ആ യുദ്ധരംഗം അനുഭവിപ്പിക്കണം. അതാണ് സഞ്ജയനു ലഭിച്ച അസൈന്‍മെന്റ്. പൊന്നാനി കടപ്പുറത്ത് കണ്ട ദുരന്തത്തിന്റെ ചിത്രം സഞ്ജയന്‍ ധൃതരാഷ്ട്രര്‍ക്ക് മുന്നിലെന്ന പോലെ സത്യന്‍ സാറിന് എഴുതിക്കൊടുത്തു.

ണ്‍ലൈനില്‍ കള്ളു കുടിക്കാനുള്ള ആപ്പുണ്ട് ഇപ്പോള്‍. കമ്പ്യൂട്ടര്‍ കൊറോണയെക്കാള്‍ അത്യാപത്താണെന്ന് പറഞ്ഞ ഒരു കാലമുണ്ടായിരുന്നു. അതു സത്യമെന്ന് കരുതി കമ്പ്യൂട്ടര്‍ പഠിക്കാതിരുന്നെങ്കില്‍ ഇന്ന് കള്ളുകുടിക്കാന്‍ പോലും പറ്റാതെ പോയേനെ. ഇത് വേറൊരു ആപ്പിനെപ്പറ്റിയാണ്. കണ്ണില്ലാത്തവന് കാഴ്ച നല്‍കാനുള്ള ആപ്പ് . ജേണലിസം വിദ്യാര്‍ത്ഥികള്‍ക്ക് അത്യാവശ്യം വേണ്ടത്.

അന്ന് കാലവര്‍ഷത്തിന്റെ തുടക്കമായിരുന്നു. പൊന്നാനിയില്‍ വന്‍ കടല്‍ക്ഷോഭം. കുറെ വീടുകള്‍ കടലെടുത്തു. കുറെ ആളുകളെയും കാണാതായി. രാവിലെ 6.50 നുള്ള പ്രാദേശിക വാര്‍ത്തയില്‍ നിന്നാണ് വിവരമറിഞ്ഞത്. കോഴിക്കോട്ടെ ഓഫീസില്‍ വിവരം കിട്ടിയാല്‍പ്പോലും ഫോണില്ലാത്തതിനാല്‍ റിപ്പോര്‍ട്ടറെ അറിയിക്കാന്‍ മാര്‍ഗമില്ല.

റിപ്പോര്‍ട്ടര്‍ സ്വന്തം നിലക്ക് അത് കവര്‍ ചെയ്താല്‍ ഒരു കാര്യം കൂടിയുണ്ട്. അസൈന്‍മെന്റിന് കാത്തു നില്‍ക്കാതെ വാര്‍ത്ത ചെയ്തതിന് അഭിനന്ദനം. അതിനാല്‍ മലപ്പുറത്തേക്ക് പോവാതെ നേരെ പൊന്നാനിക്കു പിടിച്ചു. കൊണ്ടോട്ടി, കക്കാട് വഴി എടപ്പാളിലേക്ക്. ഇല്ലത്തു നിന്ന് രണ്ടു മണിക്കൂറെങ്കിലും വേണം.

അത്രയുമായപ്പോള്‍ ഒരു ശങ്ക. ഫോട്ടൊഗ്രാഫറെ എവിടന്ന് വിളിക്കണം. പൊന്നാനിയില്‍ ആളുണ്ടോ എന്നുറപ്പില്ല. എടപ്പാളില്‍ ചില മുന്‍പരിചയക്കാരോട് ചോദിച്ചു. പലര്‍ക്കും പലതരം തിരക്കുകള്‍. എടപ്പാളില്‍ നിന്ന് പൊന്നാനിയില്‍ പോയി ഫോട്ടൊയെല്ലാം എടുത്ത് തിരിച്ചു വരാന്‍ മൂന്നു മണിക്കൂറെങ്കിലും എടുക്കും. അതുകൊണ്ട് പലര്‍ക്കും മടി. തൊട്ടടുത്താണെങ്കില്‍ നോക്കാം.

എടപ്പാളിലെ കവപ്ര മാറത്തു മനക്കല്‍ സോമയാജിപ്പാടിനെ കാണാന്‍ ഒരിക്കല്‍ പോയിട്ടുണ്ട്. അറുപതു കൊല്ലമായി കെടാതെ സൂക്ഷിക്കുന്ന യാഗാഗ്നി റിപ്പോര്‍ട്ട് ചെയ്യാന്‍. അന്ന് ഒപ്പം പോന്ന ആളോട് ചോദിച്ചു. പൊന്നാനിക്കാണെങ്കില്‍ അയാള്‍ക്ക് ഒഴിവില്ല. ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ മറ്റൊരാളേയും കൊണ്ടു പോയിട്ടുണ്ട്. അയാള്‍ക്കും ഒഴിവില്ല.

ഒടുവില്‍ കരുവാട് മനയിലെ ഭവദാസിനെ വിളിച്ചു. എടപ്പാളില്‍ നിന്ന് ലോക്കല്‍ കാളില്‍ കിട്ടുന്ന സ്ഥലമാണ് പൊന്നാനി. ഭവദാസന്‍ അക്കാലത്ത് അവിടെയാണ് താമസം. ആര്‍ടിസ്റ്റ് നമ്പൂതിരിയുടെ ജ്യേഷ്ഠന്റെ മകനാണ്. പൊന്നാനിയിലെ കേരളകൗമുദി ഏജന്റ് കൂടിയാണയാള്‍.

വാര്‍ത്തകള്‍ അയക്കാനും ഒത്താശകള്‍ ചെയ്യാനും ഒട്ടും മടിയില്ലെന്നു മാത്രമല്ല ഉത്സാഹിയുമാണ്. (കഴിഞ്ഞമാസം അകാലത്തില്‍ ഭവദാസ് യാത്രയായി. ആ സുഹൃത്തിന് ആദരാഞ്ജലികള്‍). ഭവദാസന്‍ നല്‍കിയ ടിപ്പിലൂടെ ഉണ്ടായതാണ് കുറെ വാര്‍ത്തകള്‍. പൊന്നാനിയില്‍ ഫോട്ടോഗ്രാഫറെ കിട്ടാന്‍ ബുദ്ധിമുട്ടാണെന്നും എടപ്പാളില്‍ നിന്ന് തന്നെ ആരെയെങ്കിലും വിളിക്കുന്നതാണ് നല്ലതെന്നും പറഞ്ഞു.

തോഴനെങ്കില്‍ തോഴന്‍ എന്ന സൂരി നമ്പൂരിപ്പാടിന്റെ ലൈനില്‍ അവനെയും കൊണ്ട് പൊന്നാനിയിലേക്ക്. ആര്‍ട്ടിസ്റ്റല്ലാത്ത നമ്പൂരി ബസ്‌സ്‌റ്റോപ്പില്‍ കാത്തു നില്പുണ്ടായിരുന്നു.

വീണ്ടും എടപ്പാളില്‍ അരിച്ചു പെറുക്കി. ഒരു സ്റ്റുഡിയോയിലെ സില്‍ബന്തിയെ കിട്ടി. ഡാര്‍ക്ക് റൂം അടിച്ചുവാരി കഴുകി വൃത്തിയാക്കുക, കഴുകിയ ഫിലിം ആറിയിടുക തുടങ്ങിയ പണികള്‍ ചെയ്യുന്ന ഇന്ദുലേഖയുടെ തോഴി. അവന്‍ തയ്യാറാണ്. അവന്റെ കയ്യില്‍ ഒരു കാമറയുണ്ട്. തോഴനെങ്കില്‍ തോഴന്‍ എന്ന സൂരി നമ്പൂരിപ്പാടിന്റെ ലൈനില്‍ അവനെയും കൊണ്ട് പൊന്നാനിയിലേക്ക്. ആര്‍ട്ടിസ്റ്റല്ലാത്ത നമ്പൂരി ബസ്‌സ്‌റ്റോപ്പില്‍ കാത്തു നില്പുണ്ടായിരുന്നു.

ഒരു ഓട്ടോ വിളിച്ചു. ഇനി സമയം കളയാനില്ല. വേഗം കടപ്പുറത്തെത്തണം. നാലഞ്ചു പേര്‍ മരിച്ചതായി ഭവദാസന്‍ പറഞ്ഞു. കുറെ വീടുകളും കടലെടുത്തിട്ടുണ്ട്. മരിച്ചവരുടെ ഫോട്ടൊ കിട്ടാന്‍ വല്ല വഴിയുമുണ്ടോ. അന്ന് ആധാറും ഫോട്ടൊ പതിച്ച വോട്ടര്‍ കാര്‍ഡുമൊന്നുമില്ല. മരിച്ചവന്‍ തിരിച്ചത്തെിയാലേ അതിനു വഴിയുള്ളൂ. ഭവദാസന്‍ ഫലിതം പറഞ്ഞു.

കൂടെ വന്ന തോഴന് ഇന്ദുലേഖനെപ്പോലെ രസികത്തമോ ബുദ്ധിയോ ഇല്ല. അവന്‍ പരികര്‍മ്മിയാണ്. കിണ്ടിയോ വെള്ളമോ എടുക്കാന്‍ പറഞ്ഞാല്‍ അത് എടുക്കും.

പിന്നെന്താണ് ഫോട്ടൊഗ്രാഫറെകൊണ്ട് പ്രയോജനം. മത്സ്യത്തൊഴിലാളികളുടെ കുടിലുകളെടുക്കാം. കൂടെ വന്ന തോഴന് ഇന്ദുലേഖനെപ്പോലെ രസികത്തമോ ബുദ്ധിയോ ഇല്ല. അവന്‍ പരികര്‍മ്മിയാണ്. കിണ്ടിയോ വെള്ളമോ എടുക്കാന്‍ പറഞ്ഞാല്‍ അത് എടുക്കും. നല്ലൊരു ഫോട്ടോവിന് പറ്റുന്ന ഒന്നും കാണുന്നില്ല. കടപ്പുറത്തു കൂടി കുറെ നടന്നു. മുന്നില്‍ പലതും കണ്ടു. ദുരന്തത്തിന്റെ കാഴ്ചകള്‍.

ഇതില്‍ ഏതെടുക്കണം. അവന്‍ ചോദിച്ചു. ഫ്രെയിമില്‍ കിട്ടുന്നതെല്ലാം എടുക്ക്. അവനോട് പറഞ്ഞു. അനന്തമായി അലറി വിളിക്കുന്ന മഹാസാഗരത്തെ എന്തായാലും അവന്റെ ഫ്രെയിമില്‍ കിട്ടില്ല. അവന്‍ എന്തൊക്കെയോ എടുത്തു. സമയം നാലുമണി കഴിഞ്ഞു. ഇനി ഇതുമായി എടപ്പാളില്‍ തിരിച്ചെത്തണം. അവിടന്ന് കോഴിക്കോട്. പിന്നെ മാവൂര്‍ റോഡിലെ തൊണ്ടയാട് ഓഫീസിലേക്ക്. രാത്രി എട്ടുമണിയാവുമെന്നുറപ്പ്.

എടുത്ത ഭാഗം മാത്രം ഫിലിം റോളില്‍ നിന്ന് വെട്ടിയെടുത്ത് വാഷ് ചെയ്യുന്നതാണ് അക്കാലത്തെ രീതി. പത്തോ പതിനഞ്ചോ ഫിലിമുണ്ട്. ഇനി പ്രിന്റെടുത്ത് ഉണങ്ങിക്കിട്ടണമെങ്കില്‍ മുക്കാല്‍ മണിക്കൂര്‍ കൂടി വേണം. അതിനാല്‍ പ്രിന്റെടുക്കണ്ട. വാഷ് ചെയ്ത നെഗറ്റീവ് മതി. അരമുഴം നീളത്തിലുള്ള നെഗറ്റീവ് റോള്‍. അതു നോക്കി. കടപ്പുറം ദൃശ്യങ്ങള്‍. ചിലതെല്ലാം കിട്ടിയിട്ടുണ്ട്. എന്താണെന്ന് വ്യക്തമാവാന്‍ ഒരു വഴിയുമില്ല.

നസീറും ഷീലയുമാണെന്ന് കരുതി ശേഖരിച്ച നെഗറ്റീവില്‍ ഉള്ളത് നസീറിന്റെ അച്ഛന്‍ തിക്കുറിശ്ശിയും അമ്മ ആറന്മുള പൊന്നമ്മയുമാണെന്ന്‌ അപ്പോഴാണ് മനസിലാവുക.

സിനിമ കാണിക്കുന്നതിനിടെ റീലു പൊട്ടുമ്പോള്‍ തിയേറ്ററിലെ പ്രൊജക്ടര്‍ മുറിയില്‍ നിന്നൊഴിവാക്കുന്ന നെഗറ്റീവുകള്‍ ശേഖരിച്ചിരുന്നു പ്രീഡിഗ്രി കാലത്ത്. ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ ഇല്ലത്തെ ചുമരിലേക്ക് അടിച്ചു നോക്കും. ഫ്യൂസായ ബള്‍ബില്‍ വെള്ളം നിറച്ചാല്‍ അസ്സലൊരു ലെന്‍സുമായി. എത്രവേണമെങ്കിലും വലുതായിക്കാണാം. നസീറും ഷീലയുമാണെന്ന് കരുതി ശേഖരിച്ച നെഗറ്റീവില്‍ ഉള്ളത് നസീറിന്റെ അച്ഛന്‍ തിക്കുറിശ്ശിയും അമ്മ ആറന്മുള പൊന്നമ്മയുമാണെന്ന്‌ അപ്പോഴാണ് മനസിലാവുക. അതുപോലാവുമോ ഇത്. സൂക്ഷിച്ചു നോക്കി. അല്ല ചിലതെല്ലാം കിട്ടിയിട്ടുണ്ട്.

നാലു മണിക്കൂര്‍ മെനക്കെട്ടതിനും നെഗറ്റീവിനും കൂടി എഴുപതു രൂപ നല്‍കി. വാഷ് ചെയ്ത നെഗറ്റീവ് തരുമ്പോള്‍ അവന്‍ പറഞ്ഞു. ഉണങ്ങിയിട്ടില്ല. അതു കൊണ്ട് ചുരുട്ടാനാവില്ല. ഒഴിഞ്ഞ ഒരു തലക്കല്‍ പിടിച്ചാല്‍ മതി. അങ്ങനെ ചെയ്താല്‍ വേറൊരു ഗുണമുണ്ട്‌. കാറ്റ് കൊള്ളിച്ചാല്‍ കുറ്റിപ്പുറത്ത് എത്തുമ്പോഴേക്കും നെഗറ്റീവ് ഉണങ്ങിക്കിട്ടും. എടപ്പാളില്‍ നിന്ന് ബസിലാണല്ലൊ യാത്ര. ഉണങ്ങിക്കഴിഞ്ഞാല്‍ ചുരുട്ടി പോക്കറ്റിലിട്ടാല്‍ മതി. ഫോട്ടൊ എടുക്കുന്നതില്‍ അന്തം കമ്മിയാണെങ്കിലും അവന് ബുദ്ധിയുണ്ട്. നെഗറ്റീവിന്റെ കാര്യത്തില്‍ വിദഗ്‌ദ്ധോപദേശം നല്‍കിയ സന്തോഷത്തില്‍ പത്തു രൂപ കൂടി അവന് നല്‍കി. ഇനി എടപ്പാള്‍ ഭാഗത്തെ ഫോട്ടൊ എടുക്കേണ്ടി വരുമ്പോള്‍ വിളിക്കാമെന്നും പറഞ്ഞു. അവനും സന്തോഷം.

അധികം നില്‍ക്കേണ്ടി വന്നില്ല. കോട്ടയത്തു നിന്ന് കോഴിക്കോട്ടേക്ക് പോവുന്ന ഒരു കെ.എസ്. ആര്‍.ടി.സി വന്ന് നിന്നു. ഭാഗ്യത്തിന് ജനലരികല്‍ത്തന്നെ സീറ്റും കിട്ടി. ഒന്നര മണിക്കൂര്‍ എന്തായാലും വേണം. നില്‍ക്കേണ്ടി വന്നാല്‍ നെഗറ്റീവും തട്ടിമുട്ടി കേടാവും. നെഗറ്റീവില്‍ കാറ്റു കിട്ടാനും ജനലരികലെ സീറ്റ് നല്ലതാണ്. ഇനി നന്നായി റിപ്പോര്‍ട്ട് ചെയ്യാനായാല്‍ മതി. ഇത്ര വലിയ ഒരു ദുരന്തം കവര്‍ ചെയ്യുന്നത് ആദ്യമാണ്. നല്ല ഇന്‍ട്രോ കിട്ടാനായി മനസുരുകി പ്രാര്‍ത്ഥിച്ചു.

കുറ്റിപ്പുറം പാലത്തിനു സമീപത്തെ ബാംബൂ ഹോട്ടലിന്റെ വളവ് തിരിഞ്ഞതും ബസൊന്നുലഞ്ഞു. ദേഹം ഇടതു വശത്തെ കമ്പിയിലിടിച്ചു. കൊച്ചു കുഞ്ഞിനെയെന്ന പോലെ കരുതലോടെ കയ്യില്‍ വച്ചോമനിച്ച നെഗറ്റീവ് ഭാരതപ്പുഴയിലെത്തി. കയ്യിലിരിപ്പ് മോശമാണെന്ന് മാതൃഭൂമിയിലെ സായ്‌വ് (കെ. അബ്ദുള്ള) സ്ഥിരമായി പരിഹസിക്കാറുണ്ട്. അതിപ്പോള്‍ സത്യമായി.

ഒരു ദിവസത്തെ അദ്ധ്വാനമാണ് നഷ്ടമായത്. അന്നത്തെ പ്രധാന വാര്‍ത്തയുടെ ഫോട്ടൊ . ജീവനുള്ളവരെ കടലെടുത്തു, അതിന്റെ നെഗറ്റീവ് ഭാരതപ്പുഴയും. മരിച്ചവരുടെ വിവരമെല്ലാം ഭവദാസന്‍ പൊലീസ് സ്‌റ്റേഷനില്‍ അന്വേഷിച്ച് ഫോണില്‍ തരും. കോഴിക്കോട്ടെത്തിയിട്ട് ഫോണില്‍ കേട്ട് എഴുതിയാല്‍ മതി. എന്നാല്‍ പോയ നെഗറ്റീവിന് ഇനിയെന്തു ചെയ്യും. ഇത്തരം വാര്‍ത്തകളില്‍ അക്ഷരങ്ങളേക്കാള്‍ പ്രധാനം ഫോട്ടോയാണെന്ന് വിശ്വസിക്കുന്ന ആളാണ് ന്യൂസ് എഡിറ്റര്‍ സത്യവ്രതന്‍ സാര്‍. എന്തു പറഞ്ഞ് പിടിച്ചു നില്‍ക്കും.

art by Yves Klein

എസ്.എസ്.എല്‍.സി പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് മറന്നു പോയാലത്തെ അവസ്ഥ. പഠിച്ചത് തലയിലുണ്ടെങ്കിലും ഹാളില്‍ കയറാനാവില്ല. വലിയൊരാപത്തില്‍പ്പെട്ട പോലെ. ആപത്തിലെ കരണീയം ശരണീയം തന്നെയാണ്. അതു ചെയ്തു. സരസ്വതിയുടെ ചരണയുഗളങ്ങള്‍. സിദ്ധിര്‍ ഭവതു മേ സദാ. എല്ലായ്‌പ്പോഴും സിദ്ധിയുണ്ടാവണം. എല്ലാ ദിവസവും ജപിക്കുന്നതാണ്. ഒന്നു കൂടി ജപിച്ചു. നെഗറ്റീവ് വീണ്ടെടുത്ത് ഒരാള്‍ക്കും രക്ഷിക്കാനാവില്ല. പകരം വാക്കുകള്‍ കൊണ്ടെങ്കിലും ആ ദുരന്തം വരയ്ക്കാനാവണം.

ആ സമയത്താണ് മഹാഭാരതം രക്ഷിച്ചത്. കണ്ണില്ലാത്തവനെ ഫോട്ടോ കാണിക്കാനുള്ള ആപ്പ് അതില്‍ നിന്നാണ് കിട്ടിയത്.

ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ
സമവേതാ യുയുത്സുവഃ
മാമകാഃ പാണ്ഡവാശ്ചൈവ
കിമകുര്‍വതഃ സഞ്ജയഃ

ലോകത്തെ ആദ്യത്തെ യുദ്ധകാര്യലേഖകന്‍. കണ്ണു കാണാന്‍ പറ്റാത്ത ധൃതരാഷ്ട്രര്‍ സഞ്ജയനോട് ചോദിക്കുന്നു. യുദ്ധത്തില്‍ എന്റെ ആളുകള്‍ക്കെന്തു പറ്റിയെന്ന്. എത്ര നല്ല ഫോട്ടൊയെടുത്തു കൊടുത്താലും ഒന്നും കാണാനാവില്ല അദ്ദേഹത്തിന് .

അക്കാലത്ത് വാക്കു മാത്രമാണ് ഉപാധി. നാക്കു കൊണ്ട് വേണം യുദ്ധകാര്യലേഖകന്റെ ഉപജീവനം. ചാനലുകള്‍ക്ക് മുന്നിലിരുന്ന് പത്രസമ്മേളനത്തില്‍ കൊറോണയുടെ കണക്ക് പറയുന്ന പോലെ ഇത്രയാള്‍ മരിച്ചു എന്നു പറഞ്ഞാല്‍ പോരാ. ആ യുദ്ധരംഗം അനുഭവിപ്പിക്കണം. അതാണ് സഞ്ജയനു ലഭിച്ച അസൈന്‍മെന്റ്. പൊന്നാനി കടപ്പുറത്ത് കണ്ട ദുരന്തത്തിന്റെ ചിത്രം സഞ്ജയന്‍ ധൃതരാഷ്ട്രര്‍ക്ക് മുന്നിലെന്ന പോലെ സത്യന്‍ സാറിന് എഴുതിക്കൊടുത്തു.

മുപ്പതോളം കുടിലുകള്‍ എടുത്തിട്ടും മതിയാവാത്ത മട്ടില്‍ ആര്‍ത്തലക്കുന്ന തിരകള്‍. അടുത്ത തിരയിലെങ്കിലും ഒരാള്‍ കരയ്ക്കടിയുമെന്ന് കാത്ത് ഓരോ തിരയിലേക്കും മനസ്സെറിയുന്ന ബന്ധുക്കള്‍. ബോട്ടില്‍ കുടുങ്ങിയത് പാഴ്ത്തടിയോ ജഡമോ എന്നറിയാന്‍ വല ഉയര്‍ത്തുന്ന വള്ളക്കാര്‍. പാതി പൊളിഞ്ഞ വീടിന്റെ അവശേഷിപ്പില്‍ ഭര്‍ത്താവിനു വേണ്ടി കാത്തു വച്ച് ആറിത്തണുത്ത കഞ്ഞി. അതിനു മുന്നില്‍ ചൂടു കണ്ണീരില്‍ കുതിര്‍ന്ന തൊടുകറി. തിരയെടുത്ത നാലാം ക്‌ളാസുകാരന്റെ അവശേഷിക്കുന്ന പാഠപുസ്തകങ്ങള്‍. യജമാനനെ കാത്ത് കടലിലേക്ക് നോക്കി കുരയ്ക്കുന്ന നായ്ക്കള്‍. കടലിലിറങ്ങുമ്പോള്‍ വഴക്കു കേള്‍ക്കാറുള്ള മൂന്നു വയസുകാരന് തന്റെ മുറ്റത്തേക്ക് കടല്‍ കയറി വന്ന സന്തോഷം.

art by Yves Klein

ആ നാലു മണിക്കൂര്‍ നേരം പൊന്നാനി മുതല്‍ പുതുപൊന്നാനി വരെ നടന്നുകണ്ടതില്‍ മനസിലുടക്കിയ എല്ലാമെഴുതി. ബ്രിംഗ് ദ റീഡര്‍ ഇന്‍ ടു ദ സെന്റര്‍ ഓഫ് ദ സീന്‍. അതാണ് തിയറി. വായനക്കാരനെ സീനിന്റെ നടുവിലേക്കല്ല നടുക്കടലിലേക്ക് തന്നെ തള്ളിയിട്ടതായി സത്യന്‍ സാറിനു തോന്നി. വായനക്കാരന്‍ നീന്തി രക്ഷപ്പെടാന്‍ പാടുപെട്ടു കാണും.

കാലവര്‍ഷം കനത്തു കടല്‍ക്ഷോഭം രൂക്ഷം എന്ന പതിവു വാര്‍ത്തയായി ഒതുങ്ങിപ്പോവുമായിരുന്ന ആ വരികള്‍ സാറിനു നന്നെ ബോധിച്ചു. കീപ്പിറ്റപ്പ് എന്നോ മറ്റോ സാറ് പറഞ്ഞു. പിന്നെ അതു കീപ്പാനായി ശ്രമം. ആ നെഗറ്റീവ് നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍…… നെഗറ്റീവില്‍ നിന്നും ജേണലിസം പഠിക്കാം. ക്‌ളാസില്‍പ്പോവാതെ. ഈ പാഠത്തില്‍ത്തന്നെ ഒരു മാമകന്റെ കാര്യമുണ്ട്. ധൃതരാഷ്ട്രര്‍ പറഞ്ഞ മാമകന്‍. അത് പിന്നെപ്പറയാം.

തുടരും...
4.3 6 votes
Rating

About the Author

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Sainaba P

നല്ലത്…