മനുഷ്യന്റെ ഭാഷകൾ വെച്ച് മൃഗങ്ങളുടെ വികാരങ്ങളെ വായിക്കാൻ ഞാൻ തോറ്റു പോകുന്നു, എന്നു തോന്നുന്നു.

“ആഹാ… അമ്പടാ… നീ മൂരിക്ക്ടാവരുന്നോ..!!!
മോനെ, സംശയം ശരിയാ. പശുവല്ല. മൂരിയാ”

“അതിന്റെ ദേഹത്തെ പുള്ളിയും പൊട്ടും കണ്ടാൽ ആരും കരുതും പശുവാണെന്ന്. നമ്മൾ ഇതിനെ കുത്തി വെക്കാൻ കൊണ്ടുപോയപ്പോ ഡോക്ടറ് ഗ്രേഡ് കൂടിയ ഇൻജക്ഷൻ അല്ലേ കുത്തിയത്. പശു ക്ടാവ് പിറക്കാൻ എടുക്കണ സമയം തന്നെ ഇതിനും വേണ്ടി വന്നു. ഇതിപ്പോ എന്നാപ്പറ്റിയോ ആവോ.”

മൂരിക്ടാവായതിന്റെ സങ്കടം അപ്പയുടെ വാക്കുകളിൽ അഴിഞ്ഞു കിടന്നു.

കഥയുടെ ഒന്നാം ഭാഗം ഇവിടെ വായിക്കാം.

“ആഹ്. ഒരൊറ്റ കൊഴപ്പവേ ഒള്ളു…
നമ്മൾ എന്നാ ഒക്കെ കണ്ടു സ്നേഹിച്ചാലും മൂരി ആയോണ്ട് ഒടുക്കം അറവുകാരന്റെ കത്തിക്കങ്ങ് തീരും.”

ജോർജ്ജ് പറഞ്ഞത് ശരിയാ.
പണ്ട് നിലമുഴാനും വണ്ടി വലിക്കാനും ബലിഷ്ടരായ മൂരികുട്ടന്മാര് വേണം.
തട്ടിൻപ്പുറത്തു കേറ്റി വെച്ചിരിക്കുന്ന കാളവണ്ടി ചക്രം നോക്കി ഞാനോര്‍ത്തു,
‘ഇനിയിപ്പോ ഏത് നിലമുഴാൻ… ഏത് വണ്ടി വലിക്കാൻ…’

“കണ്ടിട്ടു മോഴ ഇനത്തിൽ പെട്ട ക്ടാവാണെന്നു തോന്നുന്നു…
അല്ലെ ബുഷേ …”
അപ്പ ചോദിച്ചു.

രാജു ചേട്ടൻ “ബുഷേ” എന്ന് സംബോധന ചെയ്തതു ജോർജ്ജ് ഏട്ടനെ തന്നെയാ. വർഷങ്ങൾക്കു മുൻപ് പുള്ളിക്കാരൻ വീട്ടിൽ പണിയാൻ വരുന്ന സമയത്തു മാതൃഭൂമി ചാനലിലെ ‘വക്ര ദൃഷ്ടി’ പരുപാടിയിൽ അമേരിക്കൻ പ്രസിഡന്റ്റ് ജോർജ്ജ് ബുഷിനെ കുറിച്ചു പറഞ്ഞുകൊണ്ടിരുന്നു. ആ സമയം അപ്പ അമ്മയോട് പറഞ്ഞു,
“എടിയേ, ജോർജ്ജിനു വല്ലോം കഴിക്കാൻ കൊടുക്ക്. ഇന്ന് മുതൽ ജോർജ്ജ് ഇവിടാ താമസം”.
തക്ക സമയം ‘ജോർജ്ജ് ബുഷ്’ എന്ന പേര് ടി.വി യിൽ മുഴങ്ങി കേട്ടു. അപ്പയ്ക്ക് അതുകേട്ടൊരു കൗതുകം. അന്ന് മുതൽ അപ്പ പുള്ളിയെ വിളിക്കുന്നത് “ജോർജ്ജ് ബുഷ്” എന്നാണ്. അത് പിന്നെ നാട്ടിൽ എല്ലാരും ശീലമാക്കി. കുഞ്ഞൂഞ്ഞച്ചായന്റെ റബർ കടയിലും, ഓർവയലിലെ മിൽമ സൊസൈറ്റിയില്‍ പണിക്കാർക്കിടയിലുമൊക്കെ ആദ്യം ശ്രീമാൻ ജോർജ്ജ് ബുഷ് എന്നും, പിന്നീട് ചുരുക്കി ശ്രീമാൻ ബുഷ് എന്നുമായി വിളിപ്പേര്.

“ബുഷിനെ വിശ്വസിക്കേണ്ട രാജുവേ… മൂരിയെ നോക്കി പശുവെന്ന് പറഞ്ഞ ആളാ …..”
അപ്പയുടെ പറച്ചില് കേട്ട് ചാണകം കോരുന്ന ജോർജ് ബുഷ് കരിപിടിച്ച പല്ലു കാട്ടി ‘ഹിഹിഹി’ എന്നൊന്നു ചിരിച്ചു.

മൂരികുട്ടൻ ആളൊരു സർവൈവലിസ്റ്റ് ആണ്. ജനിച്ചു വീണ കുഞ്ഞു മരണത്തിനു പിടി കൊടുക്കാതെ പത്തു മിനിറ്റ് ചാണകക്കുഴിയിൽ തല ഉയർത്തി നിന്നതുകൊണ്ട് മാത്രമാണ്
ഇപ്പോഴും ജീവിച്ചിരിക്കുന്നത്. ആ വീഴ്ച്ച തല കുത്തി ആയിരുന്നെങ്കിൽ ശവം പൊങ്ങി വരുമ്പോൾ മാത്രമേ ഇങ്ങനെ ഒരാൾ പിറന്നതും അകാലത്തിൽ ചത്തൊടുങ്ങിയതും ബാക്കിയുള്ളവർ അറിയുമാരുന്നൊള്ളു.
മണ്ണിന്റെ നിറമുള്ള ശരീരത്തിൽ, നെറ്റിയിലും മുതുകത്തും വലിയ വെള്ള പൊട്ടുണ്ട്. കൈചുഴിയുള്ള ഇനം അപൂർവ്വമാണ്. പിന്നെ ബുഷും രാജുച്ചേട്ടനും പറഞ്ഞത് കൂടി ചേർത്താൽ,
“ആയില്ല്യം നക്ഷത്രത്തിൽ അഷ്ടമി ദിവസം ജനനം.” അവർ രണ്ടും കൂടെ ഇവന് ജാതകം എഴിതിക്കാനും ഇടയുണ്ട്.

അവൾക്ക് സങ്കടം ഒണ്ടോ?
പരാജയപെട്ടുപോയ മകനെ കുറിച്ചു ഓർത്തുള്ള സങ്കടം.?
തന്റെ മൂത്ത മക്കളായ ജാൻസി പശുവിനെയും പാപ്പി പോത്തിനേയും പോലെ നെഞ്ച് വിരിച്ചു പുതിയ മകൻ നിൽക്കാത്തതിന്റെ സങ്കടം.

അപ്പോഴേക്കും അച്ചാച്ചന്‍ ഇറങ്ങി വന്നു. ക്ടാവിന്റെ കിടപ്പു നോക്കി.
ക്ടാവിനു എണീറ്റ് നില്ക്കാൻ പോയിട്ട് തല ഉയർത്താനുള്ള ആരോഗ്യം പോലുമില്ല. പശൂനെ കറന്നു പാല് കുടിപ്പിക്കണം. പക്ഷെ പശു ഉടക്കി. ആരെയും പാല് കറക്കാൻ അനുവദിക്കില്ല. അകിടിൽ തൊടാൻ ചെന്നപ്പോൾ ഇടത്തെ കാലു കൊണ്ട് ഒരൊറ്റ തൊഴി. അമ്മച്ചി സ്ഥിരമായി ഇരുന്നു ബൈബിൾ വായിക്കുന്ന പ്ലാസ്റ്റിക് കസേര രണ്ടു കഷ്ണമായി പോയി.
എന്റെ നെഞ്ചിലൂടെ ഒരു മിന്നല് പാഞ്ഞു. ഇത്രേം ആരോഗ്യം ഈ പശുവിനുണ്ടോ?
അസ്ഥാനത്തു ഒരു ചവിട്ടു കിട്ടിയാൽ അത് മതി നടുവ് ഒടിഞ്ഞു കിടക്കാൻ.
ഒടുക്കം ജോർജ്ജ് ബുഷ് പശുവിനെ മുറുക്കി കെട്ടി മൂക്കുകയറിനു ഒരു പിടുത്തം പിടിച്ചു. രാജു ചേട്ടൻ ഞായറാഴ്ച്ച ചൊല്ലുന്ന സ്തോത്രം ഇവിടെ പശുവിന്റെ അകിടിനു മുന്നിൽ ആവർത്തിച്ചു…
“ഏശുവെ സ്തോത്രം, കർത്താവേ സ്തോത്രം.”
പ്രസവം കഴിഞ്ഞു പശുവിന്റെ പാല് കറന്നെടുത്തില്ലെങ്കിൽ അകിടിനു നീര് വെക്കും. അങ്ങനെ സംഭവിച്ചാൽ അത് അമ്മയ്ക്കും ആരോഗ്യം തീരെ ഇല്ലാത്ത കുഞ്ഞിനും കേടാണ്.
പശു ചാടാതെ ഇരിക്കാൻ കുഞ്ഞിനെ ഞാൻ കൈയിൽ എടുത്തു അമ്മേടെ മുന്നിൽ കൊണ്ടുനിർത്തി. നിന്ന് കാലു കഴച്ചപ്പോൾ മെറ്റൽ ഇട്ട മുറ്റത്ത് ഇരുന്നു, കൈയിൽ പിറന്നിട്ട് മൂന്നു മണിക്കൂർ മാത്രമായ കുഞ്ഞുമായിട്ട്.

അപ്പോഴാണ് ഞാൻ മോളി പശുവിനെ കൂടുതൽ ശ്രദ്ധിക്കുന്നത്. അവളുടെ കണ്ണുകൾ നിറഞ്ഞപോലെ എനിക്ക് തോന്നി. ശ്വാസം വല്ലാണ്ടങ്ങ് നീട്ടി വലിച്ചു വിടുന്നു. ചുറ്റും തുപ്പലിനോട് ചേർന്ന ചതഞ്ഞരഞ്ഞ പുല്ലിന്റെ മണം. കാലത്തുമുതൽ ഞാനും ചാണകത്തിൽ നിറഞ്ഞു നിൽക്കുന്നതുകൊണ്ടു എനിക്കതൊരു നാറ്റമായി തോന്നിയില്ല. അവൾക്ക് സങ്കടം ഒണ്ടോ?
പരാജയപെട്ടുപോയ മകനെ കുറിച്ചു ഓർത്തുള്ള സങ്കടം.?
തന്റെ മൂത്ത മകളായ ജാൻസി പശുവിനെയും പാപ്പി പോത്തിനേയും പോലെ നെഞ്ച് വിരിച്ചു മൂന്നാമത്തെ മകൻ നിൽക്കാത്തതിന്റെ സങ്കടം. കൂട്ടിൽ നിന്ന് രണ്ടു പേരും ഇടയ്ക് ഇടയ്ക് എത്തി നോക്കുന്നുണ്ട്. എങ്കിലും അവർ തമ്മിൽ ഒരു ഔദ്യോഗിക പരിചയപ്പെടുത്തൽ ഇതുവരെ നടന്നിട്ടില്ല.

ഒടുക്കം കറന്നെടുത്ത പാൽ ഒരു കുപ്പിയിലാക്കി രാജു ചേട്ടൻ എന്റെ കൈയിൽ തന്നു. മടിയിൽ കിടത്തി ഞാനാ പാല്‍ കൊടുത്തു. വാ പൊളിക്കുന്നില്ല.
കണ്ണുകൾ ക്ഷീണിച്ചു തന്നെ ഇരിക്കുന്നു.
ഒടുക്കം അമ്മയുടെ അകിടിനു പകരം പാൽകുപ്പിയിൽ നിന്ന് അവൻ കുടിച്ചു. ആദ്യം കറന്നെടുത്ത പാൽ മുഴുവൻ കുടിച്ചു തീർത്തു. പിന്നീട് കുട്ടിയെ കൊണ്ട് കുടിപ്പിക്കാനായി അകിടിന്റെ അരികിൽ വാ മുട്ടിച്ചു നിർത്തി. ‘പക്ഷെ അവൻ എന്ത് വന്നാലും വാ തുറക്കില്ല എന്ന മട്ടിൽ തന്നെ നിൽക്കുകയാണ്’.

കിടത്തിയ ചാക്കിന്റെ നാല് മൂലയ്ക്ക് ഇപ്പുറം വേറൊരു ലോകം അവനിനി ഇല്ല. തോട്ടത്തിൽ പുല്ലു തിന്നാൻ അഴിച്ചു വിടാൻ പറ്റില്ല. വളരും തോറും തൊഴുത്തിലെ കിടപ്പുനിലം കൈയ്യേറാം എന്നതൊഴിച്ചാൽ കശാപ്പുകാരനു വിൽക്കും വരെ വളർത്തിക്കൊണ്ടു വരുന്ന ഭാരമായി ഇവൻ മാറും.

എണീപ്പിച്ചു നിർത്താൻ നോക്കുമ്പോഴൊക്കെയും പുറകിലെ കാലുകൾ രണ്ടും കുത്താൻ മടിച്ചു. കാലിനു സ്വാധീനമില്ലാതെ ആകാം അവൻ ജനിച്ചത് എന്നു എല്ലാവരും ഉറപ്പിച്ചു.
കിടത്തിയ ചാക്കിന്റെ നാല് മൂലയ്ക്ക് ഇപ്പുറം വേറൊരു ലോകം അവനിനി ഇല്ല. തോട്ടത്തിൽ പുല്ലു തിന്നാൻ അഴിച്ചു വിടാൻ പറ്റില്ല. വളരും തോറും തൊഴുത്തിലെ കിടപ്പുനിലം കൈയ്യേറാം എന്നതൊഴിച്ചാൽ കശാപ്പുകാരനു വിൽക്കും വരെ വളർത്തിക്കൊണ്ടു വരുന്ന ഭാരമായി ഇവൻ മാറും. അറക്കപെടാൻ മാത്രമായി മരണത്തെ ജയിച്ചു വന്നവനോ ഇവൻ..!

കുടിച്ച പാലിന്റെ ഗുണം കിട്ടി. അവൻ തല ഉയർത്തി. ഇടത്തേക്കും വലത്തേക്കും എന്റെ മടിയിൽ കിടന്നുകൊണ്ട് തന്നെ നോക്കി. ഞാൻ അവനെ എണീപ്പിച്ചു നിർത്തി. ആദ്യം മടിച്ചെങ്കിലും പുറകിലത്തെ കാൽ അവൻ കുത്തി. തീരെ ബലമില്ലാത്ത കാൽ. ശരീരത്തെ താങ്ങുവാൻ ആവതില്ലാതെ കുത്തി നിർത്തിയ കാൽ വിറച്ചു. ഒടുക്കം മറിഞ്ഞു വീണു.
കാലിനു തണുപ്പുണ്ടോ എന്നു രാജു ചേട്ടൻ ഇടയ്ക്കു ചോദിച്ചു. നിർജീവമാണോ എന്നറിയാനാണ്.
ഞാനും അച്ചാച്ചനും കൂടെ കാലും ദേഹവും തടവി. ചാണകക്കുഴിയിൽ നിന്നെടുത്ത ശരീരത്തിന്റെ തണുപ്പ് മാത്രേ ഉടലിൽ തോന്നിയുള്ളൂ. കാലിനു ചൂട് വെക്കാനായി ബുഷ് ചൂട് വെള്ളം കൊണ്ടുവന്നു. ഈ സർക്കസ്സ് എല്ലാം കണ്ടുകൊണ്ടു തള്ള പശു വേപ്പുമര ചുവട്ടിൽ നിന്നു.

മൃഗങ്ങളുടെ ചിന്താരീതികൾ ഏതു തരമാണെന്നത് എപ്പോഴും എന്നെ അതിശയിപ്പിച്ചിട്ടുള്ള കാര്യമാണ്. എടുത്തു പറയാൻ ഉദാഹരണങ്ങൾ ഏറെയാണ്. കുറച്ചു വർഷങ്ങള്‍ക്കു മുൻപ് മരിച്ച ലക്കി എന്ന പട്ടി. മോളിപ്പശുവിന്റെ രണ്ടാമത്തെ കുഞ്ഞിനെ രക്ഷിച്ചത് അവനാണ്. കാലത്തൊരു രണ്ടു-രണ്ടര മണി ആയപ്പോൾ ജനലിന്റെ വാതുക്കൽ വന്നു തല കൊണ്ട് ഇടിക്കുകയും ശക്തമായി കുരയ്ക്കുകയും ചെയ്‌തു. നിർത്താതെ പശുക്കൂട്ടിലേക്ക്‌ ഓടുകയും തിരിച്ചു വന്നു ഞങ്ങളെ ഉണർത്താൻ ശ്രമിക്കുകയും ചെയ്‌തുകൊണ്ടിരുന്നു. ഒടുക്കം എല്ലാവരും ഉണർന്നു കൂട്ടിൽ ചെന്നപ്പോ മോളി ആദ്യത്തെ പശുക്കുട്ടിക്ക് ജൻമം കൊടുത്തു. അവൾ ചാണകക്കുഴിയിലേക്കു വീഴാൻ തുടങ്ങിയതും ഞങ്ങൾ കൂട്ടിൽ ചെന്നതും ഒരുമിച്ചായിരുന്നു. അങ്ങനെ, ലക്കി എന്ന പട്ടി ഒരു ക്ടാവിനെ രക്ഷിച്ച കഥയുണ്ട്.

കണ്ടത്തിൽ മേയാൻ വിട്ടതിനിടയ്ക്കു സ്വന്തം അമ്മയുടെ കഴുത്തിലെ കയറിൽ കുരുങ്ങി പിടഞ്ഞു കിടന്നു ചത്തു. അതിശയം അതല്ല. തള്ളയാട് അതിനെ വലിച്ചുകൊണ്ടു നടന്ന് പുല്ലു തിന്നുകൊണ്ടിരുന്നു.

വീട്ടിലെ കിങ്ങിണി എന്ന ആട് ഇരട്ടകുട്ടികൾക്ക് ജന്മം കൊടുത്ത കഥയും രസമാണ്. വയറ്റാട്ടിയും ശിശ്രൂഷകരും എല്ലാം ഞങ്ങൾ തന്നെ. ജനിച്ചു വീണ ആട്ടിന്‍കുട്ടികളെ അമ്മ എടുത്തു എന്റെ കൈയിൽ തന്നു. പിറന്നു വീണ ശരീരത്തിന്റെ ചൂട് ആദ്യമായി ഞാൻ അറിഞ്ഞു. പക്ഷെ ആറു മാസം തികയും മുൻപ്പ് ഇരട്ടകളിൽ ഒരെണ്ണം ചത്തു. കണ്ടത്തിൽ മേയാൻ വിട്ടതിനിടയ്ക്കു സ്വന്തം അമ്മയുടെ കഴുത്തിലെ കയറിൽ കുരുങ്ങി പിടഞ്ഞു കിടന്നു ചത്തു. അതിശയം അതല്ല. തള്ളയാട് അതിനെ വലിച്ചുകൊണ്ടു നടന്ന് പുല്ലു തിന്നുകൊണ്ടിരുന്നു. വീടിനു തൊട്ടു താഴെയുള്ള കണ്ടമാണ്. ഒച്ച കേട്ട് കത്തിയുമായി ഞങ്ങൾ ചെന്ന് കയറു മുറിച്ചു കുട്ടിയെ മാറ്റിയപ്പോഴേക്കും അവൾ ചലനമില്ലാതെയായിരുന്നു. പിന്നെ ബുഷിന്റെയും രാജുവിനെറ്റും നേതൃത്വത്തിൽ ചത്തുപോയ ആട്ടിൻകുട്ടിയെ തോൽ ഉരിച്ചു ഇറച്ചിയാക്കി മുറിച്ചെടുത്തപ്പോൾ സർവ്വനേരവും ഉച്ചത്തിൽ കാറികൊണ്ടിരുന്ന തള്ള ആടും കുട്ടിയും മൗനമായി നോക്കി നിന്നതിന്റെ അർഥം എന്തായിരുന്നു!

അതുപോലെ ലിയോ എന്ന പെൺപട്ടി. കഴിഞ്ഞ ജനുവരി മാസം വെളുപ്പിനെ മുറ്റത്തു പാമ്പുകടിയേറ്റു കിടന്നപ്പോൾ എന്റെ കണ്ണിലേക്കു നോക്കി ഇടം കൈ പൊക്കി കാട്ടിയത് എന്തിനു വേണ്ടി ആയിരുന്നു. കൂടെ കളിയ്ക്കാൻ അവൾ എന്നെ വിളിക്കുന്നത് രണ്ടു കൈയും പൊക്കി നിന്നുകൊണ്ടാണ്. അവളുടെ ശരീരം തണുത്തുറയ്ക്കുന്നതിനു മുൻപും അവൾ എന്നെ നോക്കി അങ്ങനെ തന്നെ നിന്നു. മനുഷ്യന്റെ ഭാഷകൾ വെച്ച് മൃഗങ്ങളുടെ വികാരങ്ങളെ വായിക്കാൻ ഞാൻ തോറ്റു പോകുന്നു എന്നു തോന്നുന്നു.

മൂരി ക്ടാവ് എന്റെ കൈയിൽ ഇരുന്ന സമയമത്രയും തള്ള പശു എന്നെ നോക്കി തല ആട്ടുന്നുണ്ടാരുന്നു. ശ്രദ്ധിച്ചപ്പോൾ ക്ടാവിന് നേരെ മുഖമുയർത്തി അതിനെ അടുത്തേക്ക് വിളിക്കുന്ന പോലെ എനിക്ക് തോന്നി. ഞങ്ങളുടെ ഓരോ ശ്രമങ്ങളും ശ്രദ്ധയോടെ അത് നോക്കി. ചൂട് വെള്ളം വെച്ചു കാലു തുടച്ചതും, ചാക്കിൽ കയർ കെട്ടി മൂരിയെ എണീപ്പിക്കാൻ ശ്രമിച്ചതും ഒടുക്കം എന്റെ കൈയിൽ ഇരുന്നു പാല് കുടിക്കുന്നതുമെല്ലാം തള്ള പശു നോക്കുന്നുണ്ട്.. പക്ഷെ ഒന്നും ഫലം കാണാഞ്ഞപ്പോൾ വീണ്ടും അത് തലയാട്ടി ഞെളിപിരി കൊണ്ട് നിന്നു. ഒടുക്കം ക്ടാവിനെ എടുത്തു തള്ളയുടെ മുന്നിൽ കൊണ്ടുപോയി കിടത്തി. കുറച്ച മാറി വരാന്തയിൽ ഞാൻ ഇരുന്നു.

തള്ള പശു ക്ടാവിനെ ദേഹം മുഴുവൻ നക്കി തുടച്ചു. കാലിനു കൂടുതൽ ശ്രദ്ധ കൊടുത്തു.
“കാൽ അനക്കടാ മൂരിയേ ” എന്ന് തള്ള മകനോട് പറയുന്ന പോലെ.
അവൻ അത് കേട്ടു.
ഞങ്ങൾ പല തവണ ശ്രമിച്ചിട്ടും അനക്കാത്ത കാൽ അമ്മയുടെ അടുത്തെത്തിയപ്പോൾ തനിയെ കുത്തി തുടങ്ങി. പതുകെ പിച്ച വെച്ചു. പക്ഷെ രണ്ടടി തികച്ചു നടക്കില്ല. വീണപ്പോള്‍ ഞാൻ എണീപ്പിക്കാൻ ശ്രമിച്ചു.
“അവൻ തനിയെ എണീറ്റ് ബാലൻസ് പിടിക്കട്ടെ… എന്നാലേ അവൻ നടക്കാൻ പഠിക്കു.”
രാജു ചേട്ടൻ ഇറങ്ങാൻ തുടങ്ങി.

സമയം ഏകദശം പതിനൊന്നു കഴിഞ്ഞു.
“കൊച്ചെ , ആ പാല് മുഴുവൻ കുടുപ്പിച്ചേക്കണേ. ഞാൻ വൈകിട്ട് വന്ന് ഒന്നൂടെ കറക്കാം. അത്യാവശ്യം പാല് ചെല്ലുമ്പോ തന്നെ അവൻ നല്ല മിടക്കാനായിട്ട് എണീക്കും”
ആദ്യ ദിവസങ്ങളിലെ പശുവിന്റെ പാലിന് കൊഴുപ്പു കൂടുതലാണ്. ഒപ്പം ഔഷധഗുണവും ഉണ്ട്.

എന്റെ കൊച്ചെ, ഒന്നും പറയേണ്ട. മൂന്നാം പക്കം പശുക്ടാവ് ചത്ത് വീണു.

പെട്ടന്നാണ് പശു നിലത്തു കിടന്നത്. നോക്കുമ്പോ ദേഹത്ത് നിന്ന് മാശ് പൂർണ്ണമായിട്ടും പോയിട്ടില്ല. മാശ് പൂർണമായും ഒഴുകിയിറങ്ങണം.
“എന്നോട് ആദ്യമേ മാശ് മുഴുവൻ പോയെന്നു പറഞ്ഞതുകൊണ്ടാ ഞാനും പിന്നെ നോക്കാഞ്ഞത്”. ഒടുക്കം മാശ് പൂർണമായും ഒഴുകി ഇറങ്ങിയപ്പോൾ തൂമ്പ കൊണ്ട് എളുപ്പത്തിൽ അഴുകുന്ന ഒരു ചാക്കിൽ കെട്ടിയെടുത്തു.
പശുവിന്റെ മാശ് പൂർണമായും പോന്നു കഴിഞ്ഞാൽ അത് വെറുതെ അലക്ഷ്യമായി കോരി എറിയാൻ പാടില്ല. കാക്കയോ പരുന്തോ വന്നു കൊത്തിയാൽ ജനിച്ച കുഞ്ഞിനു കേടാണത്രെ. ആളുകളുടെ വിശ്വാസമാണ്. പക്ഷെ, കേട്ടിട്ടു എനിക്ക് വിശ്വാസം വരാത്തത് കൊണ്ടാവണം, പുള്ളിക്കാരൻ ഒരു പഴങ്കഥ കൂടെ പറഞ്ഞു.
“പണ്ട് മലംപതിക്കേല്‍ പണിക്കു നിന്ന കാലത്തു അവിടെ ഒരു ജേഴ്‌സി പശു ഒണ്ടാരുന്നു. പെറ്റ് കഴിഞ്ഞപ്പോ അതിന്റെ മാശ് ആഴത്തിലല്ല കുഴിച്ചിട്ടത്. ഒടുക്കം കോഴിയും കാക്കയുമൊക്കെ അത് കൊത്തി പറിച്ചു തിന്നു. എന്റെ കൊച്ചെ, ഒന്നും പറയേണ്ട. മൂന്നാം പക്കം പശുക്ടാവ് ചത്ത് വീണു”.

എപ്പോഴും ഈർപ്പം നിൽക്കുന്ന മണ്ണിൽ മാശ് കുഴിച്ചിടണം. അങ്ങനെ വീടിന്റെ കിഴക്കേ അറ്റത്ത് മാശ് കുഴിച്ചിട്ടു. ഈ സമയം കൊണ്ട് ക്ടാവ് മിടുക്കനായി എണീറ്റ് നിന്ന് തുടങ്ങി. അമ്മയുടെ പാല് നുകർന്നതിന്റെ ആരോഗ്യം! കണ്ണ് തുറന്നു. കാഴ്ചകൾ നേരെ ആവാൻ കുറച്ചു ദിവസമെടുക്കും, ഒപ്പം കാലുകൾ ഉറയ്ക്കാനും. അതുവരെ പിച്ച വെച്ച് നടക്കും. എന്നൊടൊപ്പം അവൻ നടന്നു തുടങ്ങി. എന്റെ നിഴലിൽ കാലുകൾ കുത്തി അവൻ മുന്നോട്ടു നടന്നു. വീണുകഴിഞ്ഞാൽ തനിയെ എണീക്കില്ല. ആരെങ്കിലും പിടിച്ചു എണീപ്പിക്കണം.

എന്നെ അതിശയിപ്പിച്ചത് മറ്റൊന്നാണ്. സാധാരണ കുട്ടികളെ പോലെ ഇവന് അമ്മയോട് അടുപ്പമില്ല. അമ്മയുടെ അടുത്തു എത്ര തവണ കൊണ്ടുപോയി നിർത്തിയാലും പതുക്കെ തല തിരിച്ചു പിച്ച വെച്ച് വെച്ച് എന്റെ അടുത്ത് വരും. ഞാൻ മടിയിൽ കയറ്റി ഇരുത്തുമ്പോൾ പാല് കുടിക്കാനായി മുഖമുയർത്തും. പക്ഷെ കുപ്പിപാല് മടുത്തു എന്ന് തോന്നുന്നു. കുപ്പിയും കൊണ്ട് ചെന്നാൽ വാ തുറക്കിലെന്നായി. അകിടിൽ നിന്നും കുടിക്കില്ല. കുറച്ചു നേരം മടിയിൽ കിടത്തീട്ടു തൊഴുത്തിൽ കൊണ്ടുപോയി കിടത്തും.

പശുവിന്റെ ദേഹമാകെ ചെളിയാണ്. ഹോസ് എടുത്തു അതിനെ കുളിപ്പിച്ചു. ചെളി പോകാൻ വലിയ പാടാണ്. അര മണിക്കൂറിൽ കൂടുതൽ നിർത്തി കുളുപ്പിക്കേണ്ടി വന്നു ഒരു വിധം വൃത്തിയാക്കി എടുക്കാൻ.

പാമ്പാടിയിലെ കര്‍ഷകരുടെ കൂട്ടായ്മയാണ് പാമേഴ്സ്. അപ്പ പാമെഴ്സിന്റെ മീറ്റിങ്ങിനു പോകാന്‍ എന്നെ പറഞ്ഞയച്ചു. തിരിച്ചു വീട്ടിൽ വന്നപ്പോൾ ക്ടാവ് പാല് കുടിച്ചില്ലെന്നു അമ്മ പറഞ്ഞു. രാവിലെ കറന്ന പാലിന്റെ ബാക്കി കുപ്പിയിലാക്കി എടുത്തുവെച്ചിരുന്നു. പശുവിനിപ്പോ എന്നോടൊരു നീരസമുണ്ട്. അതിന്റെ അകിടിൽ നിന്ന് ക്ടാവ് പാല് കുടിക്കാറെ ഇല്ല. ഞാൻ കുപ്പിയിൽ കൊടുക്കണം. ആ നീരസം മാറ്റാൻ തൊഴുത്തിൽ പശുവിന്റെ മുന്നിൽ ഇരുന്ന് ക്ടാവിനെ മടിയിൽ കയറ്റി വെച്ച് പാല് കൊടുത്തു. തള്ള പശു ക്ടാവിനെയും ഒപ്പം എന്നേം നക്കി കൊണ്ടിരുന്നു. ഇതിനിടയ്ക് പറമ്പിൽ മേയാൻ വിട്ട രണ്ടു ആടുകളും കേറി വന്നു. തള്ള ആട് കുഞ്ഞിനെ കണ്ടു ഒന്ന് നോക്കി. എന്നിട്ട് തല ഉയർത്തി നേരെ അങ്ങ് നടന്നു. കുട്ടിയാട് ആവട്ടെ ഒന്ന് നോക്കിയത് പോലുമില്ല. നല്ല തലക്കനം.
മോളിയുടെ രണ്ടു മക്കളും ക്ടാവിനെ നേരത്തെ പരിചയപ്പെട്ടതാണ്.
മൂത്തവൾ മേയാൻ പറമ്പിലേക്ക് ഇറങ്ങിയ സമയത്തു കണ്ടു.
നിന്നു.
നോക്കി.
പോയി.
പക്ഷെ ആൺമക്കൾ തമ്മിലുള്ള പരിചയപ്പെടൽ ഇത്തിരി കട്ടിയായിരുന്നു. കണ്ടപാടെ രണ്ടും കൊമ്പുകോർത്തു. മോഴ ഇനത്തിന് കൊമ്പില്ല. അതുകൊണ്ടു രണ്ടും തല ഇടിച്ചു പരിചയപ്പെട്ടു എന്നു പറയാം.

പാല് കുടിച്ചു കഴിഞ്ഞ കുഞ്ഞിനെ തൊഴുത്തിൽ കിടത്തി. എല്ലാത്തിനും പുല്ലിട്ടു കൊടുത്തു. തൊഴുത്തിന്റെ വാതിലും ചാണകക്കുഴിയിലേക്കുള്ള ഓവും അടച്ചു.
ഇനി ഒന്ന് കുളിക്കണം, ഒരു ഗ്ലാസ് ചായ കുടിക്കണം, പിന്നെയൊന്നും കിടക്കണം.
അപ്പ അതുവഴി വന്നു. “അകിടിൽ നിന്ന് കടാവ് കുടിച്ചോടാ ? “
” ഇല്ല, ഇതിപ്പോ എന്റെ കൈയിൽ ഇരുന്നാലെ പാല് കുടിക്കു…”
“എടാ… ഇനി നീയാടാ അവന്റെ അമ്മ…” അപ്പ ചിരിച്ചോണ്ടു പറഞ്ഞു.
അതുവഴി വന്ന ബുഷിനോട് അപ്പ വിളിച്ചു ചോദിച്ചു,
“ബുഷേ, ക്ടാവിന് പേര് വല്ലോം കണ്ടു വെച്ചിട്ടുണ്ടോ….?”
“ആ അഹ് പിന്നെ നല്ല രസ്യൻ പേരുണ്ട്. ചാണകത്തിൽ നിന്നു കിട്ടിയതല്ലേ…
അതുകൊണ്ടു ‘ചാണക്യൻ’ എന്നു വിളിക്കാം…”
മൂന്നു പേരും ചിരിച്ചു.

പെട്ടെന്ന് ആകാശത്തു ഇടിമുഴക്കം. മഴക്കുള്ള ലക്ഷണം. അച്ചാച്ചന്‍ പെട്ടന്നു വിളിച്ചു പറഞ്ഞു.
“എടാ… മഴ വരുന്നു. വേഗം പ്ളഗ്ഗ് എല്ലാം ഓഫ് ചെയ്യ്. ജനലും അടച്ചേരു”

മഴ തിമിർത്തു പെയ്യാൻ തുടങ്ങിയപ്പോഴാണ് ഉണക്കാൻ ഇട്ട റബ്ബർ ഷീറ്റ് എടുത്തില്ലല്ലോ എന്നോർത്തത്. അച്ചാച്ചന്റെ ഒപ്പം ഞാനും ചെന്ന് ഷീറ്റ് എല്ലാം പെറുക്കി വരാന്തയിൽ വെച്ചു. ഒട്ടുപാലും കൊപ്രയും പിന്നെ ചാക്കിൽ കെട്ടി വെച്ച തേങ്ങയും ഷെഡ്‌ഡിലേക്കു മാറ്റി. അപ്പോഴേക്കും ഞങ്ങൾ രണ്ടും നനഞ്ഞു കുളിച്ചിരുന്നു.

” എടാ ക്ടാവിനെ ഒന്ന് നോക്കണ്ടേ”

ഞങ്ങൾ രണ്ടും തൊഴുത്തിൽ ചെന്നു. മഴയത്തു അത് വിറച്ചു നിൽക്കുകയാണ്. അച്ചാച്ചന്‍ സിമന്റ് തറയിലേക്ക് ഒരു ചാക്ക് വിരിച്ചിട്ടു. തറയുടെ തണുപ്പിൽ നിന്ന് രക്ഷപെടാൻ ഇത് മതി.
“ക്ടാവിനു ആരോഗ്യം തീരെ കുറവാണ്. ഒരു ശരാശരി കുട്ടിക്ക് വേണ്ട ശരീരമില്ല. ഇന്നത്തെ രാത്രി തികയ്ക്കണം.
എങ്കിലേ ഇവന്‍ ജീവിക്കുമോ ചാകുമോ എന്നു പറയാൻ പറ്റൂ. “
ചേട്ടൻ പറഞ്ഞത് ശരിയാണ്.
ഇന്നത്തെ രാത്രി ഇവൻ തികയ്ക്കണം.
മരണത്തിലേക്കാണ് വീണത്‌, അവന്റെ ഉയര്‍പ്പാണ് ജീവിതം. കാലിതൊഴുത്തിലെ ചാണകക്കുഴിയില്‍ പതിനഞ്ചു മിനുട്ടോളം ജീവൻ പിടിച്ചു നിർത്തിയ അതേ മനോബലത്തോടെ ഇന്നത്തെ രാത്രി ഇവൻ താണ്ടണം.

കാലം പെയ്തിറങ്ങുന്നു, തണുപ്പു കൊടാമ്പല്‍ അഴിക്കുന്നു, മനുഷ്യരായ മനുഷ്യരുടെ എല്ലാം ഉള്ളു കായുന്നു, കൊള്ളിയാനും ഇടിക്കുമിടെയിലും അപ്പയും, അമ്മയും, അമ്മച്ചിയുമെല്ലാം പ്രാര്‍ത്ഥിക്കുന്നതിന്റെ ഇടര്‍ച്ച താഴ്ചകള്‍ എനിക്കറിയാമായിരുന്നു. മെഴുകുതിരി പുരയില്‍ ജോര്‍ജ്ജും കണ്ണ് തുറന്നു അറിയാവുന്ന വിശ്വാസങ്ങളെയൊക്കെ ചേര്‍ത്ത് പിടിക്കുന്നുണ്ടാകും, രാജു ഭാര്യയോട്‌ ‘ആ ക്ടാവിനു ഏനക്കേടൊന്നും വരത്തില്ലാരിക്കുമല്ലേടിയേ…’ എന്ന് പറയുന്നുണ്ടാകും. ചുറ്റുപാടും സര്‍വ്വചരാചരങ്ങളും പ്രാര്‍ത്ഥനയുടെ പാതിരാ കുര്‍ബ്ബാന കൂടാന്‍ ഒത്തു കൂടുന്നു.

ആകാശത്തു മുഴങ്ങുന്ന ഇടിമിന്നലുകളെ പേടിക്കാതെ, കൊത്തിപ്പറിക്കാൻ വരുന്ന കാക്കകളെ തോൽപ്പിച്ച്, ഇന്നത്തെ രാത്രി ഇവൻ താണ്ടണം. നാളത്തെ പകലിൽ ഇവൻ ഭൂമിക്കു മുകളിലോ, ഭൂമി ഇവന്റെ മൂകളിലോ എന്ന് തീരുമാനിക്കുന്നത് തണുത്തുറഞ്ഞ ഈ രാത്രിയാണ്.

Illustrations Aamy

4.8 4 votes
Rating

About the Author

Subscribe
Notify of
guest
5 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
elsa

💚

Arun Alex

thank you

Sumi

🌻🌻🌻

Jibin

#

Abhima Edvi K

Was able to picturise the whole thing like a short film…. Good one…. Keep doing