ബീവറിനായുള്ള വിപണി പിടിക്കാനായി യൂറോപ്പുകാർ അമേരിക്കയിൽ തദ്ദേശീയരെക്കൂട്ടി യുദ്ധങ്ങൾവരെ നടത്തിയിട്ടുണ്ട്.
ബീവറിനെ പറ്റി വിനയരാജ് വി. ആര്‍. എഴുതിയ കുറിപ്പ്.
വെള്ളക്കാർ അമേരിക്കൻ വൻകരയിലെത്തിയ 1500 കാലം മുതൽ മൂന്നു നാലു നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന വലിയ സാമ്പത്തിക മേഖലയായിരുന്നു ബീവറിന്റെ തോൽ ഉപയോഗിച്ചുകൊണ്ടുള്ള രോമക്കുപ്പായങ്ങളുടെയും തൊപ്പികളുടെയും അവയുടെ യൂറോപ്പിലേക്കുള്ള കയറ്റുമതിയുടെയും വിപണി. ആദ്യമാദ്യം അവർ ഈ ഉൽപ്പന്നം നാട്ടുകാരിൽ നിന്നും വാങ്ങി വിപണനം നടത്തുകയായിരുന്നു ചെയ്തിരുന്നത്. അതിനുപകരമായി നാട്ടുകാർക്ക് അവർ അവർ കണ്ടിട്ടില്ലാത്ത പലഉപകരണങ്ങളും ആയുധങ്ങളും നൽകി. അതിനൊപ്പം നൽകിയ മദ്യവും രോഗങ്ങളും പല നാട്ടുവർഗങ്ങളെയും തകർത്തുതരിപ്പണമാക്കുകയും അവയുടെ സംസ്കാരങ്ങളെ ഇല്ലാതാക്കുകയും പലതിനെയും എന്നേക്കുമായി അപ്രത്യക്ഷമാക്കുകയും ചെയ്തു. അമേരിക്ക-കാനഡ ചരിത്രത്തിന്റെ ഭാഗമായിത്തന്നെ തീർന്നതാണ് ബീവറിന്റേതോടൊപ്പം മറ്റുജീവികളുടേയും രോമക്കുപ്പായ വിപണനത്തിന്റെ കഥ.
മരം മുറിച്ച് ഇവയുണ്ടാക്കുന്ന അണക്കെട്ടുകൾ അവയ്ക്കുചുറ്റുമുള്ള പരിസ്ഥിതിയിൽ വലിയതോതിലുള്ള മാറ്റങ്ങളാണ് വരുത്തുന്നത്.
അമേരിക്കൻ ബീവറുകൾ അവയ്ക്കുള്ള ഒരു ജോടി ഗ്രന്ഥികളിൽ നിന്നു പുറപ്പെടുവിക്കുന്ന മഞ്ഞനിറത്തിലുള്ള കടുത്ത ഗന്ധമുള്ള ഒരു സ്രവമാണ് കസ്റ്റോറിയം. തങ്ങൾ ജീവിക്കുന്ന ചുറ്റുപാടിന്റെ അതിരുതിരിക്കാൻ മൂത്രത്തോടൊപ്പം ബീവറുകൾ ഇത് ഉപയോഗിക്കുന്നു. പെർഫ്യൂം ഉണ്ടാക്കാനും ഭക്ഷണം കേടാവാതെ സൂക്ഷിക്കാനും നിറമായും ഇവയ്ക്ക് ഉപയോഗങ്ങളുണ്ട്. ബീവർ വേട്ടക്കാർ ഈ കസ്തൂരി ഉപയോഗിച്ച് ബീവറുകളെ ആകർഷിച്ചുവരുത്തി പിടികൂടാറുണ്ട്, അതുകൂടാതെ യൂറോപ്പിലേക്കുകയറ്റി അയയ്ക്കുന്ന ഇവ പൂക്കളുടെ സൗരഭ്യമുള്ളൊരു സുഗന്ധദ്രവ്യം ഉണ്ടാക്കാനും ഉപയോഗിക്കാറുണ്ട്. “ഈ ജീവികളെയാണ് മിക്ക യൂറോപ്പുകാർക്കും പ്രിയം, ഈ ബീവറിൽ ഒരെണ്ണത്തിന്റെ തോലിനുപകരമായി ഇരുപതു കത്തികൾ പോലും കിട്ടാറുണ്ട്.” – എന്ന് അമേരിക്കയിൽ തദ്ദേശീയർ പറഞ്ഞിട്ടുണ്ട്. അതിപ്രധാനമായ ഒരു കീസ്റ്റോൺ സ്പീഷിസാണ് ബീവറുകൾ. മരം മുറിച്ച് ഇവയുണ്ടാക്കുന്ന അണക്കെട്ടുകൾ അവയ്ക്കുചുറ്റുമുള്ള പരിസ്ഥിതിയിൽ വലിയതോതിലുള്ള മാറ്റങ്ങളാണ് വരുത്തുന്നത്.
1670 മുതൽ ഹഡ്സൺ ബേ കമ്പനി ഓരോ വർഷവും അമേരിക്കയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് ബീവർരോമത്തോലുകൾ കൊണ്ടുപോകാൻ രണ്ടുമൂന്നു കപ്പലുകൾ വരെ അയച്ചിരുന്നു.
ബീവർ രോമത്തോൽ കൊണ്ടുണ്ടാക്കിയ തൊപ്പി യൂറോപ്പിൽ വലിയ ആകർഷകമായിരുന്നു. ആഭിജാത്യത്തിന്റെ അളവുകോലായി ബീവർത്തൊപ്പികൾ മാറി. ഇതിനായുള്ള വിപണി പിടിക്കാനായി യൂറോപ്പുകാർ അമേരിക്കയിൽ തദ്ദേശീയരെക്കൂട്ടി യുദ്ധങ്ങൾവരെ നടത്തിയിട്ടുണ്ട്. വെള്ളക്കാർ അമേരിക്കയിലെത്തുമ്പോൾ അവിടെയുണ്ടായിരുന്ന പത്തുകോടിയ്ക്കും ഇരുപതുകോടിയ്ക്കും ഇടയിലുണ്ടായിരുന്ന ബീവറുകൾ ഒരിടയ്ക്ക് വംശനാശ ഭീഷണിയിൽപ്പോലും എത്തിയിരുന്നു. പത്തൊൻപതും ഇരുപതും നൂറ്റാണ്ടുകളിൽ ഉണ്ടായ സംരക്ഷണ പ്രവർത്തനങ്ങളേത്തുടർന്ന് അവയുടെ എണ്ണം ഇപ്പോഴുള്ള ഒരുകോടി-ഒന്നരക്കോടിയ്ക്കടുത്തേക്ക് തിരികെയെത്തി. ധാരാളം കമ്പനികൾ ബീവർരോമത്തോൽ വിപണിയിൽ ഉണ്ടായിരുന്നു. 1670 മുതൽ ഹഡ്സൺ ബേ കമ്പനി ഓരോ വർഷവും അമേരിക്കയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് ബീവർരോമത്തോലുകൾ കൊണ്ടുപോകാൻ രണ്ടുമൂന്നു കപ്പലുകൾ വരെ അയച്ചിരുന്നു.
കിഴക്കൻമേഖലയിൽ ബീവറുകളുടെ എണ്ണം കുറഞ്ഞപ്പോൾ യൂറോപ്പുകാർ പടിഞ്ഞാറോട്ടു നീങ്ങി. രോമത്തോൽ ലഭിക്കാനാണ് അവർ ഭൂഖണ്ഡത്തിന്റെ ഉള്ളിലേക്ക് കടന്നുകയറിയത്. ജോൺ ജെക്കബ് ആസ്റ്റർ എന്നൊരാളായിരുന്നു അമേരിക്കയിൽ മൃഗരോമവ്യവസായത്തിന്റെ തുടക്കക്കാരൻ എന്നുതന്നെ പറയാം. ന്യൂയോർക്ക് മൃഗത്തോൽരോമലേലത്തിൽ അയാൾ വിറ്റത് ഏതാണ്ട് ഒരു ദശലക്ഷം മൃഗങ്ങളുടെ രോമത്തോലുകളാണ്. പുതുലോകം തേടി അമേരിക്കയിലെത്തിയ ആദ്യകാലപര്യവേഷകരിൽ സ്ത്രീകൾ തീരെ ഉണ്ടായിരുന്നില്ലെന്നു തന്നെ പറയാം. അമേരിക്കയിലെ നാട്ടുകാരാവട്ടെ അവരുടെ ഭാര്യമാരെയും പെൺകുട്ടികളെയും യൂറോപ്പുകാർക്ക് കടം കൊടുക്കുന്നതിൽ കുഴപ്പമൊന്നും വിചാരിച്ചിരുന്നുമില്ല. സ്ത്രീകൾ അവരുടെ കൂടെക്കഴിയുകവഴി തങ്ങളുടെ രോമക്കുപ്പായവിപണിയ്ക്ക് മുൻതൂക്കം ലഭിക്കുന്നത് അവർ മെച്ചമായി കരുതുകയും ചെയ്തു.
അങ്ങനെ അമേരിക്കൻ കുടിയേറ്റത്തിൽ വലിയ പങ്കുവഹിച്ച മൃഗത്തോൽക്കുപ്പായ വിപണിയുടെ സുവർണ്ണകാലം പതിയെ ഇല്ലാതായി.
ബീവറുകളുടെ എണ്ണത്തിൽ വന്ന കുറവും, ശേഷിച്ചവയെ പിടിക്കാൻ വലിയ മലമുകളിൽ കൊടുംതണുപ്പിൽ കഴിയേണ്ടി വന്നതുമൊക്കെ പലരേയും ഈ ജോലി ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചു. കാലിഫോർണിയയിൽ സ്വർണ്ണം കണ്ടെത്തിയതോടെ കുറെപ്പേർ അതിലേക്ക് തിരിഞ്ഞു. സിൽക്ക് ഉപയോഗിച്ചുള്ള വസ്ത്രങ്ങൾ യൂറോപ്പിൽ വ്യാപിച്ചപ്പോൾ മൃഗത്തോൽകൊണ്ടുള്ള വസ്ത്രങ്ങളുടെ വിപണിയും ഇടിഞ്ഞു, അങ്ങനെ അമേരിക്കൻ കുടിയേറ്റത്തിൽ വലിയ പങ്കുവഹിച്ച മൃഗത്തോൽക്കുപ്പായ വിപണിയുടെ സുവർണ്ണകാലം പതിയെ ഇല്ലാതാവുകയും അത്തരം പലകമ്പനികളും പൊളിഞ്ഞുപോവുകയും തദ്ദേശീയരുടെ പലസമൂഹങ്ങളും ദീർഘകാലപട്ടിണിയിലേക്കു കൂപ്പുകുത്തുകയും ഒരിക്കൽ അവർക്ക് ഉണ്ടായിരുന്ന രാഷ്ട്രീയസ്വാധീനം എന്നേക്കുമായി നഷ്ടമാവുകയും ചെയ്തു.