പക്ഷേ, പണിക്കര്‍ സാര്‍ അവരെയും വെറുതേ വിടില്ല. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് നിഘണ്ടുവില്‍ അക്ഷരത്തെറ്റുണ്ടെന്നു കണ്ടുപിടിച്ചുകളഞ്ഞു ഈ മലയാളി, അമ്പട!

മുടിയില്ലാത്തതിനാല്‍ കഷണ്ടി മറയ്ക്കാന്‍ തൊപ്പി വയ്ക്കുന്നവരുണ്ട്. എന്നാല്‍ തലയുളളതു കൊണ്ടു മാത്രം തൊപ്പിവച്ച ഒരാളേയുള്ള മലയാളത്തില്‍ – അയ്യപ്പപ്പണിക്കര്‍.
അപ്പോള്‍ മറ്റുള്ളവരുടേതൊന്നും തലയല്ലിയോ?
തലപോലെ ഒരെണ്ണം എല്ലാവരുടെയും കഴുത്തിനു മേലുണ്ടല്ലോ.
അതുകൊണ്ടെന്തു കാര്യം?

അല്ലെങ്കില്‍ വേണ്ട, മരണത്തെ നമ്മളൊക്കെ എങ്ങനാ കണ്ടുപോന്നത്? ‘യമന്റെ’ വകുപ്പില്‍പ്പെട്ട ഒരേര്‍പ്പാടാണ് മരണം. പക്ഷേ, പണിക്കര്‍ക്ക് അത് ‘യവന്റെ’ കലാപരിപാടിയാണ്.

ഈ വയസ്സാന്‍ കാലത്ത് ആയുസ്സിന്റെ അധിപനായവന്റെ മുഖത്തുനോക്കി കൂസലില്ലാതെ ഇങ്ങനെ പറഞ്ഞിട്ടുണ്ട്.
‘ആയുസ്സിന്നധിപനായാരുണ്ടു ഭൂമിയില്‍ അവനെനിക്കേകട്ടെ നവയൗവനം
കാലം തിരുത്തിക്കുറിക്കേണമെന്റെയീ-
ക്കതിരുകള്‍ വീണ്ടും ജ്വലിപ്പിക്കണം.
ഉടല്‍ക്കതിനയുടെ കുറ്റിക്കു തീ കൊടുക്കേണ, മെന്‍
നനവുളള ഭൂമിയുടെ കൊതി തീര്‍ക്കണം
പിന്നെ, മൃതി വരുകിലെന്നോ വരട്ടെ, വരട്ടവന്‍!

മരണത്തിന്റെ മുഖത്തുനോക്കി ഇത്രയ്ക്കു താന്‍പോരിമയോടെ ആരെങ്കിലും സംസാരിച്ചിട്ടുണ്ടോ? ഇങ്ങനെ കൂസലില്ലാതെ വെല്ലുവിളിച്ചിട്ടുണ്ടോ?

വരണം, വരന്‍ മാത്രമാസന്നമായിപ്പോയി മരണം, സനാതനനിയമം ലംഘിക്കാമോ?
എന്ന് മരണം കാത്തു കഴിഞ്ഞവരുണ്ട് – ഒട്ടും ഇഷ്ടമില്ലാതെ. സനാതന നിയമമായതു കൊണ്ടു മാത്രം മരണത്തിനു കീഴ്‌പ്പെട്ടു കൊടുത്തവരാണ് മിക്കവരും.

എന്നാല്‍ പണിക്കര്‍ അക്കൂട്ടത്തില്‍പ്പെടില്ല. ചെവികളില്‍ ചാടൂക്തി ചൊരിയുന്ന കാമുകിയാണ് മരണം. സന്ധ്യപോലെ സുന്ദരി. നര്‍മ്മം ചൊരിയുന്നവള്‍. മര്‍മ്മര വിലാസങ്ങളെ തഴുകുന്നവള്‍. ചെറുതെന്നലില്‍ കുളിരിളക്കി വരുന്നവള്‍. അധര ദലത്തിന്റെ താംബൂല മാധുരി തരുന്നവള്‍. ഭുജംഗവലയങ്ങളാല്‍ പുണര്‍ന്നു മുറുകുന്നവള്‍.

അതുകൊണ്ടല്ലേ അവളെ വിളിച്ചത്? വരിക ഘനശൈത്യമേ, വരികന്ധകാരമേ വരിക, മരണത്തിന്റെ മൂഢാനുരാഗമേ
ഒടുവില്‍!
അവള്‍ വന്നു!! ഗാഢമായി പുണര്‍ന്നു!!! ഇനിയിങ്ങോട്ടില്ലാത്തവിധം ആ നിത്യകാമുകനെയും വഹിച്ച് ആകാശത്തേരിലേറി അവള്‍ യാത്രയായി.

അവര്‍ എവിടേക്കാണു പോയത്?
അങ്ങകലത്തൊരു കാടുണ്ടേ,
നമുക്കങ്ങോട്ടു പോകണ്ടേ?
അവിടെച്ചെന്നൊരു കുടിലും കെട്ടി
പാര്‍ക്കാം, പാര്‍ക്കു ചെയ്യാം!
അതേ, പാര്‍ക്കാന്‍ പോയടത്ത് പാര്‍ക്ക് ചെയ്തിരിക്കുകയാണ് കവിയും കാമുകിയും!!

അപ്പോള്‍, ഇനിയൊരു കറുത്ത ഫലിതം കേള്‍ക്കാന്‍ മലയാളികള്‍ എന്തു ചെയ്യും? അയുക്തിയുടെ ലോജിക്കുകള്‍ നിരത്തി യുക്തിയെ പ്രതിരോധിക്കേണ്ടി വരുമ്പോള്‍ ഒരു കുറുമ്പു ചോദ്യം കടം തരുമോ എന്നാരോടു ചോദിക്കും?

ഇപ്പോള്‍ മൊബൈല്‍ ഫോണുള്ള കാലമല്ലിയോ? ആകാശ സീമകള്‍ക്കപ്പുറത്തേക്കും അതിന്റെ റേഞ്ച് വളരുവാണല്ലോ. പിന്നെന്ത്? വിളിക്കണം സാറേ, വിളിക്കണം.

കഴിഞ്ഞമാസം വിളിച്ചപ്പഴ് എന്നതാ പറഞ്ഞത്? ‘വയ്യപ്പപ്പണിക്കര്‍’ എന്നോ? അതെല്ലാം സാറിന്റെ പതിവു തമാശയെന്നല്ലേ, നമ്മള്‍ മലയാളികള്‍ നിനച്ചത്.

എന്നാത്തിനാ സാറിനെ വിളിച്ചത്? ശബരിമല വിവാദത്തില്‍ സാറിന്റെ പ്രതികരണമെന്താണ്? കൊക്കക്കോള നിരോധനത്തില്‍ സാറിന്റെ പ്രതികരണമെന്താണ്? സ്വാശ്രയ പ്രശ്‌നത്തില്‍ സാറിന്റെ പ്രതികരണമെന്താണ്? ഇന്ത്യന്‍ സന്ദര്‍ശനം കഴിഞ്ഞു മടങ്ങാന്‍ നേരം അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് അധോവായു വിട്ടിരിക്കുന്നു. സാറിന്റെ പ്രതികരണം എന്താണ്?

ഇതിനൊക്കെയല്ലേ നമ്മള്‍ സാറിനെ വിളിച്ചോണ്ടിരുന്നത്. എന്നിട്ട് സാറ് പറഞ്ഞതോ?
ഞാന്‍ പ്രതികാരിയല്ല. അപ്പോള്‍ ഈ സ്ഥിരം പ്രതികരണക്കാരായ (പ്രതികാരികളായ) സാംസ്‌കാരിക നായകന്മാരുടെ കാര്യമോ? പോയി വായീര്. അവരെപ്പറ്റി എന്തുവാ എഴുതിയിരിക്കുന്നത്.

എവിടെയൊരു യുദ്ധമു
ണ്ടെവിടെയൊരു ക്ഷാമമു
ണ്ടെന്നു കേട്ടീടിലും
കവിതയെഴുതീട്ടതും
കാശാക്കി മാറ്റുന്നു
ബഹുജനഹിതാര്‍ത്ഥം
ജനിച്ചു ജീവിപ്പവന്‍.

അപ്പോള്‍ നമ്മുടെ പണിക്കര്‍സാര്‍ ജനിച്ചു ജീവിച്ചതിന്റെ ദൗത്യമെന്തായിരുന്നു? അങ്ങനെ നേരാം വണ്ണമുള്ള ചില ചോദ്യങ്ങള്‍ ചോദിക്കുക. ഉത്തരം കിട്ടിയില്ലെങ്കിലോ? നടത്തുക. ഗോവേഷ ഗവേഷണം.

അപ്പോഴറിയാം! ലോകകവിതയുടെ ധിഷണയെ മലയാള കവിതയുടെ സൗന്ദര്യത്താല്‍ ജ്വലിപ്പിച്ച ഒരു മഹാകവിയെ!! മഹാകവിയെന്നു വിളിക്കേണ്ടെന്നാണ് സാറിന്റെ കല്പന. അങ്ങനെ വിളിക്കാം. മരിച്ച് 50 കൊല്ലം കഴിഞ്ഞശേഷം ആരെങ്കിലും ഓര്‍ക്കുന്നുണ്ടെങ്കില്‍ മാത്രം.

‘ഓര്‍ത്തോര്‍ത്തോര്‍ത്തോര്‍ത്തിരിക്കുമ്പോള്‍’ ഓക്കാനിക്കേണ്ട സംഗതിയാണെങ്കിലോ? പിന്നെന്തോന്ന് കവി?

പണിക്കരെപ്പറ്റി എഴുതുന്നത് നിര്‍ത്ത്!
പണിക്കര്‍ ആധുനികത കൊണ്ടുവന്ന്
കവികളെ ഞെക്കിക്കൊല്ലുന്നു.
ചങ്ങലയില്‍ക്കിടന്നു കിടുങ്ങുന്ന ഹൗറ, ചൗരംഗിത്തെരുവില്‍ കടലകൊറിക്കുന്ന വര്‍ത്തമാനകാലം.
ഹുഗ്ലി, നീ കവിതയല്ല
ഒരഴുക്കുചാല് .
ഒരു കലപ്പക്കീറ്. ഇതെന്ത് ഉന്മാദമോ?

അയല്‍ക്കാരു പട്ടടത്തീയില്‍ വേവുമ്പോള്‍ പപ്പടം ചുട്ടു കടിക്കാന്‍ തോന്നണമെങ്കില്‍ ഉന്മാദിയാവാതെ വയ്യ. ഉരുണ്ടു പിരണ്ടു വിരണ്ടുകൊണ്ടോടുന്ന കാലത്തെ കാലാല്‍ തൊഴിക്കാന്‍ ഉന്മാദിക്കല്ലാതെ ആര്‍ക്കാണു കഴിയുക? നട്ടെല്ലു തെല്ലു വളഞ്ഞു കിട്ടാന്‍ കൊതിച്ചിട്ടുണ്ട്. ഒന്നു കുട്ടിക്കരണം മറിയാന്‍. പക്ഷേ, നട്ടെല്ലു വളഞ്ഞില്ല; ഒരിടത്തും.

അങ്ങനെ എന്തൊക്കെ കൊതിച്ചിട്ടുണ്ട്. ?
കുഞ്ഞുന്നാളിലെ ഏറ്റവും വലിയ ദുഃഖം തന്റെ നാട് കുന്നില്ലാത്ത നാടായിപ്പോയതിലായിരുന്നു. പിന്നെ ആ ദുഃഖം തീര്‍ന്നു. കുന്നായ്മകളുടെ കുന്നുകള്‍ എത്രയെത്ര കണ്ടു! എന്തേ വയലാര്‍ അവാര്‍ഡ് വേണ്ടെന്നു വച്ച് കതകടച്ചത്? പാതി ചാരിയ ജാലകപ്പഴുതിലൂടെ കണ്ടത് കുന്നായ്മക്കാരെ ആയിരുന്നോ?

ആവോ ആര്‍ക്കറിയാം! അവാര്‍ഡ് വച്ചു നീട്ടുന്നവരെയും അവാര്‍ഡ് തട്ടിത്തെറിപ്പിക്കുന്നവരെയും ഒരുപോലെ കാണണമെങ്കില്‍ ഋഷി തുല്യനായാല്‍ പോരാ; ഋഷിതന്നെയാവണം. വൈസ് ചാന്‍സലറാക്കാമെന്നു പറഞ്ഞാല്‍ ഇളകുന്ന ആളായിരുന്നില്ല ധിഷണയുടെ ഈ ചാന്‍സലര്‍.

നോബല്‍ ജേതാവ് വില്യം ഗോള്‍ഡിംഗ് കേരള സര്‍വകലാശാലയില്‍ വന്ന് മംഗ്ലീഷ് സംസാരിക്കുന്ന കുട്ടികള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിച്ചു കൊടുത്തത് സര്‍വകലാശാലയുടെ കേമത്തം കണ്ടിട്ടല്ല. പണിക്കരു സാറിന്റെ ക്ഷണം നിരസിക്കാന്‍ വയ്യാത്തതുകൊണ്ടു മാത്രമായിരുന്നു – പിന്നല്ലേ, ആ കലാശാലയിലെ വൈസ് ചാന്‍സലര്‍ പദവി.

തിരിച്ചു വിളിക്കാന്‍ കഴിയാത്തത്ര വലിയൊരു പദവിയിലാണ് ഇപ്പോള്‍. ആകാശസീമകള്‍ക്കപ്പുറത്ത് അനശ്വരതയില്‍. അവിടെയിരുന്ന് പണിക്കരു സാറ് പാടുന്നതു കേട്ടില്ലേ?
‘ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം ബോറനാമെന്നെ നീ കാക്കുമാറാകണം.

സംഗതിയുടെ കിടപ്പ് ദൈവത്തിനുപോലും പിടികിട്ടുന്നില്ല. അല്ലെങ്കിലും എങ്ങനെ പിടികിട്ടാനാ?
മോഷ്ടാക്കളെയും കള്ളന്മാരെയും തിരിച്ചറിയാത്തവരല്ലേ നമ്മള്‍? നല്ലതു വല്ലോം മോഷ്ടിച്ചാല്‍ അത്തരക്കാരെ കള്ളനെന്നു വിളിക്കും. ആ കള്ളനെക്കുറിച്ചു കവിത രചിച്ചാലോ? അതിനെ കാര്‍ട്ടൂണ്‍ കവിതയെന്നു വിളിക്കും.

അത്ര പ്രസിദ്ധമൊന്നുമല്ലാത്ത ഒരു കവിതയുണ്ട്. പ്രളയം. രണ്ടര രൂപാ കണക്കു പറഞ്ഞവള്‍ മുണ്ടുവിരിച്ചു കിടന്നു തകിടിമേല്‍. അപ്പോള്‍ കവിക്ക് ആശ്വാസം. ഇവിടെ വില്പനനികുതിയില്ലല്ലൊ. പിന്നെ ഉടല്‍ വില്ലായി കുലച്ചു. പഞ്ചബാണങ്ങള്‍ തൊടുത്തു. പ്രളയം വന്നു, ഇനി വേണ്ടത് സ്യഷ്ടിയാണ്. മത്സ്യകൂര്‍മ്മാദികള്‍. പക്ഷേ, സൃഷ്ടിയില്ലാത്ത പ്രണയമായിരുന്നു അത്. നികുതിയില്ലാത്ത കച്ചവടം പോലെതന്നെ. അവിടെയും തീര്‍ന്നില്ല.

എല്ലാം കഴിഞ്ഞുപോകുമ്പോളയാളുടെ
വല്ലായ്മ കണ്ടു കനിഞ്ഞു പറഞ്ഞവള്‍
അമ്പതു പൈസ സാര്‍ കൊണ്ടുപോയാട്ടിന്നു
വണ്ടിയില്‍ കേറുക കാല്‍നട വേണ്ടിനി.
എന്നിട്ടും അയാള്‍ വണ്ടിയില്‍ കേറിയില്ല. കണ്ണില്‍ വിളക്കുമായി കാത്തിരിക്കുന്ന അമ്മയെത്തേടി അയാള്‍ വണ്ടികേറാതെ വിട്ടിലെത്തി. അപ്പോള്‍ ആ അമ്പതു പൈസ എവിടെപ്പോയി? പ്രളയജലത്തില്‍ മുങ്ങിപ്പോയോ?

ദൈവമായാവും ചെകുത്താനായാലും പണിക്കര്‍ക്ക് തുല്യമാണ്. ചാരിത്ര്യവതിയുടെ പാതിവ്രത്യം മാത്രമല്ല, വേശ്യയുടെ ആര്‍ദ്രതയും പണിക്കര്‍ കാട്ടിത്തന്നിട്ടുണ്ട്.
കവിതയില്‍ മാത്രമല്ല കുറുമ്പും കുസൃതിയുമുള്ളത്. ജീവിതവും ഈ കുറുമ്പിന്റെ വഴികളിലൂടെയാണ്.

എന്‍.വി. കൃഷ്ണവാരിയരുടെ എഡിറ്റിംഗ് പ്രസിദ്ധമാണ്. സുഗതകുമാരിയും വിഷ്ണുനാരായണന്‍ നമ്പൂതിരിയും മറ്റും വേ ണ്ടുവോളം അനുഭവിച്ചിട്ടുണ്ട് കൃഷ്ണവാരിയരുടെ എഡിറ്റിംഗ്. ഒരിക്കല്‍ അയ്യപ്പപ്പണിക്കര്‍ കൃഷ്ണവാരിയരുടെ പേരില്‍ മാതൃഭൂമിയിലേക്കു കവിത അയച്ചു. കവിത സ്വീകരിച്ച വാരിയര്‍ പ്രസിദ്ധീകരിക്കാന്‍ ഫോട്ടോ കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടു.

ഫോട്ടോ അയച്ചു കൊടുക്കുമ്പോള്‍ പണിക്കര്‍ ഒരു കുസൃതിയൊപ്പിച്ചു. ‘ദയവായി ഫോട്ടോ എഡിറ്റ് ചെയ്യരുത്.’

മരണ ശയ്യയില്‍പ്പോലും മരിക്കാതെ നിന്നത് ഈ കുസൃതി തന്നെയായിരുന്നു. ശ്വാസകോശരോഗം മൂര്‍ച്ഛിച്ച് സംസാരിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുമ്പോള്‍ ഫോണ്‍ വിളിച്ചയാളോട് സാറെന്താ പറഞ്ഞത്? ‘ഞാനിപ്പോള്‍ സംസാര ദു:ഖത്തിലാണ്’

‘നീയറിയുന്നുവോ വായനക്കാരാ നീറുമെന്നുള്ളില്‍ നിറയും വ്യഥകള്‍’ എന്ന് കുരുക്ഷേത്രകാ ലത്തില്‍ ത്തന്നെ വായനക്കാരില്‍ നിന്നു മറച്ചുപിടിച്ച ഒരുപാടു വ്യഥകള്‍ പണിക്കര്‍ക്കുണ്ടായിരുന്നു.

ആരോ ഒരിക്കല്‍ പറഞ്ഞു. അക്ഷരങ്ങള്‍ക്കുപോലും പണിക്കരെ പേടിയാണത്രെ. നേരാംവണ്ണം അച്ചടക്കത്തോടും ഒതുക്കത്തോടും നിന്നു കൊടുത്താല്‍പ്പോലും സാറ് ചില അക്ഷരങ്ങളെ ചെവിക്കു പിടിച്ചു മാറ്റും. ക്‌ളാസിലെ കുട്ടികളെയെന്ന പോലെ.

പട്ടുപോലെ പതുപതുത്ത മുയലിനെപ്പറ്റി ഒരിക്കല്‍ സാറൊരു കവിതയെഴുതി. എന്തൊരു ‘ഫതുഫതുപ്പ്’ ഈ പുതപ്പിനകത്ത്. അങ്ങനെയൊരു വാക്ക് മലയാളത്തിലില്ല. അല്ലെങ്കില്‍ത്തന്നെ മലയാളത്തില്‍ അങ്ങനെയൊരു വാക്കില്ലെങ്കില്‍ സാറിനെന്താ? ഇല്ലാത്ത വാക്കുപയോഗിച്ചാല്‍ ആര്‍ക്കെങ്കിലും കവിത മനസ്സിലാവുമോ? മനസ്സിലാക്കാനുള്ളതല്ല കവിത. അനുഭവിക്കാനുള്ളതാണ്.

കൊത്തിക്കൊത്തി
കൊത്തിക്കയറുക കുഠാകു .
എന്തോന്നാ മനസ്സിലായത്? കുഠാകു ആരെന്നറിയുമോ? അത് സാറിന്റെ ഒരു സ്വകാര്യബിംബം. ഒരു മരംകൊത്തി മരത്തിലങ്ങനെ കൊത്തിക്കൊത്തി കൊത്തിക്കയറുന്നതു കാണുമ്പോള്‍ സാറിനു തോന്നി. അവനെ ‘കുറാകു’വെന്നു വിളിക്കാന്‍.

സാറിന്റെ ‘സരോവര’ത്തില്‍ ഒരിക്കലേ പോയിട്ടുള്ളൂ. കേരളകൗമുദിയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ബി.സി.ജോജോയുമൊത്ത്. സാറിന്റെ കവിതകളിലെ ബിംബകല്പനകള്‍ പഠിച്ച് ചുളുവില്‍ എം.ഫില്‍ അടിച്ചെടുത്തിട്ടുണ്ടെന്നു പറഞ്ഞപ്പോള്‍ സാറിനു കൗതുകം – ‘അമ്പട വമ്പാ’ എന്നു പഴയൊരു കവിതയിലെ തലക്കെട്ടു മോഷ്ടിച്ച നോട്ടവും. കവിത വായിച്ചാല്‍ മനസ്സിലാവുമോ എന്നായി അടുത്ത ചോദ്യം. ‘എങ്കില്‍ ഇതു കൊണ്ടുപോയി വായിക്ക്.” അവസാനമെഴുതിയ പത്തു മണിപ്പൂക്കളുടെ ഒരു കോപ്പി സമ്മാനിച്ചു കൊണ്ട് സാറ് പറഞ്ഞു.

വായന പിന്നെ നടത്തിക്കോളാം. സാറിന്റെ വക നാലു വരി ചൊല്ലണമെന്നായി. അപ്പോഴതാ, പണിക്കര്‍സാര്‍ നാലുവരി ചൊല്ലുന്നു. ആ ചൊല്ലിയത് ഏതു ഭാഷയിലാണ് ? ഇംഗ്ലീഷല്ല, മലയാളമല്ല. തമിഴോ കന്നഡയോ സംസ്‌കൃതമോ അല്ല. കേട്ട് ഒരൊറ്റ ഭാഷയിലെയും വാക്കുകള്‍ അതിലില്ല. ഇതേതു ഭാഷ? ഫ്രഞ്ചോ ലാറ്റിനോ? പിന്നെ മനസ്സിലായി. വാഗര്‍ത്ഥാവിവ സംപൃക്തൗ വാഗര്‍ത്ഥ പ്രതിപത്തിയേ – എന്നൊക്കെ വെറുതെ പറയന്നതാണ്. അര്‍ത്ഥമില്ലാതെയും വാക്കുണ്ടാവും; മനസ്സിലാവാതെയും കവിതയുണ്ടാവും. ‘ജഗതഃ പിതരൗ വന്ദേ’ എന്നല്ല മനസ്സില്‍ തോന്നിയത് ആ കുലപതിയുടെ മൂന്നില്‍ നമിക്കാനാണ്.

കം
തകം
പാതകം
കൊലപാതകം
വാഴക്കൊലപാതകം
നേന്ത്രവാഴക്കൊലപാതകം
എന്നൊക്കെ എഴുതിയിട്ട് കവിതയുടെ പിരമിഡ് തിര്‍ത്ത് അതിനുപുറത്തു വലിഞ്ഞുകയറിയ ആളല്ലേ സാറ്? ചൊല്ലിക്കേള്‍പ്പിച്ച നാലുവരി സാധനം കവിത തന്നെയന്നു വിശ്വസിക്കാനാണിഷ്ടം.

വക്രോക്തിയും വികടസരസ്വതിയും ആവോളം വഴങ്ങുന്ന നാവാണ് സാറിന്റേത്. അതുകൊണ്ടുതന്നെ മറ്റുള്ളവര്‍ തരളിത ഭാവങ്ങള്‍ക്കായി നീക്കിവച്ച മധുരകോമളകാന്ത പദാവലികളെ മൃത്യു പൂജയ്ക്കുളള അര്‍ച്ചനാപുഷ്പങ്ങളാക്കും പണിക്കര്‍ സാര്‍.
‘കാവ്യം യശേസേ അര്‍ത്ഥകൃതേ ശിവേതര ക്ഷതയേ’ എന്നൊക്കെയായിരുന്നു കവിതയെഴുതുന്നവരുടെ ലക്ഷ്യങ്ങള്‍. അത്യാവശ്യം യശസ്സ് കവിതയെഴുതാതെ തന്നെ ലഭിച്ച ആളാണ് പണിക്കര്‍. അര്‍ത്ഥത്തിനാണെങ്കില്‍ അദ്ധ്യാപക ജോലിയുണ്ട്. പിന്നെ ശിവേതരത്തിന്റെ കാര്യം. ഒന്നിനെയും അമംഗളകരമായി കാണാത്ത സാറിനെത് ശിവേതര ക്ഷതി? വേറൊരു ലക്ഷ്യമുണ്ടായിരുന്നു സാറിന്.

കാവ്യമീമാംസയിലൊന്നും പറഞ്ഞിട്ടില്ലാത്തത്. ചിലരുടെ കരണക്കുറ്റിക്കിട്ട് നാലു പൊട്ടിക്കണം. അതിനും കവിത ഉപകരിക്കുമെന്നു പണിക്കര്‍ക്കറിയാം. ചിലരില്ലേ. എളിയില്‍ കത്തി തിരുകി നടക്കുന്നു – അതുപോലെ. ‘അമ്മച്ചിക്ക് മലയാളമറിയാത്തതു കൊണ്ടല്ലേ അടിയന്തരാവസ്ഥക്കാലത്ത് കടുക്കക്കഷായത്തിന്റെ കയ്പപ് ഇന്ദിരാഗാന്ധിക്കു പിടികിട്ടാതെ പോയത്.

ഇംഗ്ലീഷിന്റെ തലതൊട്ടപ്പന്മാരാണ് ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി. ലോകത്തിലെ ഒരുമാതിരി വമ്പന്മാരെല്ലാം പഠിച്ച സര്‍വകലാശാലയാണത്. ഇംഗ്ലീഷിന്റെ കാര്യത്തില്‍ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിക്കു തെറ്റുപറ്റുമോ? പറ്റിയാല്‍ത്തന്നെ അതിനു പ്രയോഗസാധുതയായില്ലേ?

പക്ഷേ, പണിക്കര്‍ സാര്‍ അവരെയും വെറുതേ വിടില്ല. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് നിഘണ്ടുവില്‍ അക്ഷരത്തെറ്റുണ്ടെന്നു കണ്ടുപിടിച്ചുകളഞ്ഞു ഈ മലയാളി , അമ്പട!

എന്നിട്ടോ അക്കാര്യം അവരെ എഴുതി അറിയിച്ചു. അതാവരുന്നു. ക്ഷമാപണം. തെറ്റു ചൂണ്ടിക്കാണിച്ചതിനു നന്ദി.

വില്യം ഷേക്‌സ്പിയറിനെ ക്‌ളാസില്‍ അവതരിപ്പിക്കുമ്പാള്‍ ഇവിടെക്കിട്ടുന്ന നാലണപ്പുസ്തകങ്ങളും ഗൈഡുകളുമല്ല സാറു നോക്കിയിരുന്നത്. സംശയനിവൃത്തിക്കായി വിളിച്ചിരുന്നത് ഇംഗ്ലണ്ടിലേക്കായിരുന്നു. ആംഗസ് വില്‍സണെപ്പോലുള്ള യൂറോപ്യന്‍ വിമര്‍ശകരെ. അങ്ങനെയുള്ള ഒരാള്‍ക്കേ ഓക്‌സ്ഫഡ് ഡിക്ഷണറിയിലെ തെറ്റു കണ്ടുപിടിക്കാനാവൂ.

യുക്തിയെ അയുക്തികൊണ്ടു തോല്പിക്കാന്‍ സാറിനോളം കഴിവ് മറ്റാര്‍ക്കുമില്ല. ഇക്കാലമത്രയും ഗോപിക എന്താണു പറഞ്ഞുപോന്നത്? കൃഷ്ണനോടൊപ്പം ആടിപ്പാടാന്‍ ചെല്ലാത്തതിനാല്‍ തന്നെ അറിയില്ലെന്നായിരുന്നു ഗോപികയുടെ യു ക്തിവിചാരം. വിജനത്തില്‍, എകാന്തഭവനത്തില്‍, ഒറ്റയ്ക്കു തഴുതിട്ട കതകിന്റെ പിറകില്‍ തളര്‍ന്നിരിക്കുകയായിരുന്നു ഗോപിക.

അണിയല്‍ മുഴുമിക്കാതെ
പൊങ്ങിത്തിളച്ചു പാലൊ
ഴുകി മറിയുന്നതോര്‍ക്കാതെ
വിടുവേല തീര്‍ക്കാതെ ഉടുചേല
കിഴിവതും മുടിയഴിവതും കണ്ടിടാതെ
കരയുന്ന പൈതലേ പുരികം ചുളിക്കുന്ന
കണവനെക്കണ്ണിലറിയാതെ
എല്ലാം മറന്നോടിയെത്തിയിട്ടില്ല ഞാന്‍
വല്ലവികളൊത്തു നിന്‍ ചാരേ.

അതുകൊണ്ട് ‘കൃഷ്ണാ നീയെന്നെയറിയില്ല’ എന്നായിരുന്നല്ലോ സുഗതകുമാരിയുടെ ഗോപിക പാടിപ്പോന്നത്. ആ യുക്തിക്കൊരു മറുയുക്തിയുണ്ട്. ഇതൊന്നും ചെയ്യാത്തതുകൊണ്ടാണ് ഞാന്‍ നിന്നെ അറിയുന്നത്. ‘നിനക്കു നിന്‍ മാര്‍ഗം വിഭിന്നമാണതു ഞാനറിഞ്ഞെന്നുമറിയൂ’ എന്നു വിസ്തരിക്കുന്നുണ്ട് ‘വേല’കളും ‘ലീല’കളും നന്നായറിയുന്ന പണിക്കര്‍ സാറിന്റെ കൃഷ്ണന്‍.

പിന്നെയോ,
അറിയുന്നു ഞാനിതും കൂടി
മനുഷ്യന്റെ കണ്ണില്ലയെങ്കില്‍
മഴവില്ലിനെന്താണു ഭംഗി
ഹേ, ഗോപികേ, മനമില്ലയെങ്കില്‍
കണ്ണുകള്‍ക്കെന്താണു കാന്തി
ഹേ, ഗോപികേ? നീയില്ലയെങ്കില്‍
നിന്‍ വ്രത ഭക്തിയില്ലെങ്കില്‍
ഈ ശ്യാമകൃഷ്ണന്‍ വെറും
കരിക്കട്ടയെന്നറിയുന്നു ഞാന്‍
വീണ്ടുമറിയുന്നു ഞാന്‍.

കണ്ണീരൊഴുക്കി നടക്കുന്ന ഗോപികയെ കളിയാക്കലിലൂടെ സാന്ത്വനിപ്പിക്കുന്ന ആ കുസൃതിയുണ്ടല്ലോ, (വേലത്തരം) അത് സാറിന്റെ ജീവിതത്തിലുടനീളമുണ്ട്.

വേറൊരു രംഗം കാണാം. കാഷായവസ്ത്ര ധാരികളായ ചില സ്വാമിമാര്‍ ഒരു ചടങ്ങിനു സാറിനെ ക്ഷണിക്കാന്‍ ചെന്നു. സന്ധ്യാനേരം. പുറത്തു ലൈറ്റില്ല. സ്വാമിമാര്‍ അതു ശ്രദ്ധിച്ചു. പുറത്തു ലൈറ്റില്ലല്ലോ എന്നായി അവര്‍. അകത്തുപോയി സ്വിച്ചിട്ട ശേഷം സാറിന്റെ മറുചോദ്യം. ‘അകത്തല്ലേ ലൈറ്റ് വേണ്ടത്??

ഇപ്പോഴിതാ, ആ ലൈറ്റാണ് ഓഫായത്. ഇനി ദീപങ്ങളില്ല, ദീപ്തികളില്ല, വെളിച്ചം തരാന്‍ ആളില്ല. ചിറകുമായി പിറകേ പോയാലൊന്നും ആ പക്ഷി തിരികെ വരില്ല.

കള്ളനെന്ന വിളിപ്പേരില്‍നിന്നു രക്ഷിച്ചതിന്റെ നന്ദിയോടെ ഒരു മോഷ്ടാവ് എവിടെയോ നിന്നു കണ്ണീര്‍ വാര്‍ക്കുന്നു. മുതുവേലി പാപ്പാച്ചന്റെ മകള്‍ റോസിലിക്ക് ഇനി ആ കള്ളുകുടിയനില്‍ നിന്നു രക്ഷയില്ല. ളാച്ചിത്തള്ളയെ സ്മരിക്കാന്‍ പിന്മുറക്കാരില്ല. ഉപ്പാലിയുടെ മന്ദാരം ഇനി പൂക്കില്ല. കണ്ണാശുപ്രതിയുടെ പര്‍ണ്ണാശ്രമത്തിലിരുന്ന് കണ്വമഹര്‍ഷി ഇനി കടങ്കഥ പറയില്ല.

ഒരു താരകത്തെ വിഴുങ്ങുന്നു മേഘം
ഇരുളോ വിഴുങ്ങുന്നു കരിമേഘജാലം
ഇരുളിന്റെ കയമാര്‍ന്നുപോയ്
താരയൂഥങ്ങള്‍ ഇനി നീ വരൊല്ലേ വരൊല്ലേ.
ചിറകറ്റ പക്ഷിക്കു ചിറകുമായ് നീയിനി
പിറകേ വരൊല്ലേ വരൊല്ലേ.
അവസാനമവസാനമവസാനമീ യാത്ര
അവസാനമവസാനമല്ലൊ.

(വയലാര്‍ അവാര്‍ഡ് വച്ചു നീട്ടാനെത്തിയവര്‍ക്കു മുന്നില്‍ വാതിലടച്ച അയ്യപ്പപ്പണിക്കരുടെ ഈ നിമിഷം കാമറയിലാക്കിയ എസ് എസ് റാം ഇന്നില്ല. കേരള കൗമുദിയുടെ ചീഫ് ഫോട്ടൊഗ്രാഫറായിരുന്ന റാം ചെറുപ്രായത്തിലാണ് ഫ്രെയിമുകളിലൊതുങ്ങാത്ത വിഹായസ്സിന്റെ പടമെടുക്കാന്‍ പറന്നകന്നത്. അപൂര്‍വമായ ഈ നിമിഷത്തെ ഫിലിമിലേക്ക് ഫ്രീസു ചെയ്ത ആ സുഹൃത്തിന് പ്രണാമം!

ഫോട്ടൊയിലെ ആളാകട്ടെ ‘ചിരകാലമങ്ങനെ ചിതയില്‍തിന്നു പോയിട്ടും ചിതയിന്മേല്‍’ വയ്ക്കാന്‍ ചിലത് ബാക്കിയാക്കിയ ആള്‍. 2006 ആഗസ്റ്റ് 23 നായിരുന്നു മരണം. ആ വര്‍ഷം സെപ്റ്റംബര്‍ 3ന് ഇറങ്ങിയ കലാകൗമുദിയുടെ പ്രത്യേകപതിപ്പില്‍ ഒഴുക്കിയ തിലോദകമാണ് ഈ കുറിപ്പ്. മുപ്പത്തഞ്ചു വര്‍ഷത്തെ അക്ഷരോപജീവനത്തില്‍ വല്ലാതെ ഉള്ളില്‍ത്തട്ടി എഴുതിപ്പോയ ഒന്ന്. അയ്യപ്പപ്പണിക്കരെ കുറിച്ച് പിന്നീട് കാവാലം ആനന്ദ് സമാഹരിച്ച അനുസ്മരണക്കുറിപ്പുകളില്‍ ഉള്‍പ്പെടുത്തിയത്.)

4 1 vote
Rating

About the Author

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments