”നമ്മുടെ സ്നേഹങ്ങൾ എത്രയാഴത്തിൽ മണ്ണടിഞ്ഞാലും എത്ര ഋതുക്കൾ അതിനു മീതേ കടന്നുപോയാലും നാം പുരാവസ്തുഗവേഷകരെപ്പോലെ അതിലേക്ക് കുഴിച്ചു ചെന്നുകൊണ്ടിരിക്കും.”
– സൂസന്നയുടെ ഗ്രന്ഥപ്പുര/അജയ് പി. മങ്ങാട്ട്
ഒരു നോവൽ പത്തുമുന്നൂറു പേജിൽ പരന്നുകിടക്കുന്ന അതിന്റെ ടെക്സ്റ്റല്ല. ആകെമൊത്തമായി അത് മനസ്സിൽ അവശേഷിപ്പിക്കുന്ന അനുഭൂതിവിശേഷമാണ്.
സൂസന്നയുടെ ഈ ഗ്രന്ഥപ്പുരയിൽ ഒരുപാട് പുസ്തകങ്ങളും എഴുത്തുകാരും കടന്നുവരുമ്പോഴും അതിനെല്ലാമിടയിലൂടെ അത് മനുഷ്യരുടെ വൈകാരികലോകത്തെ വിസ്മയങ്ങളിലേക്കാണ് സഞ്ചരിക്കുന്നത്. അഥവാ അത് ആ പുസ്തകങ്ങളെയല്ല മനുഷ്യരെയാണ് വായിക്കുന്നത്.
ഈ നോവലിൽ ചലിച്ചുകൊണ്ടിരിക്കുന്ന ജീവനുള്ള മനുഷ്യർ അത് വായിക്കുന്ന ഒരാളെ വൈകാരികമായി ചലിപ്പിക്കുന്നു. ഒരുവേള കണ്ണാടിയിലെന്ന പോലെ അവനെ അഥവാ അവളെ പ്രതിഫലിപ്പിച്ചു കാണിക്കുകയും ചെയ്യുന്നു.
അലിയെ നിരീക്ഷിച്ചാൽ, ജീവിതത്തിൽ താൻ ഇടപെടുന്ന മനുഷ്യരാണ് പലപ്പോഴും അയാളുടെ ദിക്കുകൾ നിയന്ത്രിക്കുന്നതെന്നു തോന്നും. അത്രത്തോളം സ്നേഹവും കരുതലും വാൽസല്യവും പ്രണയവുമൊക്കെ അയാൾക്കും അവർക്കുമിടയിൽ ഒളിച്ചുകളിക്കുന്നുണ്ട്.
നിങ്ങൾക്ക് പരിചിതമല്ലാത്ത സൗഹൃദത്തിന്റെ പല എഴുതാപ്പുറങ്ങളും നോവലിൽ വായിക്കാം. ഒരു സന്ദിഗ്ദ്ധഘട്ടത്തിൽ അലി വിചാരിക്കുന്നതു പോലെ ‘എല്ലാ സൗഹൃദത്തിലും തുറക്കാനാവാത്ത ചില മുറികളുണ്ട്.’
രണ്ടു ശരീരങ്ങൾ അഥവാ മനസ്സുകൾ തമ്മിലുള്ള കെട്ടുപാടിനെ സ്നേഹമെന്നോ രതിയെന്നോ പ്രണയമെന്നോ ചുരുക്കണമെന്നില്ലല്ലോ. പലപ്പോഴും വാക്കുകൾക്കപ്പുറത്തുള്ള മനോഹരമായ ഒരു മിസ്റ്ററിയാണത്. നോവലിലുടനീളം ആ രഹസ്യം ഒരു അന്തർധാരയായി പ്രവർത്തിക്കുന്നു.
വായിച്ചിരിക്കെ ഓർമ്മയിൽ മറഞ്ഞുകിടന്ന ഒട്ടേറെ മനുഷ്യർ കല്ലറയിൽ നിന്നെന്ന പോലെ എഴുന്നേറ്റുവന്നു. എറണാകുളത്തെ തെരുവുകളും മഹാരാജാസും ഹോസ്റ്റലും പാർക്കും ജെട്ടിയും മറ്റും ചേർന്ന് കഥയിലെ പുരുഷൻ മിക്കവാറും ഞാൻ തന്നെയെന്ന് ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.
മൂന്നു പതിറ്റാണ്ടിനപ്പുറം ആ കലാലയത്തിലും പരിസരത്തുമായി കുറച്ചു വർഷങ്ങൾ ജീവിച്ചിരുന്നു. വായന തുടരവേ, അവിടെ നിന്ന് ആ കാലത്തിന്റെ അഭിയും അമുദയും ഫാത്വിമയും ചന്ദ്രനും കൃഷ്ണനുമെല്ലാം എഴുന്നേറ്റുവരാൻ തുടങ്ങി. രക്ഷപ്പെടാൻ ഒരു പഴുതുമില്ലാതെ അക്കാലം മറ്റൊരു നോവലായി മനസ്സിനെ ചൂഴ്ന്നു.
മൂന്നാറും കമ്പവും വെള്ളത്തൂവലും മറയൂരും ഒക്കെച്ചേർന്ന് സമാന്തരമായി നീങ്ങുന്ന മറ്റൊരു ദേശവും അസാധാരണത്വമുള്ള സാധാരണ മനുഷ്യരാൽ നമ്മളെ വിസ്മയിപ്പിക്കുന്നുണ്ട്. നോവലിലെ പല പെണ്ണുങ്ങളും തങ്ങളുടെ നിർണ്ണായകതീരുമാനങ്ങളാൽ അതിലെ ആണുങ്ങളെ ഞെട്ടിക്കുന്നതു പോലെ!
ചുരുക്കത്തിൽ നിങ്ങൾ വെറുതേ ഒരു നോവൽ വായിക്കുകയല്ല. സ്വപ്നവും സത്യവും നിറഞ്ഞ ഒരു സ്ഥലത്തിലൂടെ, കാലത്തിലൂടെ അലസമായി ഒഴുകിപ്പോവുകയാണ്. ചിരപുരാതനമായ ഏതൊക്കെയോ ഓർമ്മകളിലും മറവികളിലും പോയി വീഴുകയാണ്. ആ വീഴ്ച ഒരു സുഖമാണ്. പലപ്പോഴും അലൗകികമായ ഒരാനന്ദം പോലുമാണ്.