവശാല്‍ ചിലരുടെ പ്രതികരണം. മാത്രമല്ല, വളര്‍ത്തുദോഷമാണെന്നു വരെ വിശദീകരിക്കാവുന്ന ചില കമന്റുകളും കണ്ടു. അത് വേറൊരര്‍ഥത്തില്‍ ശരിയാണ്. പൊതുസമൂഹത്തിലെ കുട്ടികളെപ്പോലെ തങ്ങളുടെ മകളെ വളര്‍ത്താനുള്ള സാമൂഹികസാഹചര്യം അവര്‍ക്കുണ്ടായിരുന്നില്ല. അവരുടെ വീട് നോക്കൂ, ആ കുടുംബത്തില അംഗങ്ങളുടെ ശാരീരികാവസ്ഥ നോക്കൂ. അത് എങ്ങനെയാണ് സംഭവിച്ചത്. എന്തുകൊണ്ടാണ്, പാലും പഴവും നല്കി, നല്ല വസ്ത്രങ്ങള്‍ നല്കി, നല്ലൊരു ബെഡ് കിടക്കാന്‍ നല്കി ദേവികയെപ്പോലുള്ള കുട്ടികളെ മാതാപിതാക്കള്‍ക്ക് വളര്ത്താനാവാതിരുന്നത്. പഠിക്കുമ്പോള്‍ കട്ടന്‍കാപ്പിയെങ്കിലും നല്കാനാവാത്ത സാഹചര്യം എങ്ങനെയുണ്ടായി. ഇങ്ങനെ വിഷയത്തെ സാമൂഹികവും രാഷ്ട്രീയവുമായി കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോഴാണ് ദേവികയുടേതുപോലുള്ള ജീവിതങ്ങളുടെ ആഴം അറിയാനാവുക. അതിനു കഴിയാത്തവര്‍ക്ക് അശ്ലീലം കലര്‍ന്ന മറ്റൊരു ന്യായീകരണത്തിനും സാധ്യമാണ്. ദേവികയെപ്പോലെ സമാനമായ ജീവിതസാഹചര്യമുള്ള മറ്റു കുട്ടികള്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്യുന്നില്ല, ചെയ്തില്ല. ഈ ചോദ്യംപോലെ ക്രൂരമാണ് ദേവികയുടെ കൊച്ചുജീവിതത്തിനുനേരെയുണ്ടായ പ്രതികരണങ്ങള്‍.
ഓണ്‍ ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ആദ്യത്തെ ക്ലാസെടുത്ത ബഹുമാന്യരായ അധ്യാപികമാരെ അവഹേളിച്ചതും കേവലമായ ഒരു വൈകാരികതയായി ഞാന്‍ കാണുന്നില്ല. അത് നമ്മുടെ പൊതുബോധത്തിന്റെ പ്രശ്നമാണ്. ആ പൊതുബോധം നിര്‍മ്മിച്ചെടുക്കുന്നതിന് അടിസ്ഥാനമായ പ്രത്യയശാസ്ത്രത്തിന്റെ പ്രകടനമാണ്. ദേവിക ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യങ്ങളെപ്രതിയാണ് നാം വ്യാകുലരാകേണ്ടത്. അത് ഏത് കാരണം കൊണ്ടായാലും.
കേരള സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസം കാലത്തിന്റെ ആവശ്യമാണ്. അക്കാര്യത്തിലും ആര്‍ക്കും സംശയമില്ല. ആ പദ്ധതിയെ തല്ക്കാലം വിമര്‍ശിക്കാനുമില്ല. എന്നാല്‍ അത് നടപ്പാക്കുന്നതില്‍ വരുന്ന വീഴ്ചകളെ കണ്ടില്ലെന്നു നടിക്കാനുമാവില്ല. അതാണ് പ്രശ്നം. ദേവികയുടെ ജീവന്‍വച്ച് സംസ്ഥാന സര്‍ക്കാരിനെ താറടിക്കാന്‍ എനിക്ക് യാതൊരു താല്പര്യവുമില്ല. അത് അധികാരരാഷ്ട്രീയവുമായി ബന്ധപ്പെട്ട അശ്ലീലതയാണ്. അതിലെനിക്കു താല്പര്യമില്ല. മാത്രമല്ല, കോവിഡ് പ്രതിസന്ധിയില്‍ മെച്ചപ്പെട്ട പ്രതിരോധപ്രവര്‍ത്തനം നടത്തുന്ന ഒരു സര്‍ക്കാരാണ് ഇവിടെയുള്ളത് എന്ന ബോധ്യവും എനിക്കുണ്ട്.
മനസ്സു നിറഞ്ഞ് ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും സൗകര്യങ്ങളില്ലാത്തവരുടെ പേരിലാണ് വികസനത്തിന്റെ പുതിയ ലോകം ഉയരുന്നത്.
ചെറിയ വരുമാനമുണ്ടായിരുന്ന എന്നേപ്പോലുള്ളവര്ക്കുപോലും ഇപ്പോഴും നല്ലൊരു സ്മാര്‍ട്ട് ഫോണ്‍ സ്വപ്നമാണ്. അപ്പോഴാണ് തീരെ ഗതിയില്ലാത്ത ആദിവാസികളടക്കമുള്ളവര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍. നല്ലൊരു ടി.വി സ്വപ്നത്തില്‍ മാത്രം കാണുന്നവര്‍ക്കാണ് ക്വാറന്റൈന് ഡിജിറ്റല്‍ ക്ലാസ്. ഒരു ടാബ്ലെറ്റെങ്കിലും (ലാപ് ടോപല്ല) വാങ്ങിക്കൊടുക്കാന്‍ ഗതിയില്ലാത്തവരോടാണ് വരേണ്യവല്‍കൃത ഉദാരത.
മനസ്സു നിറഞ്ഞ് ഉണ്ണാനും ഉടുക്കാനും ഉറങ്ങാനും സൗകര്യങ്ങളില്ലാത്തവരുടെ പേരിലാണ് വികസനത്തിന്റെ പുതിയ ലോകം ഉയരുന്നത്. എല്ലാ ഭൗതികസാഹചര്യങ്ങളില്നിന്നും അയിത്തം കല്പിക്കപ്പെട്ടവരുടെ ശ്വാസം മുട്ടല്‍ (ജോര്‍ജ് ഫ്ളോയിഡിനു തുല്യം) മൂലധനശക്തികളുടെ താല്പര്യങ്ങള്ക്ക് കേള്‍ക്കാനാവില്ല.
എന്നും ലാസ്റ്റ് ബെല്‍ മാത്രം കേള്‍ക്കാന്‍ വിധിക്കപ്പെട്ട ലക്ഷോപലക്ഷങ്ങളുടെ വികസനത്തിനായി നീക്കിവച്ചതും ചെലവഴിക്കപ്പെടാത്തതുമായ കോടികളില്‍നിന്ന് ഒരംശം മാത്രം മതി താല്‍ക്കാലിക പരിഹാരത്തിന്. അതിനു വിദ്യാഭ്യാസത്തെയും വികസനത്തേയും സംബന്ധിച്ച മുതലാളിത്ത പരിഹാരങ്ങള്‍ പോരാ.
എന്തുകൊണ്ടാണ് വിദ്യാഭ്യാസമേഖലയില്‍ രക്തസാക്ഷികളാവുന്നതില്‍ 99 ശതമാനവും ദലിത്, ആദിവാസി കുട്ടികളാകുന്നത് എന്ന് ഭരണാധികാരികളുടെയും സാമൂഹികരാഷ്ട്രീയ പ്രവര്‍ത്തകരുടെയും ചിന്തയില്‍ വരാത്തത്. അത് കൃത്യമാണ്. ഇവിടെ നിശ്ചിതമായ ഒരു വ്യവസ്ഥയുണ്ട്. ആ വ്യവസ്ഥയില്‍ വിദ്യ എന്നത് ശ്രേഷ്ഠമായ ഒന്നാണ്. അവിടെ അയിത്തജാതിക്കാര്‍ക്ക് ജനാധിപത്യം അല്ലെങ്കില്‍ സാമൂഹികനീതി എന്നത് അഭിലഷണീയമല്ല. പുറംപോക്കിലുള്ളവര്‍ എന്നും പുറംപോക്കില്‍ തന്നെയാവണം.
“ഈ ലോകത്തോട് വിട” എന്നു എഴുതിവച്ചുുകൊണ്ടാണ് രജനി എസ് ആനന്ദ് പ്രവേശനപരീക്ഷാ കമ്മീഷണറുടെ ഓഫീസ് കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ഇതാ ഇപ്പോള്‍ “ഞാന്‍ പോകുന്നു” എന്നു എഴുതിവച്ച് ദേവിക എന്ന കുട്ടിയും ജീവന് വെടിഞ്ഞു. ഈ കുട്ടികളെല്ലാം ആത്മഹത്യ ചെയ്തതിനു മറ്റു കാരണങ്ങള്‍ ഉണ്ടെന്നു സംശയിക്കുന്നവര്‍ക്ക് ഈ വാക്കുകളുടെ ആഴം എളുപ്പത്തില്‍ മനസ്സിലാവില്ല.