“നല്ല പെണ്ണുങ്ങള് എന്നെ ഭയപ്പെടുത്തുന്നു- അവര്‍ വെെകാതെ എന്റെ ആത്മാവ് ചോദിക്കും എന്നുള്ളതാണ് അതിനു കാരണം. എന്റെയുള്ളില്‍ ബാക്കി വന്നതെന്തോ, അത് സൂക്ഷിക്കാന്‍ ഞാൻ ആഗ്രഹിക്കുന്നുണ്ട്.”
ചുവടെ കൊടുത്തിരിക്കുന്ന മൂന്ന് കവിതകള്‍ ‘നല്ല പെണ്ണുങ്ങളെ’ കുറിച്ച് ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. പൊടുന്നനെയുള്ള അഭിനിവേശങ്ങളിൽ തുടങ്ങുകയും, പിന്നീട് ഉണ്ടാകുന്ന വളവുകളും, തുടർച്ചയായിട്ടുള്ള കവിതയുടെ ആക്കവും മുറുക്കവും ‘ജലജയെ’ കുറിച്ച് വായനക്കാരനെ പിന്നെയും പിന്നെയും ഓര്‍മിപ്പിക്കുന്നുണ്ട്. ആഴത്തിൽ മുറിവേറ്റ മീനിനെ പോലെ കവിതകൾ തങ്ങളുടേതായുള്ള ഇടങ്ങളിലേക്ക് പിടഞ്ഞു നീന്തി ഒരു യാത്ര പോവുന്നു.
– Charles Bukowski
ഓൾഗയുടെ മൂന്നാംകര
പോർട്ടിലെ
സെയ്ലോൺഹോട്ടലിൽ
മോർച്ചറിക്കടുത്ത
വിഐപി മുറിയിൽ
Ac പൊട്ടി
വെന്തുവിയർത്തു ഞാൻ
പുരനിറഞ്ഞ പാനസോണിക്ക്
ടെലിയുടെ പൊക്കിളിൽ(8)
റൂം സർവീസിന് കുത്തി.
‘അഞ്ചുമിനുട്ടി-
ലെത്താ’മെന്ന്.
അഞ്ചര-
യാറേഴെട്ട്,
മണിക്കൂറര
കഴിഞ്ഞപ്പോഴേക്കു-
മോൾഗയല്ലലറിയാതെ-
യലറിയൊഴുകുന്ന
ശബ്ദവും
ചൂടത്ത്.
പിന്നെയും വിളിച്ചപ്പോൾ
ലോബിയിലെ കുറുക്കന്റെ-
യച്ചിൽ തീർത്ത മാനേജറുടെ
തുപ്പലിൽ നനഞ്ഞവശായ
റിസീവർ തുടക്കെ
പുറത്ത് വാതിൽപ്പു-
റത്താരോ മുട്ടുന്നു,
ആഞ്ഞാഞ്ഞ് തട്ടുന്നു.
ആദ്യത്തെ പ്രേമങ്ങൾ;
ഓൾഗയുടെയൊ-
ന്നാംകരയിൽ, ത്രീഡിയിൽ,
പച്ചമഞ്ഞച്ചുവപ്പുകളിൽ,
നിറങ്ങളിൽ കലർന്ന് പടർന്നു-
മൊറ്റക്കുമിടക്കങ്ങനെ.
അത് പൊളിയുമ്പോൾ
ഞങ്ങളിലൊരാളോ-
ൾഗയിലേക്കാദ്യം
ചാടി രണ്ടാംകരയിലേക്ക്
മഞ്ഞമുഷുക്കളുടെ
കനപ്പെട്ട വാലടി
പേടിച്ച് നീന്തുന്നു.
നദിയുടെ രണ്ടാംകര;
നദിയോളം നീണ്ട നനഞ്ഞ
മുടിയോളം നേർന്നുകനത്ത
വെള്ളികാൻവാസിലാകെ
പാതിചത്ത മനുഷ്യർ
ടൂഡിയിൽ,
വെള്ളിവെളുപ്പിൽ,
സീബ്രതൊലിപ്പുറത്തെ
കറുപ്പിനേക്കാൾ കട്ടിയിൽ.
അന്ന് ഞാനും.
ഓൾഗയുടെ മൂന്നാംകര;
ലോക്കൽ ട്രെയിനിന്റെ
മീത്തലെ ബെർത്തിൽ
ഉറക്കം നടിച്ച്
രാത്രി, താഴെ
താടി വെച്ചൊരു ഭ്രാന്തൻ
ഭാര്യക്ക-
ട്ടിയട്ടിയായി പാടിക്കൊടുത്ത
പാട്ടിലൊരെട്ടു പാട്ടിലും
തെറ്റാതെ കേട്ടു ഞാ-
നോൾഗയാരെയും
കാട്ടാതെ കാക്കുന്ന മൂന്നാംകര.
നടുപ്പുറത്ത് കൊളുത്തി
കീറുന്ന എച്ചിലിറച്ചിക്ക-
ണക്കിൽ കണ്ണികെട്ടി നീളുന്ന
ചങ്ങലക്കെട്ടുപൊട്ടിച്ചു
പായുന്നവന്റെ മാത്രം
ചെവിടിലോ-
ൾഗപ്രേമത്തിലൊഴുകി
കെട്ടുന്ന മൂന്നാംകര.
ചാപ്പിള്ളകളെയലിയിച്ചു-
കൊല്ലാൻ ഓൾഗയുടെ
സെർവിക്സ് നീട്ടി തുപ്പുന്ന
ആസിഡു തടാകത്തിലേക്കെ-
ന്റെ പ്രേമം മുക്കിതീർത്ത,
ഇന്നലെ മരിച്ചെ-
ന്റെ മുറിക്ക് തൊട്ടുള്ള
മോർച്ചറിയുടെ തണുപ്പി-
ലമരുന്നയമ്മ വെറുത്ത,
കാമുകിയുടെ
കൊങ്കണിലെ നീളൻ
ടണലുകളുടെ പോലുള്ള മണം
മുറിക്കുപുറത്തെ
കൊട്ടിന്റെ താളത്തിലെന്റെ
മൂക്കിന്റെ നേർത്ത
ജലദോഷപ്പാട കീറുന്നു.
വാതിൽ തുറന്നു.
വെന്ത് കണ്ണു
കൊണ്ട് കാണാം
ഇടം കൈയ്യറുത്ത്
ടൂൾകിറ്റ് പിടിപ്പിച്ച
കാമുകി, പഴയത്.
ചിരിക്കുമ്പോ കാണാം
നാക്കു കൊണ്ട്
കീറി പറിഞ്ഞ വായ,
എന്റെ തുടയിലെ
മുറിപ്പാടുകളിൽ
കുഞ്ഞ് സർപ്പങ്ങളുടെ
തേറ്റയിറങ്ങുന്നു, പിന്നെയും.
അവൾക്കൊരു
കാമുകനുണ്ടെന്നും. (കള്ളം)
അവന്റെ ഹോട്ടലാണെന്നും. (കള്ളം)
മൂളി മൂളി വന്നാരു
കൊതുകെന്റെ ചെവിട്ടണലിൽ കുടുങ്ങി.
നിന്റെ തള്ള ചത്തത്
നന്നായെന്നും
ഓൾഗയുടെ മൂന്നാംകര കാണാൻ
നീ കൊന്നതാണെന്നും.
ഓൾഗക്ക് മൂന്നാംകരയില്ലെന്നും,
നദികൾക്ക് രണ്ട്
കരകളാണ് കണക്കെന്നും. (കള്ളം)
മരിക്കാ-
നുറച്ചുവാതിലു
വലിച്ചടക്കെ-
യവളു മുറിക്കകത്തെത്തി-
യെന്റെ കട്ടിലി-
ലെന്റെ മേലെ-
ന്റെ കഴുത്തിലിരുന്ന-
വളുടെ നാക്കെന്റെ
കണ്ണിലേക്കിറക്കി.
പെട്ടെന്ന്;
നാക്ക് കത്തിയായി,
കണ്ണൊരുലയും.
ഉലയിലെ ചൂടിൽ
കത്തിയലിഞ്ഞ്
വെള്ളം കക്കി.
ഓൾഗയിലെ
ഇരുമ്പ് വെള്ളത്തിന്റെ ചുവ.
ഞാനത് കുടിച്ചു.
അഞ്ചടി നെടുപ്പിൽ നിന്ന്
വെള്ളമായൊരു
പെണ്ണിനെയാകെ കുടിച്ചിട്ടു –
മെന്റെ തൊണ്ട വറ്റിതന്നെ,
മുറി കൊല്ലന്റെ –
യാല പോലെയും.
വയ്യ സഹിക്കാ-
നെന്നുറപ്പിച്ച്
മോർച്ചറിക്കലേക്കി-
ടിച്ച് കയറി –
യമ്മ കിടന്ന
ഫ്രീസർ പൊളിച്ച്
തല വെച്ച് തണുപ്പിക്കെ-
യില്ലയോൾഗക്ക്
മൂന്നാം കരയെന്നോതി പിന്നെയും
മോർച്ചറിയിലെണീറ്റ
ശവങ്ങളോരോന്നും ചത്തു വീണു.
ഫ്രീസറിന് മീതേ-
യമ്മയെ
തൊട്ടൊഴുകാൻ തുടങ്ങിയ –
യോൾഗയിപ്പോളെന്റെ ചെവിക്ക-
ലവളുടെ മൂന്നാം കര കെട്ടുന്നു.
അവിഹിതം
പണ്ട്,
എണ്ണൂറുമമ്പതും കൊടുത്ത്
ഞാൻ ബ്രാൻഡ് നോക്കാതെ
ഷൂവൊരെണ്ണം വാങ്ങി.
പൊളീഷിലും
കീറത്തുണിയിലും
സ്നേഹം തേച്ച-
തിന്റെ തൊലി മിനുക്കി.
ചെറ്റ.
ജലജയെ കാണാൻ
ചെറുപുഴ ബസ്സിറങ്ങുമ്പോൾ
അവന്റെ സോള്‍ കീറി
ടാറിട്ട റോഡിൽ പിടഞ്ഞു.
സോക്സില്ലാതെ
സോളില്ലാത്ത ഷൂവിട്ട്
കുംഭചൂട് ചവിട്ടി തേച്ച് നടന്നെ-
ന്റെയാണിക്കാലിലാകെ ജലജയുടെ
മുലക്കണ്ണുവട്ടത്തിൽ കപ്പളം പൊന്തി.
“മോൻ നില്ക്കുന്നു, ഛെ.”
നിന്റെ മുലകളെ പറ്റിയൊന്ന്
തമാശിക്കാനും പാടില്ലേ?
ജലജാ,
നീയൊരു ബോറു-
പെണ്ണാണ്.
നിന്റെ ഭർത്താവിനെയൊളിച്ച്
ഇനിയും ഉമ്മ
തരുമെന്നല്ലെങ്കിൽ നാലാളുകേൾക്കെ
ഞാൻ നിന്നെ തെറി വിളിക്കും.
നിന്റെ അടുക്കളക്കണക്കിലും
അണ്ണന്റെ സംശയരോഗത്തിലും
അങ്ങനെ, യെന്റെയുമ്മകൾ
ശ്വാസംമുട്ടി ചാകുമ്പോൾ
നിന്റെ ലാസ്റ്റ് ബസിന്റെ വിസിൽ.
“ജലജാ,
നിന്റെ മകനെ കൊന്ന്
വെസ്റ്റിനിൽ മുറിയെടുത്ത്
നമുക്കിന്നാർമാദിക്കാം.
കള്ളും കൊള്ളരുതായ്മയും
നിന്റെയിറച്ചിക്ക് ചേരും. “
പറയണമെന്നുണ്ട്. പറയില്ല.
ജലജയുടെ ലാസ്റ്റ്
ബസ് തിരിയുന്ന വളവിലൊരു
ചെരുപ്പുക്കുത്തി.
സോൾ കൂട്ടി മിനുക്കാൻ
ഞാനയാൾക്കെന്റെ ഷൂസ് വിറ്റു.
കാലിലെ കപ്പളം നോക്കി-
യയാൾ ചുണ്ട് കടിച്ചു.
“കുണ്ടനാണോ?”
ബസ് സ്റ്റാൻസിൽ അരണ-
ചൂടിലിരുട്ടത്തെന്നെ
തേടി വന്നതിനോടെല്ലാം
ആർത്താർമാദിച്ച്
ഞാൻ ചോദിച്ചു.
പിന്നെ അമ്പിളി വന്നു.
വന്ന് ചെകിടത്ത-
ടിച്ചിട്ടെന്നെ ലോഡ്ജിന്റെ
വക്കത്തേക്ക് വലിച്ചു.
കുളിപ്പിച്ചുടുപ്പിച്ചൂണൂട്ടിച്ചെ
ന്റെ ചുമലപേഴ്സിലെ
കാശെടുത്തെണ്ണി
കാലിയാക്കി.
ആറു കാലുള്ള
കട്ടിലിന്റെ വക്കത്ത്
പാവാട പൊക്കി, പാന്റീസൂരി
കിടന്നവൾ റൗക്കയൂരുമ്പോൾ
അച്ഛന്റെ സർക്കസുപുലിയെ പോലെ
ഞാൻ സ്വിച്ച് ബോർഡിലിഴഞ്ഞു. ഇരുട്ട്.
കപ്പളം ചലം തുപ്പുന്ന
കാലും കൊണ്ട് ഞാനി-
ന്നും ബസിറങ്ങി.
അവളുടെ ചൂടുതട്ടിയിട്ടും
ജലജയെ ഞാൻ നോക്കിയില്ല.
ലാസ്റ്റ് ബസ് വരെ
കടല കൊറിച്ചു,
ആളുകേൾക്കെയവളെയ-
റുബോറത്തിയെന്ന് വിളിച്ചു.
പക്ഷെ ബസ്സൊരു ചതുപ്പിൽ
മറിഞ്ഞവൾ ചത്തത്രെ. ശോകം.
തുന്നിതെറിച്ച ഷൂവിട്ട്
നടന്ന് മറിഞ്ഞു വീണെ-
ന്റെ ചുണ്ടുകീറി.
ടാറിട്ട റോഡിന്
ജലജയുടെ ചുണ്ടിന്റെ രുചി,
പല്ലിന്റെ മൂർച്ഛ.
ജലജ ചത്തിട്ടുമെനിക്ക്
തണുക്കാത്ത പകച്ചൂടും.
അന്നും രാത്രിയമ്പിളി വന്നു.
നൂറ് രൂപ അധികത്തിന്
ജലജയെന്ന വിളി കേൾക്കാമെന്നേറ്റു.
ഞാനവൾക്കെന്റെ ഷൂസ് വിറ്റു.
കൈയിലെ പാവയെ
ജലജയുടെ മകനെന്ന്
ഞാൻ പരിചയപ്പെടുത്തി.
പാവയെ കട്ടിലിനോട്
മുഖം തിരിച്ചിരുത്തി,
സ്വിച്ച് ബോർഡിലേക്ക്
കൈകടത്താതെ,
അറുപത് വാട്ടിന്റെയരണ്ട
വെളിച്ചത്തിൽ ജലജയോടുള്ള
പകവീട്ടാനിറങ്ങി.
രാത്രിയോട്ടം
9:10
ഒൻപത് പത്ത്
രാത്രിയോ പകലോ(?)
ജനാലക്കപ്പുറത്തൊരു മാവ്.
മാവിലൊരരക്കൊമ്പിലൊരു
തൊട്ടിലുകെട്ടി
കിടത്തിയതെന്തിനെയോ മയക്കാൻ
പാടുന്നൊരമ്മ.
പറ്റിച്ച് ലോൾ.
അമ്മയും മാവും
തൊട്ടിലും താരാട്ടും
ഉറക്കം കിട്ടാതെ
കിങ്സിലും കള്ളിലും
രമിക്കുന്നയെന്റെ തലയിലാണ്.
ഇടക്കിടക്ക് കൊമ്പൊടിയുന്നു,
തൊട്ടിലിന്റെ കെട്ട് പൊട്ടുന്നു
അമ്മയുടെ നെടുന്തലക്ക്
വീണ് ചിന്നുന്നു.
പാട്ട് നിക്കാറായെന്ന് തോന്നെ
എന്റെ ഡയലോഗ്
റിപ്പീറ്റിലിടാമോ?
പറ്റില്ല.