മരിച്ചാൽ ലോകങ്ങളും വളരുമോ?
അർബുദത്തിന്റെ വേരുകളിൽ
ഒളിവിളകൾ പിന്നേയും
കായ്ച്ചു നിൽക്കുമോ?
ജലത്തിന്റെയുപയോഗങ്ങൾ പഠിച്ചപ്പോഴൊന്നും
വെളിച്ചം വാഴാത്ത അകക്കടലിൽ
മുങ്ങിച്ചെന്നാൽ ആഴത്തിൽ
ധ്യാനിച്ചിരിക്കുന്ന പരേതരെ
കാണാമെന്നാരും പറഞ്ഞു തന്നിരുന്നില്ല.
ചുളുങ്ങിയ പിൻകഴുത്തിലേറുന്ന
നരച്ചതലകൾ അടർന്നയിതളുകൾ പോലെ
അനന്തതയിലനനങ്ങി നടക്കുന്നു.
മരിച്ചാലും വളർച്ച നിലയ്ക്കാത്ത
ജീവിയാണ് മനുഷ്യനെന്ന്
ഉടലോളം തലനീണ്ടൊരു
പറങ്കികുട്ടി ജലത്തിലെഴുതി പഠിക്കുന്നു.
നഖത്തോളം നീണ്ട ലിംഗാഗ്രം
പുറ്റിലുരയ്ക്കുന്നൊരുവൻ
അർബുദത്തിന്റെ മരണാനന്തരഘടനയെ
ഒരു ചലച്ചിത്രമാക്കി മൂർച്ഛിപ്പിച്ചുകൊണ്ടിരിക്കുന്നു.
പ്രിയപെട്ടവർക്കൊക്കെയും വയസ്സായിട്ടുണ്ടാവണം
കണ്ടാൽ തിരിച്ചറിയാനാവാത്ത
സാദൃശ്യത്തിന്റെ വിടവിൽ
(അ)പരിചിതത്വം രണ്ടുകാലുകളുമിട്ടു
(ഇ /അ )ഹലോകങ്ങളെ തള്ളിക്കയറ്റുന്നു.
ഉള്ളംകൈയ്യിൽ കയറിയിരുന്നു
സ്വന്തം കണ്ണിലേക്ക് നോക്കുന്ന
മനുഷ്യരെ പോലെ ലോകങ്ങളുമതുങ്ങളുടെ
അകക്കടലിലിറങ്ങി ധ്യാനിക്കുന്നവരുടെ
നിഴലുകളെ നോക്കിനിന്നിട്ടുണ്ടാകും.
മരിച്ചുപോയ പൂർവ്വലോകങ്ങളുടെ
പേട്ടതലകൾ മാറിനിന്നുനോക്കി
പരിചയത്തെ ചുഴറ്റിയെടുക്കാൻ
ശ്രമിച്ചിട്ടുണ്ടാകും,
പരാജയപ്പെട്ടിട്ടുമുണ്ടാവും.
മരിച്ചാൽ ലോകങ്ങളും വളരുമോ?
അർബുദത്തിന്റെ വേരുകളിൽ
ഒളിവിളകൾ പിന്നേയും
കായ്ച്ചു നിൽക്കുമോ?
സന്ദേഹങ്ങളുടെ ഖനനവണ്ടി
പോകെ പോകെ….
പിറക്കും മുന്നേ അലസിപ്പോയ
മനുഷ്യരുടെ/ലോകങ്ങളുടെ
വളരാത്ത പൊട്ടുകൾ
പൊഴിഞ്ഞു കിടക്കുന്നയിടങ്ങൾ
കാണുന്നു.
അനശ്വരതയുടെ തുരുത്തുകളിൽ
ജൈവികതയിന്റെ അന്യഭാഷകൾ
പറഞ്ഞുകേൾപിച്ചു കൊണ്ടിരിക്കുന്നു.
കൗതുകത്തിലേക്ക് നീളാത്ത
വിരലുകളിലും,
വെളിച്ചം പാകമാകാത്ത
കണ്ണുകളിലും ഭൂമിയെന്ന
ഭൂപടത്തിന്റെ കല്ലിച്ച തിണർപ്പുകൾ.
ഇനിയും ജനിക്കാനിടയില്ലാത്തവരെ
ജലത്തിനപ്പുറമുള്ള ജീവിതത്തിൽ
ഭയത്തിന്റെ ഒപ്പുകൾ മാത്രമേ
മിച്ചമുണ്ടാവുള്ളൂന്ന് ബോധ്യപെടുത്തിയിട്ടെനിക്ക്
ഉള്ളംകൈയിലേക്ക് തിരിച്ചുപോരണം/
ആഴമെന്ന കലയിലൊരു വൃദ്ധനാവണം.