മുപ്പതു കഴിഞ്ഞു നിൽക്കുന്ന ശ്രീനിവാസൻ സാറെന്ന മലയാളം മാഷിന്റെ ജീവിതത്തിലെ കുറച്ച് വരികളാണ് തമാശ. അയാളുടെ പ്രണയ തുടർച്ചയിലൂടെയാണ് കഥ തുടങ്ങുന്നത്. അത് എന്നോ തുടങ്ങി, പറഞ്ഞും പറയാതെയുമൊക്കെ ശ്വാസം മുട്ടുകയാണ്. ഒരു ആത്മവിശ്വാസവുമില്ലാത്ത, അതൊക്കെ ഉടുപ്പിലും-നടപ്പിലും കൊണ്ടു വരാൻ ശ്രമിച്ചു പരാജയപ്പെട്ടു പോകുന്നൊരു മനുഷ്യൻ. അയാൾ നമ്മളിലും നമ്മൾക്കിടയിലുമുണ്ട്. എവിടെയെങ്കിലും ഒന്നു വിജയിച്ചു കാണിക്കണമെന്നാഗ്രഹിക്കുന്ന, തോറ്റു പോയൊരാൾ. ശ്രീനിവാസൻ സാറിന്റെ ഉൾവലിവും അപകർഷതാബോധവും പ്രണയവുമൊക്കെ ഗംഭീരമാക്കിയിട്ടുണ്ട് വിനയ് ഫോർട്ട്. മലയാളം കഴിവിനൊത്തു ഉപയോഗിക്കാതെ പോകുന്ന ഒരു പ്രതിഭയുടെ അടയാളപ്പെടുത്തൽ കൂടിയാകുന്നുണ്ട് തമാശ.


നമ്മൾക്കൊക്കെ ഉണ്ടാകും നമ്മളുടെ പ്രണയങ്ങളൊക്കെ അറിയാവുന്ന ഒരു സുഹൃത്ത്. നമ്മളേക്കാൾ ഇൻട്രസ്റ്റെടുക്കുന്ന ഒരു മനുഷ്യൻ. അങ്ങനൊരാളാണ് നവാസ് വള്ളിക്കുന്ന് ചെയ്യുന്ന റഹീമിൻ്റെ കഥാപാത്രം. പക്ഷേ അതിനെല്ലാമപ്പുറത്തു വ്യക്തമായ ക്യാരക്ടറുണ്ട് ആ മനുഷ്യനു. പൊന്നാനിയുടെ രുചികളിലൂടെ പ്രണയിച്ചു, എപ്പോളും തൻ്റെ ഓളോട് സംസാരിച്ചു, നിറയെ ഭക്ഷണങ്ങളുണ്ടാക്കുന്ന, ഒരു കുഞ്ഞു കൂരയിൽ വലിയ ജീവിതം തീർക്കുന്ന മനുഷ്യർ. ആളുകൾ എന്തെങ്കിലും പറയട്ടെ, അതോർത്തിരുന്നാൽ എങ്ങനെ ജീവിക്കുമെന്നു ചോദിക്കുന്ന കൂട്ടുകാരൻ. നവാസ് വള്ളിക്കുന്നിനു ഇനിയും പോകാനുണ്ട്, നിറയെ സിനിമകൾ ചെയ്യാനുമുണ്ട്.
ബബിത ടീച്ചറും, സമീറയും, ചിന്നുവുമാണ് ശ്രീനിവാസൻ്റെ വരികൾ നിറയെ. അയാളുടെ ജീവിതത്തിലേക്കു പുതിയ രുചികളും, മസാല ചായയും, കേക്കുമൊക്കെ വരുന്നു. അതിനേക്കാളുപരി ഒാരോ പ്രണയവും ഒാരോ പുതിയ കാര്യങ്ങൾ പഠിപ്പിക്കുന്നു. എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചതു, എങ്കിലും ഇഷ്ടം കൂട്ടിയതു ചിന്നുവാണ്. ആളിന്റെ ആറ്റിറ്റ്യൂഡും, നോട്ടവും, ചിരിയുമെല്ലാം അടിപൊളിയാണ്. കഥയിലേറ്റവും തൻ്റേടമുള്ള കഥാപാത്രം. സൈബറിടങ്ങളിൽ പൊങ്കാലയെന്നൊക്കെ പറഞ്ഞിറങ്ങുന്ന, മറ്റുള്ളവരിലേക്കു ചുണ്ടയിട്ടിരിക്കുന്നവരോട് തോൽക്കാതെ നിൽക്കുന്ന ചിന്നു. ജീവിതത്തിൽ നിന്നു ഒളിച്ചോടാൻ തുടങ്ങിയാൽ എവിടെ വരെയോടുമെന്നും, തൻ്റെ രൂപം, താൻ ഉപയോഗിക്കുന്ന സ്പെയ്സ് നിങ്ങൾക്കു എന്ത് ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നും ചോദിക്കുന്ന ചിന്നു. മലയാളത്തിനു പുതിയതാണ് ഇങ്ങനെയൊരു കഥാപാത്രം.


ഇവരെയൊക്കെ കൂടാതെ മുപ്പതു കഴിഞ്ഞു നിൽക്കുന്ന മകനെ പ്രതി ആവലാതിപ്പെട്ടു നടക്കുന്നൊരമ്മയുണ്ട്. കൂളായ ഒരു ആയുർവ്വേദ ഡാഡിയുണ്ട്, സ്നേഹമുള്ള അനിയനുണ്ട്. അപ്പുറത്ത്, വണ്ണമൊക്കെ മനുഷ്യർക്കുള്ളളതാന്നു കരുതുന്ന ഒരു അമ്മയുണ്ട്, എന്തിനും കൂട്ടുള്ള രണ്ട് അനിയത്തിമാരുമുണ്ട്. സ്നേഹത്തിൻ്റെ ഉറവ കീറുന്ന നിമിഷങ്ങൾ അങ്ങിങ്ങായി പായസത്തിലെ കശുവണ്ടീം കിസ്മിസ്സും പോലെ വിതറിയിട്ടിട്ടുണ്ട് സംവിധായകൻ. നിലത്തു കിടക്കുന്ന ശ്രീനിയെ തോണ്ടുന്ന അപ്പൂപ്പൻ, ജീവിതത്തിലൊരിക്കലെങ്കിലും താൻ ജനിച്ചു-ജീവിച്ച അങ്ങാടിയിൽ ചങ്ങായിമാരുടെ മുൻപിൽ കാറിൽ വന്നിറങ്ങണോന്നുള്ള മൂപ്പർടെ ആഗ്രഹം, അങ്ങനെ അങ്ങനെ ഉള്ളു നിറയ്ക്കുന്ന, ഒരു പൊന്നാനിക്കാരൻ്റെ നമ്മൾ കഴിച്ചിട്ടില്ലാത്തൊരു പലഹാരമാണിത്.

ചിത്രത്തിന്റെ ട്രയിലര്‍

ഹോർമോണുകൾ പരക്കം പാച്ചിൽ തുടങ്ങുന്ന കാലം മുതൽ ഓരോ മനുഷ്യനും പ്രണയത്തിനു വേണ്ടിയുള്ള നടത്തം തുടങ്ങും. അത് അങ്ങ് മരിച്ചു കിടക്കുമ്പോൾ അവളോ/അവനോ വന്നോന്നുള്ള അന്വേഷണം വരെ വേണേൽ നീളും. എന്തൊരു ജീവിതമാണല്ലേ! ഒാരോ പ്രണയവും ഒന്നിന്റെ പകർപ്പു തന്നെയായിരിക്കും. എങ്കിലും തന്റേതിനെന്തു സവിശേഷതയാണുള്ളതെന്നു മനുഷ്യൻമാർ ആലോചിച്ചു കൊണ്ടിരിക്കും. അതിൻ്റെ തുടക്കങ്ങളൊക്കെ കായ്പോള പോലെ മധുരിക്കും, ഒടുക്കങ്ങൾക്കു ഞാവലിനേക്കാൽ കമർപ്പുമായിരിക്കും. പ്രണയത്തിനുവേണ്ടി എന്ത് കഷ്ടപ്പാടു വേണേൽ സഹിക്കും, ഏതുവഴി വേണേൽ പോകും, എത്രത്തോളമായാലും താഴും, ഒരു ഈഗോയുമുണ്ടാകില്ല. ഈഗോയൊക്കെ തുടങ്ങുന്നത് പ്രണയിച്ചു കഴിയുമ്പോഴാണ്. മനുഷ്യന്റെ ജീവിതോദ്ദേശം ഒരുപക്ഷേ പ്രണയിക്കുക എന്നത് തന്നെയായിരിക്കാം. അല്ലെങ്കിലെന്തിനാണ് ഈ മനുഷ്യൻമാരെല്ലാം ഇങ്ങനെ ഓടുന്നത്. തലച്ചോറു ചുരുട്ടിപിടിച്ചു, ഉള്ള് കൊണ്ടുള്ളൊരു പോക്കാണതു. ശ്രീനിവാസൻ സാറും മറിച്ചല്ല, പക്ഷേ തന്നേക്കാൾ ഭംഗിയുണ്ടെന്നയാൾക്കു തോന്നുന്നൊരു മനുഷ്യൻ വരുമ്പോൾ അയാൾ അവിടെ അടർന്നു വീഴുന്നു, സംസാരിക്കാൻ പോലുമാകാതെ എങ്ങോട്ടൊക്കെയോ പതുങ്ങുന്നു. പിന്നീട് ആ പെൺകുട്ടിയിലേക്കയാൾ തിരിച്ചു വരുന്നേയില്ല. ആളുകൾ എന്തു പറയുമെന്നു വിചാരിച്ചു ജീവിക്കുന്ന ഒരു സാധുവാണയാൾ. അയാളുടെ വഴിയിലൊക്കെ സമൂഹം ഇടപെടുന്നുണ്ട്. പിന്നോട്ട് വലിക്കുന്നുണ്ട്.  പക്ഷേ ചിന്നു അങ്ങനെയല്ല. നമ്മളാണ് നമ്മളുടെ ജീവിതം തീരുമാനിക്കേണ്ടതു, നമ്മളുടെ സന്തോഷം കളഞ്ഞിട്ട് ആർക്ക് വേണ്ടിയാ നമ്മൾ സ്ട്രക്ച്ചറാകുകയും, വണ്ണം കുറയ്ക്കുകയുമൊക്കെ ചെയ്യുന്നത്. നമ്മളുടെ ജീവിതം എന്നത് നമ്മളുടെ കൂടി സന്തോഷമാണെന്ന പൂർണ്ണ ബോധ്യമയാൾക്കുണ്ട്. ചിന്നുവാകുക എന്നത് ബുദ്ധിമുട്ടാണ്.

നമ്മുടെ പല തമാശകളും തമാശകളായിരുന്നോ എന്ന ചർച്ച കൂടി തുറന്നിടുന്നുണ്ട് സിനിമ. ബോഡി ഷെയ്മിംഗ് പോലെ തന്നെയാണ് നമ്മളുടെ ശരീരഘടന കൊണ്ട് മറ്റൊരാൾ ശ്രദ്ധിക്കാൻ പോലും താല്പര്യപ്പെടുന്നില്ല എന്നത്. “അങ്ങ് മെലിഞ്ഞു പോയല്ലോ…
തടി കൂടിയിട്ടുണ്ടല്ലേ…” എന്നൊക്കെയുള്ള വളരെ നിഷ്കളങ്കമായ ചോദ്യം മതി അപകർഷതാബോധത്തിനു കനലിടാൻ. ആ ചോദ്യത്തിനു ഒരുപക്ഷേ സ്നേഹത്തിൻ്റെ മറുവശം കൂടിയുണ്ടാകാം. ശരീരം പോരാത്തത് കൊണ്ട് ആരും എന്നെ ശ്രദ്ധിക്കുന്നില്ല,
അല്ലെങ്കിൽ കറുത്തതും മെലിഞ്ഞതുമായകൊണ്ട്  ഞാൻ സുന്ദരനല്ല…
മുഖം നിറയെ കാരകളായ കൊണ്ട് ആൾക്കൂട്ടങ്ങളെ എനിക്ക് പേടിയാണ്…
അതുമല്ലെങ്കിൽ മുടി കൊഴിയുമോ കൊഴിയുമോ എന്ന് പേടിച്ചെന്തൊക്കെയോ ഒപ്പിച്ചു കൂട്ടുന്നവർ, താടിയിലെ ഒാരോ രോമം കൊഴിയുമ്പോളും കൈയ്യിലെടുത്ത് തേങ്ങുന്നവർ, രോമം കിളിർക്കുന്നില്ലേയെന്ന് അലമുറയിട്ടോടുന്നവർ…
ഇവരെല്ലാം, അങ്ങനെയുള്ള ഒരുപാട് ബോധങ്ങൾ സമൂഹത്തിലിട്ട് ചുറ്റിവരിയുന്നവരാണ്.
ശരീരത്തെക്കുറിച്ചുള്ള ഏതൊരു കമന്റിനേയും അതർഹിക്കുന്നതിനേക്കാൾ പുച്ഛത്തോടെ കാണേണ്ടിയിരിക്കുന്നു. ‘പുറമേ കാണുന്നതൊന്നും അല്ല, ഉള്ളിലാണ് സൗന്ദര്യം’
എന്നത് പച്ചയായ പറ്റിക്കലാണ്.
കാരണം കറുത്തവരേയും, മെലിഞ്ഞവരേയും,
തടിച്ച് വയറു ചാടിയവരേയും, കഷണ്ടിയുള്ളവരേയും,
നര വീണവരേയും,
ചുളിവുള്ള തൊലിയുള്ളവരേയും ഒക്കെ കാണുമ്പോൾ മാത്രം തോന്നുന്ന ‘തത്വചിന്ത’യാണത്, ക്രൂരമായ ആശ്വസിപ്പിക്കലാണ്.
എന്റെ അസ്ഥിയൊട്ടിയ ശരീരമാണെന്റെ സൗന്ദര്യം, ഉമ്മവെക്കാൻ കുറേ സ്ഥലം തന്നിട്ടുള്ള ആ നെറ്റികയറ്റവും, കയറീമിറങ്ങീം ചുമന്ന് നിക്കണ കാരകളും, ചീകുമ്പോൾ ക്ലീന്നൊരു ശബ്ദം കേൾപ്പിക്കുന്ന മൊട്ടത്തലയും, ആ കറുപ്പും വെളുപ്പും ഇടകലർന്ന പാറ്റേണിലുള്ള മുടിയും, ആ കറുകറുകറുത്ത തൊലിയും, കെട്ടിപ്പിടിക്കുമ്പോൾ എന്നെ അലിയിച്ചു കളയുന്ന പതുപതാന്നുള്ള വലിയ ശരീരവും, വരച്ചിട്ടപോലുള്ള ശരീരത്തെ സ്റ്റ്രെച്ച് മാർക്സുമെല്ലാം അതിസുന്ദരമാണെന്നേ. അതൊക്കെയാണെന്നേ സൗന്ദര്യം. ഇതൊന്നുമില്ലേ പിന്നെ എല്ലാ മനുഷ്യന്മാരും ഒരുപോലിരിക്കില്ലേ.

തമാശയിലൂടെ  തുടങ്ങി ചർച്ചയാകേണ്ട ഒരു സാമൂഹിക വിഷയം ലളിതമായി പറഞ്ഞു വയ്ക്കുന്നുണ്ട് അഷ്റഫ് ഹംസ. പ്രതീക്ഷകളിലേക്കു ഒരു പുതിയ സംവിധായകനൂടെ കസേരയിട്ടിരിക്കുന്നു.
ഷഹബാസ് അമനിങ്ങനെ മുഹബ്ബത്തിൻ്റെ കിട്ടാ കയത്തിൽ കൊണ്ടെ നമ്മളെയത്രയും മുക്കി കൊല്ലുകയാണ്. റെക്സ് വിജയനും ഷഹബാസ് അമനും ചേർന്നുള്ള സംഗീതം ഉള്ളിലേറുന്നുണ്ട്.
രസം കേറ്റുന്ന, കൊതിയേറുന്ന,
വേവായൊരു പ്രേമ പലഹാരമാണ്, ഒരു പ്രേമ തള്ളാണ് ഈ തമാശ.

5 1 vote
Rating

About the Author

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments